മലയാളം ഇ മാഗസിൻ.കോം

അത്രത്തോളം അടുത്ത സുഹൃത്തുക്കളായിട്ടും സിദ്ധിഖും ലാലും കലാഭവൻ റഹ്മാനോട്‌ ചെയ്തത്‌, തുറന്നു പറഞ്ഞ്‌ നടൻ

മിമിക്രിയിലൂടെ വന്ന മലയാള സിനിമയിൽ താരങ്ങളായ നിരവധി നടന്മാരും സംവിധായകരും ഉണ്ട്‌. പ്രത്യേകിച്ച്‌ കൊച്ചിൻ കലാഭവൻ ഒരു അഭിനയ കളരി തന്നെ ആയിരുന്നു. ആബേൽ അച്ചന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാരെ മലയാള കലാ ലോകത്തിന്‌ സമ്മാനിക്കുന്നതിൽ കലാഭവൻ വഹിച്ച പങ്ക്‌ ചെറുതല്ല. ജയറാം, സൈനുദ്ദീൻ, സിദ്ധിഖ്‌-ലാൽ, എൻ എഫ്‌ വർഗീസ്‌, ദിലീപ്‌, കലാഭവൻ മണി അങ്ങനെ തുടങ്ങി മലയാളികളെ ആസ്വാദനത്തിന്റെ പുതിയ തലത്തിൽ എത്തിച്ച കലാകാരന്മാർ നിരവധി.

എന്നാൽ കലാഭവൻ മിമിക്സ്‌ ട്രൂപ്പിലെ നിരവധി കലാകാരന്മാർ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോയിട്ടുമുണ്ട്‌. കഴിവുണ്ടായിട്ടും മുൻനിരയിലേക്ക്‌ ഉയർന്നു വരാൻ ഭാഗ്യം തുണയ്ക്കാത്ത ഒട്ടനവധി കലാകാരന്മാരുടെ കൂട്ടത്തിൽ ഒരാളാണ്‌ കലാഭവൻ റഹ്മാൻ.

കലാഭവന്റെ ആദ്യ മിമിക്‌സ് പരേഡ് ടീമില്‍ അംഗമായിരുന്ന ആറു പേരില്‍ ഒരാളാണ് റഹ്‌മാന്‍. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ്‌ റഹ്മാൻ പ്രേക്ഷക ശ്രദ്ധ നേടിയത്.

സിദ്ദിഖ്-ലാലിനൊപ്പം ഒരുപാട് വേദികളില്‍ മിമിക്‌സ് പരേഡ് അവതരിപ്പിച്ച റഹ്‌മാനെ അവരുടെ സിനിമകളില്‍ ഒന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ നടനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ല എന്നാണ് റഹ്‌മാന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷേ തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

സിദ്ദിഖ്- ലാല്‍ പടങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല. അഭിനയിച്ചിട്ടുണ്ട്. കിട്ടിയതൊക്കെയും കുഞ്ഞുവേഷങ്ങളായിരുന്നു. അതൊന്നും ഒരു വേഷം ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്റെ ഉത്സാഹക്കുറവും ഇതിനകത്തുണ്ട്. ആരുടെയും പിന്നാലെ പോയി ചാന്‍സ് ചോദിക്കുന്ന സ്വഭാവം പണ്ടേ ഇല്ല.

സൗഹൃദത്തിന്റെ പുറത്ത് സിദ്ദിഖിനോടും ലാലിനോടും ഒരു നല്ല വേഷം താ എന്ന് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ അടുത്ത് ഒരിക്കലും പോയിട്ടില്ല. സിനിമയില്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ പറ്റൂ എന്നാണ് കലാഭവന്‍ റഹ്‌മാന്‍ പറയുന്നത്.

ഈ വാർത്തയോട്‌ പ്രേക്ഷകർ പ്രതികരിച്ചത്‌ ഇങ്ങനെ, അല്ലെങ്കിലും മലയാളിക്ക്‌ ഒരാൾ ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കാൻ കഴിയില്ലല്ലോ, അയാളുടെ അസാന്നിധ്യത്തിലാണ്‌ വലിയ നടനായിരുന്നു നല്ല നടനായിരുന്നു മികച്ച വേഷങ്ങൾ കിട്ടിയിരുന്നെങ്കിൽ തകർത്തേനെ എന്നൊക്കെയുള്ള കമന്റുകൾ പറയാൻ മാത്രമേ അറിയൂ. എങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് ചിലർ പറയുന്നു.

ഇന്ദ്രൻസ്‌ ഒരുകാലത്ത്‌ മലയാള സിനിമയിലെ കുടക്കമ്പി എന്ന ഹാസ്യ കഥാപാത്രം ആയിരുന്നെങ്കിൽ ഇന്ന് വിലപിടിപ്പുള്ള താരമാണ്‌. കുടക്കമ്പിയിൽ നിന്ന് കുടയിലേക്ക്‌ അയാൾ ഉയർന്നു. ആ കുടയ്ക്ക്‌ കീഴിൽ നിരവധി കഥാപാത്രങ്ങൾ അയാളെ തേടിയെത്തി ക്കോണ്ടേയിരിക്കുന്നു. തിരക്കിൽ നിന്ന് തിരക്കിലേക്ക്‌ ഇന്ദ്രൻസ്‌ പായുന്നത്‌ ഏതൊരു കലാകാരനും പ്രതീക്ഷ തന്നെയാണ്‌. ഇന്നല്ലെങ്കിൽ നാളെ അംഗീകരിക്കപ്പെടുമെന്നുള്ള പ്രതീക്ഷ.

Avatar

Staff Reporter