മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വ്യാഴമാറ്റ ഫലം: ഇത്തവണത്തെ വ്യാഴം രാശിമാറ്റം ഓരോ നാളുകാർക്കും ഗുണമോ ദോഷമോ എന്നറിയാം

2022 ഏപ്രിൽ 13, 1197 മീനം 30 ബുധനാഴ്ച 25 നാഴിക 43 വിനാഴികക്ക് വ്യാഴം കുംഭം രാശിയിൽ നിന്നും സ്വക്ഷേത്രമായ മീനം രാശിയിലേക്ക് മാറും. അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണ് പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ കൃത്യമായി വിലയിരുത്താൻ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കുറുകാർക്ക് വ്യാഴം പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. മിതമായ വരുമാനം ഉണ്ടാകുമെങ്കിലും ചിലവുകൾ കൂടും. ചില ദുർവ്യയങ്ങളിലൂടെ സാമ്പത്തിക വിഷമങ്ങൾക്ക് സാധ്യത. കൂടുതൽ ആത്മവിശ്വാസവും കരുത്തും ആർജിക്കണം. പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കണം. ദീർഘദൂര യാത ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ സഹപ്രവർത്തകർ എല്ലാവരോടും നല്ല രീതിയിൽ പെരുമാറി സ്നേഹാദരവ് നേടണം. സഹോദരങ്ങളുമായി ഏറ്റുമുട്ടൽ ഉണ്ടാകേണ്ട സാഹചര്യം വരും. സ്വയം നിയന്ത്രിച്ച് ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മന:സമാധാനം ഉണ്ടാകും. അപകട സാദ്ധ്യതയുള്ള എല്ലാ പ്രവൃത്തികളും പരമാവധി ഒഴിവാക്കണം. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങൾ വരുത്തുക

