മലയാളം ഇ മാഗസിൻ.കോം

പുരുഷന് സ്ത്രീ പറഞ്ഞ അറിവ് മാത്രമേ ഉള്ളു: നാലാം ക്ലാസുകാരി, 9 വയസിൽ ഋതുമതി ആയപ്പോൾ അവൾക്ക്‌ നഷ്ടമായത്‌…

ആർത്തവം ഒരു രോഗമല്ല. ഒരു സ്ത്രീ ഏറ്റവും മനോഹരമായി ആസ്വദിക്കേണ്ട അവസ്ഥ ആണ്..! പുരുഷന് സ്ത്രീ പറഞ്ഞ അറിവ് മാത്രമേ ഉള്ളു. എന്താണ് ആർത്തവം സംബന്ധിച്ച ശാരീരിക ബുദ്ധിമുട്ടുകൾ എന്ന് അനുഭവിക്കേണ്ടി വരുന്നില്ല. മാനസികമായ പ്രശ്നങ്ങൾ അറിയില്ല..

\"\"

മനസ്സിന്റെ അവസ്ഥ ആണ് ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ .., പകുതിയിലേറെയും എന്നാണ് എന്റെ വ്യക്തിപരമായ അനുഭവം.. ശെരി ആകണം എന്നില്ല.. പലർക്കും പല രീതിയിൽ..! ഒരു നാലാം ക്ലാസ്സുകാരി, ഒൻപതാം വയസ്സിന്റെ തുടക്കത്തിൽ ഋതുമതി ആയത്, അമ്മയ്ക്കും അവൾക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.. മാനസിക പക്വത ഇല്ലാത്ത ഒരുവൾ, എന്നാൽ ശാരീരിക വളർച്ച ഉണ്ട്. തുറിച്ചു നോട്ടത്തിൽ അപാകത അവൾക്കറിയില്ല.. ഡാൻസും പാട്ടും ഒക്കെ ആയി പഞ്ചവർണക്കിളി ആയി പറന്നു നടന്ന കാലമാണ്.. തൊട്ടു മുൻപ് വരെ..!

ലാളിക്കപ്പെടേണ്ട പ്രായത്തിൽ, ഒതുക്കപ്പെടുന്നതിന്റെ അമർഷം അവൾക്കു, അമ്മയോടും, ലോകത്തോടും ഉണ്ടായിരുന്നു. ആ അമർഷം, മെൻസസ് തുടങ്ങുന്നതിന്റെ ആദ്യ ദിവസങ്ങളിൽ വയറു വേദനയായി രൂപപ്പെടും. സ്വാതന്ത്ര്യം തടസ്സപെടുമ്പോഴുള്ള ആധിയും സങ്കടവും..! അതൊക്കെ പുറത്തിടാൻ ഒരു കച്ചി തുമ്പായിരുന്നു ഈ ദിവസങ്ങൾ.

കൂട്ടത്തിൽ പെട്ട പെൺകുട്ടികളോട് കുടുംബത്തിൽ തന്നെ ഉള്ള പുരുഷന്മാർ കാണിക്കുന്ന വാത്സല്യം ശരീരം കൊണ്ട് മുതിർന്ന ഈ പെൺകുട്ടിക്ക് നിഷിദ്ധം ആയി. ലൈംഗികത എന്താണെന്നു എങ്ങനെ ഈ പെൺകുട്ടിയെ പറഞ്ഞു മനസ്സിലാക്കണം..? ഒന്നേ \’അമ്മ പറഞ്ഞു തന്നുള്ളൂ.. ആണുങ്ങളെ അകറ്റി നിർത്തണം.. അതിനു തക്ക കാരണവും ഉണ്ടായി… ബോര്ഡിങ് സ്കൂളിന്റെ വഴിയിൽ ആ ദിവസം, ശരീരത്തിൽ അമർന്ന കൈ.. വല്ലതെ വേദനിപ്പിച്ചിട്ടു നടന്നു നീങ്ങിയ മനുഷ്യൻ.. അവനാരാണെന്നു അറിയില്ല.. തട്ടി മാറ്റി, ഓടി..

\"\"

ക്ലാസ്സിൽ അന്ന് മുഴുവൻ പേടിച്ചു ഇരിക്കുമ്പോൾ, പുതിയ ഒരു ലോകം അവൾക്കു ചുറ്റും ഉടലെടുക്കുക ആയിരുന്നു.. പത്താം ക്ലാസ് വരെ, പിന്നെ അവൾക്കൊരു അടുത്ത സുഹൃത്ത് ഉണ്ടായില്ല.. ആരൊക്കെയോ ചുറ്റിലും ഉണ്ട്.. മിണ്ടും ചിരിക്കും. ചിലപ്പോൾ മാറി ഇരിക്കും.. ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്..അതെന്താണ് എന്ന് അറിയില്ല.. എങ്ങനെ പറയണം എന്നറിയില്ല. ഇന്നും ആ ഒരു പ്രതിസന്ധി അവൾക്കുണ്ട്.

നൂറായിരം പേർക്ക്, കാര്യങ്ങൾ വിശദീകരിച്ചാലും, സ്വന്തം പ്രശ്നങ്ങൾ വരുമ്പോൾ ഒരു കുഞ്ഞിനോട് പോലും പറയാനാകാതെ വിങ്ങുന്ന അവസ്ഥ.. നന്നായി പഠിക്കുമായിരുന്നു.. പെട്ടന്ന് പഠനത്തിൽ താഴേയ്ക്ക് വന്നു. ശിക്ഷിച്ചതല്ലാതെ, ആരും കാരണങ്ങൾ ചോദിച്ചതുമില്ല. കണ്ടെത്തിയതുമില്ല. ആൾകൂട്ടത്തിൽ തനിയെ എന്നത് പോലെ, ഒരു കൗമാരം..

കളിച്ചു നടക്കുന്ന ഒരാളോട് പോലും അടുപ്പം തോന്നിയിട്ടില്ല.. എന്നത് കൊണ്ട് തന്നെ ഒരുകാലം കഴിഞ്ഞു എല്ലാവരിൽ നിന്നും അകലാൻ എളുപ്പമായിരുന്നു.. ആദ്യത്തെ കോളേജ് ഉദ്യോഗം അവിടത്തെ പ്രിൻസിപ്പൽ അച്ഛൻ ചോദിച്ച ചോദ്യം ഇതായിരുന്നു… എന്ത് കൊണ്ട് കൗൺസിലിങ് പാഷൻ ആയി എന്ന്..! പെട്ടന്ന് നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ വന്നു,.. സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..

മുന്നിലിരിക്കുന്ന പ്രിൻസിപ്പൽ ന്റെ മുഖത്തു കണ്ട ഭാവം.. ചമ്മലോടെ എന്തൊക്കെയോ പറഞ്ഞു.. ഒൻപതു വയസ്സ് മുതൽ എനിക്കൊരാൾ വേണമായിരുന്നു.. എന്നെ കേൾക്കാൻ! മനസ്സിന്റെ വേലിയേറ്റങ്ങൾ, ഇറക്കങ്ങൾ.. കൗൺസിലർ! അങ്ങനെ ഒന്ന് കേട്ടിട്ട് പോലുമില്ല.. മനസ്സിലാക്കാൻ ആരെങ്കിലും…. അല്ലെങ്കിൽ എന്റെ എന്തൊക്കെയോ കുരുത്തക്കേടുകൾ പറയാൻ ഒരാൾ.

\"\"

കാമുകനോ ഭാര്തതാവിനോ ഒന്നും പരിഹരിക്കാൻ പറ്റാത്ത ആ പ്രശ്നം ഇന്നും മനസ്സിൽ കെട്ടികിടപ്പുണ്ട്. അതിടയ്ക്കു തികട്ടി വരും. എന്നോട് തന്നെ ഉള്ള വെറുപ്പിലും പകയിലിലും അധിഷ്‌ഠിതമായ മനോഭാവം. നാവുണ്ടെങ്കിലും സ്വന്തം ഭാഷ വഴങ്ങുന്നില്ല. എന്നെ തന്നെ ഞാൻ ചൂഷണം ചെയ്തു. അതാണ് കൗൺസിലോർ ആകാൻ പ്രേരിപ്പിച്ചത്.

അന്യ പുരുഷൻ സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ആഘാതം അതെത്ര ഹീനം ആണെന്ന് അറിയാവുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്. എന്നെ കെട്ടിപിടിച്ചു നിലവിളിച്ചിട്ടുള്ള ഓരോ പെൺകുട്ടിയിലും ഞാൻ എന്നെ കണ്ടിട്ടുണ്ട്.. സാക്ഷി പറയുമ്പോൾ , പരാതി കൊടുക്കുമ്പോൾ പലരും ചോദിച്ചിട്ടുണ്ട്.. പേടി ഉണ്ടായിട്ടില്ലേ എന്ന്..!

