മലയാളം ഇ മാഗസിൻ.കോം

പെണ്ണുങ്ങളേ, തീർച്ചയായും നിങ്ങൾക്കൊരു ആൺ സുഹൃത്ത്‌ വേണം, അവനൊരു വിവാഹിതനും ആയിക്കോട്ടെ, പക്ഷെ: സൈക്കോളജിസ്റ്റ്‌ കല എഴുതുന്നു

പെണ്ണുങ്ങളേ, തീർച്ചയായും നിങ്ങൾക്കൊരു ആൺ സുഹൃത്ത്‌ വേണം, അത്‌ നിങ്ങളുടെ പഴയ ഒരു ചങ്ങാതിയും അവനൊരു വിവാഹിതനും ആയിക്കോട്ട്‌… കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌ കല എഴുതുന്നു. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

എനിക്കേറെ അസൂയ തോന്നിയിട്ടുള്ള ഒരുവളെ ഞാൻ കണ്ടിരുന്നു. അവരോടൊപ്പം ഭര്തതാവും കുഞ്ഞുങ്ങളുമുണ്ട്. ഭര്തതാവ്‌ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ഒരിക്കൽ എന്നോട് അയാൾ പറഞ്ഞിട്ടുണ്ട്. “നിങ്ങൾക്ക് എന്തൊക്കെയോ വൈകാരിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്”.

അതെയോ, അവരോടു എന്റെ നല്ല പാതി അങ്ങനെ പറയണമെങ്കിൽ അവരുടെ ബന്ധം വെറും സൗഹൃദം തന്നെയാകും അല്ലെ? എന്റെ ആ ചോദ്യത്തിന് പൊട്ടനെ പോലെ അയാൾ ചിരിച്ചു. വര്ഷങ്ങള് കഴിഞ്ഞു. വിധി ക്രൂരമാണ് ചിലപ്പോഴൊക്കെ. വീണ്ടും ആ പുരുഷൻ. പുറകെ വന്ന അയാളുടെ ഭാര്യ എന്നോട് ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വരാൻ ശ്രമിച്ചു. ഞാൻ അറിയാതെ എന്റെ ചൂണ്ടു വിരൽ അവരെ തട്ടി മാറ്റി. അവർ നിശ്ശബ്ദമായി പിൻവാങ്ങി.

ഞാൻ അവരെ അസൂയയോടെ അതിലേറെ പകയോടെ നോക്കി. നല്ല പാതിയായിരുന്ന ആൾ എത്ര സൗഹൃദത്തോടെ എന്നോട് പറഞ്ഞ പേരിന് ഉടമയാണവൾ. ആ പേര് ഉച്ചരിക്കുമ്പോൾ കൽക്കണ്ടം വായിലിട്ടു നുണയും പോലെ എന്ന് ഞാൻ കണ്ടിരുന്നിട്ടുണ്ട്. തമ്പുരാനെ, ഇങ്ങനെ എന്നെയും ഒരു നാൾ സ്നേഹിക്കുമോ!

ആ പ്രണയകഥ എനിക്കൊരു അത്ഭുതമായിരുന്നു. അവരൊന്നിച്ചു നടന്ന പാതകൾ ചൂണ്ടി കാട്ടാൻ എന്നെയും കൊണ്ടുള്ള കൊച്ചു യാത്രകൾ ഞാനേറെ ആസ്വദിച്ചിരുന്നു. അല്പം അസൂയയോടെ. ഭൂതകാലം, അതൊരു തെറ്റായി തോന്നിയില്ല. എപ്പോഴോ, രണ്ടു കുടുംബമായവർ വീണ്ടും കണ്ടു മുട്ടി, സൗഹൃദം തുടങ്ങുമ്പോഴും അരുതായ്ക തോന്നുന്നു എന്ന് ഞാൻ പറഞ്ഞില്ല.

ഭൂത കാലത്തെ രണ്ടാം അദ്ധ്യായം: സ്ത്രീയെ, ഒന്നറിയുക. നിങ്ങളോടെനിക്കും സ്നേഹമായിരുന്നു. ഞാനേറെ സ്നേഹിക്കുന്ന ഒരാളെ അത്രയും സ്നേഹിച്ച നിങ്ങളോട് ബഹുമാനം ആയിരുന്നു. ഭൂതകാലത്തെ അസാധാരണ പ്രണയിനി എന്ന് കണ്ടു ഞാൻ ബഹുമാനിച്ചിരുന്നു.