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക് വ്യാഴം പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് മാറുകയാണ്. സാമ്പത്തിക സ്ഥിതി അനുകൂലമാകും. മികച്ച നിക്ഷേപങ്ങൾ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ജോലി സാദ്ധ്യത, ഉദ്യോഗസ്ഥർക്ക് ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് നിലനിന്ന തടസ്സം അകലും. കർമ്മ രംഗത്ത് സജീവമാകാൻ പുതിയ മാർഗ്ഗം തുറന്നു കിട്ടും. ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും. വ്യാപാര വ്യവസായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുരോഗതി. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാവും. ഉടമ്പടി വ്യവസ്ഥയിൽ ചെയ്യുന്ന ചില പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ നല്ല ശ്രദ്ധ വേണം. ആഭരണ ലബ്ധി, അർത്ഥലാഭം, ഭക്ഷണ ഭോഗസുഖം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാവും . ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറുകാർക്ക് വ്യാഴം ഒൻപതാം ഭാവത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് മാറുകയാണ്. കഠിന്വാദ്ധാനം വഴി ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ശ്രമിക്കണം. കർമ്മ സ്ഥാനത്ത് ക്ലേശാനുഭവം വരാനുള്ള സാഹചര്യമുണ്ട്. ജീവിതമുന്നേറ്റത്തിന് ഒരു പരിധിവരെ മറ്റുള്ളവരുടെ പ്രേരണയും പ്രോത്സാഹനവും ആവശ്യമാകും. ചില ഭാഗ്യാനുഭവങ്ങൾ അനുഭവയോഗ്യമാവില്ല. പിടിവാശിയും മുൻകോപവും ഉപേക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം അപകീർത്തിക്ക് ഇടവരുത്തുമെന്നതിനാൽ ശ്രദ്ധിക്കണം. ഗുരുജനങ്ങളുടെ അപ്രിയത്തിന് സാദ്ധ്യതയുള്ള കാലം. അതിനാൽ പ്രത്യേകം ശ്രദ്ധിക്കുക. തെറ്റുകൾ തിരുത്തി മുന്നേറാൻ നോക്കണം. പണം, ആഭരണം എന്നിവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടകക്കൂറുകാർക്ക് വ്യാഴം എട്ടാം ഭാവത്തിൽ നിന്നും ഒൻപതാം ഭാവത്തിലേക്ക് മാറുന്നു. സൽകർമ്മങ്ങളിലൂടെ എല്ലാവരുടെയും അംഗീകാരം നേടും പലതരത്തിൽ ധനവരവ് പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാഹചര്യം വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ അഭിവ്യദ്ധി . ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി. വിവാഹസാദ്ധ്യത വർദ്ധിക്കും. സൽസന്താനഭാഗ്യം ഉണ്ടാകും. പൊതു പ്രവർത്തന രംഗത്ത് ശോഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരമുണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ചില പ്രശ്നങ്ങൾ അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടി വരും. സഹപ്രവർത്തകരും ബന്ധുക്കളും നിർണ്ണായക ഘട്ടത്തിൽ കൂടെ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുന്നു. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. വായ്പ, കടബാധ്യത ജാമ്യം ഇവയിൽ ചെന്നുപെടരുത്. ആലോചിക്കാതെ ചെയ്തു പോയ ചില കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് ദോഷാനുഭവങ്ങൾ ഉണ്ടാകാം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും സൗമ്യമായി പെരുമാറുക. ആത്മീയ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അലസത വെടിയണം. കഠിനാദ്ധ്വാനം ചെയ്യണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമെങ്കിലും ബന്ധു, സുഹൃത് സഹായം ലഭിക്കും . ഏറ്റെടുത്ത ചുമതലകൾ ബുദ്ധിമുട്ട് സഹിച്ചും വിജയിപ്പിക്കാൻ ശ്രമിക്കണം. വീഴ്ച, മുറിവ്, ചതവ് ഇവ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക് വ്യാഴം ആറാം ഭാവത്തിൽ നിന്നും ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ദാമ്പത്യ സുഖം, സ്ഥാനലാഭം ഗൃഹസുഖം എന്നിവ അനുഭവത്തിൽ വരും. കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. ഭൂമി, വീട് തുടങ്ങിയവ വാങ്ങാൻ ആലോചിക്കും. അകന്നു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും അടുക്കും. പ്രണയബദ്ധരായി കഴിയുന്ന യുവതീയുവാക്കൾക്ക് പ്രണയ സാഫല്യം കൈവരും. ബിസിനസ്സ് മെച്ചപ്പെടും. മക്കളുടെ ഭാവിക്കായി നിക്ഷേപം നടത്തും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറുകാർക്ക് വ്യാഴം അഞ്ചാം ഭാവത്തിൽ നിന്നും ആറാം ഭാവത്തിലേക്ക് മാറുന്നു. ആലോചിച്ചെടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. വിഷജന്തുക്കളിൽ നിന്നും ഉപദ്രവം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ നന്നായി ശ്രദ്ധിക്കുക. ഗൃഹത്തിൽ ഭാര്യാഭർത്താക്കൻമാർ തമ്മിൽ അസന്തുഷ്ടി ഉണ്ടാകുമെങ്കിലും ഈശ്വര പ്രാർത്ഥന, വിട്ടുവീഴ്ച എന്നിവകളിലൂടെ കുടുംബ ജീവിതം സമാധാനപരമാകും. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും സഹായത്തിന് ചില തടസ്സങ്ങൾ ഉണ്ടായേക്കാം . ഉന്നത ഉദ്യോഗസ്ഥരുമായുള്ള മാനസിക അകൽച്ച സ്ഥാനചലനത്തിനിടവരാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് കൂടുതൽ പണം ആവശ്യമായി വന്നേക്കാം. ശരീരത്തിൽ മുറിവുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. നേത്ര, വാത സംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത് അനുഭവങ്ങളിൽ നിന്നും ചില പാഠങ്ങൾ പഠിക്കും

