\’നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയുടെ ഷൂട്ടിംഗ് ആലപ്പുഴയിൽ നടക്കുന്ന സമയം. ബ്രേക്കിനു തൊട്ടുമുമ്പാണ് മമ്മൂട്ടി കയറിവന്നത്. അദ്ദേഹം പള്ളിയിൽ പോയി നിസ്കരിച്ചിട്ട് വരുന്നവഴിയാണ്.
കണ്ട പാടെ കൽപന ചോദിച്ചു \”മമ്മുക്കാ സമയമെത്രയായി?\’
ബ്രേക്കിനുള്ള സമയമായോ എന്നറിയാനാണ് ചോദിച്ചത്. അപ്പോൾത്തന്നെ മറുപടിയും വന്നു.
\’നൂറു രൂപാ കൊടുത്ത് ഒരു വാച്ച് വാങ്ങിച്ചുകെട്ടണം. നിങ്ങൾക്ക് മണി പറയാനല്ല ഞാൻ വാച്ച് കെട്ടിയിരിക്കുന്നത്.\’
എന്നു പറഞ്ഞുകൊണ്ട് മമ്മൂട്ടി അപ്പുറത്തേക്കുപോയി. ലൈറ്റ്ബോയ്സൊക്കെ സഹതാപത്തോടെ കൽപനയെ നോക്കുന്നു. പക്ഷേ കൽപനയ്ക്കൊന്നും തോന്നിയില്ല. കാരണം അവരുടെ സ്വന്തം വീട്ടിലെ ആണുങ്ങൾക്കെല്ലാം ഇതേ സ്വഭാവമാണ്. സ്നേഹം പുറത്തു കാണിക്കാനറിയില്ല. എന്നാൽ ഉള്ളിൽ സ്നേഹവും കരുതലുമുണ്ട്. കേട്ടുനിന്ന ലൈറ്റ്ബോയ്സിലൊരാൾ കൽപ്പനയുടെ അടുത്തേക്കുവന്നു.
\’എന്തിനാ ചേച്ചീ മമ്മൂട്ടിസാറിനോട് സമയം ചോദിക്കാൻ പോയത്. ഞങ്ങളുടെ കൈയിൽ വാച്ച് കണ്ടില്ലേ. സമയം ഒന്ന് നാൽപത്.\”
കൽപ്പന ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ബ്രേക്ക് കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ കൽപ്പന ഇരിക്കുന്ന സ്ഥലത്തേക്ക് മമ്മുക്ക വന്നു. എഴുനേറ്റ കൽപ്പനയെ ഇരിക്കെന്ന് പറഞ്ഞ് ഇരുത്തി. അതിനുശേഷം തൊട്ടടുത്ത കസേരയിലിരുന്നു.
\’മണി രണ്ട് പതിനഞ്ച്. കൽപ്പന നേരത്തെ എന്തിനാണ് സമയം ചോദിച്ചത്?\’
മനസ്സിൽ പെട്ടെന്നു തോന്നിയ പരിഭവവും വേദനയുമൊക്കെ ആ ഒറ്റവാക്കിൽ അവസാനിച്ചു. മറ്റൊന്നും വിചാരിച്ചല്ല മമ്മുക്ക അങ്ങനെ പറയുന്നത്. അന്ന് കുറെനേരം കൽപ്പനയോട് സംസാരിച്ചു. കുടുംബ വിശേഷങ്ങൾ ചോദിച്ചശേഷമാണ് അദ്ദേഹം ക്യാമറയ്ക്കു മുമ്പിലേക്ക് പോയത്. പക്ഷേ ഇതാരും കണ്ടില്ല. അതാണ് മമ്മൂട്ടി. ആരെയും കാണിക്കാൻ വേണ്ടി ഒന്നും ചെയ്യാത്ത മനുഷ്യസ്നേഹി.
കൽപനയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ആദ്യം അഭിനന്ദനമറിയിച്ചത് മമ്മൂട്ടിയാണ്. ഇതു സംബന്ധിച്ച് ചാനലുകളിൽ വാർത്തകൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അദ്ദേഹം അറിഞ്ഞിരുന്നു. നന്ദി പറഞ്ഞുകൊണ്ട് കൽപ്പനയും തിരിച്ചൊരു മെസ്സേജയച്ചു.