23
March, 2019
Saturday
03:38 AM
banner
banner
banner

ഏറെ പ്രതീക്ഷയോടെയാണ് ഒഷെയ്ൻ തോമസ് എന്ന കരീബിയൻ പേസ് ബൗളർ ഇന്ത്യക്കെതിരെ അരങ്ങേറിയത്, എന്നാൽ കോഹ്ലിയും രോഹിതും അയാളോട് ചെയ്തത്…

രണ്ടു വർഷങ്ങൾക്കുമുമ്പാണ്. ജമൈക്കയിലെ എം.സി.സി ഗ്രൗണ്ടിൽ ഒരു പ്രാക്ടീസ് മത്സരം നടക്കുകയാണ്. കാണികളുടെ കൂട്ടത്തിൽ സാക്ഷാൽ ക്രിസ് ഗെയിലും ഉണ്ടായിരുന്നു. ആ മത്സരത്തിൽ കളിക്കാനിറങ്ങിയ ഒരു 18കാരൻ പേസ് ബൗളർ ഗെയ്ലിനെ വല്ലാതെ ആകർഷിച്ചു. അവൻ്റെ പേര് ഒഷെയ്ൻ തോമസ് എന്നായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൻ്റെ വാതിലുകൾ അവനു മുമ്പിൽ തുറക്കപ്പെടാൻ പിന്നീട് വലിയ താമസമുണ്ടായില്ല.

എറിഞ്ഞ ആദ്യ പന്തിൽത്തന്നെ വിക്കറ്റെടുത്തുകൊണ്ടാണ് തോമസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. സി.പി.എൽ അവൻ അടക്കിഭരിച്ചു. തൻ്റെ പേസും ബൗൺസും കൊണ്ട് ബാറ്റ്സ്മാൻമാരെ കിടുകിടാ വിറപ്പിക്കുന്ന പേസറെ കാണാൻ ജമൈക്കക്കാർ തടിച്ചുകൂടാൻ തുടങ്ങി. 160 കിലോമീറ്റർ വേഗത്തിൽ വരെ പന്തെറിയുന്ന അതികായനെ കാണാനും സംസാരിക്കാനും കരീബിയൻ ഇതിഹാസതാരങ്ങൾ തയ്യാറായി. സ്വാഭാവികമായും വെസ്റ്റ് ഇൻഡീസിൻ്റെ സീനിയർ ടീമിലേക്ക് വിളിവന്നു.ഗുവാഹട്ടിയിൽ, ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തോമസ്സിൻ്റെ അരങ്ങേറ്റം നടന്നു.

ഇന്ത്യൻ ടീം 323 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുകയായിരുന്നു. തോമസ് ആദ്യ രക്തം വീഴ്ത്തി.ശിഖർ ധവാൻ ഡഗ്-ഒൗട്ടിലേക്ക് തിരിച്ചുനടന്നു. സ്കോർബോർഡിൽ നിസ്സാരമായ റണ്ണുകൾ മാത്രം. ജമൈക്കയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നോ നഷ്ടപ്പെട്ടുപോയ പേസ് ബൗളിങ്ങ് പ്രതാപം തോമസ് തിരിച്ചുപിടിക്കുന്നത് കാണാൻ ദ്വീപുസമൂഹം ആർത്തിയോടെ കാത്തിരിക്കുകയായിരുന്നു. ബലിഷ്ഠനായ തോമസ്സിനെ കാണുമ്പോൾ പേടിതോന്നുന്നു എന്ന് സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ തുറന്നുസമ്മതിച്ചു.

പക്ഷേ ക്രീസിൽ ഇന്ത്യയുടെ നായകനും ഉപനായകനും നില്പുറപ്പിച്ചിരുന്നു.ബരസ്പരയിലെ എ.സി.എ സ്റ്റേഡിയത്തിൽ കളികാണാനെത്തിയവരുടെ പ്രതീക്ഷകൾ മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ആ രണ്ടു മനുഷ്യരിലായിരുന്നു.ക­ഴിഞ്ഞ വർഷം നടന്ന ടി20 മത്സരത്തിൽ ഒാസ്ട്രേലിയൻ ടീം ഇന്ത്യയ്ക്കു സമ്മാനിച്ച പരാജയം ഗുവാഹട്ടിക്കാർ മറന്നിരുന്നില്ല.ഇത്ത­വണയും ടീം ഇന്ത്യയ്ക്ക് കാലിടറുമോ എന്ന് അവർ ഭയന്നിരിക്കാം.മോശം അവസ്ഥയിലുള്ള ഇന്ത്യൻ മിഡിൽ ഒാർഡർ പരീക്ഷിക്കപ്പെടുമോ എന്ന ആശങ്ക ടെലിവിഷനുമുമ്പിൽ ഇരിപ്പുറപ്പിച്ചവർക്കും ഉണ്ടായിരുന്നു.എന്നാൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മറിച്ചാണ് ചിന്തിച്ചത്.

ശരാശരി 146.1 കി.മീ വേഗത്തിലാണ് തോമസ് പന്തെറിഞ്ഞുകൊണ്ടിരുന്നത്.അവയിൽ പല ഡെലിവെറികളും ഗ്രൗണ്ടിൻ്റെ നാലുഭാഗത്തേക്കും പാഞ്ഞു.ഫൈൻലെഗ് മുതൽ തേഡ്മാൻ വരെയുള്ള പ്രദേശങ്ങളിലേക്ക് ഷോട്ടുകൾ സഞ്ചരിച്ചു.മറുവശത്ത് എറിഞ്ഞുകൊണ്ടിരുന്ന കെമർ റോച്ചും ശിക്ഷിക്കപ്പെട്ടു.വിൻഡീസ് ക്യാപ്റ്റൻ ജെയ്സൻ ഹോൾഡർ പന്ത് കൈയ്യിലെടുത്തപ്പോൾ ആദ്യ പന്തിൽത്തന്നെ ബൗണ്ടറി ! വിരാടാണ് അപ്പോൾ നിറഞ്ഞാടിയിരുന്നത്.അയാൾ തൻ്റെ പങ്കാളിയോട് പറഞ്ഞു-

”ഇന്ന് എൻ്റെ ദിവസമാണെന്ന് തോന്നുന്നു.ഞാൻ വേഗത്തിൽ സ്കോർ ചെയ്യാം.തത്കാലം രോഹിത് ആംഗറുടെ റോൾ നിർവ്വഹിക്കൂ…”

രോഹിത് സന്തോഷപൂർവ്വം പിന്തുണക്കാരൻ്റെ ജോലി ചെയ്തപ്പോൾ വിരാട് കത്തിക്കയറുക തന്നെയായിരുന്നു.പന്ത് ബാറ്റിൻ്റെ ഒൗട്ട്സൈഡ് എഡ്ജ് കണ്ടെത്തിയ അവസരങ്ങളിൽ പോലും അയാളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നില്ല.മികച്ച ഷോട്ടുകൾ കളിച്ചപ്പോഴും,ടൈമിങ്ങിൻ്റെ പര്യായമായപ്പോഴും, വിരാട് അസംതൃപ്തനായിരുന്നു.കൂടുതൽ മെച്ചപ്പെടാനുള്ള ത്വരയാണ് അവിടെ തെളിഞ്ഞുകണ്ടത്.രോഹിതിൻ്റെ ഷോട്ടുകൾ ബൗണ്ടറി കടക്കുമ്പോൾ കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ ആനന്ദിക്കുന്ന വിരാടിനെയും കണ്ടു ! ”ഇന്ത്യ ജീതേഗാ” വിളികൾ സ്റ്റേഡിയത്തിൽ സാവകാശം മടങ്ങിയെത്തി.

വിരാട് അർദ്ധസെഞ്ച്വറി പൂർത്തിയാക്കുമ്പോൾ രോഹിതിൻ്റെ സ്കോർ 18 ആയിരുന്നു എന്നറിയുമ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ പ്രകടമാക്കിയ ആധിപത്യത്തിൻ്റെ തോത് വ്യക്തമാവുക.വമ്പൻ ടോട്ടൽ ചെയ്സ് ചെയ്യുമ്പോൾ ഗ്യാപ്പുകളിലൂടെ ഷോട്ടുകൾ പായിക്കുകയും പരമ്പരാഗതമായ ലെയ്റ്റ് കട്ടുകൾ കളിക്കുകയും ചെയ്യുന്ന വിരാട് കോഹ്ലിമാർ കാഴ്ച്ചക്കാരന് നൽകുന്ന ആനന്ദം വളരെ വലുതാണ്.തോമസ്സിൻ്റെ ഒരു ഷോർട്ട് ബോൾ വിരാടിൻ്റെ ശരീരത്തിന് ചെറുതല്ലാത്ത വേദന നൽകി.പക്ഷേ അടുത്ത പന്തിൻ്റെ സ്ഥാനം വേലിക്കെട്ടിനപ്പുറത്തായിരുന്നു ! അതും ബൗണ്ടറി സംരക്ഷിക്കാൻ രണ്ടു പേർ നിൽക്കുമ്പോൾ !!

