മലയാളം ഇ മാഗസിൻ.കോം

ഇത്‌ ചരിത്രം! സോഷ്യൽ മീഡിയ അവനൊപ്പം ഒത്തു കൂടിയപ്പോൾ വെല്ലു വിളിയാവുന്നത്‌ പരമ്പരാഗത കക്ഷി രാഷ്ട്രീയക്കാർക്ക്‌

ഒരുപാട് സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച അനന്തപുരിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ടീയത്തിന്റെയും മതത്തിന്റേയും പ്രായത്തിന്റേയും അതിർവരമ്പുകൾ ഇല്ലാതെ അനേകർ ഒഴുകിയെത്തി. സാമൂഹ്യ മാധ്യമ കൂട്ടായ്മ ഒരുക്കിയ ഐക്യദാർഡ്യ സമരം അക്ഷരാർഥത്തിൽ അനന്തപുരിയിൽ ചരിത്രം കുറിക്കുകയാണ്.

\"\"

കീബോർഡ് വിപ്ലവകാരികൾ, അരാഷ്ടീയക്കൂട്ടങ്ങൾ എന്നെല്ലാം മുഖ്യധാരാ രാഷ്ടീയക്കാർ പരിഹാസം ചൊരിയുന്ന ഓൺലൈൻ സമൂഹം ഒരു സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും അത് പ്രതീക്ഷകൾക്കപ്പുറം ഒരു ജനസമൂഹമായി മാറുകയും ചെയ്യുന്നത് കൃത്യമായ ഒരു സന്ദേശം നൽകുന്നുണ്ട്. രാഷ്ടീയക്കാരുടെ സങ്കുചിത താല്പര്യങ്ങളെ കുടഞ്ഞെറിഞ്ഞ് ഭാവിയിൽ ഇത്തരത്തിൽ പൊതുസമൂഹത്തിന്റെ താല്പര്യങ്ങൾക്കായി സമരങ്ങൾ നടക്കും എന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണിത്. നേരത്തെ ചുമ്പന സമരം ഇത്തരത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. എന്നാൽ ഇത് ഓൺലൈനിലൂടെ ആണ് രൂപപ്പെട്ടതെങ്കിലും അതിൽ നിന്നും തികച്ചും വിഭിന്നമാണ്.

രാവിലെ നൂറുകണക്കിനു പേരാണ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചേർന്നത്. തുടർന്ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും വൻ പ്രകടനവും നടന്നു. നടൻ ടൊവിനോ തോമസ് താരപരിവേഷമില്ലാതെ ആ കൂട്ടായ്മക്കൊപ്പം ചേർന്നു. സ്വന്തം സഹോദരനെ പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ചു ഒടുവിൽ വിഷം കൊടുത്തു കൊന്നു ഇതേ പറ്റി സി.ബി.ഐ അന്വേഷണം വേണം കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നാണ് ശ്രീജിത്ത് ഉന്നയിക്കുന്നത്.

\"\"

പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ഹാഷ് ടാഗ്. അത് മുഖ്യധാരാ മാധ്യമങ്ങൾക്കും രാഷ്ടീയ സാംസ്കാരിക പ്രവർത്തകർക്കും നേർക്ക് ഉള്ള ഒളിയമ്പ് കൂടെയാണ്. ഒരു സാധാരണക്കാരൻ നീതിക്കായി 760 ദിവസം ഭരണ സിരാകേന്ദ്രത്തിനു മുമ്പിൽ സമരം ഇരുന്നിട്ടും മാധ്യമങ്ങളും കേരളീയ സമൂഹവും അതിനെ ഗൗനിച്ചില്ല. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ടതോടെ സാമൂഹ്യ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തത്തോടെ വിഷയം ഗൗരവമുള്ളതായി മാറി. മാധ്യമങ്ങളും രാഷ്ടീയക്കാരും അവിടേക്ക് ഒഴുകിയെത്തി.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശ്രീജിത്തിന്റെ സുഹൃത്ത് പൊതു സമൂഹത്തിനു മുമ്പിൽ തുറന്നു കാണിച്ചു. കൊതുകടികൊള്ളാതെ വീട്ടിൽ പോയി കിടക്കുവാനാൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചെന്നു കണ്ട ശ്രീജിത്തിനെ ചെന്നിത്തല ഉപദേശിച്ച കാര്യം ഓർമ്മിപ്പിച്ചു. മാധ്യമങ്ങളുടേയും നാട്ടുകാരുടേയും മുമ്പിൽ വച്ചുള്ള ആ യുവാവിന്റെ വാക്കുകളിൽ ക്ഷുഭിതനായ ചെന്നിത്തല തനിക്കെന്ത് അവകാശമാണ് ഉള്ളതെന്ന ചോദ്യമുന്നയിച്ചു തട്ടിക്കയറി. എന്നാൽ അധികാരമുണ്ട് സാർ താൻ പൊതുജനമാണ് അവന്റെ സുഹൃത്താണ് എന്ന ചുട്ടമറുപടിയിൽ പ്രതിപക്ഷ നേതാവ് ചൂളിപ്പോയി.

