ജൂൺ പത്ത്, പതിവുപോലെ രാവിലെ നടക്കാനിറങ്ങി. ഒൻപത് മാസം പൂർത്തിയായിട്ടില്ല. എങ്കിലും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ജൂൺ 14ന് അഡ്മിറ്റ് ആകാൻ ഡോക്ടർ നിർദ്ദേശിച്ചിരു ന്നു. സിസേറിയൻ എന്ന് ഏറെക്കുറേ ഉറപ്പായ ഘട്ടം. എന്നിട്ടും മനസ്സ് പറഞ്ഞു കൊണ്ടിരുന്നു , എന്റെ രാജകുമാരിയെ ഞാൻ പ്രസവിക്കും.
അവളുടെ ദേഹത്ത് കത്തി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ആ വാശിയായിരുന്നു എട്ടാം മാസം മുതൽ രാവിലെയും വൈകിട്ടും എന്റെ ദീർഘദൂര നടത്തത്തിന്റെ പിന്നിലെ അജണ്ട. ജൂൺ പത്ത് . പറമ്പിലൂടെ മൊബൈലും കയ്യിൽ പിടിച്ച് ഫോട്ടോക്ക് പറ്റിയ കാഴ്ചകൾ തേടി അങ്ങനെ നടക്കുമ്പോൾ വെറുതേ നോക്കിയതാണ് അപ്രത്തെ പറമ്പിലെ വരിക്ക പ്ലാവിന്റെ ഉച്ചിയില്.

വിളഞ്ഞു വീർത്ത് എന്നെ പോലെ തടിച്ചിപ്പാറുവായി ഒരു ചക്ക! എന്റെ വരവോടെ മുച്ചൂടും അപഹരിക്കപ്പെട്ട ഞങ്ങളുടെ പറമ്പിലെ പ്ലാവുകളെ നോക്കി ഞാൻ നെടുവീർപ്പിട്ടു. തിരികെ നടക്കുമ്പോൾ മനസ്സ് നിറയെ ചക്കപ്പുഴുക്ക്. നിറയെ തേങ്ങ ചിരകിയിട്ട ചക്കപ്പുഴുക്ക് കാന്താരി മുളക് ഞെരടിയതിൽ മുക്കി വായിലേക്ക് വച്ച് ഒരിറക്ക് ചൂട് കട്ടനും.. ഹയ് ഹായ്. ഭാരതി വയറ്റിൽ കിടന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.
ചക്ക പുഴുക്ക് വേണം. വീട്ടിൽ ആരും ഒരു മൈന്റില്ല. മഴ പെയ്യുന്നുണ്ട്. കിലുക്കത്തിലെ രേവതിയുടെ കൂട്ട് ഒന്നുകൂടി തുള്ളി നോക്കി. എനിക്ക് ഇപ്പൊ ചക്ക പുഴുങ്ങി തായോ. ! ‘ഒന്നു പോ പെണ്ണേ! മഴയത്താണ് ചക്ക!’ അച്ഛമ്മ സാ മട്ടിൽ അലമ്പി വിട്ടു . ഭാരതി വിടുന്നില്ല. അവൾ തൊഴി തുടങ്ങി . ഹൃദയം മിടിക്കുന്ന ടോൺ പോലും ചക്കപ്പുഴുക്ക് എന്നായി. അവസാനം സഹികെട്ടപ്പോൾ അച്ഛൻ പോയി ചക്ക വാങ്ങി കൊണ്ടു വന്നു.
സന്ധ്യക്ക് ചക്കപ്പുഴുക്കും കട്ടൻ ചായയും കൂട്ടിന് മഴയും.. ഐവ..! രാത്രിയായപ്പോൾ ചക്ക തനി നിറം കാണിച്ചു തുടങ്ങി. കിടക്കാൻ വയ്യ. വയറ്റിൽ റിമിടോമിയുടെ ഗാനമേള. എഴുന്നേറ്റിരുന്നു. പുറത്ത് മഴ. ഒരു കഥയുടെ ആദ്യഭാഗം മുഖപുസ്തകത്തിൽ കുറിച്ചു. പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ശൂന്യം.. വയറ്റിൽ വേദനയുടെ പെരുക്കം. 12 മണി. കസേരയില് പകുതി കിടന്നും ഇരുന്നും സമയം നീക്കി.

രാത്രി ഇനി ആരെയെങ്കിലും വിളിച്ചുണർത്താൻ മനസ്സ് വരുന്നില്ല. ചക്ക കഴിക്കേണ്ട എന്ന് നൂറു വട്ടം പറഞ്ഞിട്ടും കേൾക്കാത്തതിന് വഴക്കും കിട്ടും. വായു കയറിയതാണ്. നേരത്തെ രണ്ടു തവണ ഇങ്ങനെ വേദന വന്ന് ആശുപത്രിയില് കൊണ്ടു പോയതാണ്. ഗുളിക തന്നു തിരികെ വിട്ടു . അതുകൊണ്ട് പരമാവധി വേദന കടിച്ചു പിടിച്ച് സഹിക്കാൻ തീരുമാനിച്ചു .