രണ്ടാമത്തെ സ്പെൽ ആയപ്പോഴേക്കും തോമസ്സിൻ്റെ പേസിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു.എന്നാൽ വിരാട് കൂടുതൽ ശക്തിപ്രാപിക്കുകയായിരുന്നു.റോച്ചിനെ ഫ്ലിക് ചെയ്ത് സിക്സറടിക്കുമ്പോൾ വളരെ നിസ്സാരമായ കരുത്തേ വിരാട് ഉപയോഗിച്ചുള്ളൂ.അതേ മനുഷ്യൻ തന്നെയാണ് തൊട്ടടുത്ത പന്തിനെ ബുള്ളറ്റ് പോലെ കവറിലൂടെ പറത്തിയത്.എല്ലാം വഴങ്ങുന്ന അസാമാന്യപ്രതിഭയ്ക്കു മുമ്പിൽ വിൻഡീസുകാരുടെ മനോവീര്യം തകർന്നു.ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള മർലോൺ സാമുവൽസിൻ്റെ കരങ്ങൾ പോലും ചോർന്നു.

140 റൺസുമായി മടങ്ങുമ്പോഴേക്കും ഇന്ത്യയുടെ ജയം വിരാട് ഉറപ്പിച്ചിരുന്നു.ഈ ഡെൽഹിക്കാരൻ്റെ വരവോടെ സെഞ്ച്വറികൾക്ക് മൂല്യമില്ലാതായി മാറിയിരിക്കുന്നു.ബഹുഭൂരിപക്ഷം ബാറ്റ്സ്മാൻമാരും ടോപ്ഹാൻ്റിനോ ബോട്ടം ഹാൻ്റിനോ മുൻതൂക്കം നൽകുന്നവരായിരിക്കും.ഇരുകൈകളും ഒരുപോലെ ഉപയോഗിച്ചത് ചുരുക്കം ചിലരാണ്.ബ്രയൻ ലാറ,മഹേല ജയവർദ്ധനെ തുടങ്ങിയവർ.വിരാട് ആ ശ്രേണിയിലേക്ക് വളർന്നുകഴിഞ്ഞതായി വിദഗ്ദർ വിലയിരുത്തുന്നു.

ഈ റൺചേസിൽ ഒരു രണ്ടാംനിരക്കാരൻ്റെ വേഷം കെട്ടിയിട്ടും വിരാടിനേക്കാൾ വേഗത്തിൽ സെഞ്ച്വറി പൂർത്തിയാക്കി എന്നിടത്താണ് രോഹിത് എന്ന ബാറ്റ്സ്മാൻ്റെ പ്രസക്തി.ആംഗറുടെ റോൾ ചെയ്യുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ,അയാൾ പടനായകനാവുന്ന ദിവസങ്ങളിൽ എതിർടീമിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഉൗഹിക്കാമല്ലോ ! ടീമിനെ വിജയരേഖ കടത്തുന്നതിൽ വിരാട് പരാജയപ്പെട്ടപ്പോൾ രോഹിത് അവസാനം വരെ നിലകൊണ്ടു.ലോങ്ങ്-ഒാഫിനു മുകളിലൂടെ സിക്സർ പറത്തി സ്റ്റൈലായി ഫിനിഷ് ചെയ്തു.ഒരാൾ സ്പ്രിൻ്റിൽ മുന്നിലായപ്പോൾ അപരൻ മാരത്തോൺ ജയിച്ചടക്കി.ഈ ആരോഗ്യപരമായ മത്സരം ഇന്ത്യൻ ക്രിക്കറ്റിന് ഗുണമേ ചെയ്യൂ.

മരിക്കുന്നതിനു മുമ്പ് അവസാന ആഗ്രഹം എന്തെങ്കിലുമുണ്ടോ എന്ന് രോഹിതിനോട് ചോദിച്ചാൽ ”എനിക്കൊരു പുൾഷോട്ട് കളിക്കണം ” എന്ന മറുപടി അയാൾ കൊടുക്കാനിടയുണ്ട്.അത്രമാത്രം സ്വാധീനമാണ് ആ ഷോട്ടിൽ ഹിറ്റ്മാനുള്ളത്.അയാൾ സ്റ്റെപ്പൗട്ട് ചെയ്ത് പുൾ ഷോട്ട് കളിക്കുന്നു.ഗുഡ്ലെങ്ത്ത് പന്തുകൾ പോലും ആ മാർഗ്ഗം മുഖേന ഗാലറി കാണുന്നു !

