20
November, 2017
Monday
03:20 PM
banner
banner
banner

എന്നെ തിരിച്ച്‌ വിടല്ലേ എന്ന് പറഞ്ഞ്‌ കെട്ടിപിടിച്ചു കരഞ്ഞ അവൾ എന്നെ കണ്ടപ്പോൾ ജന്മങ്ങളുടെ പകയോടെ കണ്ണ്‌ വെട്ടിച്ചു

ഈ അടുത്ത ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന സൈക്കോളജിസ്റ്റ്‌ കല ഷിബുവിന്റെ ഒരു അനുഭവക്കുറിപ്പ്‌: പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

“അങ്ങനെ ഓര്‍മ്മവെച്ചപ്പോള്‍ മുതലുള്ള ഒരു ആഗ്രഹം,… കൊതിച്ചത് പോലെ അല്ലെങ്കിലും നടന്നു..! വക്കീല് പണി യ്ക്ക് മോള് പോകേണ്ട എന്ന് അച്ഛന്‍ ആഗ്രഹിച്ചത് അതില്‍ സ്ത്രീകള്‍ക്കുള്ള റിസ്‌ക് ഓര്‍ത്തും ആണ്. എന്തായാലും അത് നടന്നില്ല.. പക്ഷെ.. ഇന്നലെ കോടതി കയറി.. സാക്ഷി പറയാന്‍..! അച്ഛന്‍ കൂടെ വരേണ്ട എന്ന് ഞാന്‍ നേരത്തെ പറഞ്ഞു .. കേസ് പീഡനമാണല്ലോ..! ചോദിക്കുന്ന ചോദ്യങ്ങളും ഞാന്‍ പറയേണ്ട കാര്യങ്ങളും അച്ഛന്റെ മുന്നില്‍ വേണ്ട! അച്ഛന്റെ ജൂനിയറും മാനസപുത്രനുമായ മനോജ് ഉണ്ടായിരുന്നു കൂടെ.. പുറത്തു നില്‍ക്കുമ്പോ തന്നെ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു.. പ്രതി, അവളുടെ അമ്മയുടെ കാമുകന്‍ ആയിരുന്നു, അമ്മയും പ്രതിയും മകളും അച്ഛനും സന്തോഷത്തോടെ ചിരിച്ച് കളിച്ചു വരുന്നു. അന്നേ ഒത്തുതീര്‍പ്പായതാണ്.. അതൊക്കെ അറിയാം..

കുട്ടിയുടെ കല്യാണം അടുത്ത് കഴിയുകയും ചെയ്തു,.. ഇനി കേസിനു പോകേണ്ട എന്ന് അവള്‍ ആഗ്രഹിക്കുന്നു എന്നും അറിയാം. ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപ്പെട്ട് സ്വന്തം ജീവിതം റിസ്‌കില്‍ ആക്കല്ലേ..കൊച്ചെ.. എന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം പലരും ഉപദേശിച്ചത് ഇടയ്ക്കു ഇടയ്ക്ക് ചെവിയില്‍ മുഴുങ്ങാറുണ്ട്..എട്ടിന്റെ പണി തിരിച്ചു കിട്ടുമ്പോ.. വല്ലവനും കൊട്ടെഷന്‍ തന്നാല്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു എന്റെ വെയ്ക്കരുത് …എനിക്ക് ഇതിനൊന്നും പോയി ജീവിതം കളയാന്‍ ബാക്കി ഇല്ല..! ഇത് ഷിബുന്റെ താക്കീത്..! ഇന്നലെ പതിനാലു വയസ്സ്‌കാരിയുടെ ഓര്‍ഡര്‍… ദേ അമ്മേ.. പ്രായപൂര്‍ത്തി ആയ ഞാന്‍ ഉണ്ട് ഇവിടെ.. എനിക്ക് നല്ല കല്യാണം വരേണ്ടതാ… നിര്‍ത്തിക്കോ ഈ പണി..!! വീട്ടില്‍, അമ്മയും അനിയനും പരസ്പരം.. അച്ഛന് പഴി ഇട്ടു കൊടുക്കും,. വളര്‍ത്തി വഷളാക്കി ..അവളെ..! എന്തായാലും എല്ലാരുടെയും ഉപദേശവും താക്കീതും ഇനി മുതല്‍ അനുസരിക്കുന്നതാണ്..

