കുറഞ്ഞ മുതൽമുടക്ക്, അത്യധ്വാനം ഇല്ലാത്ത പരിപാലനം മികച്ച വരുമാനം കാഴ്ചയിൽ ഇത്തിരികുഞ്ഞൻ എങ്കിലും കാട വളർത്തലിന് സാധ്യതകളേറെയാണ്. കാട ഇറച്ചിക്കും മുട്ടയ്ക്കും ഔഷധഗുണം ഏറെയുള്ളതിനാൽ വിപണിയിൽ എക്കാലവും ഇവയ്ക്ക് നല്ല ഡിമാൻണ്ടുമുണ്ട്. കോഴിവളർത്തൽ പോലെ തുറന്നു വിട്ടു വളർത്താൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ സ്ഥലപരിമിതി ഉള്ളവർക്കും കാടകളെ വളർത്താവുന്നതാണ്. കോഴിവളർത്തൽ പോലെ തന്നെ വീട്ടമ്മമാർക്ക് ദിവസവും വരുമാനം നൽകുന്ന മറ്റൊരു മികച്ച സംരംഭമാണ് കാട വളർത്തൽ. കുറഞ്ഞ തീറ്റ ചെലവ് ചെറിയ സ്ഥലത്ത് വളർത്താൻ സാധിക്കുക ചുരുങ്ങിയ ദിവസം കൊണ്ട് മുട്ട വിരിയൽ ആറാഴ്ച കൊണ്ട് മുട്ടയിട്ട് തുടങ്ങൽ ധരാളം മുട്ട ഇടാൻ ഉള്ള ശേഷി എന്നിങ്ങനെ കാട വളർത്തലിന്റെ പ്രത്യേകതകൾ ഏറെയാണ്.

ധാരാളം പോഷകങ്ങൾ അടങ്ങിയതും പ്രതിരോധ ശേഷി കൂടുതലുള്ളതുമായ കാട മുട്ടക്കും ഇറച്ചിക്കും ആവശ്യക്കാർ ഏറെയാണ്.അതുകൊണ്ടുതന്നെയാണ് കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂരിലുള്ള ബിന്ദു എന്ന വീട്ടമ്മ ഒഴിവു സമയത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് അന്വേഷിച്ചപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ കാടവളർത്തൽ തിരഞ്ഞെടുത്തത്. ഒഴിവു നേരത്തെ അധ്വാനം വെറുതെ ആയില്ല എന്ന് ഉറപ്പിക്കുകയാണ് ബിന്ദു എന്ന വീട്ടമ്മ. ഏതൊരു വീട്ടമ്മയ്ക്കും തുടങ്ങാൻ പറ്റിയ പ്രോജക്ടാണ് ഇതെന്നാണ് ബിന്ദു പറയുന്നത്.കാടകളെ കൂടുകളിലോ ഡീപ് ലിറ്റർ രീതിയിലോ വളർത്താവുന്നതാണ്. നിലത്ത് വിരിച്ച അറക്കപ്പൊടിയിൽ ഒരേ പ്രായത്തിലുള്ള കാടകളെ ഒരുമിച്ചു വളർത്തുന്ന രീതിയാണ് ഡീപ്പ് ലിറ്റർ. മുറ്റത്തും മട്ടുപ്പാവിലും എല്ലാം കൂടുണ്ടാക്കി വളർത്തുമ്പോൾ ചുരുങ്ങിയ സ്ഥലം മതിയാകും. വെറും രണ്ടു ചതുരശ്ര അടി സ്ഥലത്ത് എട്ടു മുതൽ 10 കാടകളെ വരെ വളർത്താം.
കമ്പിവേലികൾ തടി ഫ്രെയിമിൽ അടിച്ചുണ്ടാക്കുന്ന കൂടുകൾ ആണ് നല്ലത്. ഇതിന് അധികം ചിലവും ഉണ്ടാകില്ല. കൂടിന് അടിയിലും കമ്പി വലകൾ നൽകിയാൽ ഒഴിവാക്കുന്നത് നിലത്തു വിരിച്ചിട്ട ഇരിക്കുന്ന പേപ്പറിലോ ചാക്കുകളിലോ ശേഖരിച്ച് ലളിതമായി വൃത്തിയാക്കുകയും ചെയ്യാം.കോഴികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജീവിതചക്രമാണ് കാടകൾക്ക്. കോഴിമുട്ട വിരിഞ്ഞ് വളർച്ചയെത്തി മുട്ടയിടാൻ കാത്തിരിക്കുന്നതിൻറെ പകുതി സമയത്തിനുള്ളിൽ തന്നെ ഒരു കാടയുടെ ജീവിതചക്രം പൂർത്തിയാകും.16 മുതൽ 18 ദിവസം കൊണ്ട് വിരിഞ്ഞിറങ്ങുന്ന പെൺ കാ ടകൾ ആറാഴ്ച മുതൽ മുട്ടയിട്ടു തുടങ്ങും.ആൺ കാടകളെ ഈ കാലയളവിൽ ഇറച്ചിക്കായി വിൽപ്പന നടത്താം. ആറാഴ്ച മുതൽ ഒരു വർഷം വരെ മുട്ടയിടുന്ന ഒരു കാ ടയിൽ നിന്നും ശരാശരി 300 മുട്ടകൾ വരെ ലഭിക്കും.