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വിശാഖക്കൂറുകാർക്ക് വ്യാഴം നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. കഷ്ടതകൾ മാറി നന്മകൾ വർദ്ധിക്കാൻ തുടങ്ങും. ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക അഭിവൃദ്ധി കൈവരും. ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് ധനവരവ് ഉണ്ടാവും. സന്താനങ്ങൾക്ക് ഉയർച്ച. മംഗല്യ ഭാഗ്യം. സന്താനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ബന്ധങ്ങൾ ദൃഢമാകും. മക്കളുടെ തടസപ്പെട്ട വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങൾ വഴിയെ നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും നാലാം ഭാവത്തിലേക്ക് മാറുകയാണ്. അശ്രദ്ധ പാടില്ല. മറ്റുള്ളവരോട് മനസ്സിലുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിൽ പരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. യാത്രകൾ കുറയ്ക്കുക. സ്ത്രീകളിൽ നിന്നും അപവാദങ്ങൾ സംഭവിക്കാതിരിക്കാൻ പുരുഷന്മാർ പ്രത്യേകം ശ്രദ്ധിക്കുക .ദൈവീക കാര്യങ്ങൾ ഏറ്റെടുത്തു നടത്തിയാൽ മനസ്വസ്ഥത കണ്ടുതുടങ്ങും. മറ്റുള്ളവരോട് ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന മനോഭാവം മാറ്റിയെടുക്കാൻ ശ്രമിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് വ്യാഴം രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. അനാവശ്യ വാക്കു തർക്കങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക. കർമ്മ രംഗത്തെ സ്ഥാനചലനവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഇഷ്ടക്കേടും ബുദ്ധിപൂർവ്വം തരണം ചെയ്യുക. ക്രമേണ കാര്യങ്ങൾ നല്ല രീതിയിലാവും. ത്വക്‌രോഗം, അലർജി, ആസ്തമ ഇവ ബുദ്ധിമുട്ടിച്ചേക്കും. ഒരോ കാര്യങ്ങൾ ആലോചിച്ച് മന:സംഘർഷം കൂട്ടാതെ സന്തോഷകമായ പ്രവർത്തനങ്ങളിൽ മുഴുകുക

YOU MAY ALSO LIKE THIS VIDEO

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക് വ്യാഴം ജന്മത്തിൽ നിന്നും രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനലാഭം ഉണ്ടാവും. ദൈവിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും. വിദേശയാത്രയ്ക്കുള്ള കാര്യങ്ങൾ പുരോഗമിക്കും. വിവാഹാന്വേഷകർക്ക് ഗുണാനുഭവ കാലമാണ് പുതിയ ഗൃഹമോ വാഹനമോ വാങ്ങാനിടയുണ്ട്. വീട്ടിൽ ധാരാളം അതിഥികൾ വരാനിടവരും. കൂടെ നിൽക്കുന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം കർമ്മഗുണം സന്താന ഗുണം. പ്രണയം ഇവയൊക്കെ അനുഭവഭേദ്യമാവും

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക് വ്യാഴം ജന്മത്തിലേക്ക് മാറുകയാണ്. തടസ്സങ്ങളെ ഈശ്വര പ്രാർത്ഥന കൊണ്ട് മാറ്റിയെടുക്കാം. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്. ധൂർത്ത് ഒഴിവാക്കുക. ക്ഷമയോടെ പ്രവർത്തിക്കണം. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുക. കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം ചെലവിടാൻ സമയം കണ്ടെത്തണം. ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുക. പലതരം വെല്ലുവിളികളെ നേരിടേണ്ടി വരുമെങ്കിലും കഠിന്വാദ്ധാനത്തിലൂടെ ഏത് പ്രതികൂല സാഹചര്യവും നേരിടാനാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന സി പി
മമ്പറം പി ഒ, പിണറായി – കണ്ണൂർ ജില്ല, ഫോ: 9961442256

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter