വൻ വിജയമായിത്തീർന്ന ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമ ദുബായിലെ ഒരു മലയാളി ബിസിനസ് കുടുംബത്തിന്റെ നേരനുഭവമാണെന്ന് നമുക്കറിയാം. എന്നാൽ സിനിമയിൽ നാം അറിയാതെ പോയ കാര്യങ്ങൾ ദുബായിൽ കഴിയുന്ന ജേക്കബിന്റെ മകന് പറയാനുണ്ട്. നിവിൻ പോളി പകർന്നാടിയ കഥാപാത്രത്തിന്റെ യഥാർത്ഥ പ്രതിനിധിയായ ഗ്രിഗറി ജേക്കബ് അത് തുറന്ന് പറയുന്നു.
മലയാള സിനിമയിൽ ട്രൂസ്റ്റോറിയെ അവലംബിച്ച് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. വൻ വിജയമായിത്തീർന്ന ഈ സിനിമ ദുബായിലെ ഒരു മലയാളി ബിസിനസ് കുടുംബത്തിന്റെ അതിദാരുണമായ തകർച്ചയും ആവേശമുണർത്തുന്ന അതിജീവനവുമാണ് പ്രമേയമാക്കിയത്.
പല പ്രതിസന്ധി ഘട്ടങ്ങളെയും നേരിടുന്ന ഗൾഫ് മലയാളി ബിസിനസ് സമൂഹത്തിന് കഠിനാദ്ധ്വാനത്തിലും അതുകൊണ്ട് വരാവുന്ന വിജയത്തിലും വീണ്ടും പ്രതീക്ഷ നൽകിയ സിനിമയെന്ന നിലയിൽ അതിലെ യഥാർത്ഥ കഥാപാത്രങ്ങളെ കാണാനും അവരുടെ അനുഭവങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊള്ളാനും ഉത്സുകരായവർ ധാരാളമാണ്.
സിനിമയിൽ ജേക്കബിന്റെ മകനായി ജെറി എന്ന പേരിൽ നിവിൻ പോളി പകർന്നാടിയ കഥാപാത്രത്തിന്റെ യഥാർത്ഥ പേര് ഗ്രിഗറിയെന്നാണ്. ബിസിനസിൽ ചതിക്കപ്പെട്ട ജേക്കബിന് താൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടും വരെ ദുബായിൽ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയിൽ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലേക്ക് പലായനം ചെയ്യേണ്ടി വരികയും കുടുംബം വൻ ദുരിതത്തിലേക്ക് വീഴുകയും ചെയ്യുമ്പോൾ മൂത്തമകൻ ഗ്രിഗറിക്ക് പ്രായം വെറും ഇരുപത്. ദുബായിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ എഞ്ജിനീയറിംഗ് വിദ്യാർത്ഥി. താഴെ രണ്ടു സഹോദരന്മാരും (ബേസിലും, ക്രിസും) ഒരു സഹോദരിയും (മെർലിൻ).
മുമ്പിൽ രണ്ട് വഴികളേയുള്ളൂ. തങ്ങൾക്ക് കേസില്ലാത്ത സ്ഥിതിയ്ക്ക് അമ്മയ്ക്കും മക്കൾക്കും കൂടി ദുബായ് വിട്ട് സ്വന്തം നാടായ തിരുവല്ലായിലേക്ക് മടങ്ങാം. അല്ലെങ്കിൽ പോരാട്ടത്തിനിറങ്ങി അതിന്റെ വിജയ പരാജയങ്ങൾ അനുഭവിക്കാം.
രണ്ടാമത്തെ വഴിയാണ് ഷേർളി ജേക്കബ് തെരഞ്ഞെടുത്തത്. ഇവിടെ വിധി ശാപങ്ങൾ വഴിമാറുകയയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ദുബായിൽ നിന്ന് ഒളിച്ചോടിപ്പോകുന്നവരുടെ പട്ടികയിൽപ്പെടാതെ, ഒരു കുടുംബം കഠിനപ്രയത്നം കൊണ്ട് ഉയിർത്തെഴുന്നേറ്റ ധീരോദാത്ത ചരിതം രചിക്കപ്പെടുകയായിരുന്നു.
