മലയാളം ഇ മാഗസിൻ.കോം

ഫേസ്ബുക്ക്‌ അൽഗോരിതം മാറ്റിയോ? നിങ്ങളും ആ പോസ്റ്റ്‌ ഷെയർ ചെയ്തോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്‌?

ഫെയിസ്ബുക്ക്‌ അൽഗോരിതം മാറ്റി എന്ന വ്യാജ വാർത്ത ഷെയർ ചെയ്യരുത്‌! ഫെയിസ്ബുക്കിൽ പുതിയ അൽഗോരിതം വന്നു, 25 സുഹൃത്തുക്കൾക്ക്‌ മാത്രമേ പോസ്റ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. പോസ്റ്റുകൾ കാണാൻ ആഗ്രഹിക്കുന്നവർ കമന്റ്‌ ചെയ്യുക എന്ന ചില പോസ്റ്റുകൾ സെലിബ്രറ്റികൾ ഉൾപ്പെടെ വ്യാപകമായി പ്രചരിപിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതിനാലാണ്‌ ഈ കുറിപ്പ്‌.

ഇതൊരു ഹോക്സ്‌ മെസ്സേജ്‌ ആണ്‌. ഈ മെസേജിനു എതിരെ ഒരു വർഷം മുമ്പ്‌ തന്നെ ഫേസ്ബുക്ക്‌ മറുപടി നൽകിയിട്ടുണ്ടായിരുന്നു. ഫേസ്ബുക്ക്‌ ആൽഗരിതം എന്ന്‌ പറയുന്നത്‌ ഒരുപാട്‌ ഘടകങ്ങൾ കൂടിച്ചേർന്നതാണ്‌. അത്‌ ഫേസ്ബുക്കിൽ നിങ്ങൾ ചെയ്യുന്ന ഓരോ ആക്ടിവിറ്റിയെയും ബന്ധപ്പെടുത്തി കൊണ്ടാണ്‌ നടക്കുന്നത്‌.

2017 മുതൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാർത്തയാണിത്‌ എന്ന്‌ ഫെയിസ്ബുക്ക്‌ അധികൃതർതന്നെ വ്യക്തമാക്കുന്നു. ന്യുസ്‌ ഫീഡുകളിൽ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത്‌ തീർത്തും വ്യാജമാണ്‌ എന്ന്‌ ഫോർബ്സ്‌ മാഗസിനും വ്യക്തമാക്കുന്നുണ്ട്‌. നമ്മുടെ നാട്ടിൽ ഇപ്പോഴാണ്‌ ഈ വ്യാജ വാർത്ത വൈറലായത്‌ എന്നതുകൊണ്ടുമാത്രമാണ്‌ യാഥാർത്ഥ്യമറിയാതെ ആളുകൾ ഷെയർ ചെയ്യുന്നത്‌.

വെബ്സൈറ്റിലെ സൈസിന്‌ അനുസരിച്ച്‌ ഒരാളുടെ പ്രൊഫൈലിലെ എല്ലാ സുഹൃത്തുക്കളുടെയും പോസ്റ്റുകൾ ന്യുസ്ഫീഡിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നത്‌ സാങ്കേതികമായ ഒരു പോരായ്മയാണ്‌ എന്നതൊഴിച്ചാൽ ഒരാൾ ഏറ്റവും കൂടുതൽ സംവദിക്കുന്നതും, കമന്റ്‌ ചെയ്യുന്നതും, സന്ദേശമയക്കുന്നതുമായ പ്രൊഫൈലുകളിൽ പോസ്റ്റുകളായിരിക്കും ന്യുസ്ഫീഡുകളിൽ മുൻഗണനാ ക്രമത്തിൽ കാണുക. ഇത്‌ നേരത്തെയുള്ള സ്വാഭാവികമായ പ്രത്യേകത മാത്രമാണ്‌. ഇനി ആവശ്യമെങ്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റുകൾ ഏറ്റവും ആദ്യംതന്നെ ന്യുസ്‌ ഫീഡിൽ കാണാനുള്ള See First എന്ന ഓപ്ഷനും ഫെയിസ്ബുക്ക്‌ നൽകുന്നു.

ഫെയ്സ്ബുക്ക്‌ അതിൻറെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗിച്ചു കൊണ്ട്‌, നിങ്ങൾക്ക്‌ ആവശ്യമുണ്ടെന്ന്‌ ഫേസ്ബുക്കിന്‌ തോന്നുന്ന മെസേജുകളും പോസ്റ്റുകളുമാണ്‌ നിങ്ങളുടെ വാളിൽ കാണിക്കുന്നത്‌. ആരുടെയെങ്കിലും ഫേസ്ബുക്ക്‌ പോസ്റ്റ്‌ നിങ്ങൾക്ക്‌ മിസ്സ്‌ ആകാതിരിക്കാൻ, മേൽപ്പറഞ്ഞതുപോലെ നിങ്ങൾ അവരുടെ പ്രൊഫൈലിൽ പോയി ഫോളോ എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്തു അതിൽ സി ഫസ്റ്റ്‌ ക്ലിക്ക്‌ ചെയ്താൽ മതി. അല്ലാതെ 25 പോസ്റ്റുകൾ മാത്രം കാണിക്കുന്ന ഒരു ആൽഗരിതം ഫേസ്ബുക്ക്‌ പുറത്തിറക്കിയിട്ടില്ല.

അതുകൊണ്ടുതന്നെ ഏറെ അരോചകമായി കാണപ്പെടുന്ന അത്തരം വ്യാജ വാർത്തയും, പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

Avatar

Staff Reporter