ശരിയായ പരിചരണം നൽകിയില്ലെങ്കിൽ കാട കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ ചത്തു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.തീറ്റയുടെ കാര്യത്തിലും ഈ സമയത്ത് അതീവ ശ്രദ്ധ വേണം.ഇതിനുവേണ്ടിയുള്ള ചെലവ് മറ്റ് പക്ഷി വളർത്തലിനേക്കാലും താരതമ്യേന കുറവാണ്. പ്രധാനമായും മൂന്ന് സ്റ്റേജ് ആയിട്ടാണ് തീറ്റക്രമം ക്രമപ്പെടുത്തിയിരിക്കുന്നത്. അദ്യ സ്റ്റേജ് വിരിഞ്ഞിറങ്ങിയ അന്നു മുതൽ രണ്ടാഴ്ച കാലയളവു വരെ ചിക് സ്റ്റാർട്ട് ആണ് കൊടുക്കുന്നത്. കൂടുതൽ ശ്രദ്ധിക്കേണ്ട കാലഘട്ടവും ഇതാണ്. രണ്ടാഴ്ച കഴിഞ്ഞാൽ ഗ്രോവർ തീറ്റ കൊടുക്കാവുന്നതാണ്. ഗ്രോവർ തീറ്റ കൊടുക്കുമ്പോൾ പൂപ്പൽ പിടിച്ചതോ നനഞ്ഞതോ ആയിട്ടുള്ള തീറ്റ കൊടുക്കാൻ പാടില്ല. രണ്ടാഴ്ച മുതൽ നാല് ആഴ്ച വരെ ഗ്രോവർ തീറ്റ കൊടുക്കാവുന്നതാണ്. അതിനുശേഷം ലയർ തീറ്റ ആണ് കൊടുക്കേണ്ടത്. ലയർ തീറ്റ കൊടുക്കുന്നത് മുട്ട ഉൽപ്പാദനവുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.ആൺ കാടകൾ ആണെങ്കിൽ ഇറച്ചിക്ക് വേണ്ടി ഉള്ള തീറ്റ ആണ് കൊടുക്കേണ്ടത്.
കോഴിയെക്കാളും വളരെയധികം പ്രതിരോധശേഷി ആണ് കാടകൾക്കുള്ളത്. ഇവയ്ക്ക് അസുഖങ്ങൾ അങ്ങനെ പിടി പെടില്ല. കാടകളിൽ പ്രധാനമായും കണ്ടുവരുന്നത് ഒരു ബാക്ടീരിയർ ഡിസീസ് ആണ്. ശുചിത്വമില്ലായ്മയിലൂടെ ആയിരിക്കും ഇത്തരത്തിലൊരു രോഗം കാടയെ ബാധിക്കുന്നത്. ആദ്യം തന്നെ ആന്റിബയോട്ടിക് കൊടുക്കുകയാണെങ്കിൽ ആ രോഗത്തെ നമുക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കാടകൾക്ക് പ്രത്യേക രീതിയിലുള്ള മരുന്നുകൾ ഒന്നുമില്ല. എന്നാൽ തുടക്കം മുതൽ തന്നെ ലിവർ ടോണികും ബികോംപ്ലക്സ് ഗുളികകളും കൊടുക്കാവുന്നതാണ്. മുട്ടയ്ക്കു വേണ്ടിയുള്ള കാടകൾ ആണെങ്കിൽ കാൽസ്യം സപ്ലിമെന്റ്സുകൾ തീറ്റക്കൊപ്പം നൽകാവുന്നതാണ്.അതേസമയം കാടയുടെ കാഷ്ഠം നമുക്ക് ബയോഗ്യാസ് ആയി ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ രോഗപ്രതിരോധശേഷി ഉള്ള പക്ഷികളാണ് കാടകൾ. അൽപസമയം വൃത്തിയാക്കാനും തീറ്റയും വെള്ളവും കൊടുക്കാനും മാറ്റി വെച്ചു കഴിഞ്ഞാൽ വലിയ അദ്ധ്വാനമൊന്നുമില്ലാതെ തന്നെ കാട വളർത്തലിൽ വിജയം കൈവരിക്കാൻ സാധിക്കും. പശുവിനെയും കോഴിയെയും വളർത്തുന്നതു പോലെ അധികം സ്ഥലസൗകര്യം ഒന്നും വേണ്ട എന്നതിനാൽ ആ പ്രദേശങ്ങളിൽ മാത്രമല്ല നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും കാട വളർത്തൽ സംരംഭം തുടങ്ങാവുന്നതാണ്. തിരക്കേറിയ നഗര ജീവിതത്തിനിടയിൽ മികച്ച വരുമാനം നേടാനും ഇതിലൂടെ സാധിക്കും. രോഗികൾക്കും ഗർഭിണികൾക്കും വരെ വിശ്വസിച്ച് കഴിക്കാവുന്ന കാടമുട്ടയിലും ഇറച്ചിയിലും ഇന്നേവരെ മായം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് കാട വളർത്തൽ വിജയമാകും എന്നതിൻറെ ഭാവി സാധ്യതകൾ.