സതീഷ് കരീപ്പാടത്ത്
വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ ട്രയൽ റൺ നടത്തിയത് ഒരു വലിയ ചർച്ചയായിരിക്കുകയാണ്. വലിയ ഒരു വിഭാഗം ആളുകൾ അതിനെ ഹർഷാരവത്തോടെ സ്വാഗതം ചെയ്യുമ്പോൾ കേരളത്തിന്റെ വികസനത്തിനു തടയിടുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് തുടങ്ങി പലവിധ എതിർ വാദങ്ങൾ ഉയർന്നു കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഏതൊരു നാടിന്റെയും അഭിവൃത്തിക്ക് അനിവര്യമാണ്. കേന്ദ്ര സർക്കാർ പൂർണ്ണമായും പണം ചിലവിട്ടുകൊണ്ട് നഷ്ണൽ ഹൈവേ വികസനം നടക്കുന്നു അതോടൊപ്പമാണ് റെയിൽവേയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നത്.
പിണറായി വിജയൻ മുന്നോട്ട് വച്ച കെ.റെയിൽ പദ്ധതിയെ അട്ടിമറിയ്ക്കുവാനാണ് മോദി സർക്കാർ വന്ദേഭാരത് വഴി ശ്രമിയ്ക്കുന്നതെന്ന് സി.പി.എം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ യാദർഥ്യ ബോധത്തോടെ ചിന്തിച്ചാൽ കെ.റെയിൽ കേരളത്തിനും വലിയ സാമ്പത്തിക ബാധ്യതയും സാമൂഹ്യ് പരമായും പാരിസ്ഥിതികമായും വൻ പ്രത്യാഘാതവും ഉണ്ടാക്കുന്ന ഒന്നാണ് എന്ന് വ്യക്തമാകും. കേവലം പതിനൊന്ന് കേന്ദ്രങ്ങളിൽ സ്റ്റോപ്പുകൾ ഉള്ള കെ.റെയിലിനു വേണ്ടി കേരളത്തെ രണ്ടായി പകുക്കും വിധം ഉള്ള പുതിയ ട്രാക്ക് സൃഷ്ടിക്കേണ്ടിവരും. ഇതിനായി ഏക്കറുകണക്കിനു വയലുകളും തോടുകളും തൂർക്കണം. അതിനു മണ്ണും കല്ലും മറ്റു നിർമ്മാണ സാമഗ്രികളും കണ്ടെത്തുവാനായി എത്രയോ കുന്നുകളും മലകളും ഇടിച്ചു നിരത്തണം.
കടമെടുപ്പിന്റെ സകല സീമകളും കഴിഞ്ഞ് നിൽക്കുന്ന കേരളം അതിഭീകരമായ ഒരു സാമ്പത്തിക തകർച്ചയ്ക്ക് മുഖാമുഖം നിൽക്കുമ്പോഴും ധൂർത്തിന്റെ പരകോടിയിലേക്ക് അനുദിനം പോയ്ക്കൊണ്ടിരിക്കുന്നു. സാമ്പത്തിക് ആസൂത്രണം ചിലവു ചുരുക്കൽ തുടങ്ങിയവയെ അജണ്ടയിൽ നിന്നും ആട്ടിപ്പായിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ വന്ദേഭാരത് ട്രെയിൻ കേരളത്തിലേക്ക് കൊണ്ടു വരുമ്പോൾ അതിനെതിരെ സംസാരിക്കുകയും ഏകദേശം ഒരു ലക്ഷം കോടിയുടെ കെ.റെയിൽ പദ്ധതിയാണ് കേരളത്തിന്റെ വികസനത്തിനു വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന മലയാളിയുടെ സാമാന്യ ബോധത്തിന്റെ നിലവാരം എത്ര മേൽ താഴെയാകണം?
വൻ സാമ്പത്തിക ബാധ്യത ഉണ്ടക്കുന്നതായി കരുതപ്പെടുന്ന കെ.റേയിൽ കേരളത്തിന്റെ അനവധി തലമുറയെ കടക്കാരാക്കും. അത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും എന്ന് മാത്രമല്ല മുന്നോട്ടുള്ള വളർച്ചയെ ഒരു പക്ഷെ സമ്പൂർണ്ണമായി തന്നെ സ്തംഭിപ്പിക്കുകയും ചെയ്യും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ഉല്പാദനത്തിൽ നിന്നല്ല മറിച്ച് പ്രവാസികൾ അയക്കുന്ന പണത്തിൽ നിന്നാണ്. അതാകട്ടെ സാമ്പത്തിക മാന്ദ്യം, കൊറോണ വ്യാപനം തുടങ്ങിയവയെ തുടർന്ന് കുറഞ്ഞിട്ടുമുണ്ട്. കേരളത്തിന്റെ പ്രധാന നിക്ഷേപ സോൺ ആയിരുന്നത് റിയൽ എസ്റ്റേറ്റ് ആണ്. അതി ഭീമമായ നികുതികളിലൂടെയും നിർമ്മാണ സാമഗ്രികളുടെ ഉല്പാദനത്തെയും വിപണനത്തേയും പലതലത്തിൽ തടസ്സപ്പെടുത്തിയും ഈ സർക്കാർ അതിനെയും തകർത്തു കളഞ്ഞിരിക്കുന്നു. പിണറായി വിജയന്റെ പ്രസ്റ്റീജ് പദ്ധതിയെന്നത് അപ്രായോഗികമാണെന്ന് തിരിച്ചറിഞ്ഞ് തള്ളുവനാണ് നിലവിലെ സാഹചര്യത്തിൽ മലയാളി തയ്യാറാകേണ്ടത്.
