25
February, 2020
Tuesday
02:45 PM
banner
banner
banner
banner

വെന്തുരുകുമ്പോഴും ഭർത്താവ്‌ നിരപരാധിയാണെന്ന് ലോകത്തോട്‌ വിളിച്ചു പറയേണ്ടി വരുന്ന ഹതഭാഗ്യയായ സ്ത്രീ!

ഇര എന്ന വാക്ക് കേൾക്കുമ്പോൾ ഒക്കെ മനസ്സിൽ പെട്ടന്ന് ഓടി വരുന്ന ചില മുഖങ്ങൾ ഉണ്ട്. സത്യത്തിൽ ആരാണ് victim? ഇര.?

സ്ത്രീകൾ പലതട്ടിൽ ആണ്.
രാജ്യം ഭരിക്കാൻ വരെ യോഗ്യയാണ് താൻ എന്ന് കരുതുന്ന ഒരുകൂട്ടർ.. ഞാനും എന്റെ നായരും പിന്നെ തട്ടാനും , ഇങ്ങനെ ഒതുങ്ങുന്ന മറ്റു കുറെ പേർ…! പക്ഷെ, എല്ലാവരും ഒരേ പോലെ എത്തുന്ന ഒരിടം ഉണ്ട്… എന്റെ അനുഭവത്തിൽ… കാഴ്ച്ചയിൽ… കേട്ടതിൽ…. അതെങ്ങനെ എഴുതി ഫലിപ്പിക്കണം എന്നറിയില്ല.

സൈക്കോളജിസ്റ് ന്റെ കുപ്പായം മാറ്റി വെച്ചിട്ടു ഒന്ന് ചിന്തിക്കട്ടെ. ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ, അത്ഭുതങ്ങളുടെ കഥ ആണ് വിവാഹേതര ബന്ധം എങ്കിൽ, പുരുഷനും അവന്റെ കാമുകി ആയവളും ആടി തിമിർക്കുമ്പോൾ നെഞ്ചുരക്കത്തോടെ ഒന്നിനും കെൽപ്പില്ലാത്ത പങ്കാളിയുടെ ദയയും കാത്തു നില്കുന്ന ഒരുവളുണ്ട്. യഥാർത്ഥ ഇര അവളല്ലേ..?

അഭിനയമെന്ന കല പരിശീലിച്ചു, പുറം ലോകത്തിനു മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവന്റെ ഭാര്യ. അനുഭവസ്ഥർക്കു മാത്രം ഊഹിക്കാൻ പറ്റുന്ന അവസ്ഥ. വെന്തുരുകുമ്പോഴും ഭർത്താവ്‌ നിരപരാധി ആണെന്ന് പുറം ലോകത്തിനു മുന്നിൽ വിളിച്ചു പറയേണ്ടി വരുന്ന ഹതഭാഗ്യരായ എത്രയോ സ്ത്രീകളെ കാണുന്നില്ലേ..?

അയാൾക്ക്‌ ഒരു ബന്ധമുണ്ട് ഇപ്പോൾ. ഭാര്യയ്ക്ക് അതറിയാം. പരിചയമുള്ള ഒരു കുടുംബത്തെ പറ്റി ഷിബു എന്നോട് പറഞ്ഞു. ഒരു വിവാഹവീട്ടിൽ വെച്ച് ഞാൻ അവരെ വീണ്ടും കണ്ടു. ആ സ്ത്രീയുടെ ഭാര്തതാവിന്റെ ബന്ധുവിന്റെ മകളുടെ കല്യാണം ആണ്. ഒരു നിമിഷം വെറുതെ ഇരിക്കാതെ, അവർ ഓടി നടന്നു ജോലികൾ ചെയ്യുന്നുണ്ട്.. സർക്കാർ ഉദ്യോഗസ്ഥ ആണവർ…!

പ്രശ്നങ്ങൾ ഒക്കെ തീർന്നോ..? എനിക്ക് സംശയമായി. ഇല്ല, അവർ ഉത്തമ കുടുംബിനി ആണ്. പ്രാർത്ഥിച്ചു കാത്തിരിക്കുന്നു .!!
വളരെ ആഴത്തിൽ ഉള്ള ഉത്തരമാണ്. ആ കുടുംബത്തിലെ മറ്റു സ്ത്രീകൾ ഒക്കെ നിസ്സംഗമായി ഈ പ്രശ്നത്തെ നോക്കുന്നു. കാരണം അവരുടെ ബന്ധു പുരുഷൻ ആണ്. അവനു പല ബന്ധങ്ങൾ ആകാം. അവൻ ആരെ കൊണ്ട് വരുന്നുവോ അത് മരുമകൾ..! ഇരുതലമൂരികൾ വാ തുറക്കില്ല. കപട നെടുവീർപ്പിൽ പ്രതികരണം ഒതുക്കും. ഞങ്ങളുടെ കെട്ട്യോന്മാർ മറ്റു സ്ത്രീകളുടെ പിന്നാലെ പോയില്ല.

നിന്റെ കഴിവ് കേടു അവൻ പോയത്..!
സ്ത്രീയുടെയും അവളുടെ കുടുംബത്തിന്റെയും പ്രശ്നം ആണ് അങ്ങേരുടെ അവിഹിതം. പാതിവൃത്യത്തിനു പുല്ലിംഗവും ജാരന് സ്ത്രീലിംഗവും ഇല്ല. അവളാണ് തെറ്റ് ചെയ്തത് എങ്കിൽ, എത്രയും നേരത്തെ ഉപേക്ഷിക്കാൻ പുരുഷന് മറ്റൊന്നും ചിന്തിക്കേണ്ട..! സ്ത്രീയുടെ ഫെമിനിസം അവളുടെ വസ്ത്രത്തിൽ മാത്രമാണ്. ഉള്കാഴ്ചയിൽ ഭാര്തതാവ് അവഗണിക്കുന്ന സ്ത്രീയും ജാരൻ തള്ളിപ്പറഞ്ഞ സ്ത്രീയും ഒക്കെ അബലകൾ തന്നെ എപ്പോഴും…!

ജീവിതത്തിന്റെ ഇരുണ്ട യാഥാർഥ്യത്തെ അംഗീകരിച്ചേ മതിയാവു. കുട്ടികളുടെ ഭാവി , അവരുടെ സമൂഹത്തിനു മുന്നിലുള്ള അന്തസ്സ്. ഇവനെ ഇനി വിശ്വസിക്കണോ , ജീവിതത്തിൽ നിന്നും എടുത്തു കളഞ്ഞൂടെ എന്ന് ചോദിയ്ക്കാൻ എളുപ്പമാണ്. പക്ഷെ, ഒരു മാന്ദ്യമോ മരവിപ്പോ ഗ്രഹിച്ചു കഴിഞ്ഞവൾക്കു ഉറക്കം നഷ്‌ടമായവൾക്കു തീരുമാനം എടുക്കാൻ വയ്യ. ഈ നെരിപ്പോടും പേറി എത്ര നാൾ ജീവിക്കണം. അങ്ങനെ ഒരു ചോദ്യം ആ സ്ത്രീയുടെ ഉള്ളിൽ എപ്പോഴും ഉണ്ടാകില്ലേ..?

സഹിച്ചു നിൽക്കാമെങ്കിൽ കുട്ടികളുടെ ജീവിതം ഒരു കരയ്ക്കു എത്തുന്ന വരെ…! വേണ്ടപ്പെട്ടവർ ഇങ്ങനെ ഒരു ഉപദേശം അങ്ങ് വെയ്ക്കും. ഒരുപാട് കാര്യങ്ങൾ മറ്റുള്ളവർ അവൾക്കു വേണ്ടി ചിന്തിക്കും. അവൾക്കു തീരുമാനം എടുക്കാനുള്ള കഴിവില്ല. എന്ത് ഹീനമായ സ്വാർത്ഥത..!

ഞാൻ ആ വിവാഹവീട്ടിൽ നിന്നും പോകും വരെ , അവരെ മാത്രമേ കണ്ടുള്ളു. മുൻപൊക്കെ അഹന്തയുടെ പര്യായമായ പെരുമാറ്റത്തിലൂടെ മാത്രം സംസാരിച്ചിട്ടുള്ളവർ. അവർ ഭാഷ മറന്നു പോയോ..? തല കുനിഞ്ഞു , ആരെയും നോക്കാതെ പുതിയ ഒരാളെ അവരിൽ കാണുമ്പോൾ വല്ലാത്ത വേദന. ആ സ്ത്രീ കടന്നു പോകുമ്പോഴൊക്കെ ഭയപ്പെടുത്തുന്ന ഒരു ഗന്ധം മൂക്കിലേക്ക് ഇരച്ചു കേറി. ആത്മഹത്യയുടേയും ഭ്രാന്തിന്റെയും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ ജീവിതം കടന്നു പോകുമ്പോഴുള്ള അസഹ്യമായ ഒന്ന്. ഇരയുടെ ഗന്ധം.

എവിടെ പോയി അവരുടെ ധൈര്യവും ബുദ്ധിയും? ദാമ്പത്യത്തിന്റെ വ്യാകരണം തെറ്റാതെ നോക്കേണ്ടത് ഒരാൾ മാത്രമാണോ..?

കലാ ഷിബു

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments

  • banner