ജെഡി പവര്‍ ഏഷ്യാ പസഫിക്ക് ഈയിടെ നടത്തിയ ഒരു സര്‍വേ ഇന്ത്യയിലെ ഏറ്റവും മികച്ച ‘വാങ്ങലനുഭവം’ പ്രദാനം ചെയ്യുന്ന കമ്പനികളെ കണ്ടെത്തുകയുണ്ടായി. മാരുതി, ഹോണ്ട തുടങ്ങിയ കമ്പനികള്‍ ഉപഭോക്താക്കളെ നല്ല രീതിയില്‍ പരിചരിക്കുന്നതായി കണ്ടെത്തുകയുണ്ടായി.
ഇത് ഉല്പന്നം വാങ്ങാന്‍ ചെല്ലുമ്പോഴുള്ള അനുഭവമാണ്. ഉല്പന്നം വാങ്ങിയതിനു ശേഷമാണ് ഉപഭോക്താവിന്റെ ‘ഉപഭോക്തൃ ജീവിതം’ തുടങ്ങുന്നത്. ഈ അവസരങ്ങളിലാണ് ഉപഭോക്താവ് ഏറ്റവും നന്നായി ‘പരിചരി’ക്കപ്പെടുന്നതും. വാങ്ങലിന് ശേഷം ലഭിക്കേണ്ടുന്ന സേവനങ്ങള്‍ ഉപഭോക്താക്കളുടെ അവകാശമാണ്. എന്നാല്‍, നല്ലെതെന്നു പറയാവുന്ന വില്പനാന്തര സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ വളരെ കുറച്ചാണ് ഇന്ത്യയില്‍. ശരിയായ ഒരു നയം ഇക്കാര്യത്തില്‍ പല കമ്പനികള്‍ക്കും ഇല്ല. ഡീലര്‍ഷിപ്പുകളുടെ താല്പര്യത്തിന് കാര്യങ്ങള്‍ വിട്ടു നല്‍കുകയാണ് പലരും ചെയ്യുന്നത്. ഇവിടെ ഉപഭോക്താക്കള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും എന്നത് നമ്മള് മറന്നുപോകരുത്.
ഗുണനിലവാരമുള്ള വാഹനം ഏതെന്ന് അന്വേഷിച്ചറിയുകയും വാഹനം വാങ്ങാനുള്ള സന്നാഹങ്ങള്‍ പണമായും ലോണായും സംഘടിപ്പിക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുമ്പോള്‍ നമ്മള് മറക്കുന്ന ഒരു പ്രധാന കാര്യമാണ് വില്പനാന്തര സേവനം. മികച്ച ഉല്പന്നങ്ങള് വില്‍ക്കുകയും മികച്ച സര്‍വീസ് ഫെസിലിറ്റികള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന കമ്പനികള്‍ പലതും വില്പനാന്തര സേവനത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ്. കയ്പുറ്റ അനുഭവങ്ങള്‍ ഒരുപക്ഷെ ഇത് വായിക്കുന്ന നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകാം.
സ്കൂളില്‍ വിടുന്നതിനും മറ്റും കാറിനെ ആശ്രയിക്കുന്നവരെ ഇത് വലയ്ക്കാറുണ്ട്. ഇക്കാര്യത്തില്‍ പരാതിയൊന്നും പറയാതെ സഹനത്തിന്റെ പാതകളിലൂടെ നടക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. ഈ പ്രശ്നം നമ്മള് പരിഹരിക്കേണ്ടത് വണ്ടി വാങ്ങിയതിന് ശേഷമല്ല; അതിന് മുമ്പാണ്! മികച്ച സേവനം നല്കുന്ന കാര്‍ കമ്പനികളെക്കുറിച്ച് അന്വേഷിച്ചറിയുക തന്നെ വേണം. ഇതിന് ഇക്കാലത്ത് ധാരാളം വഴികളുണ്ട്. ഇന്റര്‍നെറ്റില്‍ നിരവധി ചര്‍ച്ചാ ഫോറങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരാറുണ്ട്. വണ്ടിയുള്ള കൂട്ടുകാരുമായി വിഷയം ചര്‍ച്ച ചെയ്യേണ്ടത് ഒരു അത്യാവശ്യം തന്നെയാണ്.
പലപ്പോഴും കേള്‍ക്കാറുള്ള പരാതിയാണ് സര്‍വീസ് സെന്ററുകളില്‍ നിന്ന് ശരിയായ വിവരങ്ങള്‍ ലഭ്യമാകാത്തത്. വാഹനത്തിന് തകരാറുണ്ടെന്നു കണ്ട് സര്‍വീസ് സെന്ററിലെത്തിച്ചതിനു ശേഷം എന്താണ് പ്രശ്നം എന്നറിയാന്‍ അവകാശമുണ്ട്. പരിശോധനയ്ക്ക് ശേഷവും പ്രശ്നം എന്താണെന്ന് വിട്ടു പറയാന്‍ ചില സര്‍വീസ് സെന്ററുകാര്‍ തയ്യാറാവാറില്ല. ‘വണ്ടി അവിടെയിട്ടേച്ച് പൊയ്ക്കോ’ എന്നതാണ് നയം. ഇത് വണ്ടി കാശ് കൊടുത്തു വാങ്ങിയവനില്‍/വളില്‍ ഉണ്ടാക്കുന്ന കുണ്ഠിതം വളരെ വലുതാണ്.
മറ്റൊരു വലിയ പ്രശ്നം വണ്ടി സര്‍വീസ് ചെയ്തതിനു ശേഷവും പ്രശ്നങ്ങള്‍ക്ക് അവസാനമുണ്ടാകാറില്ല എന്നതാണ്. ഒരു പ്രശ്നം തീര്‍ക്കാനായി സര്‍വീസ് സെന്ററില്‍ കൊണ്ടിട്ട വണ്ടി എടുത്തു വന്നാല്‍ രണ്ടോ മൂന്നോ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതായി കാണാം. ഈ അത്ഭുതപ്രതിഭാസം തീര്‍ക്കാന്‍ വീണ്ടും സര്‍വീസിംഗിന് കൊണ്ടു പോകുക എന്ന തൊരടി പിടിച്ച ഏര്‍പ്പാടിലേക്ക് ഉപഭോക്താവ് ഒരു ഭ്രാന്തനെപ്പോലെ പ്രവേശിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ രാജ്യത്തെ വന്‍ ബ്രാന്‍ഡുകളുടെ സര്‍വീസ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടാകുന്നു എന്നതാണ് സത്യം.
പണം പിടുങ്ങലാണ് വേറൊരു പ്രശ്നം. വണ്ടി സര്‍വീസ് ചെയ്തു കഴിഞ്ഞാല്‍ സര്‍വീസ് സെന്ററുകാരന് ഇടുന്നതാണ് ബില്ല്. അതില്‍ പരിശോധനയ്ക്ക് വകുപ്പുണ്ടെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ച് വഴിയില്ല. വണ്ടിക്കടിയില്‍ ബോള്‍ട്ട് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞാല്‍ വണ്ടിയുടമയ്ക്ക് അത് നിശ്ശബ്ദമായി സമ്മതിക്കുകയേ നിര്‍വാഹമുള്ളൂ. അടിയില്‍ പോയി പരിശോധിക്കാനുള്ള തിരിപാട് ഉണ്ടായിരുന്നെങ്കില്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയിടേണ്ടതില്ലല്ലോ.
കാര്‍നിര്‍മാതാവ് വാഗ്ദാനം ചെയ്തവയെല്ലാം പലപ്പോഴും കാറില്‍ ഉണ്ടാകണമെന്നില്ല. ഇത്തരം ദുരനുഭവങ്ങള്‍ നിരവധി പേര്‍ക്കുണ്ടായിട്ടുണ്ട്. പറഞ്ഞ മൈലേജ് അതേ അളവില്‍ ലഭിക്കില്ല എന്നത് എല്ലാവര്‍ക്കുമറിയാം. 25 കിലോമീറ്റര്‍ മൈലേജ് പറഞ്ഞ വണ്ടി 15 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നത് അക്രമം തന്നെയാണ്. ഇതെക്കുറിച്ച് ഡീലറോട് പരാതി പറഞ്ഞതിന് തെറി കേട്ടവര്‍ പോലുമുണ്ട്.
ഉപഭോക്താക്കളുടെ ഇടപെടല്‍ വഴി മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയ പോലുള്ള നിരവധി ഇടങ്ങളുണ്ട്. നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞതോ അല്ലാത്തതോ ആയ ദുരനുഭവങ്ങളുണ്ടെങ്കില് അത് ഇവിടെ കമന്റ് ചെയ്യുക. കാര്‍കമ്പനി, ഡീലര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി വെക്കുക. മറ്റുള്ളവര്‍ക്ക് ആ വിവരങ്ങള്‍ ഉപയോഗപ്പെടും.
_________________
ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച് അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത് ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത് എന്ന ഓർമ്മപ്പെടുത്തൽ!