മലയാളം ഇ മാഗസിൻ.കോം

മലയാള സിനിമയുടെ പിതാവ്‌ ജെ സി ഡാനിയൽ ഓർമ്മയായിട്ട്‌ 42 വർഷങ്ങൾ

മലയാള സിനിമയുടെ പിതാവെന്ന അതിമധുരം നുണയാനാകാതെ അവഗണനയുടെ കയ്പ്പുനീരുമാത്രം കുടിച്ച സംവിധായകനാണ്‌ ജെ സി ഡാനിയേൽ. ഏറെ വെല്ലുവിളികൾ ഏറ്റെടുത്ത്‌ മലയാളത്തിന്‌ ആദ്യ സിനിമ സമ്മാനിച്ച അദ്ദേഹം നിർമ്മാതാവും സംവിധായകനും ഛായഗ്രാഹകനും ആയിരുന്നു. 1928-ലാണ്‌ അദ്ദേഹം തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ച വിഗതകുമാരൻ എന്ന സിനിമ ഇറക്കിയത്‌. ഈ സിനിമയിലെ നായകവേഷത്തിലൂടെ ആദ്യ നായകസ്ഥാനവും ഇദ്ദേഹത്തിന്‌ സ്വന്തം. നിശബ്ദചിത്രമായിരുന്നു അത്‌. സിനിമ അത്യന്തം അന്യമായിരുന്ന ഒരു സമൂഹത്തിലേക്ക്‌ അതിന്റെ വാതായനങ്ങൾ തുറന്ന ജെ സി ഡാനിയേലിനെ പിന്നീടുള്ള സിനിമാ ജീവിതത്തിൽ നിശബ്ദനാക്കിയതും സിനിമ തന്നെയായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന ഇദ്ദേഹം ദന്തഡോക്ടറായാണ്‌ അവസാനകാലം കഴിച്ചുകൂട്ടിയത്‌. സ്വന്തം നാട്ടിൽ സിനിമാജ്വരം പടർന്നിട്ടും അവസാന നാളുകളിൽ വേണ്ടത്ര പരിഗണനയോ ബഹുമാനമോ സിനിമാ ലോകത്തുനിന്നും അദ്ദേഹത്തിന്‌ ലഭിച്ചില്ല. 1900 നവംബർ 29 ന്‌ നെയ്യാറ്റിൻകരയിലാണ്‌ ജോസഫ്‌ ചെല്ലയ്യ ഡാനിയേൽ നാടാർ എന്ന ജെ സി ഡാനിയേൽ ജനിച്ചത്‌. പിതാവ്‌ ജ്ഞാനാംബര ജോസഫ്‌ ഡാനിയേലും മാതാവ്‌ ജ്ഞാനംബാളും പിന്നീട്‌ കന്യാകുമാരിക്കു സമീപമുള്ള അഗസ്തീശ്വരത്തേക്ക്‌ താമസം മാറ്റി. കുട്ടിക്കാലവും പ്രാഥമിക വിദ്യാഭ്യാസവും അഗസ്തീശ്വരത്തായിരുന്നു. പിന്നീടുള്ള പഠനങ്ങൾ നാഗർകോവിലിലും. ചെറുപ്പത്തിൽ കളരിപ്പയറ്റിനോട്‌ വലിയ കമ്പമായിരുന്നു കുഞ്ഞു ഡാനിയേലിന്‌.

മഹാരാജാസ്‌ കോളജിലായിരുന്നു ഉന്നത പഠനം. അക്കാലത്ത്‌ ധാരാളം ഇംഗ്ലീഷ്‌ സിനിമകൾ ഡാനിയേൽ കാണുമായിരുന്നു. ഈ കാലയളവിൽ തന്നെയാണ്‌ ഡാനിയേൽ തന്റെ ജീവിത സഖിയെ കണ്ടെത്തുന്നതും പ്രണയബദ്ധരാകുന്നതും. 1924-ലായിരുന്നു ഇവരുടെ വിവാഹം. സിനിമയെക്കുറിച്ച്‌ കേട്ടുതുടങ്ങിയ കാലമായപ്പോഴേക്കും ഡാനിയേലിന്‌ അതിനെക്കുറിച്ച്‌ മാത്രമായിരുന്നു ചിന്ത. ദക്ഷിണേന്ത്യയിലെ സിനിമയുടെ പ്രഭവസ്ഥാനമായിരുന്ന ചെന്നൈയിലെ ഏതെങ്കിലും സ്റ്റുഡിയോയിൽ കയറിപ്പറ്റി സിനിമയും അതിന്റെ ഉള്ളറകളെ അടുത്തറിയുക എന്നതായി ഡാനിയേലിന്റെ അടുത്ത ചിന്ത. ചെന്നൈയിലെത്തിയ ഡാനിയേലിന്‌ അതു കഴിയാതെ വന്നപ്പോൾ ഹിന്ദി സിനിമകളുടെ ഈറ്റില്ലമായ മുംബൈയിലേക്ക്‌ വണ്ടികയറി അദ്ദേഹം സിനിമയുടെ സമസ്തമേഖലകളെക്കുറിച്ചും പഠനം നടത്തി തിരുവനന്തപുരത്ത്‌ തിരിച്ചെത്തി. തന്റെ ആദ്യ സിനിമയായ വിഗതകുമാരന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ച ഡാനിയേൽ നെയ്യാറ്റിൻകരയ്ക്കു സമീപമുണ്ടായിരുന്ന തന്റെ നൂറ്‌ ഏക്കറോളം വരുന്ന ഭൂമി വിറ്റാണ്‌ തന്റെ സ്വപ്ന പദ്ധതിക്ക്‌ അടിത്തറയൊരുക്കിയത്‌. തിരക്കഥ പൂർത്തിയായതോടെ 1926-ൽ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്‌ രൂപം നൽകി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രത്തിന്‌ തുടക്കമായി. സിനിമയേയും അതിന്റെ സാങ്കേതികതയേയും കുറിച്ച്‌ അറിയാവുന്ന ഒരാൾപോലും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. ചിത്രീകരണത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും അദ്ദേഹം വാങ്ങി.