കെ.റെയിൽ പദ്ധതിയുടെ നിർമ്മാണവും ബാധ്യതയും നടത്തിപ്പും കേരളം നിർവ്വഹിക്കേണ്ടതുണ്ട്. അതിന്റെ കടബാധ്യത പൂർണ്ണമായും മലയാളികൾ ഏറ്റെടുക്കേണ്ടിവരും. എന്നാൽ ഇന്ത്യൻ റെയിൽ വേയുടെ ഭാഗമായി വരുന്ന വന്ദേഭാരത് അടക്കം ഉള്ള ട്രെയിനുകളുടെ ബാധ്യത കേരളത്തിന്റെ മാത്രമായി വരുന്നില്ല.
വന്ദേഭാരതിനായി കുടിയൊഴിപ്പിക്കൽ വളരെ കുറച്ചേ വേണ്ടിവരുന്നുള്ളൂ എന്നാൽ സാധാരണക്കാരുടെ അടുക്കളയിൽ പോലും മഞ്ഞകുറ്റിയിട്ട് അവരെ കുടിയൊഴിപ്പിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.
YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റുമുള്ള കുളങ്ങളിൽ മത്സ്യകൃഷി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും
ഇന്ത്യൻ റെയിൽവേ സംവിധാനത്തിലേക്ക് ലിങ്ക് ചെയ്യുവാൻ കെ.റെയിലിനു സാധിക്കില്ല എന്നാൽ കന്യാകുമാരി മുതൽ കാശ്മീർ വരെ വിശാലമായി കിടക്കുന്ന റെയിൽവേ ശൃംഘലയുള്ളതിനാൽ വന്ദേഭാരതിന്റെ യാത്രയ്ക്ക് പരിമിതികൾ ഇല്ല.
നിലവിലെ ട്രാക്കുകൾ നവീകരിച്ചും വളവുകൾ നികത്തിയും ചുരുങ്ങിയ കാലം കൊണ്ട് വന്ദേഭാരതിന്റെ വേഗത വർദ്ധിപ്പിക്കുവാൻ സാധിക്കും ഇത് മറ്റു ട്രേയിനുകളുടെ വേഗതയ്ക്കും പുതിയ ട്രെയിനുകൾ ഓടിക്കുന്നതിനും ഉപകരിയ്ക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ റെയിൽവേയുടെ പദ്ധതികളാണ് കേരളത്തിന് ഗുണകരമാവുക.
സമയം ലാഭിച്ചും സൗകര്യപ്രദമായും യാത്രാ സൗകര്യം ഒരുക്കുകയാണ് കെ.റെയിലിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ പറയുന്നു.
പദ്ധതി ചിലവും നടത്തിപ്പ് ചിലവും കണക്കു കൂട്ടുമ്പോൾ കെ.റേയിലിനു നഷ്ടസാധ്യത കൂടുതലും. കാരണം ടിക്കറ്റു നിരക്കും യാത്രക്കാരുടെ എണ്ണവും വച്ച് നോക്കിയാൽ വരുമാന സാധ്യത കുറവുമാണ്, വരുമാനം കുറഞ്ഞാൽ അത് നിലനിർത്തിക്കൊണ്ട് പോകുവാൻ കേരളം ധാരാളം പണം കണ്ടെത്തേണ്ടതായി വരും. നിലവിൽ ശമ്പളം പെൻഷനും നല്കുവാൻ കടമെടുക്കുന്ന സർക്കാർ വികസന പ്രവർത്തനങ്ങൾക്കായുള്ള വിഹിതം വെട്ടി ചുരുക്കുകയാണ് എന്നിരിക്കെ ഇത് കൂടെ താങ്ങുവാൻ കേരളത്തിനാകില്ല.