രണ്ടു മണിക്കൂർ 25 മിനിട്ടു ദൈർഘ്യത്തിൽ പ്രതിഭാധനനായ യുവ സംവിധായകൻ വിനീത് ശ്രീനിവാസൻ ചലച്ചിത്രച്ചിമിഴിലൊതുക്കിയ ഈ \’കഥ\’ അഞ്ചുവർഷത്തെ പീഢാനുഭവങ്ങളിലൂടെയാണ് ജേക്കബിന്റേയും കുടുംബത്തിന്റേയും ജീവിതത്തിലൂടെ കടന്നു പോയത്.
പാട്ടിലൂടെ കാലസഞ്ചാരമൊരുക്കാനും പശ്ചാത്തല സംഗീതത്തിലൂടെ ഹൃദയവികാരങ്ങളെ വിവരിക്കാനും കഴിയുന്ന ചലച്ചിത്ര കലയ്ക്ക് പുറത്തു നിന്നുകൊണ്ട്, ക്യാമറയ്ക്കായി ചിട്ടപ്പെടുത്തിയ കോണിലൂടെയല്ലാതെ ജേക്കബിന്റെ മകൻ ഗ്രിഗറി, ഓർമ്മയിൽ ഇടിത്തീയായി ഇപ്പോഴുമെരിയുന്ന ആ കാലം ഗൾഫ് മലയാളികൾക്കായി പങ്കു വയ്ക്കുന്നു. ഇനിയുമാർക്കെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ ഇത് ഉത്തേജനമാകുമെങ്കിൽ തന്റെയും കുടുംബത്തിന്റെയും തുടർന്നുള്ള ദുബായ് ജീവിതം ധന്യമായി എന്ന നിശ്വാസത്തോടെ:
\”റെസഷൻ എന്നു കേൾക്കാത്ത, അതെന്തെന്നറിയാത്തവരായി ആരുമുണ്ടാകില്ല ഗൾഫിൽ. 2008 ൽ ന്യൂയോർക്കിൽ ഒരശനിപാതം പോലെ വന്നുപെട്ട റെസഷൻ (സാമ്പത്തിക മാന്ദ്യം) മെല്ലെ ദുബായിയെയും ബാധിക്കുകയായിരുന്നു. കെട്ടിട നിർമ്മാണം നിലച്ചു. പല കമ്പനികളും ജീവനക്കാരെ കുറച്ചു. ഉള്ളവർക്ക് ശമ്പളം താഴ്ത്തി. പണിപോയവരും വരുമാനം താണു പോയവരുമായ ആളുകളിൽ ചിലർ പ്രീമിയം അടയ്ക്കാൻ നിവൃത്തിയില്ലാതെ, ഇനി എങ്ങനെ ഈ നാട്ടിൽ ജീവിക്കുമെന്നാറിയാതെ വാഹനങ്ങൾ എയർപ്പോർട്ട് പാർക്കിങ്ങിൽ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങി.
അപ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പടപൊരുതാനും തയാറായി ഒരു വലിയ കൂട്ടമുണ്ടായിരുന്നു. അവർ ഭാവിയിൽ പ്രതീക്ഷയർപ്പിച്ച്, അദ്ധ്വാനത്തിൽ വിശ്വസിച്ച് ദുബായിൽ തന്നെ തങ്ങി. റസഷൻ എന്ന ഭൂതം കുടത്തിലാവുകയും ദുബായ് പൂർവ്വാധികം ശക്തിയോടെ പ്രതാപം പ്രസരിപ്പിക്കുകയും ചെയ്തതോടെ ഇവരുടെ ജീവിതം പഴയപടി ഭദ്ര
മായി.