\"\"

‘വിഗതകുമാരൻ’- മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രം
വിഗതകുമാരനിലെ നായകന്റെ പേര്‌ ചന്ദ്രകുമാർ എന്നായിരുന്നു. അച്ഛനമ്മമാർക്ക്‌ ചന്ദ്രകുമാറിനെ ബാല്യത്തിൽ നഷ്ടപ്പെടുന്നതാണ്‌ കഥ എന്നതിനാലാണ്‌ സിനിമയ്ക്ക്‌ വിഗതകുമാരൻ എന്ന പേരിട്ടത്‌. ഈ സിനിമയിൽ നായികയെ കിട്ടാനും ഡാനിയേൽ ബുദ്ധമുട്ടി. പരസ്യം ചെയ്തിട്ടു പോലും ആളെ കിട്ടിയില്ല. അക്കാലത്ത്‌ സിനിമാ അഭിനയം വളരെ മോശപ്പെട്ട സംഗതിയായാണ്‌ ധരിക്കപ്പെട്ടിരുന്നത്‌. ബോംബെയിൽ നിന്ന്‌ ഒരു നായിക എത്തിയെങ്കിലും ഡാനിയേലിന്‌ ഇഷ്ടമാകാത്തതിനാൽ തിരിച്ചയച്ചു. അവസാനം തിരുവനന്തപുരത്തു തന്നെ തൈക്കാടു സ്വദേശിനി പി കെ റോസിയെ നായികയായി കിട്ടി. എന്നാൽ ഈ സൗഭാഗ്യം ഒരു വലിയ ദുരന്തത്തിലേക്കാണ്‌ പി കെ റോസിയെ കൊണ്ടുചെന്നെത്തിച്ചത്‌. യാഥാസ്ഥിതികരായിരുന്ന നാട്ടുകാർ ആദ്യ ഷോ തന്നെ മുടക്കുകയും പിന്നാലെ റോസിയുടെ വീട്‌ തീയിട്ട്‌ നശിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലേക്ക്‌ പലായനം ചെയ്ത ഇവരെക്കുറിച്ച്‌ പിന്നീട്‌ വിവരം ഒന്നും ഇല്ല. 1928ൽ ചിത്രീകരണം ആരംഭിച്ച വിഗതകുമാരൻ 1930 ഒക്ടോബർ 23നാണ്‌ റിലീസായത്‌. പട്ടത്തുള്ള ശാരദാവിലാസം എന്ന വീട്ടിൽ വച്ചാണ്‌ ചിത്രീകരണം നടന്നത്‌.

അക്കാലത്ത്‌ ഇന്ത്യയിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പുരാണ കഥകളെ ആസ്പദമാക്കിയുള്ളവയായിരുന്നു. എന്നാൽ വിഗതകുമാരന്റെ കഥാതന്തു അച്ഛനമ്മമാർ പിരിഞ്ഞുപോകുന്ന ചന്ദ്രകുമാർ എന്ന കുഞ്ഞ്‌ കൊല്ലങ്ങൾ കഴിഞ്ഞ്‌ പുനഃസമാഗമിക്കുന്നതായിരുന്നു. നാലു ലക്ഷം രൂപയാണ്‌ സിനിമയുടെ ചിത്രീകരണത്തിന്‌ ചെലവാക്കിയത്‌. ഡാനിയേലിന്റെ മൂത്തമകൻ സുന്ദരം ഡാനിയേലാണ്‌ നായകന്റെ ശൈശവകാലം ചെയ്തത്‌. 1930 നവംബർ 7ന്‌ തിരുവനന്തപുരം ക്യാപിറ്റോൾ തിയേറ്ററിലാണ്‌ ആദ്യ പ്രദർശനം നടന്നത്‌. അതിനുശേഷം ഫിലിം പെട്ടി ആലപ്പുഴയിലെത്തിച്ച്‌ അവിടുത്തെ സ്റ്റാർ തിയേറ്ററിലും പ്രദർശനം നടത്തി. നാഗർകോവിൽ പയനിയർ തിയേറ്ററിലും പ്രദർശനം നടത്തി. ഡാനിയേലിന്റെ കളരിപ്പയറ്റിനോടുള്ള സ്നേഹം സിനിമയിലും നിഴലിച്ചു കാണാം. ഏറെ കളരിപ്പയറ്റ്‌ രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. സിനിമയിൽ നിന്നകന്നുള്ള ജീവിതത്തിലെപ്പോഴോ ഡാനിയേലിന്റെ ഇളയമകൻ ഹാരിസ്‌ കളിക്കിടെ സിനിമയുടെ ഫിലിം തീയിട്ട്‌ നശിപ്പിച്ചതോടെ അതിന്റെ പ്രിന്റ്‌ എന്നന്നേക്കുമായി നഷ്ടപ്പെട്ടു.