\"\"

ഓൺലൈനിലും രാഷ്ടീയക്കാരും അവരുടെ അണികളും തങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മരുപടിയായി നുണകളും ന്യായീകരണങ്ങളും നിരത്തി. എന്നാൽ അതിനും സാമൂഹ്യ മാധ്യമങ്ങൾ വഴി ചുട്ട മരുപടി നൽകിക്കൊണ്ടിരിക്കുന്നുണ്ട്. കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുമ്പത്തിനു പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയെന്നും ശ്രീജിത്തിനു സർക്കാർ ജോലിയാണ് ലക്ഷ്യമെന്നും ആരോപണം ഉയർത്തി. ഒപ്പം കേസ് സി.ബി.ഐക്ക് വിടുവാനുള്ള ഉത്തരവിന്റെ കോപ്പിയും നിരത്തിയാണ് ഭരണ കക്ഷി അനുകൂല സൈബർ സംഘം വിഷയത്തെ പ്രതിരോധിക്കുന്നത്. കേന്ദ്രസർക്കാരാണ് സി.ബി.ഐ അന്വേഷണത്തെ തടയുന്നതെന്ന രാഷ്ടീയ ആരോപണവും അവർ ഉയർത്തുന്നു.

എന്നാൽ പോലീസ് കമ്പ്ലെയ്ന്റെ അതോരിറ്റിയുടെ ചെയർമാൻ ജസ്റ്റിസ് നാരായണകുറുപ്പ് മൂന്ന് പ്രധാന നിർദ്ദേശങ്ങൾ നൽകിയിരുന്നു. ശ്രീജിവിന്റെ കൊലപാതകത്തിൽ കുറ്റവാളികളായ പോലീസുകാർക്കെതിരെ ശിക്ഷാനടപടിയെടുക്കണം, പത്ത് ലക്ഷം രൂപ ആരോപണ വിധേയരിൽ നിന്നും ഈടാക്കി കുടുമ്പത്തിനു നഷ്ടപരിഹാരം നൽകണം, പത്ത് ദിവസത്തിനകം അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കണം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. ആരോപണ വിധേയനായ പാറശ്ശാല ഉദ്യോഗസ്ഥൻ ഗോപകുമാർ ഹൈക്കോടതിയെ സമീപിച്ച് അനായാസം സ്റ്റേ ഓർഡർ വാങ്ങുകയും ചെയ്തു. പിന്നീട് സർക്കാർ ഖജനാവിൽ നിന്നും പത്തു ലക്ഷം നഷ്ടാപരിഹാരം നൽകുകയും ആരോപണ വിധേയർക്കെതിരെ കോടതിയിൽ നിന്നും സ്റ്റേ വെക്കേറ്റ് ചെയ്യാൻ ശ്രമിക്കാതെ സർക്കാർ തലത്തിൽ തന്നെ കേസ് ഒതുക്കിതീർക്കുകയും ചെയ്തു. ഇതെ പറ്റിയൊക്കെ സോഷ്യൽ മീഡിയ ഇപ്പോൾ തുറന്ന വിമർശനങ്ങളും ചർച്ചകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

\"\"

2014 മെയ് 21 നു പോലീസ് കസ്റ്റഡിയിൽ ഇരിക്കെയായിരുന്നു നെയ്യാറ്റിൻ കര സ്വദേശിയായ ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. അന്നത്തെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ എസ് ഐ ഫിലിപ്പോസും സംഘവും ചേർന്ന് മർദ്ദിച്ചും വിഷം നൽകിയും കൊലപ്പെടുത്തി എന്നാണ് പോലീസ് കമ്പ്ലെയ്ന്റ് അതോരിട്ടി കണ്ടെത്തിയത്. കുറ്റാരോപിതർക്കെതിരെ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല അവർക്ക് നല്ല തസ്തികകൾ നൽകുകയും ചെയ്തു. ഇതിനിടയിൽ കേസ് സി.ബി.ഐ ക്ക് സംസ്ഥാന സർക്കാർ റഫർ ചെയ്തെങ്കിലും അത് ഏറ്റെടുക്കുവാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.

ഇടത് വലത് കക്ഷികളും ബി.ജെ.പിയും രാഷ്ടീയമായി മുതലാക്കുവാനും തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനും പല ശ്രമങ്ങളും നടത്തുന്നൂണ്ട്. എന്നാൽ അതിനപ്പുറം സൈബർ കൂട്ടായ്മ ശ്രീജിത്തിനായി അണിനിരന്നപ്പോൾ മാധ്യമങ്ങളും അവർക്കൊപ്പം ചേർന്നു. ഇതാണിപ്പോൾ സമരത്തിനു കരുത്ത് പകർന്നത്. ഈ സമരം ശക്തമായി മുന്നോട്ട് പോയാൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കുവാൻ സംസ്ഥാന സർക്കാർ നിർബന്ധിതരാകുകയും ഒരു പക്ഷെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തേക്കാം. ദേശാതിർത്തികൾക്കപ്പുറം പരന്നു കിടക്കുന്ന സൈബർ ലോകത്തെ പ്രതിഷേധങ്ങൾ കക്ഷിരാഷ്ടീയക്കാർക്ക് വരും നാളുകളിൽ വെല്ലുവിളി ഉയർത്തും എന്നുതന്നെയാണ് ഇന്നത്തെ ഒത്തു ചേരൽ അടിവരയിടുന്നത്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor