മലയാളം ഇ മാഗസിൻ.കോം

ഇവാൻ & ജൂലിയ മലയാളത്തിലെ ആദ്യ ടൂറിസം ത്രില്ലർ

എൻ എം സി ഹെൽത്ത് കെയറിൻറെയും യു എ ഇ എക്‌സ്‌ചേഞ്ചിന്റെയും സഹകരണത്തോടെ യൂണിലുമിനയുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ഇവാൻ & ജൂലിയ എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ അബു ദാബിയിൽ നടന്നു.

യുണിലുമിനയുടെ എം ഡി സനു സത്യൻ ചിത്രത്തെയും സംവിധായകൻ നാസിം മുഹമ്മദ് ടീമിനെയും പരിചയപ്പെടുത്തി.

അനീഷ് ഭാസിയും ഡെൽഫിൻ ജോർജ്ജും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രവീൺ ജി കുറുപ്പും മഹേഷ് അഞ്ചലും ചേർന്നാണ്. ചിത്ര സംയോജനം സഞ്ജയ് ജയപ്രകാശ് , ശബ്ദ മിശ്രണം ഷെഫിൻ മായൻ , സംഗീതം വൈത്തീശ്വരൻ ശങ്കരൻ.

\"\"

വർക്കല ബീച്ചിന്റെ മനോഹാരിതയും ഹൃദ്യമായ സ്പാനിഷ് സംഗീതവും യോജിപ്പിച്ചൊരുക്കിയ 22 മിനുറ്റ് മാത്രം ദൈർഘ്യമുള്ള ഇവാൻ ആൻഡ് ജൂലിയ ഒരു ഫീച്ചർ ഫിലിം കാണുന്ന അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അതിൽ അവസാനത്തെ ഏഴു മിനുറ്റുകൾ ഒരു ഹോളിവുഡ് സിനിമയിലെന്നതുപോലെയുള്ള ത്രില്ലിംഗ് സീനുകളും !

വിദേശ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു കടൽ തീരവും അവിടെ ഗിറ്റാർ വായിച്ചു നടക്കുന്ന ഇവാൻ എന്ന മധ്യവയസ്ക്കനിലൂടെയും റംബൂട്ടാൻ വിറ്റു ജീവിക്കുന്ന ജൂലിയ എന്ന യുവതിയിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. സാധാരണ മലയാള സീരിയലുകളിലും ഷോർട്ട് ഫിലിമിലുകളിലും കാണുന്നത് പോലെ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകന് കഥ മനസിലാക്കി കൊടുക്കുന്ന ശൈലി വിട്ടു സംഭാഷണങ്ങൾ വളരെ പരിമിതപ്പെടുത്തി ദൃശ്യ വിരുന്നുകളിലൂടെയും മനോഹര സംഗീതത്തിലൂടെയുമാണ് സംഭ്രമജനകമായ ഒരു വലിയ കഥ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകനിൽ എത്തിക്കാൻ ഇവിടെ ശ്രമിച്ചിരിക്കുന്നത് .

ഇവാനും ജൂലിയയും തമ്മിലുള്ള സംഭാഷണത്തിൽ വ്യക്തമായി പറയുന്നില്ലെങ്കിൽ കൂടി മനസിലാക്കാൻ കഴിയുന്ന കാര്യമാണ് വർഷങ്ങൾ സ്‌പെയിനിൽ ജീവിച്ചു കോടികൾ സമ്പാദിക്കുകയും അവസാനം എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ഇവാൻ എന്നത്. പഴക്കച്ചവടക്കാരിയായ ജൂലിയയുടെ താമസം ഒരു ആഡംബര വീട്ടിലാണോ എന്ന് സംശയിക്കുന്നവർ ഉള്ളപ്പോൾ തന്നെ ഹോട്ടൽ മുറികളെക്കാലും വളരെ ചെലവ് കുറഞ്ഞ താമസ സൗകര്യമാണ് ഇത്തരം ഹോം സ്റ്റേയുകൾ ഒരുക്കുന്നതെന്ന് ഇതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർക്ക് മനസിലാക്കാൻ കഴിയും. അതിൽ തന്നെ ഒരു മുറി മാത്രമാണ് ജൂലിയ ഉപയോഗിക്കുന്നതെന്നും മറ്റുള്ള മുറികളിൽ വേറെയും ചില ടൂറിസ്റ്റുകൾ താമസിക്കുന്നതായും നായിക തന്നെ ഇവിടെ സൂചിപ്പിക്കുന്നുമുണ്ട്. മരച്ചില്ലയിൽ ഇരിക്കുന്ന ഒരു പക്ഷിയുടെ നോട്ടം കൊണ്ടുപോലും തിരക്കഥാകൃത്തും സംവിധായകനുമായ നാസിം പറയാതെ പലതും പറഞ്ഞു വെക്കുന്നു. ഇങ്ങിനെ തുടക്കം മുതൽ ഒടുക്കം വരെ വിശദമായി ഡയലോഗുകൾ ഡെലിവർ ചെയ്യാതെ ചില സൂചനകൾ മാത്രം നൽകിയാണ് കഥ പറഞ്ഞു പോകുന്നത്. ഇത് ഒരു പക്ഷേ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരം സ്ക്രിപ്റ്റുകളുടെ മനോഹാരിത മനസ്സിലാകണമെങ്കിൽ അവർ രണ്ടാമതൊന്നു കൂടി ചിത്രം കാണേണ്ടതായി വരും.

കേരളാ തീരത്തേക്ക് ഒരു ഡ്രഗ് മാഫിയയുടെ വരവ് മനസിലാക്കി അവരെ തുടക്കത്തിൽ തന്നെ പിടികൂടാൻ വലവീശുന്ന കേരളാ പോലീസിന്റെ വിജയമാണ് ചിത്രത്തിന്റെ അവസാനം കാണാൻ കഴിയുന്നത്. എപ്പോഴോ തെറ്റിദ്ധരിക്കപ്പെട്ട ഇവാൻ അപ്പോൾ പ്രേക്ഷക ഹൃദയങ്ങളിൽ കടന്നു കൂടുകയും ചെയ്യുന്നു.

മലയാളത്തിലെ ആദ്യത്തെ ടൂറിസം ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ ഇവാനായി എത്തുന്നത് പ്രവാസികൾക്കിടയിൽ പ്രശസ്തനായ നടനും മാധ്യമരംഗത്തെ പ്രമുഖനുമായ കെ കെ മൊയ്‌തീൻ കോയയും ജൂലിയയുടെ വേഷം ചെയ്യുന്നത് സൗത്ത് ഇന്ത്യൻ മോഡലായ രേഷ്മ സോണിയയുമാണ്. കൂടാതെ ജിതേഷ് ദാമോദർ , അപർണ നായർ , ഷെബിൻ ഷറഫ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ചിത്രം താമസിയാതെ മലയാളത്തിലെ പ്രമുഖ ചാനലുകൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും കൂടുതൽ പേർക്ക് കാണാൻ അവസ്സരം ഒരുക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പ്രദർശനത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ പ്രായോജകരെ പ്രതിനിധീകരിച്ചു എത്തിയ അറ്റെർട്ടാ ലാഹ്‌സൻ (യു എ ഇ എക്സ്ചേഞ്ച് – ടൈറ്റിൽ സ്പോൺസർ) ഉല്ലാസ് ആർ കോയ (എൻ എം സി ഹെൽത്ത് കെയർ -ടൈറ്റിൽ സ്പോൺസർ ) ഷൈൻ കേടാകുളം (ഫെൽട്രോൺ – പ്രീമിയം സ്പോൺസർ) റഷീദ് ബാബു പുളിക്കൽ (സീബ്രീസ് കാർഗോ – കോ സ്പോൺസർ) വിപിൻ കുമാർ (കാലിക്കറ്റ് നോട്ട് ബുക്ക് – കോ സ്പോൺസർ) തുടങ്ങിയവരെ ആദരിച്ചു.

Avatar

Staff Reporter