ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ബന്ധങ്ങളും തകരുന്നത് പങ്കാളികൾക്കുണ്ടാകുന്ന സംശയങ്ങൾക്ക് പുറകെയാണ്. പലതരം സംശയങ്ങളും ആശങ്കകളുമാണ് വിവാഹബന്ധങ്ങളാണെകിലും മറ്റു റിലേഷൻഷിപ്പുകളിലാണെങ്കിലും ഉണ്ടാകുന്നത്. അതിലൊന്നാണ് പങ്കാളിയുടെ പഴയ ബന്ധത്തെയോ എക്സിനെ കുറിച്ചോ ഉള്ള ആശങ്കയാണ്. എന്നാൽ ഈ ആശങ്ക അത്ര നിസ്സാരക്കാരനല്ല എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതൊരുതരം രോഗാവസ്ഥയാണ്, ‘റെബേക്ക സിൻഡ്രോം’ എന്നാണ് മനഃശാസ്ത്രപഠനത്തിൽ വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ ഗേൾ ഫ്രണ്ടോ, ബോയ് ഫ്രണ്ടോ, ഭാര്യയോ, ഭർത്താവോ ആരോ ആകട്ടെ അവരുടെ പാസ്ററ് സംബന്ധിച്ച ആശങ്കകളാണ് വില്ലനായി മാറുന്നത്. പൂർവ ബന്ധത്തെപ്പറ്റി അമിതമായി ആലോചിക്കുന്നതും പങ്കാളിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതും സുഹൃത്തുക്കളിൽ നിന്നും അകറ്റുന്നതുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. അവരുടെ ഭൂതകാലവും, മുൻ പ്രണയവും, അക്കാലത്തുണ്ടായ ശാരീരിക ബന്ധങ്ങളെയുമൊക്കെയുള്ള അടക്കാനാവാത്ത ചിന്തകളും സംശയങ്ങളുമാണ് റബേക്ക സിൻഡ്രത്തിലേക്ക് ഒരു വ്യക്തിയെ തള്ളി വിടുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ എല്ലാ കാര്യങ്ങളും പങ്കാളിയോട് തുറന്നു പറയുന്നത് നല്ലതാണ്, പക്ഷെ മറുവശത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും, കുടുംബം ബന്ധങ്ങൾ തകരുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമാർഗം എന്തെന്നാൽ ഇങ്ങനെ സംശയങ്ങളോ ആശങ്കകളോ വന്നു തുടങ്ങുമ്പോൾ തന്നെ തന്റെ പങ്കാളിയോട് കാര്യങ്ങൾ തുറന്ന് പറയുക എന്നതാണ്. അല്ലാത്തപക്ഷം മറ്റു മാനസികവെല്ലുവിളികൾക്ക് അടിമപ്പെടേണ്ടിവരും.