മലയാള സിനിമാലോകത്തെ താരങ്ങളെ എല്ലാം ഒരു കുടകീഴിൽ കാണുക എന്നത് ട്വന്റി ട്വന്റി എന്ന മലയാള സിനിമയ്ക്ക് മുൻപ് സ്റ്റേജ് ഷോകളിൽ മാത്രം കണ്ടു വരുന്ന ഒന്നായിരുന്നു. ‘അമ്മ എന്ന താരസംഘടനയെ മുൻനിർത്തി ദിലീപ് യാഥാർഥ്യം ആക്കിയ ട്വന്റി ട്വന്റി എന്ന സിനിമയുടെ ആശയം അമ്മയ്ക്ക് സാമ്പത്തികമായ ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചു.
മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഒരുപോലെ ആഘോഷമാക്കിയ ഈ ചിത്രത്തിൽ തുല്യ പ്രാധാന്യം ആണ് മോഹൻലാലിനും മമ്മൂട്ടിയ്ക്കും എന്നായിരുന്നു അണിയറക്കാരുടെ വാദം. എങ്കിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകർക്കും മനസ്സിൽ തോന്നിയ ഒരു സംശയം ഉണ്ട്…, മമ്മൂട്ടിയുടെ രമേശ് നമ്പ്യാർ എന്ന കഥാപാത്രം മോഹൻലാൽ അവതരിപ്പിച്ച ദേവരാജ പ്രതാപവർമ്മയ്ക്ക് മുന്നിൽ ഒരു പടി പിന്നിൽ അല്ലെ എന്നൊരു സംശയം.
അത് വെറും ഒരു സംശയം ആയിരുന്നില്ല, മമ്മൂട്ടിയുടെ കഥാപാത്രം പിന്നിലായതിന് പിന്നിൽ ഒരു പകയുടെ കഥ തന്നെ ഉണ്ടെന്നാണ് ചില അണിയറ സംസാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അടക്കം ഉള്ളവരെ വിറപ്പിച്ചു നിർത്താൻ കഴിവുള്ള സംവിധായകൻ എന്നാണ് സംവിധായകൻ ജോഷിയ്ക്ക് സിനിമാലോകത്ത് ഉള്ള വിളിപ്പേര്. കൂടാതെ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ എന്ന റെക്കോർഡും ജോഷിയ്ക്ക് സ്വന്തം ആണ്.
എങ്കിലും 2007 ൽ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിൽ പിറന്ന നസ്രാണി എന്ന ചിത്രം കാര്യമായ വിജയം ആയിരുന്നില്ല. കൂടാതെ ചിത്രീകരണവേളയിൽ നസ്രാണിയിലെ ചില രംഗങ്ങളുടെ പേരിൽ മമ്മൂട്ടിയും ജോഷിയും തമ്മിൽ ചില തർക്കങ്ങളുണ്ടായി. തർക്കങ്ങൾക്കൊടുവിൽ മമ്മൂട്ടിയുടെ നിർബന്ധപ്രകാരം ജോഷി നിർദ്ദേശിച്ച രംഗങ്ങൾ തിരക്കഥയിൽ നിന്നും നീക്കം ചെയ്യേണ്ടി വന്നു.
ഇത് സംവിധായകൻ ജോഷിയ്ക്ക് തന്റെ കരിയറിലെ തന്നെ വലിയ ഒരു അപമാനം ആയി തോന്നി എന്നും ഒരു വർഷം കഴിഞ്ഞ് 2008 ൽ ട്വന്റി ട്വന്റിയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടിയ്ക്ക് ആയി എഴുതി ചേർക്കപ്പെട്ടിരുന്ന ചില സൂപ്പർഹിറ്റ് ആകുമായിരുന്ന സീനുകളെക്കുറിച്ച് തിരക്കഥാകൃത്തുക്കളും, സംവിധായകൻ ജോഷിയും ചേർന്ന് മമ്മൂട്ടിയോട് സംസാരിച്ചു. ആ സീനുകൾ ഒഴിവാക്കണം എന്ന നിലയിൽ ആണ് അവർ മമ്മൂട്ടിയോട് അതേപ്പറ്റി സംസാരിച്ചത്.
ലോജിക്കെന്ന കാരണത്താൽ മമ്മൂട്ടിയുടെ സമ്മതത്തോടെ ഒഴിവാക്കിയ ആ രംഗങ്ങൾ മമ്മൂട്ടിയ്ക്ക് ചിത്രത്തിലുള്ള പ്രാധാന്യം കുറയ്ക്കുമെന്ന് മറ്റാരേക്കാളും നന്നായി സംവിധായകൻ ജോഷിക്ക് അറിയാമായിരിന്നിട്ടും അദ്ദേഹം ആ രംഗങ്ങൾ ഒഴിവാക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
ഇത് ഒരു ചെറിയ പ്രതികാരമായി ജോഷി നടത്തിയ ഇടപെടൽ ആണെന്നും ഈ ഇടപെടൽ കാരണം ആണ് മമ്മൂട്ടിയ്ക്ക് ട്വന്റി ട്വന്റിയിൽ പ്രാധാന്യം കുറഞ്ഞത് എന്നുമാണ് അധികമാർക്കും അറിയാത്ത ഈ പ്രതികാര കഥയുടെ വെളിച്ചത്തിൽ മലയാള സിനിമയിലെ ഈ അണിയറക്കാർ പ്രചരിപ്പിക്കുന്ന കഥ.