ഞാനിപ്പോൾ ഇതിവിടെ പറയാൻ കാരണം റെസഷൻ എന്നത് സാമ്പത്തിക ശക്തികളായ രാജ്യങ്ങൾക്കു മാത്രമല്ല, ഓരോ വ്യക്തിയും ബിസിനസ് ചെയ്യുന്നവരിൽ പ്രത്യേകിച്ചും ഉണ്ടാകുന്ന ഒന്നാണ്. അതിന്റെ പേരിൽ ബിസിനസ് ഉപേക്ഷിച്ചാൽ ജീവിതം തന്നെ ഉപേക്ഷിക്കുന്നതിനു തുല്യമാണ്.
എന്റെ ഡാഡി, ബിസിനസിൽ വഞ്ചിക്കപ്പെട്ട് ദുബയിൽ നിൽക്കാൻ നിവൃത്തിയില്ലാതെ ലൈബിരിയയിലേക്കു കടന്നപ്പോൾ ഞങ്ങളുടെ ജീവിതത്തിലുമുണ്ടായി ഈ റെസഷൻ. പലരെയും പോലെ കാർ എയർപ്പോർട്ടിന്റെ പരിസരത്തുപേക്ഷിച്ച് അമ്മയ്ക്ക് ഞങ്ങളെയും കൂട്ടി നാട്ടിലേക്ക് പോകാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ \’ജേക്കബിന്റെ സ്വർഗ്ഗരാജ്യം\’ എന്ന ധാരാളം ആളുകൾ കണ്ട ഒരു സിനിമ ഉണ്ടാകുമായിരുന്നില്ല. നിങ്ങളോടിതു പറയാൻ ഒരു ദുബായ്ക്കാരനായി ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല. എന്റെ ഭാര്യ ഇതുപോലൊരു കഫേയിൽ എന്നോടൊപ്പം സ്വസ്ഥമായിരുന്ന് ചായ ആസ്വദിച്ചു കുടിക്കുമായിരുന്നില്ല.
ഗ്രിഗറി തന്റെ ജീവിതം പറയാൻ ബർദുബായിലുള്ള \’ഫില്ലികഫെ\’യിൽ എത്തുമ്പോൾ ഭാര്യ ഡോ: ചിപ്പിയും കൂടെപ്പോന്നിരുന്നു. താനുൾപ്പെടുന്ന കേട്ടുമതിയാവാത്ത കഥ വീണ്ടും കേൾക്കാനെന്ന പോലെ.
\”വിശപ്പും ദാഹവും പട്ടിണിയും ദാരിദ്ര്യവും നമുക്ക് നമ്മളിൽത്തന്നെ ഒതുക്കാം. പക്ഷേ, അറസ്റ്റും അതുണ്ടാക്കുന്ന കൊടിയ അപമാനവും വാർത്തകളിൽ ഒഴുകിപ്പരക്കും. അതിനുകാരണമായ വഞ്ചനയുടെ കഥകൾ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുക്കാൻ അതിന് ഇരയായ ആൾക്ക്, അല്ലെങ്കിൽ ആ കുടുംബത്തിന് കഴിയുകയില്ല. ഈ ദുരവസ്ഥ അനുഭവിച്ചവർക്കേ മനസ്സിലാകൂ ജീവിതമാകെ തകർന്നു തരിപ്പണമായി ഇനി എന്തെന്നറിയാതെ എല്ലാവരും തളർന്നിരിക്കുമ്പോൾ ഒരു ദിവസം ഏതോ വെളിപാടിലെന്ന പോലെ മമ്മി ഉണർന്നെണീറ്റു! നിശ്ചയദാർഢ്യം മുഴങ്ങുന്ന ശബ്ദത്തോടെ എന്നെ നോക്കി പറയുന്നു; ഡാഡി ഒരു തെറ്റും ചെയ്തിട്ടില്ല. അത് ഈ ലോകത്തെ ബോധ്യപ്പെടുത്തണം. അതിനായി പോരാടണം. നിനക്ക് വിദ്യാഭ്യാസമുണ്ട്, ദുബായിൽ ജനിച്ചു വളർന്ന നിനക്ക് ലോക പരിചയമുണ്ട്. ബിസിനസ് ചെയ്യാനുള്ള കഴിവ് രക്തത്തിലുണ്ട്. ഇനി പ്രവർത്തിക്കുകയേ വേണ്ടൂ. പുറത്തിറങ്ങ്, ആളുകളെ കാണ്.
ബിസിനസ് അവസരങ്ങൾ ചോദിക്ക്. വെറുതേയിരിക്കേണ്ട ഒരു നിമിഷവും ഇനി നമ്മുടെ മുമ്പിലില്ല. ഉം.. ഹറി അപ്പ്.
മമ്മി തന്ന ആ അതിശക്തമായ ഉത്തേജനം എന്നെയും എന്റെ കുടുംബത്തേയും ഒരു പുനർജ്ജന്മത്തിലേക്കു നയിച്ചുകൊണ്ടു പോകുകയായിരുന്നു. ഞാൻ പുറത്തേക്കിറങ്ങി. പല വാതിലുകളും മുട്ടി. വിശ്രമം ഇല്ലാതെ അലഞ്ഞു. ആദ്യമെല്ലാം പരാജയമായിരുന്നു ഫലം. ആരും എന്നെ വിശ്വാസത്തിലെടുത്തില്ല. അതായിരുന്നു കാരണം. മമ്മിയിൽ നിന്നു വീണ്ടും വീണ്ടുമുണ്ടായ പ്രതീക്ഷ നിറഞ്ഞ വാക്കുകൾ പരാജയത്തിന് അടിപ്പെടാതെ എന്നെ പൊതിഞ്ഞു പിടിച്ചു. ഓരോ ദിവസവും ഞാൻ പുതിയ വഴികളന്വേഷിച്ചു. സാധ്യതകളെ തിരഞ്ഞു പിടിച്ചു.
എന്താന് പിന്നീട് സംഭവിച്ചതെന്ന് സിനിമയിൽ വിനീത് ശ്രീനിവാസൻ എല്ലാ വൈകാരിക ഭാവങ്ങളോടെയും പറഞ്ഞിട്ടുള്ളതിനാൽ ഞാൻ ആവർത്തിക്കുന്നില്ല. വാക്കുകൾക്കപ്പുറമാണ് സിനിമയുടെ ദൃശ്യഭാഷ. അതിനപ്പുറം ഞാനെതു പറയാൻ?
ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സാങ്കേതികത്വം കൊണ്ട് സിനിമയിൽ വഴിമാറിയ ചില കാര്യങ്ങളാണ്. \”സത്യത്തിൽ എന്നെ ഫോക്കസ് ചെയ്താണ് സിനിമയുടെ കഥ സഞ്ചരിക്കുന്നതെങ്കിലും മമ്മിയാണ് ഈ കഥയിലെ സെൻട്രൽ കാരക്ടർ. സിനിമയിൽ പ്രാധാന്യം മിക്കവാറും ഹീറോയ്ക്ക് ആയിരിക്കുമല്ലോ. അതുകൊണ്ടാവാം വിനീത് ശ്രീനിവാസൻ എന്നെ മുന്നിൽ നിർത്തി കഥ പറഞ്ഞത്. എന്നിരുന്നാലും മമ്മിക്ക് കൊടുക്കേണ്ട പ്രാധാന്യം കൊടുത്തിണ്ടു താനും. വിനീതിന് അതെല്ലാം വ്യക്തമായി അറിയാമായിരുന്നു\”.
എന്നാൽ അറിഞ്ഞതിൽ നിന്ന് വ്യതിചലിച്ച് ചില പാത്ര സൃഷ്ടികൾ നടത്തിയിട്ടുണ്ടെന്നും തന്റെ രണ്ടാമത്തെ അനുജൻ ബെയ്സിലിന്റെ കാര്യത്തിലാണ് കൂടുതലായി അതുണ്ടായതെന്നും ഗ്രിഗറി പറയുന്നു.