അതിജീവനത്തിന്റെ യുദ്ധങ്ങളുടെ അവസാനമദ്ധ്യായം പറയാനുള്ളത് സ്ത്രീ സുഹൃത്തുക്കളോടാണ്. എന്റെ പെൺസുഹൃത്തുക്കളെ, നിങ്ങക്ക് ഒരു പുരുഷ ചങ്ങാതി വേണം, പങ്ങെങ്ങോ പ്രണയത്തിന്റെ നനവ് നിങ്ങളിൽ ചാലിച്ചവൻ തന്നെ തിരിച്ചെത്തിക്കോട്ടെ. പക്ഷെ, നിങ്ങളവന്റെ ആത്മാവിന്റെ ഭാഗം ആകുമ്പോൾ ആ കൂടെ ഉള്ള അവന്റെ ഭാര്യ പിന്നെ ഉള്ള ജീവിതത്തിൽ സ്വയം ഇങ്ങനെ പഴിക്കരുത്.

എവിടെ എന്ന് മുതലാണ് എന്റെ രൂപം ഹാസ്യമായത്. എന്ന് മുതലാണ് ഞാൻ നേരില്ലാത്തവൾ ആയത്. എന്ന് മുതലാണ് ഞാൻ തിരിച്ചറിവില്ലാത്തവൾ ആയത്. എന്ന് മുതലാണ് ഞാനൊരു വട്ട പൂജ്യമായി മാറിയത്.

രാത്രികളിൽ ഉറങ്ങാതെ പുലമ്പരുത്.. ഇങ്ങനെ. ഞാൻ നിങ്ങൾക്ക് ഇടയിലെ സൗഹൃദം തച്ചുടയ്ക്കുമായിരുന്നില്ലല്ലോ. എന്റെ ഇടങ്ങളിൽ സൂര്യൻ ഉദികുന്നതും അസ്തമിക്കുന്നതും ഞാൻ അറിയരുത് എന്ന് ആജ്ഞാപിക്കാൻ നിങ്ങളാരായിരുന്നു?

എന്റെ കൂട്ടുകാരി പെണ്ണുങ്ങളെ. നിങ്ങൾക്ക് നിശ്ചയമായും ഒരു ആണ്സുഹൃത്ത് വേണം. അത് നിങ്ങളുടെ പഴയ ചങ്ങാതിയും അവനൊരു വിവാഹിതനും ആയിക്കോട്ടെ. പക്ഷെ അവന്റെ കുടുംബം അവന് വിട്ടു കൊടുക്കു. എത്ര വൈകൃതം ഉള്ളവളാണ് അയാളുടെ ഭാര്യ എങ്കിലും അവളെ വീണ്ടും വിരൂപിയാക്കാൻ നിങ്ങൾ ഒരു കാരണമാകരുത്. അവളും ജീവിച്ചോട്ടെ. നിന്റെ അടുത്ത് നിന്നും തട്ടി എടുത്ത നിധി അല്ല. മറിച്ചു നീ ഒരിക്കൽ ഉപേക്ഷിച്ചു പോയ അല്ലേൽ നിന്നെ വിട്ടു പോയ ഒരുവനാണ്.

നാല് കഥാപാത്രങ്ങളിലെ, കഥ അറിഞ്ഞിട്ടും കഥ അറിയാത്ത പോലെ ആട്ടം കാണുന്ന മറ്റൊരു പുരുഷൻ. അറിവ് മാത്രമേ അയാൾക്കുള്ളു. തിരിച്ചറിവിന് ഇനിയും ഒരുപാട് ദൂരം ബാക്കി. ഇനിയും കഥ തുടരരുത്, അത് കൊണ്ട് തന്നെ ആർഭാടങ്ങളും പൊയ്മുഖവും ഇല്ലാത്ത ഒരു ജീവനിൽ, സ്വയം കണ്ടെടുത്ത പാതകളിലൂടെ അതിജീവിച്ചു ഞാനും സുരക്ഷിതയായി.

Staff Reporter