ലക്ഷക്കണക്കിനു ആളുകൾ ദിവസവും ബസ് യാത്ര നടത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. കോടികളാണ് ഒരു ദിവസത്തെ ബസുകളിൽ നിന്നും ഉള്ള കളക്ഷൻ. എന്നിട്ടും സർക്കാർ ഉടമസ്ഥതയിൽ ഉള്ള
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സമയത്തിനു ശമ്പളമോ പെൻഷനോ നല്കുവാൻ സാധിക്കാത്ത ഒരു സർക്കാരിന് എങ്ങിനെ ആണ് കെ.റെയിൽ പോലെ വമ്പൻ ചിലവുള്ള ഒരു സംവിധാനം നടത്തിക്കൊണ്ടു പോകുവാനും ലാഭത്തിലാക്കുവാനും സാധിക്കുക എന്ന ചോദ്യം ഉയരുന്നു.
YOU MAY ALSO LIKE THIS VIDEO, ചൊറിയാൻ പറഞ്ഞാൽ ഞാൻ മാന്തി വിടും, ‘പുരുഷപ്രേത’ത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ് Prashanth Alexander Interview
പുതിയ റൂട്ടുകളിലേക്ക് ബസ് സർവ്വീസ് വർദ്ധിപ്പിച്ചും നിലവിലുള്ള റൂട്ടുകളിൽ സമയക്രമീകരണത്തിലൂടെയും ഓഫീസ് സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറച്ചുമെല്ലാം കെ.എസ്.ആർ.ടിസിയുടെ നഷ്ടം കുറയ്ക്കുവാൻ എങ്കിലും സാധിക്കും. എന്നാൽ കെ.റെയിലിനെ സംബന്ധിച്ച് അത്തരം സാധ്യതകൾ വളരെ കുറവാണ്. പുതിയ റൂട്ടുകൾ കൊണ്ടുവരണമെങ്കിൽ കോടികൾ ചിലവഴിക്കേണ്ടിവരും. നേരത്തെ പറഞ്ഞ പോലെ റെയിലിന്റെ സംവിധാനത്തിൽ ഉള്ള വ്യത്യാസം കാരണം ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കുക എന്നതും അസാധ്യമാണ്.
റെയില്വേ വികസനം കേന്ദ്രസർക്കാരിനു വിട്ടു നല്കിക്കൊണ്ട് അതിൽ പുരോഗതി ഉറപ്പുവരുത്തുവാനാണ് സംസ്ഥാനം ശ്രമിക്കേണ്ടത്. കേരളത്തിനു ആവശ്യം റോഡുകളാണ്. കോടികളാണ് ഓരോ വർഷവും റോഡ് ടാക്സ് ഇനത്തിൽ പിരിച്ചെടുക്കുന്നതെങ്കിലും അത് റോഡ് വികസനത്തിനു വിനിയോഗിക്കപ്പെടുന്നില്ല. നിലവിലുള്ള റോഡുകളിൽ ഭൂരിപക്ഷവും പൊട്ടിപ്പൊളിഞ്ഞ് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതിനു പ്രധാന കാരണമാകട്ടെ നിർമ്മാണത്തിലെ കാര്യക്ഷമത ഇല്ലായ്മയും അഴിമതിയും. അഴിമതി നടത്തിയാലും ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പാണ് അത് തുടർക്കഥയാകുന്നതിന്റെ കാരണം പാലാരിവട്ടം പാലത്തിൽ നടന്ന വൻ അഴിമതിയ്ക്ക് ഉത്തരവാദികളായവയെ പ്രോസിക്യൂട്ട് ചെയ്യുവാൻ പോലും സർക്കാർ അനുമതി നല്കിയിട്ടില്ല എന്നതിൽ നിന്നും കാര്യങ്ങൾ വ്യക്തമാകും.
രാഷ്ടീയ-മത നേതാക്കളും സാംസ്കാരിക “മാനേജർമാരും” മലയാളി മനസ്സിൽ തിരുകി കയറ്റിയ മോദി വിരുദ്ധതയും പിണാറായിയോടുള്ള ദാസ്യ മനോഭാവവും വച്ചു കൊണ്ട് യാദാർഥ്യ ബോധമില്ലാതെ വന്ദേ ഭാരത് ഉൾപ്പെടെ കേരളത്തിലേക്ക് എത്തുന്ന വികസനങ്ങൾക്കെതിരെ പ്രതികരിക്കുന്ന മലയാളികൾ മറ്റുള്ളവർക്ക് മുമ്പിൽ സ്വയം അവഹേളിതരാകുകയാണ്. സ്വന്തം നാടിന്റെ നിലനില്പിനെയും വികസനത്തെയും തുരങ്കം വെയ്ക്കുകയാണ്.
YOU MAY ALSO LIKE THIS VIDEO, കരിമ്പ് കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ് ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട് ഈ സംയോജിത കൃഷിയിടത്തിൽ