മലയാളം ഇ മാഗസിൻ.കോം

ഉജാലയുടെ കമ്പനി ജ്യോതി ലബോറട്ടറീസ്‌ തലപ്പത്തേക്ക്‌ സാക്ഷാൽ ജ്യോതി എത്തുന്നു, മലയാളി കാണാൻ കാത്തിരുന്ന ആ വ്യക്തിത്വം ഇതാ

ഇന്ത്യക്കാരെ മുഴുവൻ നീലം എന്നാൽ ഉജാല എന്ന ഒറ്റപ്പേരിൽ ഒതുക്കിയ മഹാ പ്രസ്ഥാനമാണ്‌ ജ്യോതി ലബോറട്ടറീസ്‌. വർഷങ്ങളായി മലയാളി കേൾക്കുന്ന പേരാണ്‌ ഉജാല, ഒരു ജ്യോതി ലബോറട്ടറീസ്‌ ഉൽപ്പന്നം എന്നത്‌. തൃശൂർ സ്വദേശിയായ എം പി രാമചന്ദ്രൻ ആണ്‌ 1983ൽ മുംബൈയിൽ ജ്യോതി ലബോറട്ടറീസ്‌ എന്ന സ്ഥാപനം തുടങ്ങിയത്‌.

സാധാരണ ഇത്തരത്തിൽ അതിവേഗ വിൽപനയുള്ള ഉപഭോക്തൃ ഉൽപന്നങ്ങൾ (എഫ്‌എംസിജി) വിൽക്കുന്ന കമ്പനികളുടെ തലപ്പത്തേക്ക്‌ എത്തുന്നതു പുരുഷന്മാർ മാത്രമായിരിക്കും. എന്നാൽ ഈ പതിവു തെറ്റിച്ചുകൊണ്ട്‌ ഇതാ ഒരു വനിത അറിയപ്പെടുന്ന ഈ പ്രമുഖ എഫ്‌എംസിജി കമ്പനിയുടെ സാരഥ്യമേൽക്കാൻ പോകുന്നു.

ചരിത്രം തിരുത്തുന്നത്‌ എം.ആർ. ജ്യോതി എന്ന നാൽപതുകാരിയാണ്‌. ശരിക്കും മലയാളികൾ അറിയാൻ കാത്തിരുന്ന ഒരു വ്യക്തിത്വം കൂടിയാണ്‌ ജ്യോതി. ഉജാല, ഹെൻകോ, പ്രിൽ, മാക്സോ, എക്സോ, മാർഗോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഉടമസ്ഥത വഹിക്കുന്ന ജ്യോതി ലാബ്സ്‌ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടറായി ഇവർ ചുമതലയേൽക്കും. 1983ൽ ജ്യോതി ലാബ്സ്‌ സ്ഥാപിച്ച തൃശൂർ സ്വദേശിയായ എം.പി. രാമചന്ദ്രന്റെ മകളാണു ജ്യോതി. 2005 മുതൽ കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിച്ചുവരുന്ന ജ്യോതിയുടെ ഉപരിപഠനം ഹാർവഡ്‌ സർവകലാശാലയിലായിരുന്നു.

ജ്യോതിയുടെ സഹോദരിയും ഇപ്പോൾ ഫിനാൻസ്‌ വിഭാഗം ജനറൽ മാനേജറുമായ എം.ആർ. ദീപ്തി കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായി ഏപ്രിൽ ഒന്നിനു സ്ഥാനമേൽക്കും.5000 രൂപ മൂലധനവും ഉജാല എന്ന ഏക ഉൽപന്നവുമായി ആരംഭിച്ച ജ്യോതി ലാബ്സ്‌ ഇന്ന്‌ 1600 കോടി രൂപ വിറ്റുവരവുള്ള വൻ ബിസിനസ്‌ ഗ്രൂപ്പാണ്‌.

Avatar

Staff Reporter