തമിഴ്നാടിനും ശ്രീലങ്കക്കും ഇടയിലുള്ള യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ വെച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴ്നാടിനും ശ്രീലങ്കക്കും ഇടയിൽ യാത്രാക്കപ്പൽ സർവീസ് ആരംഭിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കൻ ശ്രീലങ്കൻ തലസ്ഥാനമായ ജാഫ്‌നയിലെ കൻകേശൻതുറയ്ക്കും ഇടയിലാണ് ചെറുകപ്പൽ സർവീസ് നടത്തുക. ഏകദേശം മൂന്നു മണിക്കൂർ കൊണ്ട് 60 നോട്ടിക്കൽ മൈൽ ദൂരം പിന്നിട്ടാണ് കപ്പൽ ലക്ഷ്യത്തിലെത്തുക. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക കാൽവെപ്പാണ് ഈ യാത്രാക്കപ്പൽ സർവീസെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO, എന്താകും ഗാസയുടെ ഭാവി? ഹമാസിന്റെ നീക്കമെന്ത്? ഇസ്രയേലിന്റെ തിരിച്ചടി താങ്ങുമോ?

കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നാണ് ചെറുകപ്പൽ പുറത്തിറക്കിയത്. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി. ഉൾപ്പെടെ ഒരാൾക്ക് 7670 രൂപയാണ് നിരക്ക്. 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കും. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്‌പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ക്യാപ്റ്റൻ ബിജു ബി. ജോർജിന്റെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന സംഘം കഴിഞ്ഞ ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പൽയാത്ര അവസരമൊരുക്കുമെന്ന് സർവീസിന് നേതൃത്വംനൽകുന്ന ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.
രാമേശ്വരത്തിനും വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പൽ സർവീസ് 1982-ൽ ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പിന്നീട് രണ്ടാം യു.പി.എ. സർക്കാർ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിർത്തി.
YOU MAY ALSO LIKE THIS VIDEO, 13 വർഷം കൊണ്ട് വീടിന്റെ ടെറസിനെ ഒരു കൊച്ചു വനമാക്കി മാറ്റിയ കൊച്ചിക്കാരൻ, പച്ചക്കറി മാത്രമല്ല മാവും, പേരയും, ഓറഞ്ചും ഉൾപ്പടെയുള്ള മരങ്ങളുമുണ്ട് ഈ മട്ടുപ്പാവിൽ, Success Story of Terrace Farming