ഭയം… അത് ആ ക്രിമിനൽ നോടല്ല എന്റെ അന്നത്തെ മാനസികാവസ്ഥയിൽ കടന്നു പോകാൻ ഒരു പെണ്കുഞ്ഞു കൂടി ഉണ്ടാകുമോ എന്നോർത്തിട്ടാണ്.. അവൾ അവൾക്കു ഭാരമായി തീരരുത്. എന്റെ മകൾ ഋതു ആയപ്പോൾ, ഞാൻ അതൊരു ആഘോഷമാക്കി.. അവളിലെ സ്ത്രീയെ അംഗീകരിക്കാൻ, ബഹുമാനിക്കാൻ ഒക്കെ ഉള്ള ആദ്യ പടി… എന്റെ കുടുംബാംഗങ്ങൾ ഉണ്ട് ഫേസ് ബുക്കിൽ. പലരും മുഖം ചുളിച്ചേയ്ക്കാം.

ഒരു പെൺകുട്ടി ഉണ്ടെന്നു ഓർക്കണം എന്നാണ് പലപ്പോഴും കേൾക്കുന്ന ഉപദേശം. അതിന്റെ പൊരുൾ എനിക്ക് അറിയില്ല. അവൾ അവളും, ഞാൻ ഞാനും ആണ്. ഈ എഴുതിയത് ഒരു പുതുമ അല്ല.. പല സ്ത്രീകളും ഇതേ ഘട്ടത്തിൽ കടന്നു പോകുന്നവരാണ്. പക്ഷെ, പുരുഷന്മാർ, അവരറിയണം. അമ്മയെ, സഹോദരിയെ, മകളെ, ഭാര്യയെ. പുറത്തുള്ള സ്ത്രീയെ. കൂടെ ജോലി ചെയ്യുന്നവളെ. അറിയാൻ ശ്രമിക്കുന്ന പോലെ നിങ്ങൾ അറിയണം വീട്ടിലുള്ളവരെ…!!

ആർത്തവം ആഘോഷിക്കപ്പെടേണ്ടതാണ്. ദാമ്പത്യത്തിൽ പോലും അതിനു അയിത്തം ഇല്ല..! പരസ്പരം സ്നേഹിക്കുന്ന പുരുഷനും സ്ത്രീയും, ലൈംഗികതയിൽ അവർക്കു അരുതുകൾ ഇല്ല..!

\"\"

എന്റെ വീടിന്റെ പൂജ മുറി.. അതെന്റെ മാത്രമാണ്. അവിടെ ജാതി മത ഭേദമന്യേ ആർക്കും കയറാം. ഏതു സമയത്തും വിളക്ക് വെയ്ക്കാം.. പൂജിക്കാം. ആർത്തവ വിലക്കുകൾ കൊണ്ട്, സ്വന്തം വീട്ടിൽ അന്യായമായി എന്നൊരു ബോധം ഒരു നിമിഷം പോലും ന്റെ ഉള്ളിൽ ഉണ്ടായിട്ടില്ല.. എന്റെ മകളിൽ ഉണ്ടാക്കാൻ ഞാൻ ഒരുക്കമല്ല.. ഇതൊക്കെ തികച്ചും വ്യക്തിപരം.. ചക്രവർത്തി നഗ്നൻ ആണെന്ന് പറഞ്ഞു കഴിഞ്ഞു..

ഇനി, കൂട്ടായ്മയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും തകർക്കാനും ആളല്ല.. അസഹിഷ്ണതയുടെ അട്ടഹാസങ്ങൾ തത്കാലം മാറ്റി വെയ്ക്കുന്നു.. അതിനെ കാൾ വലിയ പ്രശ്നങ്ങൾ ചുറ്റിലും ഉണ്ട്.. ഭീമമായ പലതും കണ്മുന്നിൽ നിറഞ്ഞു നിൽക്കുമ്പോൾ, വിളിച്ചു പറയേണ്ട കാര്യങ്ങൾക്കു മുന്നിൽ നാവു വഴങ്ങാതെ നിസ്സഹായയായി നിൽക്കുന്ന ഇവിടെ..!  കാത്തിരിക്കും.. അൻപതു വയസ്സ് കഴിയുന്ന ശബരിമലയിൽ കേറുവാനുള്ള ആ സുദിനത്തിനു വേണ്ടി.

കലാഷിബു, കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌

Avatar

Staff Reporter