സമയം ഇഴഞ്ഞിഴഞ്ഞ് 1 2 3 4 നാല് മണിയായപ്പോൾ എനിക്ക് ശരിക്കും പേടിയായി തുടങ്ങി. എഴുന്നേറ്റ് അച്ഛമ്മയെ വിളിച്ചു. അച്ഛനും ഉണർന്ന് വന്നു. സ്ഥിരം വിളിക്കുന്ന നവാസ് ഇക്കയുടെ കാർ വിളിച്ചു . നോയമ്പായതുകൊണ്ട് ആറര കഴിഞ്ഞ് വന്നാല് പോരെ എന്ന് ഇക്ക ചോദിച്ചു. എന്റെ മുഖം കണ്ട് അച്ഛൻ പെട്ടെന്ന് വരാൻ പറഞ്ഞു. കാർ വന്നു. ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് മുക്കാൽ മണിക്കൂർ യാത്ര.
അഞ്ച് മണിക്ക് ആശുപത്രിയില് എത്തി . നേരെ ലേബർറൂമിലേക്ക്. മൂന്നു പേര് നിറ വയറുമായി കിടക്കുന്നു. എന്നെ ഒരു കട്ടിലിൽ പിടിച്ചു കിടത്തി എന്തൊക്കെയോ യന്ത്രങ്ങളുമായി ബന്ധിപ്പിച്ചു. കുഞ്ഞിന്റെ ഗ്രാഫ് നോക്കാനാണ്. അതിനിടയില് ഒരു സുന്ദരി ഡോക്ടർ വന്ന് മറ്റു ഗർഭിണികളെയെല്ലാം ഉള്ള് പരിശോധിക്കുന്നുണ്ട്. ആയിട്ടില്ല , വേദനയ്ക്കുള്ള ഡ്രിപ്പ് ഇടാം എന്നൊക്കെ പറയുന്നുണ്ട്. എനിക്കാണെങ്കിൽ വിട്ടു വിട്ട് ശക്തമായ വേദന.

എപ്പൊ വേദന തുടങ്ങി എന്നൊക്കെ ചോദിച്ചു കൊണ്ട് ഡോക്ടർ സുന്ദരി എന്റെ ഉള്ള് പരിശോധിക്കാൻ തുടങ്ങി. ‘ഇതായി കേട്ടോ. ക്ലീൻ ചെയ്തോളൂ..’ എന്ന് സിസ്റ്ററോട് പറഞ്ഞിട്ട് അവർ എന്നെ ശാസിച്ചു. ‘വേദന തുടങ്ങിയപ്പോഴേ വരാഞ്ഞതെന്തേ? വണ്ടിയിൽ പ്രസവിക്കുമായിരുന്നല്ലോ..’ ദൈവമേ..! ഞാൻ പ്രസവിക്കാൻ പോകുകയാണോ! ആകെ മൊത്തം വിറയലായി. വേദന കൂടി പുളഞ്ഞു കുത്തി നിലവിളിച്ചപ്പോൾ സിസ്റ്റർമാർ വഴക്ക് പറഞ്ഞു.
മറ്റു ഗർഭിണികളൊന്നും മിണ്ടുന്നില്ല. ഛായ്.. സ്ത്രീ കുലത്തിനു തന്നെ നാണക്കേട്. നിങ്ങളൊക്കെ സിനിമ കാണാറില്ലേ? അതുപോലെയൊക്കെ ഒന്നു കരഞ്ഞു കൂടെ? ബ്ലാഡീ ഫൂൾസ്..! വേഗം നിലവിളിച്ചാൽ വേഗം പ്രസവം നടക്കും എന്ന ധാരണയിൽ ഞാൻ ഓരോ വേദനയിലും അലറി വിളിച്ചു കൊണ്ടിരുന്നു . ‘കുഞ്ഞ് പുറത്തു വരണമെങ്കിൽ താഴേക്ക് നന്നായി മുക്കണം. വെറുതെ കിടന്ന് കരഞ്ഞാൽ പോര.’ ഒരു നേഴ്സ് പുച്ഛിച്ചു. ആഹാ. ഇപ്പൊ ശരിയാക്കി തരാം .
അപ്പോഴാണ് ജൂനിയർ മാഡ്രേക്കിലെ മൊട്ടത്തലയനെ പോലെ ഒരു ഡോക്ടർ അകത്തേക്ക് വന്നത്. പകച്ചു പോയി എന്റെ പ്രസവം! ഇങ്ങേർക്കെന്താ ലേബർ റൂമിൽ കാര്യം എന്ന് രോഷത്തോടെ ചിന്തിക്കുമ്പോൾ തൊട്ടടുത്ത ബെഡിലെ പെങ്കൊച്ച് വേദന കൂടി അലറാൻ തുടങ്ങി. ജൂനിയർ മാൻഡ്രേക്ക് വന്ന് ഉള്ള് നോക്കി സിസേറിയനാക്കാം, പ്രസവിക്കില്ല എന്ന് വിധിയെഴുതി. അവളെ തീയറ്ററിലേക്ക് കൊണ്ടു പോകുമ്പോള് ഞാൻ നടുക്കം മാറാതെ കിടന്നു.
