മലയാളം ഇ മാഗസിൻ.കോം

നവംബർ 20ന്റെ വ്യാഴമാറ്റം ഈ നാളുകാർക്ക്‌ ഗുണകരമാകും, എന്നാൽ ചില നാളുകാർക്ക്‌ ശുഭകരമല്ല: അറിയാം സമ്പൂർണ്ണ വ്യാഴമാറ്റ ഫലങ്ങൾ

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി. വ്യാഴത്തിന്‍റെ രാശിമാറ്റം അതിപ്രധാനമാകുന്നു. 2020 നവംബർ 20 ന് വ്യാഴം സ്വക്ഷേത്രമായ ധനുവിൽ നിന്നും നീചരാശിയായ മകരം രാശിയിലേക്ക് മാറും. വ്യാഴമാറ്റം ആർക്കൊക്കെ ഗുണകരമാകും ആർക്കൊക്കെ ശുഭകരമല്ല എന്ന് അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പത്താമിടത്തേക്കുള്ള വ്യാഴ മാറ്റം അത്ര ആശാവഹമല്ല. തൊഴിൽപരമായ കാര്യങ്ങളിൽ പലതരം തടസങ്ങൾ ഉണ്ടാകും. വ്യത്യസ്ത സ്വഭാവക്കാരായ വ്യക്തികളെ ഒന്നിച്ചു കൊണ്ടുപോകാൻ നന്നേ ക്ലേശിക്കും. എങ്കിലും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെ ഒടുവിൽ വിജയം വരിക്കും. ധനഭാവത്തിന്റെ രണ്ടിലേക്കുള്ള വ്യാഴ മാറ്റം വരുമാനവും സമ്പാദ്യവും വർദ്ധിപ്പിക്കും. ആരോഗ്യം മെച്ചപ്പെടും. ഉറ്റവരുമായി തർക്കങ്ങളും കലഹങ്ങളും ഒഴിവാക്കുക തന്നെ വേണം. എവിടെയും സമാധാനത്തിന് പ്രാധാന്യം നൽകണം. കോപം നിയന്ത്രിച്ചാൽ മാനസിക വിഷമങ്ങൾ പരിഹരിക്കാനാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വ്യാഴം ഒൻപതാം ഭാവത്തിലെത്തി. ഭാഗ്യവും ഐശ്വര്യവും ലഭിക്കും. മന:ശാന്തിയും സന്തോഷവും കിട്ടുന്ന സമയം. യാത്രകൾക്ക് അവസരമുണ്ടാകും. രക്ഷിതാക്കളുമായി അഭിപ്രായഭിന്നത പാടില്ല. പങ്കാളി ജോലിയിൽ നിന്നും വിരമിക്കും അല്ലെങ്കിൽ തൊഴിൽ നഷ്ടമാകും. രോഗദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. മത്സരങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരും. ഒരു രാത്രി കൊണ്ട് വൻ വിജയം നേടാമെന്ന് കരുതരുത്. കഠിനാദ്ധ്വാനം ഫലം കാണും. ആത്മവിശ്വാസം വർദ്ധിക്കും. ശമ്പള വർദ്ധനവ് ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാഴം എട്ടാം ഭാവത്തിലായിരിക്കും. അത്ര നല്ല സമയമല്ല. പൂർവ്വികസ്വത്ത് ലഭിക്കും. ധനപരമായ കാര്യങ്ങളിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങളുണ്ടാകും. ആന്തരികമായ സംഘർഷം വർദ്ധിക്കും. അസ്വസ്ഥതയും ആശങ്കയും കൂടും. സർഗ്ഗപരമായ കാര്യങ്ങളിൽ ഏർപ്പെട്ട് മനോവിഷമതകൾ പരിഹരിക്കും. ഗർഭധാരണത്തിന് പറ്റിയ സമയമാണ്. മത്സര പരീക്ഷയിൽ വിജയം വരിക്കും. സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കും. അപ്രതീക്ഷിതചെലവുകൾ ഉണ്ടാകില്ല. ശമ്പളവർദ്ധന പ്രതീക്ഷിക്കാം. സ്വന്തമായി സംരംഭങ്ങൾ നടത്തുന്നവർക്ക് സമയം മെച്ചമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വ്യാഴം ഏഴാംഭാവത്തിൽ പ്രവേശിക്കുന്നു. സംയുക്ത സംരംഭങ്ങളിലും ദാമ്പത്യബന്ധത്തിലും നല്ല പുരോഗതി ഉണ്ടാകും. ശുഭഫലങ്ങൾ ധാരാളമായി ലഭിക്കും. വൈകാരിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ക്ലേശിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ആരോഗ്യപരമായി നല്ല ശീലങ്ങൾ വികസിപ്പിക്കണം. കർമ്മപരമായി അത്ര നല്ല സമയമല്ല. അതിൽ ചില തട‌സങ്ങൾ നേരിടും. സ്വന്തം വ്യാപാര സംരംഭങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടാകും. ജോലി