കടക്കെണിയും അവസാന നാളുകളും
\"\"നാലു ലക്ഷത്തോളം രൂപ മുടക്കി നിർമ്മിച്ച സിനിമ നിന്നതോടെ കടക്കെണിയിലായ ഡാനിയേലിന്‌ നിർമ്മാണക്കമ്പനിയും ഉപകരണങ്ങളും ബാക്കി വന്ന സ്വത്തുക്കളുമെല്ലാം വിൽക്കേണ്ടതായി വന്നു. ഉപജീവനത്തിനായി പരിചിതമായിരുന്ന ദന്തഡോക്ടറുടെ കുപ്പായം വീണ്ടും അണിഞ്ഞു. പിന്നീട്‌ മരണം വരെ അദ്ദേഹം ജീവിച്ചത്‌ തമിഴ്‌നാട്ടിലാണ്‌. കടങ്ങൾ തീർത്ത്‌ തമിഴ്‌നാട്ടിലെ പല്ലവം കോട്ടയിലേക്കാണ്‌ ഡാനിയേൽ പോയത്‌. അവിടെയും പണത്തിനായി ബുദ്ധിമുട്ടി. മധുര, കാരക്കുടി, പുതുക്കോട്ട എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. അവിടെ നിന്ന്‌ അഗസ്തീശ്വരത്തേക്കാണ്‌ പിന്നീട്‌ പോയത്‌. മരണം വരെ അവിടെ കഴിച്ചുകൂട്ടി. ഡാനിയേലിന്റെ അവസാന നാളുകൾ ദുരന്തപൂർണ്ണമായിരുന്നു. തളർവാതവും അന്ധതയും ബാധിച്ച്‌ മരണശയ്യയിലായിരുന്നപ്പോൾ ഇവിടെ കേരളത്തിൽ സിനിമ എന്ന മാധ്യമം അതിന്റെ അത്യുന്നതങ്ങളിൽ എത്തിയിരുന്നു. അപ്പോഴും മലയാള സിനിമയുടെ പെരുന്തച്ചന്‌ വിധി അനുകൂലമായില്ല. അദ്ദേഹത്തിന്റെ ജനനവും ജീവിതവും തമിഴ്‌നാട്ടിലാണെന്ന സാങ്കേതിക തടസ്സം ഉന്നയിച്ച്‌ ആ മഹാന്‌ പെൻഷൻ നിഷേധിച്ചു. 1975 ഏപ്രിൽ 29ന്‌ കഷ്ടതകൾക്കൊടുവിൽ ജെ സി ഡാനിയേലിന്റെ ജീവിതത്തിന്റെ അഭ്രപാളിയിൽ തിരശ്ശീല വീണു.

1960കളിൽ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണനെന്ന പത്രപ്രവർത്തകനാണ്‌ വിഗതകുമാരനെയും അതിന്റെ സ്രഷ്ടാവിനെയും കുറിച്ച്‌ വിശദമായി എഴുതി ലോകത്തെ അറിയിച്ചത്‌. അതിനു ശേഷം 1992-ലാണ്‌ ഡാനിയേലിന്‌ താൻ അർഹിക്കുന്ന പദവി മലയാള സിനിമാലോകത്ത്‌ നിന്ന്‌ ലഭിച്ചത്‌. തുടർന്ന്‌ ജെ സി ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത സെല്ലുലോയ്ഡ്‌ എന്ന സിനിമയുടെ വരവോടെ ഡാനിയേലിന്റെ പേര്‌ വാനോളം ഉയർന്നു. ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണൻ എഴുതിയ ജെ സി ഡാനിയേലിന്റെ ജീവചരിത്രവും വിനു എബ്രഹാം എഴുതിയ നാഷ്ടനായിക എന്ന പുസ്തകത്തേയും അധികരിച്ചാണ്‌ കമൽ സെല്ലുലോയ്ഡ്‌ നിർമ്മിച്ചത്‌. 2012-ൽ മികച്ച ചിത്രത്തിനടക്കം ഏഴ്‌ പുരസ്കാരങ്ങൾ സെല്ലുലോയിഡിന്‌ ലഭിച്ചിട്ടുണ്ട്‌.

ജോസ്‌ ചന്ദനപ്പള്ളി, ജനയുഗം

Avatar

Staff Reporter