വേദനയിൽ നിലവിളിക്കാൻ പേടിയായി. ശരീരം മുഴുവന് വേദനയിൽ മുങ്ങി ഞാനൊരു മയക്കത്തിലേക്ക് വഴുതി. ‘നന്ദ.. കമോൺ .. പുഷ്.. താൻ വിചാരിച്ചാലേ കുഞ്ഞ് പുറത്തേക്ക് വരൂ..’ സുന്ദരിയായ ഡോക്ടറുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്. ചുറ്റും നേഴ്സുമാരുണ്ട്. മുന്നില് ഡോക്ടറുണ്ട്. എന്താ സംഭവം ? ‘കുഞ്ഞ് വരാറായി. താൻ നന്നായി ശ്രമിച്ചാൽ ഇപ്പൊ പ്രസവം നടക്കും..’ ദൈവമേ! ഞാനെന്തു ചെയ്യാൻ?! കണ്ണിൽ ഇരുട്ടുകയറി.. കൈകാലുകൾ തളർന്നു.

ആഞ്ഞു ശ്രമിച്ചു. മരണം പോലെ വേദന … പെട്ടെന്ന് ഒരു നേഴ്സ് എന്റെ ബെഡിൽ ചാടിക്കയറി. രണ്ട് കയ്യും ചുരുട്ടി എന്റെ നെഞ്ചിന്റെ താഴെയായി ഒറ്റയിടി.! ഇടിയെന്നു പറഞ്ഞാൽ ഒന്നൊന്നരയിടി.. ! ‘എന്റെ വായിലൂടെയും മൂക്കിലൂടെയും മഞ്ഞവെള്ളം പുറത്തു ചാടി . ‘കൊല്ലല്ലേ..’ എന്ന് അലറിയത് മാത്രം ഓർമ്മയുണ്ട്. അവൾ കൈ ചുരുട്ടി വീണ്ടും ഇടിച്ചു.
താമര വള്ളി പോലെ പൊക്കിൾക്കൊടി പുറത്തേക്ക് തെറിച്ചു . അതിന്റെ അറ്റത്ത് എന്റെ കുഞ്ഞ്! ഞൊടിയിടയിൽ ഡോക്ടര് അവളെ പിടിച്ചെടുത്ത് നെഞ്ചൊട് ചേർക്കുന്നു. കത്രികയുടെ ശബ്ദം.. സൂക്ഷിച്ച് .. ഞാൻ മനസ്സില് ആവലാതിപ്പെട്ടു. ‘മോളാണ്..’ ഇടിവീരത്തി നേഴ്സ് ചിരിച്ചു . അതെനിക്ക് പണ്ടേ അറിയാർന്നു അവൾ കരയുന്നു.. ന്റെ ഭാരതി.. ഞാനും കരഞ്ഞു, ചിരിച്ചു.
അഞ്ചു മണിക്ക് അഡ്മിറ്റ് ആയി ആറ് മണിക്ക് പ്രസവം കഴിഞ്ഞ് കിടക്കുമ്പോൾ ഓർക്കുകയായിരുന്നൂ, ഇത്ര ഈസിയാണോ പ്രസവം..! ഹൊ.. ഹൊ.. എന്നാൽ ഞാനിനി പെറ്റ് കൂട്ടും! വീട് നിറയെ കുഞ്ഞുങ്ങൾ.. അങ്ങനെ സുന്ദരസ്വപ്നങ്ങൾ കണ്ട് രണ്ടു ദിവസം ആശുപത്രിയില് അടിച്ചു പൊളിച്ചു. റെസ്റ്റെടുക്കാതെ ഭാരതിയുമായി തുള്ളി ചാടി നടന്നു.
മൂന്നാം ദിവസം ഞാൻ വീണു . ശരീരം മുഴുവന് പല ഭാഗങ്ങളായി ചിതറി തെറിച്ചത് പോലെ.. മോളെ എടുക്കാൻ പോയിട്ട്, കിടക്ക വിട്ടെഴുന്നേൽക്കാൻ പോലും കഴിയുന്നില്ല . ഇനി വേദ് കാലം. തിളച്ച വെള്ളം കോരി ഒഴിച്ച് ദേഹം നെല്ല് പുഴുങ്ങുന്നത് പോലെ പുഴുങ്ങിയെടുക്കുന്ന മനോഹരമായ ആചാരം..
എല്ലാം നിനക്ക് വേണ്ടി; ഭാരതീ… | ജ്വാലാമുഖി