വിൻഡീസ് ഫീൽഡർമാരുടെ ചോരുന്ന കൈകൾ വിരാടിനെ സഹായിച്ചപ്പോൾ രോഹിതിൻ്റേത് പഴുതടച്ച ഇന്നിംഗ്സായിരുന്നു.ഒരു പുൾ മിസ് ചെയ്ത അപൂർവ്വതയൊഴിച്ചാൽ അയാൾ പിഴവുകൾ വരുത്തിയില്ലെന്നു തന്നെ പറയാം.രോഹിത് ഇടിച്ചുതാഴ്ത്തുന്നത് സിക്സറുകളുടെ വിലയാണ്.എത്ര അനായാസമായിട്ടാണ് അയാൾ സൈറ്റ് സ്ക്രീനിനു സമീപത്തേക്ക് പന്തെത്തിക്കുന്നത്.കളിക്കാൻ ഏറ്റവും പ്രയാസമുള്ള ലോഫ്റ്റഡ് കവർഡ്രൈവ് ഹിറ്റ്മാന് കുട്ടിക്കളി മാത്രം !

മൂന്നാമത്തെ സ്പെല്ലിനെത്തിയ തോമസ്സിനെ കൈകാര്യം ചെയ്ത രീതി ഭീകരമായിരുന്നു.തുടരെ മൂന്നു ബൗണ്ടറികൾ.141 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്തിനെ രോഹിത് ഫൈൻലെഗ് ഫെൻസിലേക്ക് തോണ്ടിയിടുന്നത് കണ്ട് ബൗളർ നിസ്സഹായനായി നിന്നു.ഫോമിൽ നിൽക്കുന്ന രോഹിതിനോട് ഷോട്ടുകളിൽ മത്സരിച്ചിട്ട് കാര്യമില്ലെന്ന് പണ്ട് വിരാട് പറഞ്ഞത് ഒാർമ്മവന്നു.

സമ്മാനദാനച്ചടങ്ങിൽ വിരാട് പറഞ്ഞു- ”അന്താരാഷ്ട്ര ക്രിക്കറ്റിൽ എനിക്ക് കുറച്ചു വർഷങ്ങൾ ബാക്കിയുണ്ട്.അത് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു…”

അത് കേട്ടപ്പോഴാണ് ഒരു പരുക്കൻ യാഥാർത്ഥ്യം ഒാർമ്മവന്നത്.വിരാടും രോഹിതും ചെറുപ്പമാവുകയല്ല.ഒരുവൻ മുപ്പത് പിന്നിട്ടിരിക്കുന്നു.അപരൻ ആ പ്രായത്തോട് അടുത്തുകൊണ്ടിരിക്കുന്നു.അവരുടെ കരിയറിൻ്റെ നല്ലൊരു പങ്കും നാം കണ്ടുകഴിഞ്ഞിരിക്കുന്നു.ജീവിതകാലം മുഴുവൻ ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ അവർക്ക് സാധിക്കുകയില്ല.വിരാടും രോഹിതും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതാണ് ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച.അവരുടെ അവശേഷിക്കുന്ന കാലം നാം ആഘോഷമാക്കണം.അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കണം.

ഒഷെയ്ൻ തോമസ്സിൻ്റെ മനസ്സിൽ ഇപ്പോൾ അന്ധകാരമാണ്.അയാളുടെ ഉള്ളിൽ പ്രതിഭയുടെ വെളിച്ചമുണ്ടായിരുന്നു.പക്ഷേ രണ്ട് മഹാപ്രതിഭകൾ തോമസ്സിനെ ഇരുട്ടിലേക്ക് നയിച്ചിരിക്കുന്നു.അയാളുടെ ബൗളിങ്ങ് ഫിഗർ ഒരു ദുരന്തസ്മൃതിയായി അവശേഷിക്കുന്നു. 9-0-83-1.

സന്ദീപ് ദാസ്, ക്രിക്കറ്റ് നിരീക്ഷകൻ

[yuzo_related]

CommentsRelated Articles & Comments