ഈ തടവ് ചാടല്‍ കേരളത്തില്‍ ആദ്യം. അതും വനിതകള്‍. സന്ധ്യയും ശില്പയുമാണ് ഈ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുളള തടവ് ചാട്ടം പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയെങ്കിലും അതിവേഗം പ്രതികളെ പൊലീസ് വലയ്ക്കുളളിലാക്കി.
പൊലീസ് സംഘത്തിനു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി.അശോകന്‍, പാലോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.കെ.മനോജ്, പാലോട് എസ്‌ഐ എസ് സതീഷ് കുമാര്‍, പാങ്ങോട് എസ്‌ഐ ജെ. അജയന്‍, ഗ്രേഡ് എസ്‌ഐ. എം. ഹുസൈന്‍, പാങ്ങോട് ഗ്രേഡ് എഎസ്‌ഐ. കെ. പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍, പാങ്ങോട് സ്റ്റേഷനിലെ ആര്‍.എസ് നിസ്സാറുദീന്‍ എന്നിവര്‍ക്കാണ് പ്രശംസാപത്രം ലഭിക്കുക.

എന്നാല്‍ പ്രതികളെ കുരുക്കിയ വല പൊലീസിന്റേതോ നാട്ടുകാരുടേതോ? വലവിരിച്ചതും കുടുക്കിയതും നാട്ടുകാരായിരുന്നു. അവര്‍ക്കില്ല ഒരു ബഹുമതിയും പ്രശംസാ പത്രവും. സാമൂഹ്യപ്രതിബദ്ധതയുളള പൊതുജനമായതിനാലാവാം.
സിനിമാ തിരക്കഥയെയും വെല്ലുന്ന പ്രകടനമാണ് തടവ് ചാട്ടത്തില്‍ പ്രതികള്‍ കാഴ്ച്ചവെച്ചത്. ജയിലിനു പുറകിലുളള ശുചിമുറികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബയോഗ്യാസ് പഌന്റിലെ മാലിന്യം ഇളക്കാനായി ഇരുമ്പു കമ്പിയില്‍ നനഞ്ഞ തോര്‍ത്ത് കെട്ടി ചവിട്ടു പടിയുണ്ടാക്കുകയും ഇതുവഴി മതിലിനു മുകളിലെത്തുകയുമായിരുന്നു. അവിടെ നിന്ന് തൊട്ടടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കും പിന്നീട് കെട്ടിടത്തിന്റെ മതിലും ചാടിയാണ് ഇരുവരും പുറത്തേക്ക് കടന്നത്.
ഇവരുടെ 2 ദിവസത്തെ ഒളിവ് ജീവിതം ഓട്ടോ ഡ്രൈവര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വരെയുള്ളവരെ പറ്റിച്ചായിരുന്നു. പ്രതികള്‍ പിടിയിലാവുന്നതു വരെയുളള 48 മണിക്കൂറില്‍ അരങ്ങേറിയത് ഒട്ടേറേ നാടകീയ മിഹൂര്‍ത്തങ്ങള്‍. പാലോട് ഊന്നുമ്പാറ സ്വദേശിനി.ാണ് ശില്‍പ, വര്‍ക്കല സ്വദേശിനിയാണ് സന്ധ്യ.
ആദ്യ നാളിലെ അന്തിയുറക്കം മുമ്പില്‍ കണ്ട ഒരു കെട്ടിത്തിന്റെ ടെറസിലായിരുന്നു. രണ്ടാം ദിവസത്തെ യാത്രക്കായി സ്‌കൂട്ടര്‍ മോഷ്ടിച്ചു. ആശുപത്രിയിലെ രോഗികള്‍ അലക്കി ഉണങ്ങാനിട്ട വസ്ത്രം മോഷ്ടിച്ചായിരുന്നു വേഷപകര്‍ച്ച.ഇവരൂല്‍ ആദ്യം സംശയം തോന്നിയത് ഒരു ഓട്ടോക്കാരനായിരുന്നു.
ഇവര്‍ നാട്ടുകാരുടെ വലയില്‍ അകപ്പെടാനുളള സാഹചര്യം ഇങ്ങനെ. ജോലി കഴിഞ്ഞ് അമ്പാടിയും കുട്ടന്മോനും ഉതിമൂട് എന്ന സ്ഥലത്ത് സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ സമയം ഒന്‍പത് മണി.രണ്ടു സ്ത്രീകള്‍ മുഖം മറച്ചു അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ വരുന്നത് കണ്ടു.

സംശയം തോന്നിയ ഇരുവരും ബൈക്കില്‍ പിന്‍തുടര്‍ന്നു. ഇതു മനസിലാക്കിയ ഇരുവുരം ശില്‍പയുടെ വീടിന്റെ സമീപം സ്‌കൂട്ടര്‍ ഒതുക്കി വനത്തിനുള്ളിലേക്ക് ഓടി. ഇതോടെ സംശയം ബലപ്പെട്ടു. സ്‌കൂട്ടറിന്റ നമ്പര്‍ പരിശോധിച്ചപ്പോള്‍ കണ്‍മഷി ഉപയോഗിച്ചു മൂന്ന് എന്ന അക്കം എട്ട് ആക്കി മാറ്റിയതായി മനസിലായി.
ജയില്‍ചാടിയവരാണ് എന്നു സംശയം തോന്നിയ ഇരുവരും വെള്ളയംദേശത്തു താമസിക്കുന്ന വലിയമല പൊലീസ് സ്റ്റേഷനിലെ ദിലീപ് കുമാറിനെ അറിയിച്ചു. പിന്നീട് പൊലീസും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി. ആറ്റില്‍ ചാടിയ സ്ത്രീകളെ കരയ്‌ക്കെത്തിക്കാന്‍ സമീപത്തെ വനിതയുടെ സഹായത്തേടി.
പിടിലായ പ്രതികളെ പൊലീസല്‍ ഏല്‍പ്പിച്ചതും നാട്ടുകാരാണ്. ഇതായിരുന്നു തിരക്കഥയുടെ ശുഭാന്ത്യം. പൊതുജനത്തിന് ഇല്ല പ്രശസ്തി പത്രവും ബഹുമതിയും. പൂര്‍ത്തിയായ തുരക്കഥയില്‍ കൈനനയാതെ മീന്‍ പിടിച്ചവരും ഉണ്ട്.