മാറുന്നതിന് ഭാഗ്യത്തിന്റെ അനുകൂല്യമുണ്ടാകും. പക്ഷെ അതിനുള്ള തീരുമാനം സൂക്ഷിച്ച് കൈകൊള്ളണം. സാമ്പത്തികമായി തട്ടീം മുട്ടിം പോകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാഴം ആറിലെത്തി. തൊഴിൽപരമായി സദ്ഫലങ്ങൾ ലഭിക്കും. ആരുമായും തർക്കത്തിനും കലഹത്തിനും മുതിരരുത്. മാനസികാരോഗ്യം നിലനിറുത്തുന്നതിൽ ശ്രദ്ധിക്കണം. എപ്പോഴും എന്തെങ്കിലും ജോലികളിൽ വ്യാപൃതരാകുക. ചിലർ അപാരമായ ധൈര്യവും സാഹസികതയും പ്രദർശിപ്പിക്കും. അന്തസും അഭിജാത്യവും വർദ്ധിക്കും. തൊഴിൽപരമായി പുരോഗതിയാർജ്ജിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ തുറന്നു കിട്ടും. വിവാഹം, സന്താനലാഭം എന്നിവ പ്രതീക്ഷിക്കാം. സഹോദരങ്ങൾ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കാം. ആരോഗ്യ പ്രശ്‌നങ്ങൾ അധികം ബുദ്ധിമുട്ടിക്കില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വ്യാഴം അഞ്ചിൽ എത്തി. ഇനി പുരോഗതിയുടെയും വികസനത്തിന്റെയും സമയമാണ്. തൊഴിൽപരമായും സാമ്പത്തികമായും നേട്ടങ്ങൾ കാണുന്നു. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഗുണപരമായ അനുഭവങ്ങൾ ഉണ്ടാകും. പ്രബലരായ നല്ല സുഹൃത്തുക്കളെ ലഭിക്കും. സ്വജനങ്ങളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കും. സഹായിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടുകയും നല്ല ബന്ധം നിലനിറുത്തുകയും വേണം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. വരുമാനം കൂടും. പൂർവ്വികസ്വത്ത് ലഭിക്കും. ശമ്പളം വർദ്ധിക്കും. അനാവശ്യചെലവുകൾ വരില്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാഴം നാലാം ഭാവത്തിലെത്തുന്നു. അത്ര നല്ല സമയമല്ല. ഈ മാറ്റം ചില കാര്യങ്ങൾക്ക് തികച്ചും പ്രതികൂലമാണ്. പൊതുവെ എല്ലാവരെയും വിശ്വസിക്കും. പുറമേയ്ക്ക് പരസ്പരധാരണയും ഐക്യവും ഉത്സാഹവും പ്രദർശിപ്പിക്കും. എന്നാൽ ഉള്ളിൽ ചില വിഷമങ്ങൾ കാണും. അത് മന:ശാന്തി കെടുത്തും. ശുഭാപ്തി വിശ്വാസം കുറയും. പ്രതികൂലമനോഭാവങ്ങൾ നശിപ്പിക്കുന്നതിന് പ്രാർത്ഥന, സംഗീതം തുടങ്ങിയ നല്ല ശീലങ്ങൾ വികസിപ്പിക്കണം. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ നന്നായി പരിഗണിക്കണം. വിദഗ്ധ തൊഴിലുകൾ ചെയ്യുന്നവർക്ക് നല്ല സമയമാണ്. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കും. സ്വയം തൊഴിൽ കണ്ടെത്തി നേട്ടങ്ങളുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യാഴം മൂന്നിലെത്തി. ഈ മാറ്റം വൃശ്ചികം രാശിയുടെ ഒൻപത് ഏഴ്, പതിനൊന്ന് ഭാവങ്ങളെയും സ്വാധീനിക്കും. അതിനാൽ തൊഴിൽ നേട്ടം, ആഗ്രഹസാഫല്യം, ബന്ധങ്ങൾ എന്നിവയിൽ നല്ല മാറ്റങ്ങളുണ്ടാകും. പൊതുവെ മികച്ച സമയമാണ്. കുടുംബജീവിതത്തിലും തൊഴിൽസ്ഥലത്തും ഐക്യവും സമാധാനവും നിലനിൽക്കും. എല്ലാവരോടും യോജിച്ച് പോകും. നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. ഗൃഹത്തിൽ ചെറിയ ചില കലഹങ്ങളും തർക്കവും ഉണ്ടാകാം. പരസ്പരധാരണയും ക്ഷമയും പാലിച്ചാൽ ഈ പ്രശ്‌നം നിഷ്പ്രയാസം പരിഹരിക്കാം. തൊഴിലിൽ ക്രമാനുഗതമായ പുരോഗതി പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വ്യാഴം രണ്ടിൽ നിൽക്കുന്നു. 6,8,10 ഭാവങ്ങളെയും ഈ മാറ്റം സ്വാധീനീക്കും. കർമ്മരംഗത്ത് നല്ല മാറ്റങ്ങൾ സംഭവിക്കാം. തൊഴിൽ തടസങ്ങൾ അതിജീവിക്കും. എങ്കിലും കാര്യങ്ങൾ നീങ്ങാത്തതു കാരണം മനഃശാന്തി നഷ്ടപ്പെടും. മന:സാന്നിദ്ധ്യം കൈവിടരുത്. കലഹത്തിനും വാക്കുതർക്കത്തിനും മുതിരരുത്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാൻ സാദ്ധ്യതയുണ്ട്. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യത്തിലെത്തിക്കും. വ്യാപാരത്തിലും തൊഴിലിലും മാറ്റം ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണ്. സ്ത്രീകൾ കാരണം ഭാഗ്യാനുഭവങ്ങളും സന്തോഷവും ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാഴം ജന്മത്തിൽ എത്തുന്നു. രാശി മാറ്റം അത്ര ശുഭകരമല്ല. വളരെ പ്രിയപ്പെട്ട ഒരാളുമായുള്ള കലഹം കാരണം മന:ശാന്തി പോകും. വാശിപിടിച്ചിരുന്നിട്ട് കാര്യമില്ല. തുറന്ന് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണം. ചില സൗഹൃദങ്ങൾ സൂക്ഷിക്കണം. വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ അപസ്വരങ്ങൾക്ക് സാദ്ധ്യത. തൊഴിലിൽ മുഴുകി കുടുംബത്തെ മറക്കരുത്. കളത്രത്തിന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റണം. ദീർഘകാല ബന്ധങ്ങളിൽ നിന്നും ചില നല്ല അനുഭവങ്ങളുണ്ടാകും. ജോലി മാറുന്നതിന് സാദ്ധ്യത കാണുന്നു. അമിതാദ്ധ്വാനം വിഷമിപ്പിക്കും. തൊഴിൽ സംരംഭകർക്ക് നേട്ടമുണ്ടാകും. ധനവരവ് കുറയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാഴം പന്ത്രണ്ടിലാണ്. കുടുംബജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. എന്നാൽ മറ്റു തരത്തിൽ കാര്യങ്ങൾ അത്ര നല്ലതാകില്ല. മന: സംഘർഷം, കഠിനാദ്ധ്വാനം എന്നിവ വിഷമിപ്പിക്കും. അനാവശ്യ വിവാദങ്ങൾക്ക് മുതിരരുത്. ചെറിയ കലഹങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. വിവിധ രംഗങ്ങളിൽ നല്ല ബന്ധങ്ങൾ വികസിപ്പിക്കും. മുടങ്ങിക്കിടന്ന ദൗത്യങ്ങൾ പൂർത്തിയാക്കും. കുടുംബജീവിതം ശാന്തമാകും; ഐക്യമുണ്ടാകും. ചെറിയ തെറ്റിദ്ധാരണകളും കലഹവും കാണുന്നു. യാത്രയിൽ സൂക്ഷിക്കണം. ജോലിയിൽ പൂർണ്ണമായും അർപ്പണമനോഭാവം ഉണ്ടാകണം. വ്യാപാര സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില വെല്ലുവിളികൾ നേരിടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാഴം പതിനൊന്നിൽ. മീനക്കൂറുകാർക്ക് തികച്ചും ഗുണകരമായ സമയം. പലസ്വപ്നങ്ങളും പൂവണിയും. എല്ലാ രീതിയിലും ആശ്വാസവും സമാധാനവുമുണ്ടാകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. അത് ആജീവനാന്തം നിലനിർത്തും. ഗൃഹത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കും. സുഹൃത്തുക്കൾ എല്ലാ കാര്യങ്ങളിലും സഹായിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി കൂടുതൽ സമയം ചെലവഴിക്കും. അപ്രതീക്ഷിതമായ കോണുകളിൽ നിന്നും സഹായം ലഭിക്കും. ദാമ്പത്യബന്ധം മെച്ചപ്പെടും. വിവാഹത്തിന് പറ്റിയ സമയമാണ്. അവിവാഹിതർക്ക് വിവാഹനിശ്ചയമെങ്കിലും നടക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ. ദേവീദാസ് | ഫോൺ: +91 88488 73088

Avatar

Staff Reporter