16
October, 2018
Tuesday
01:03 PM
banner
banner
banner

കെവിന്റെ വീട്ടിലെ രാഷ്ട്രീയ – മാധ്യമ തിരക്കൊഴിഞ്ഞു, ഇനിയെങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി നീനുവും ജോസഫും!

പ്രണയിച്ചു പോയി എന്ന കാരണത്താൽ വിവാഹം കഴിച്ച പെണ്കുട്ടിയുടെ വീട്ടുകാരാൽ കെവിൻ എന്ന കോട്ടയം സ്വദേശിയായ യുവാവ് മരണപ്പെട്ടപ്പോൾ കേരളം ഒന്നാകെ അവനു വേണ്ടി കരഞ്ഞു. എന്നാൽ ഒന്ന് കരയാതെ, വിതുമ്പാതെ പതറാതെ ഏത് പേമാരിയിലും ഉലയാത്ത മനസ്സുമായി കെവിന്റെ വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു.

മകന്റെ മരണത്തിന് കാരണക്കാരി എന്നു പറഞ്ഞ് മരുമകളെ മാറ്റി നിർത്താതെ സ്വന്തം മകൾക്കും ഭാര്യയ്ക്കും ഒപ്പം ഒരുപക്ഷേ അവരെക്കാൾ ചേർത്തു പിടിച്ച ഒരച്ഛൻ. വാർത്തകളിൽ നിൻറഞ്ഞ ജോസഫ് എന്ന കെവിന്റെ അച്ഛൻ കേരളമാനസാക്ഷിയ്ക്ക് മുന്നിൽ നീറുന്ന ഒരു ചിത്രമായിരുന്നു. മകൻ ബാക്കി വച്ചു പോയ സ്വപ്നങ്ങളെ മുന്നോട്ടു നയിക്കാൻ, മകന്റെ പ്രാണനായവളെ ഒരു മകളെപോലെ ഇനിയുള്ള കാലം സംരക്ഷിക്കാൻ ഒക്കെ ഈ അച്ഛന് സാധിക്കണേ എന്നു പ്രാര്ഥിക്കാത്ത ഒരു മലയാളിയും ഇല്ലായിരുന്നു.

കോട്ടയം പിലാത്തറ വീട്ടില്‍ ജോസഫിനെ ഇപ്പോൾ അറിയാത്ത മലയാളികൾ ഇല്ല. ചവിട്ടുവരി ജങ്ഷനിലുള്ള വര്‍ക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ജോസഫ് ഇന്ന് സ്വന്തം പ്രണയ സാക്ഷാത്കാരത്തിനായി ജീവൻ പണയം നൽകി ഓർമ്മയായി മാറിയ കേരളത്തിന്റെ ദുരന്തനായകന്റെ പിതാവാണ്..

ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ നടത്തിയ ദുരഭിമാന കൊലയിൽ പ്രാണന്‍ നഷ്ടമായ കെവിന്റെ പിതാവ് എന്നതിലുപരി ഈ മനുഷ്യനെ കേരളം ആരാധിക്കുന്നത് ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ മരുമകളെ സ്വന്തം മകളായി ചേർത്തു നിർത്തിയത് കൊണ്ടാണ്.

രാഷ്ട്രീയ പ്രമുഖരും നേതാക്കന്മാരും മാധ്യമ പ്രവർത്തകരും അടക്കം നിരവധിപേർ പിലാത്തറ വീട്ടിലേക്ക് വന്നു പോയപ്പോഴും തികഞ്ഞ നിസ്സഹായതയോടെ ജോസഫ് അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് 29-നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹം കണ്ട് തടിച്ചു കൂടിയവരും പരസ്പരം പോരാടിച്ചവരും ചാനൽ റേറ്റിങ് കൂട്ടാൻ വന്ന ചാനലുകാരും മാറി മാറി വീട്ടിലേക്ക് ഒഴുകിയെത്തിയ രാഷ്ട്രീയക്കാരും ഇന്നാ വീട്ടിൽ ഇല്ല.

മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി എന്താണ് എന്ന് മാത്രം അന്വേഷിച്ചു മടങ്ങാൻ വന്നവരോട് അടക്കം ദുഃഖത്തിൽ പങ്കു ചേർന്നവരോട് എല്ലാം ഈ പിതാവ് നന്ദി പറയുന്നു. ഒപ്പം ഒരിക്കലും ഉലയാത്ത ആ മനസ്സിൽ തട്ടിയ ഒരുറച്ച വാക്കും ‘അവള്‍ കെവിന്റെ ഭാര്യയാണ്.., അവൾക്ക് കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി, അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മരണം വരെ മാറ്റമില്ല’.

നീനുവിനും തന്റെ താലി അറുത്തു കളഞ്ഞ സ്വന്തം വീട്ടുകാരെക്കാൾ ചേർത്തു പിടിക്കുന്ന ഈ അച്ഛനെയും വീട്ടുകാരെയും മതി. നീനുവിന്റെ നിലപാടും മറിച്ചല്ല. നീനുവിന്റെ ഭാവി എന്ത് എന്നന്വേഷിച്ചവർ പോലും ഈ കുടുംബം എങ്ങിനെ മുന്നോട്ടു പോകും എന്ന് ചോദിച്ചില്ല. അതിലും ജോസഫിന് പരിഭവം ഇല്ല.., ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫ് പറയുന്നത് അതുകൊണ്ടാണ്.

RELATED ARTICLES  പോരാട്ടം തുടരാൻ ഉറച്ച്‌ വനിതകൾ, ലക്ഷ്യം ഒന്നു മാത്രം: തുറന്ന് പറഞ്ഞ്‌ റീമ കല്ലിംഗലും പാർവ്വതിയും!

ഭാര്യയേയും കെവിനെ വിശ്വസിച്ച് അവനൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടു വന്ന നീനു അടങ്ങുന്ന രണ്ടു മക്കളെയും പോറ്റാൻ ഈ അച്ഛൻ വീണ്ടും വാർക്ക്ഷോപ്പിലേക്ക് ജോലിക്ക് പോകാൻ ഒരുങ്ങുകയാണ്. വാടക വീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം എങ്കിലും വീട്ടിലെ ദൈനംദിന ചിലവുകൾ നടക്കണം എങ്കിലും ഈ പിതാവിന് വീണ്ടും ചവിട്ടുവരിയിലെ ആ വര്‍ക്ഷോപ്പിലേക്കു തിരികെ പോയേ മതിയാവൂ.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments