അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങാൻ ശ്രമിക്കുന്നെന്ന ആശങ്ക ഉയരുന്നു. മതികെട്ടാൻ ചോലയ്ക്ക് എതിർവശത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതാണ് ചിന്നക്കനാൽ ലക്ഷ്യമാക്കി ആന സഞ്ചാരം തുടങ്ങുമോ എന്ന ആശങ്ക ഉയർത്തുന്നത്.
അതേസമയം, അതിനുള്ള സാധ്യതകൾ തള്ളുകയാണ് വനംവകുപ്പ്. ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകൾ പിന്നിട്ട് വേണം അരിക്കൊമ്പന് ചിന്നക്കനാലിലെത്താൻ. അതത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കേരളത്തിന്റെ വനാതിർത്തിയിൽ നിന്ന് എട്ടു കിലോമീറ്ററോളം ദൂരത്താണ് ആനയിപ്പോഴുള്ളത്. തമിഴ്നാട് വനമേഖലയിലേക്ക് പോയ അരിക്കൊമ്പൻ തിരികെ പെരിയാറിലേക്കു വരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപമുള്ള എരിശക്കനായ്ക്കനൂരിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആന ഇവിടേക്ക് എത്തുന്നത് തടയാൻ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ജനവാസമേഖലയ്ക്ക് അരികെ എത്തിയതോടെ മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്കുള്ള റോഡിൽ വനം വകുപ്പിന്റെ തെൻപളനി ചെക് പോസ്റ്റിൽ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല.
YOU MAY ALSO LIKE THIS VIDEO, സംസ്ഥാനത്തെ നടുക്കിയ ആദ്യ ബോട്ട് അപകടമല്ല മലപ്പുറം താനൂർ ബോട്ട് അപകടം. മുൻപും ഇത്തരം ദുരന്തം മലയാളികളെ കരയിച്ചിട്ടുണ്ട്. കേരളത്തെ നടുക്കിയ 20 ബോട്ടപകടങ്ങൾ, എന്നിട്ടും തുടരുന്ന അനാസ്ഥയും.