മലയാളം ഇ മാഗസിൻ.കോം

ജൂലൈ മാസം മലയാള സിനിമയുടെ 100 കോടി രൂപ കൈവിട്ടു പോയത്‌ ഇങ്ങനെയാണ്

\”കയ്യാലപ്പുറത്തെ തേങ്ങാ പോലെ കുറച്ച് സിനിമാക്കാർ..\” നടി ആക്രമിക്കപ്പെട്ട സംഭവും അതിലെ തുടർന്ന് നടന്ന സംഭവങ്ങളും \’ജനപ്രിയ നായകന്റെ\’ അറസ്റ്റും ദുഃഖത്തിലാഴ്ത്തിയ ഒരു വിഭാഗം മലയാള സിനിമയിൽ തന്നെ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒരു വിഭാഗം ആണ് ദിലീപിനെ വിശ്വസിച്ചു പണം മുടക്കിയ ദിലീപിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറപ്രവർത്തകർ.

അന്വേഷണം ദിലീപിനെതിരേ എത്തിയപ്പോൾ മുതൽ പ്രതിസന്ധിയിയിലായിരിക്കുകയാണ് ഇവർ. അമ്മ പ്രസിഡന്റ് ഇന്നസെന്റ് അടക്കം കുറച്ചുപേർ ദിലീപ് കുറ്റക്കാരനല്ല എന്ന്‌ മുൻവിധി നടത്തിയപ്പോൾ ഇവർ പ്രതീക്ഷയിൽ ആയിരുന്നു. ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരത്തിനുശേഷം ആരാധകർ പ്രതീക്ഷ പുലർത്തിയിരുന്ന ചിത്രമാണ് ‘രാമലീല’. ഇതിനു പണം മുടക്കിയത് പുലിമുരുകൻ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആയിരുന്നു. ദിലീപ് രാഷ്ട്രീയ നേതാവായി എത്തുന്ന ചിത്രം ബോക്സ് ഓഫീസ് പ്രതീക്ഷയും പുലർത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതി ആണ് എന്ന വിവാദം വന്നപ്പോഴാണ് രാമലീലയുടെ റിലീസ് മാറ്റിവച്ചത്. അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം ആദ്യം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് കേസിന്റെ കാര്യങ്ങൾക്കായി ദിലീപിന് സിനിമയ്ക്കിടയിൽ നിന്നും പോകേണ്ടിവന്നതിനാൽ പലവട്ടം ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നതും പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനിടയിൽ ഉണ്ടായ പ്രശ്നങ്ങളും ഇടയ്ക്ക് അമേരിക്കൻ പ്രോഗ്രാമിനായി ദിലീപ് പോയതും സിനിമയെ കാര്യമായി ബാധിച്ചു. നിർമ്മാതാവിന്റെ കോടികൾ ആണ് ഇതിലൂടെ നഷ്ടമായത്.

അണിയറയില്‍ ഒരുങ്ങിയിരുന്ന രാമലീല ഉൾപ്പെടെയുള്ള ദിലീപിന്റെ നാല് ചിത്രങ്ങളില്‍ നിന്നുമായി ഏകദേശം നൂറ് കോടിയോളം രൂപയുടെ നഷ്ടം ആണ് മലയാള സിനിമ ലോകത്തിന് നഷ്ടമായിരിക്കുന്നത്. ഏകദേശം 15 കോടി രൂപയിൽ ആണ് രാമലീല അണിയിച്ചൊരുക്കിയത്. ചിത്രം കൃത്യസമയത്ത് തിയേറ്ററിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ നിർമ്മാതാവ് ടോമിച്ചന് മാത്രം ഏകദേശം 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മാത്രമല്ല പബ്ലിസിറ്റിക്ക്‌ വേണ്ടിയും കോടികളാണ് രാമലീലക്കായി അദ്ദേഹം മുടക്കിയിരിക്കുന്നത്.

അടുത്ത രണ്ടു വർഷത്തേക്കുള്ള വിവിധ സിനിമകൾക്കായി ദിലീപ് കരാർ ഒപ്പിടുകയും അഡ്വാൻസ് കൈപ്പറ്റുകയും ചെയ്ത സാഹചര്യത്തിലാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രശസ്ത ക്യാമറമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ‘ഡിങ്കൻ\’ എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ മാത്രമാണ് പൂർത്തി ആയിട്ടുള്ളത്. വിദേശത്തു ചിത്രീകരിക്കേണ്ട ബാക്കി ഭാഗങ്ങൾക്കായി ഇനിയെന്ത് ചെയ്യും എന്ന ആശങ്കയിൽ ആണ് ഇതിന്റെ അണിയറശില്പികൾ. സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ ഈ സിനിമ ഉപേക്ഷിക്കുകയോ, ദിലീപിന് പകരം മറ്റൊരാളെ വച്ചു വീണ്ടും രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ ആണ് ഇനിയുള്ള വഴി. എന്നാൽ ഇതിൽ ഏത് സംഭവിച്ചാലും നഷ്ടം നിർമ്മാതാവിന് മാത്രമാണ്. ഈ പുഴയും കടന്ന് എന്ന സിനിമയിൽ ക്യാമറമാൻ ആയിരുന്ന കാലം മുതൽ രാമചന്ദ്രബാബുവിന് ദിലീപുമായി ഉണ്ടായിരുന്ന സൗഹൃദം ആണ് ഈ ചിത്രത്തിന് നായകനായി ദിലീപിനെ തന്നെ ക്ഷണിച്ചതിലെ ചേതോവികാരം.

ത്രി ഡി സാങ്കേതിക വിദ്യയിൽ വന്‍ മുതല്‍ മുടക്കില്‍ ആണ് ഡിങ്കന്റെ ചിത്രീകരണം നടത്തിയിരുന്നത്. 20 കോടി മുതൽമുടക്കിൽ ഡിങ്കൻ നിർമ്മിക്കുന്നത് സനല്‍ തോട്ടം ആണ്. രാമചന്ദ്ര ബാബുവിന്റെ കന്നിച്ചിത്രം തന്നെ പ്രശ്നങ്ങളുടെ തുലാസിൽ പെട്ടുകഴിഞ്ഞിരിക്കുന്നു.

‘കമ്മാര സംഭവം’ ആണ് ദിലീപ് തുടങ്ങിവച്ച മറ്റൊരു ചിത്രം. ഓണത്തിനു തിയേറ്ററിൽ എത്തിക്കാനായി ലക്ഷ്യം വച്ച് മുരളീ ഗോപിയുടെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ദിലീപ് എത്തേണ്ടത്. രതീഷ് അമ്പാട്ടാണ് ഈ ചിത്രത്തിന്റെ സംവിധാനം. 13 കോടിയോളം രൂപയാണ് ഈ ചിത്രത്തിന്റെ മുതൽമുടക്ക്. ചിത്രീകരണം പാതിവഴിയിലായ ഈ സിനിമ നിർമ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. തമിഴിലെ പ്രശസ്തനായ നടൻ സിദ്ധാർത്ഥ് അടക്കമുള്ള വൻതാരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെയും ഭാവി എന്താകും എന്നറിയാതെ കാശുമുടക്കിയവർ വെള്ളത്തിലായ അവസ്ഥയിൽ ആണ്.

ദിലീപിന്റെ സുഹൃത്തും ഇതേ കേസിൽ സംശയനിഴലില്‍ ഉൾപ്പെട്ട സംവിധായകൻ നാദിര്‍ഷായുടെ പുതിയ ചിത്രത്തിലും ദിലീപിനെ തന്നെയാണ് നായകന്‍ ആയി തീരുമാനിച്ചിരിക്കുന്നത്. ദിലീപിന്റെ ഉടമസ്‌ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ആയിരുന്നു ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.

സൂപ്പർ ഹിറ്റ് ചിത്രമായ ഈ പറക്കും തളികയുടെ രണ്ടാം ഭാഗം, വാളയാർ പരമശിവം, സദ്ദാം ശിവൻ, ഞാനാരാ മോൻ തുടങ്ങിയ ചിത്രങ്ങൾക്കും കരാർ ആയിരുന്നു. ദിലീപ്-കാവ്യ ദമ്പതികൾ വിവാഹത്തിനുശേഷം ഒന്നിക്കുന്ന ‘ഇതോ വലിയ കാര്യം’ എന്ന അക്കു അക്ബറാണ് സംവിധാനം ചിത്രവും കരാർ ചെയ്തിരുന്നതാണ് . ദിലീപ് സിനിമകളെ മുന്നിൽ കണ്ട് നിർമ്മാണത്തിനിറങ്ങിയ ഒരുപിടി നിർമ്മാതാക്കളും ആദ്യ സംരംഭത്തിൽ ദിലീപിനെ നായകനാക്കാൻ ലക്ഷ്യമിട്ട പുതു സംവിധായകരും ആണ് ദിലീപിന്റെ ഈ അറസ്റ്റോടെ വെട്ടിലായിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഈ അറസ്റ്റോടെ സംഭവിക്കുന്നത്.

കൂടാതെ ഏതാനും നവാഗത സംവിധായകരുടെ സിനിമ സ്വപ്നങ്ങള്‍ കൂടിയാണ് \”കയ്യാലപ്പുറത്തെ തേങ്ങ\” എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത്.

Avatar

Staff Reporter