2011 നവംബര്‍ 17 ആം തീയതി.. ഞാന്‍ ഇട്ടിരുന്ന ചുരിദാര്‍ ടോപ് നനഞ്ഞു കുതിര്‍ന്ന്..കണ്ണീരില്‍ മുങ്ങി.. രാത്രി 12 മണിയോടെ വീട്ടില്‍ എത്തി അത് മാറ്റുമ്പോള്‍.. ആ മണമായിരുന്നു.. എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് പോകല്ലേ..ടീച്ചറെ.. എന്നേം കൂടി കൊണ്ട് പൊയ്‌ക്കോ.. എന്റെ വീട്ടില്‍ എന്നെ തിരിച്ചു വിടല്ലേ.. എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ അവള്‍.. ഇന്നലെ എന്നെ കണ്ടപ്പോള്‍.. ജന്മങ്ങളുടെ പകയോടെ കണ്ണ് വെട്ടിച്ചു. ഈ ഒരു കേസില്‍ ഞാന്‍ അനുഭവിച്ചത് ഓര്‍ക്കാന്‍ വയ്യാത്ത മാനസിക പ്രശ്‌നങ്ങള്‍ ആയിരുന്നു.. അതൊക്കെ ഇന്നും നെഞ്ചിലെ തീയാണ്.. എന്നും കൈകൂപ്പി നില്‍ക്കുമ്പോ ഭഗവാനോട് ചോദിക്കുന്ന വരം ആണ്..

ഒന്നും രണ്ടും മൂന്നും പ്രതികളായ അച്ഛനും അമ്മയും അമ്മയുടെ കാമുകനും അവളെ എന്തൊക്കെയോ പറഞ്ഞു മനസിലാക്കുന്നു.. അവളുടെ വീട് അന്നൊരു ചേരി പ്രദേശത്താണ്.. കുട്ടിയെ ഉപദ്രവിക്കുന്നു എന്നറിഞ്ഞു.., അവിടേയ്ക്കു ഞാനും മറ്റൊരു ടീച്ചറും കേറി ചെല്ലുമ്പോ അവളുടെ അമ്മയും കൂട്ടുകാരും കൂടെ വന്ന അദ്ധ്യാപികയെ അടിച്ചു.. ഇന്നലെ പ്രതിഭാഗം വക്കീല്‍.. മാഡം…നിങ്ങളുടെ ഡ്യൂട്ടിയില്‍ പെടുന്ന കാര്യങ്ങളാണോ നിങ്ങള്‍ ചെയ്തത് എന്ന് ചോദിച്ചപ്പോ മിണ്ടാതെ നില്‍ക്കാനേ പറ്റിയുള്ളൂ.. എഴുതി വെച്ചിരിക്കുന്ന നിയമപ്രകാരം,..കാര്യങ്ങള്‍ ചെയ്ത് വരുമ്പോ നീതി കിട്ടാതെ ആകുമെന്ന് ഭയന്ന് അവളുടെ ഒപ്പം ഇറങ്ങി ചെന്ന എനിക്ക് വിശദീകരിക്കാന്‍ ഒന്നുമുണ്ടായില്ല.. അവര്‍ ചെയ്തതില്‍ തെറ്റില്ല..ഇടപെടാം..എന്ന് ജഡ്ജ് പറഞ്ഞപ്പോ സത്യത്തില്‍ സങ്കടം വന്നു..

എഴുതി ഉണ്ടാക്കിയ കള്ളക്കഥ എന്ന് പറയും എന്ന് എനിക്കുറപ്പായിരുന്നു.. അവള്‍ക്കു കേസ് ഒത്തു തീര്‍പ്പാക്കാന്‍ അതേയുള്ളു മാര്‍ഗ്ഗം,, എന്റെ കയ്യില്‍ നിയമത്തെ മറികടന്നു തന്നെ ഞാന്‍ നേടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഉണ്ട്.. ചില ശബ്ദരേഖകളും.. അതൊന്നും ഇവിടെ ആവശ്യമില്ല.. കാരണം..കേസ് മുന്‍പേ ഒത്തു തീര്‍പ്പായതാണ്.. എന്റെ കേസ് വിളിക്കു മുന്‍പേ.. ഒരു കലാപത്തിന്റെ വിസ്താരം അതെ മുറിയില്‍ നടക്കുന്നുണ്ടായിരുന്നു.. പ്രതികള്‍ നിരന്നു നില്‍പ്പുണ്ട്.. വാദികള്‍ വരുന്നു.. കൂട്ടില്‍ കേറുന്നു.. വെട്ടി..കുത്തി.. തലപിളര്‍ന്നു.. അങ്ങനെ ആണ് കേസ്.. എല്ലാം സമ്മതിക്കുന്നുണ്ട്.. പക്ഷെ നേര്‍ക്ക് നേരെ ആക്രമിച്ച പ്രതികളെ മാത്രം അറിയില്ല. ഞാന്‍ അറിയുന്നുണ്ട്.. ഇതൊക്കെ കേട്ട് , കണ്ടു.., തുറന്നു വെച്ച എന്റെ വാ അടയുന്നില്ല..എന്ന്..!

ടീച്ചറെ, നമ്മള് കഷ്ടപെട്ടു ഉണ്ടാക്കിയ കേസ് ഫയല്‍ വെറുതെ ആയി..അവര്‍ രണ്ടും ഒന്നിച്ചത് കണ്ടോ.? പൊലീസുകാരന്റെ വാക്ക്.. എനിക്ക് ആദ്യമായി ആ വിഭാഗത്തോട് വല്ലാത്ത ഒരു സ്‌നേഹവും സഹതാപവും തോന്നി..ഓരോ കലാപത്തിലും കേസിലും ഒക്കെ രാവും പകലും ഉറക്കമൊഴിഞ്ഞും സ്വന്തം ജീവന്‍ പണയപ്പെടുത്തിയും അവര്‍ കൊണ്ട് വരുന്ന തെളിവുകള്‍ .. എത്ര പെട്ടന്ന് ഒന്നുമല്ലാതെ ആകുന്നു.. വാദിയും പ്രതിയും ഒന്ന്.. സാക്ഷിയും പൊലീസും കോമാളി .. എന്തായാലും ഇന്നലെ കഴിഞ്ഞു കിട്ടി..

അച്ഛന്റെ മകള്‍ ആയത് കൊണ്ട് പീഡന കേസ് എങ്കിലും സാക്ഷിയോട് വക്കീലിന് ചോദിക്കേണ്ട ചോദ്യത്തില്‍ സഭ്യതയുടെ ഭാഷ ഒരുപാട് കലര്‍ന്നിരുന്നു.. ഇനിയും ഉണ്ട്.. ഒന്ന് രണ്ടു കേസ് കൂടി..ഉണ്ട്..ഈ സാക്ഷിക്ക്..! അതും ഇതേ പോലെ തന്നെ വരും..! പക്ഷെ അത് കഴിഞ്ഞാല്‍ ഒന്നും വരില്ല.. കാരണം.. ഇനി ഉണ്ടാകില്ല..ഒരു റിസ്‌ക് എന്റെ ജീവിതത്തില്‍.. ആ റിസ്‌ക് എന്താണെന്നോ.. ജീവന്‍ പണയം വെച്ച് രക്ഷിച്ച പെണ്‍കുട്ടിയുടെ കണ്ണില്‍.. പ്രതികളുടെ ഒപ്പം നടന്നു പോകുമ്പോ എന്നോട് കാണിച്ച വെറുപ്പ്..!”

സൈക്കോളജിസ്റ്റ്‌ കലാ ഷിബുവിന്റെ അനുഭവക്കുറിപ്പ്‌

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments