കേരളത്തിലിത് സൈബർ തട്ടിപ്പുകളുടെ കാലമാണ്. വളർന്നു വരുന്ന ടെക്നോളജിയും സാധ്യതകളും മനുഷ്യനെ വളർത്തുന്നതോടൊപ്പം തളർത്തുകയും ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയെ പലരും വ്യക്തിഗത നന്മക്കായി ഉപയോഗിക്കുമ്പോൾ മറ്റുചിലർക്കത് തിന്മയുടെ ഉപകരണമാണ്. ഉടമസ്ഥർ പോലുമറിയാതെ നിമിഷങ്ങൾക്കകമാണ് ഇന്ന് പലതട്ടിപ്പുകൾക്കും ആളുകൾ ഇരയാകുന്നത്. ദിനംപ്രതി പുതിയ പുതിയ തട്ടിപ്പുകൾ ഉടലെടുക്കുന്നു എന്നും ചേർത്തുപറയാം. സാധാരണക്കാരെന്നോ സമ്പന്നരെന്നോ ഇല്ലാതെ എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകുന്നു എന്നതാണ് അത്ഭുതം.
അങ്ങനെ പുതുതായി വന്ന ഒരു തട്ടിപ്പിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.. ‘സിം ക്ളോണിങ്ങ്’. ഉടമസ്ഥർ പോലുമറിയാതെ തന്റെ സിം ദുരുപയോഗപ്പുടുത്തുന്ന ഒരു പ്രവണതയാണിത്. സിമ്മിന്റെ ഉടമസ്ഥനറിയാതെ പൂർണമായും അതിന്റെ നിയന്ത്രണം മറ്റൊരാൾ നേടിയെടുക്കുന്ന രീതിയാണിത്. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് സിം ക്ലോൺ ചെയ്യുന്നത്. ഇതേ സോഫ്റ്റ്വെയർ ഉപയോഗിച്ച് തന്നെ യഥാർത്ഥ ഉടമക്ക് ലിങ്കുകൾ ഉൾപ്പെടുന്ന മെസ്സേജുകൾ അയക്കുന്നു. അതിൽ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങളുടെ സിമ്മിന്റെ നിയത്രണം പൂർണമായും അവർക്ക് ലഭിക്കുകയും ചെയ്യുന്നു. അങ്ങനെ അതുപയോഗിച്ച് ഡാറ്റകൾ ചോർത്തുന്നത് മുതൽ പണം അപഹരിക്കുന്നതുവരെയാവും കാര്യങ്ങൾ. നിയമകുരുക്കിൽ പെടുമ്പോഴാണ് പലർക്കും ഇക്കാര്യം മനസിലാകുന്നത്. അപ്പോഴേക്കും പല തട്ടിപ്പുകളും അവർ ചെയ്തുകാണും. പ്രത്യേകിച്ച് ഫോണിനെ കുറിച്ച് വലിയ പരിജ്ഞാനം ഇല്ലാത്തവരാണെകിൽ ഇക്കാര്യം വളരെ വൈകിയായിരിക്കും അറിയുക. ജാഗ്രതയോടിരിക്കുക എന്നതാണ് ഏകവഴി. അതിനായി പരിചയമില്ലാത്ത നമ്പറിൽ നിന്ന് വരുന്ന കോളുകളും മെസ്സേജുകളും ഓപ്പൺ ചെയ്യാതിരിക്കുക, അസാധാരണമായി ഓ ടി പി കളും ലിങ്കുകളും വന്നുകഴിഞ്ഞാൽ എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക, സിം ക്ലോൺ ചെയ്യപ്പെട്ടു എന്ന സംശയം തോന്നുകയാണെകിൽ ഉടനടി പോലീസിൽ അറിയിക്കുകയും സിം ഡ്യൂപ്ലിക്കേറ്റ് എടുക്കുകയും ചെയ്യുക.