മലയാളം ഇ മാഗസിൻ.കോം

പെണ്ണിന്‌ ഉശിര്‌ വേണമെടി, അല്ലേൽ മനുഷ്യൻ ആയിട്ടുള്ളവൻ വേറേ പോകും, എന്റെ ഒരു കഴിവിന്‌ അവൾ പോരാ!

എന്റെ കഴിവ്‌ കേടാണെങ്കിൽ ഒരു പെണ്ണിന്റെ കൂടെ പൊയ്ക്കോട്ടേ. ഇതതല്ല. കൈമുട്ട്‌ കൊണ്ട്‌ അടുത്തൂടെ പോകുന്ന പെണ്ണിന്റെ നെഞ്ചത്ത്‌ തട്ടുക. മേശയ്ക്കു ഇടയിലൂടെ അപ്പുറത്തെ സീറ്റിലെ പെണ്ണിന്റെ കാലിൽ തോണ്ടുക. ഇത്‌ ഭാര്യയുടെ കഴിവ്‌ കേടു കൊണ്ടാണോ, അമ്മച്ചിയുടെ വളർത്ത്‌ ദോഷം കൊണ്ടാണോ? നാക്കെടുത്താൽ കള്ളമേ പറയു. ഞാൻ വെറുത്തു പോയി, ഇങ്ങേരെ.

കൗൺസിലറുടെ മുന്നിൽ വന്ന കേസ്‌ ആണ്‌. പെണ്ണിന്‌ ഉശിര്‌ വേണമെടി, അല്ലേൽ മനുഷ്യൻ ആയിട്ടുള്ളവൻ പുറമേ പോകും. എന്താ പ്രശ്നം, സത്യത്തിൽ? ഭാര്യയുടെയും അമ്മയുടെയും വഴക്ക്‌ കണ്ടിരിക്കുന്ന നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കി ചോദിച്ചു. എന്റെ ഒരു കഴിവിന്‌ അവൾ പോരാ ! കൊച്ചുങ്ങൾ ഉണ്ടാകാത്തത്‌ അവളുടെ കുറ്റം കൊണ്ടാണ്‌. കൗൺസിലർ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം കിട്ടി.

നെഞ്ച്‌ വിരിച്ചങ്ങനെ ഇരിക്കുക ആണ്‌ പുരുഷൻ. നിങ്ങൾ ഡോക്ടർ ന്റെ അടുത്ത്‌ പോയോ, ആരാണ്‌ പറഞ്ഞത്‌ ഭാര്യയ്ക്ക്‌ ആണ്‌ പ്രശ്നം എന്ന്‌. അതിപ്പോ ആരും പറയേണ്ട ! ഞങ്ങളുടെ കൂട്ടത്തിൽ ആർക്കും കഴിവ്‌ കേടില്ല. ഗസറ്റഡ്‌ ഓഫീസർ ആയ അമ്മായിഅമ്മ, മരുമകളുടെ മേൽ തന്നെ കുറ്റം വെച്ച്‌ ഞെളിഞ്ഞു ഇരിക്കുക ആണ്‌. അവർ പോയതിനു ശേഷം, എന്റെ മനസ്സിൽ ലതിക ചേച്ചിയും രവി അണ്ണനും ആയിരുന്നു.

വർഷങ്ങൾക്ക്‌ മുൻപ്‌, കായലിന്റെ മുന്നിൽ വീട്‌ വെയ്ക്കുമ്പോൾ, അതിനു പിന്നിൽ സർപ്പകാവിനോട്‌ ചേർന്ന്‌ ഒരു കൊച്ചു കൂര ഉണ്ടായിരുന്നു. അവിടെ ഒരു ഭാര്യയും ഭർത്തതാവും. രവി പുള്ളെ എന്നാണ്‌ ഭാര്യ ഭാർത്തതാവിനെ വിളിക്കാറ്‌. തിരിച്ചു, അവരെ പറ്റി ആരോട്‌ പറയണം എങ്കിലും, എന്റെ പെണ്ണ്‌ എന്നാകും. അങ്ങേ അറ്റത്തെ അടിപിടി ഇടയ്ക്ക്‌ പുറക്‌ വശത്തെ വീട്ടിൽ നിന്നും കേൾക്കുമ്പോൾ പലപ്പോഴും ഓർത്തിട്ടുണ്ട്‌. കൊലപാതകം നടക്കുമെന്ന്‌. പ്രശ്നം ഒതുക്കാൻ, ഇടയ്ക്ക്‌ ആരെങ്കിലും ചെല്ലാത്തത്‌ എന്താണെന്നു കുറച്ചു നാൾ കഴിഞ്ഞപ്പോ മനസ്സിലായി. ഞങ്ങൾ തമ്മിൽ പല പ്രശ്നോം ഉണ്ടാകും, നീയൊക്കെ ആരാടാ ! അടികൊണ്ടു ചുളുങ്ങി ഇരിക്കുന്ന ലതിക ചേച്ചി നിയന്ത്രണം വിടും. പിന്നെ അവരെ ചേച്ചിയിൽ നിന്നും രക്ഷിക്കാൻ രവി അണ്ണനെ പറ്റു.

കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌ കല

ശെരി, എന്നാ പിന്നങ്ങു നന്നായേക്കാം എന്ന്‌ രവി അണ്ണൻ കരുതും ഇടയ്ക്ക്‌. ലഹരി ഒന്നുമില്ലാതെ കൂനി പിടഞ്ഞിരിക്കുന്ന കെട്ട്യോനെ കാണുമ്പോൾ ലതിക ചേച്ചിടെ നെഞ്ച്‌ പിടയും. ഇന്നാടെ, പോയി രണ്ടെണ്ണം അടിച്ചോണ്ട്‌ വാ.. കൊച്ചു പിള്ളേർക്ക്‌ ഐസ്റ്റീസ്ക്‌ വാങ്ങാൻ കാശ്‌ കൊടുക്കും പോലെ, കയ്യിൽ കൊടുക്കുന്ന തുട്ടുമായി ചെറിയ ചിരിയോടെ രവിപിള്ള ഒരു പോക്കുണ്ട്‌. ഘനഗംഭീരമായ ശബ്ദത്തിൽ പാട്ടൊക്കെ പാടി, ആടിയാടി ഒരു തിരിച്ചു വരവും. അന്ന്‌ രാത്രിയും ചേച്ചിടെ എല്ലു പൊട്ടി പ്ലാസ്റ്റർ ഇടേണ്ടി വരുമെന്ന്‌ ഇപ്പുറത്തിരുന്നു പേടിയോടെ അടിയുടെ ശബ്ദം കേൾക്കുമ്പോൾ ഞാനോർത്തിട്ടുണ്ട്‌. രണ്ടിൽ ഒരാളുടെ പിറന്നാൾ ആഘോഷങ്ങൾ. ഒന്നിച്ചുള്ള കൊച്ചു യാത്രകൾ ഒക്കെ ഇതിന്റെ ഇടയ്ക്കുണ്ട്‌.

ഒരുമിച്ചു, രാത്രിയിൽ ഊണൊക്കെ കഴിഞ്ഞു ടീവിയിൽ സിനിമ കണ്ടിരിക്കവേ, ലതിക ചേച്ചിടെ തോളിൽ ചരിഞ്ഞ രവി അണ്ണൻ പിന്നെ ഉണർന്നില്ല. കൂട്ടിനൊരു കുഞ്ഞ്‌ പോലുമില്ല. മരണം അറിഞ്ഞു എത്തിയ അയൽവാസി പെണുങ്ങൾ പരസ്പരം പറയുന്നത്‌ കേട്ടു. ആർക്കായിരുന്നു കുഴപ്പം? ആരോ ഒരാൾ ചോദിച്ചു. അത്‌ മാത്രം അവർക്കേ അറിയൂ. രണ്ടു പേരും പരസ്പരം വിട്ടു പറയില്ല. ആ വീട്ടിലെ അവകാശം വിട്ടു കൊടുത്തു വിവാഹമോചനം നേടി ഞാൻ തിരുവനന്തപുരം എത്തി. ഇടയ്ക്ക്‌ ചേച്ചിയെ മാത്രം ആ പരിസരത്തു നിന്നും ഞാൻ വിളിക്കും. കല സാറെ എന്നും വിളിച്ചു രവി അണ്ണൻ കേറി വരുന്നത്‌ ചേച്ചി സംസാരിക്കുമ്പോ ഓർമ്മ വരും.

ചേച്ചി പണ്ട്‌ പറയുന്നത്‌ ഞാൻ ഓർക്കാറുണ്ട്‌. എന്നെ ആരെങ്കിലും ഒന്ന്‌ മോശപ്പെട്ട തരത്തിൽ നോക്കിയാൽ മതി.. തീരും അവന്റെ കാര്യം.. ! എന്റെ പെണ്ണ്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥ വളർത്തിയ മകൻ അല്ലായിരുന്നു രവി അണ്ണൻ. പക്ഷെ അങ്ങേരുടെ നന്മയിൽ ഓർത്തു വെയ്ക്കണ്ട ഒന്നായിരുന്നു. ഭാര്യയോടുള്ള കരുതൽ. ആർക്കാണ്‌ കുഴപ്പം എന്ന്‌ ചോദിച്ചാൽ, എനിക്കാണ്‌ എന്ന്‌ പറയും. തിരിച്ചു ചേച്ചിയോട്‌ ചോദിച്ചു നോക്കിയാലോ. അയ്യോ, എനിക്കല്ല്യോ കുഴപ്പം, രവി പുള്ളയ്ക്ക്‌ ഒന്നുമില്ല…! ചേച്ചി പണ്ടൊരു സുര സുന്ദരി ആയിരുന്നിരിക്കും. ഇപ്പോഴും എന്ത്‌ ഭംഗിയാ എന്നൊന്നു ചോദിച്ചാൽ സാധാരണ സ്ത്രീകൾ തരുന്ന മധുരമുള്ള പ്രതികരണം അല്ല.

ഓ, എനിക്കു എന്ത്‌ സൗന്ദര്യം. രവിപുള്ളെ കാണണമായിരുന്നു ആയ കാലത്ത്‌. എന്നെക്കാളും നല്ലത്‌ കിട്ടിയേനെ. മദ്ധ്യവയസ്സു പിന്നിട്ടു മരിക്കുമ്പോഴും രവിപുള്ളയുടെ മനസ്സിൽ, ലതിക ചേച്ചി അല്ലാതെ മറ്റൊരു സൗന്ദര്യം പതിഞ്ഞിട്ടില്ലായിരുന്നു എന്നത്‌ മറുവശം.

കല, കൗൺസലിംഗ്‌ സൈക്കോളജിസ്‌റ്‌

Staff Reporter