മലയാളം ഇ മാഗസിൻ.കോം

വിറപ്പിച്ച്‌ ബംഗ്ലാദേശ്‌ കീഴടങ്ങി, ഇന്ത്യ ലോക കപ്പ്‌ സെമിയിൽ, കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ്‌ വിക്കറ്റുകൾ വീഴ്ത്തിയത്‌ കാണാം

ഇന്ത്യ ലോക കപ്പ്‌ ക്രിക്കറ്റ്‌ സെമിയിൽ. അവസാനം വരെ പൊരുതിയ ബംഗ്ലാദേശിനെ 28 റൺസ്‌ അകലെ പുറത്താക്കിയാണ്‌ ഇന്ത്യ ലോക കപ്പിന്റെ സെമിയിൽ പ്രവേശിച്ചത്‌. 315 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 48 ഓവറില്‍ 286 റണ്‍സെടുക്കാനെ സാധിച്ചുളളു.

ഷാക്കിബ് അല്‍ ഹസന്‍(66) റണ്‍സെടുത്തു. മുഹമ്മദ് സെയ്ഫുദീന്‍ (52) സബീര്‍ റഹ്മാന്‍ (36), എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലും, ഹാര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റും നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്. ബംഗ്ല നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്‌സറിന് പറത്തിയാണ് ഹിറ്റ്മാന്‍ രോഹിത് തുടങ്ങിയത്.

മുസ്താഫിസുറിന്റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യക്ക് ആശ്വാസമായി. കെ എല്‍ രാഹുലിന് അധികം സമ്മര്‍ദ്ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി. സമ്മര്‍ദം ഒഴിഞ്ഞതോടെ രാഹുലും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. 14-ാം ഓവറില്‍ രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അധികം വൈകാതെ ടീം സ്‌കോറും 100ഉം കടന്നു.

\"\"

ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിത്തിനെ സൗമ്യ സര്‍ക്കാറാണ് പുറത്താക്കിയത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി. എന്നാല്‍ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഇത്തവണയും ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യന്‍ സ്‌കോറാണ് 315ല്‍ ഒതുങ്ങിയത്.

പിന്നീട് നായകന്‍ വിരാടില്‍ നിന്ന് ഒരു വമ്പന്‍ ഇന്നിംഗ്‌സ് പ്രതീക്ഷിച്ചെങ്കിലും സ്ഥിരം കോലി മാജിക് ഇന്ന് ആവര്‍ത്തിക്കപ്പെട്ടില്ല. മുസ്താഫിസുറിനെ സിക്‌സര്‍ പറത്താനുള്ള കോലിയുടെ ശ്രമം റൂബലിന്റെ കൈകളില്‍ ഒതുങ്ങി. ഹാര്‍ദിക് വന്നതും നിന്നതും പോയതും ഒരുമിച്ചായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ ആശങ്ക പടര്‍ന്നു. തുടര്‍ന്ന് റിഷഭ് പന്ത് മികച്ച ബാറ്റിങ് ഇന്നിങ്‌സ് കാഴ്ച വച്ചത് ഇന്ത്യയ്ക്ക് തുണയായി. 41 പന്തില്‍ 48 റണ്‍സെടുത്ത പന്തിനെ ഷാക്കിബ് പുറത്താക്കിയതും ഇന്ത്യന്‍ സ്‌കോറിന് വേഗത കുറയാന്‍ കാരണമായി.

തുടക്കത്തിലെ റണ്ണൊഴുക്കില്‍ സ്‌കോര്‍ 400 കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യനിര വീണ്ടും നിരാശപ്പെടുത്തിയത് സ്‌കോര്‍ കുറയാന്‍ കാരണമായി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം മുസ്താഫിസുര്‍ സ്വന്തമാക്കിയത്.

കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ്‌ വിക്കറ്റുകൾ വീഴ്ത്തിയത്‌ എങ്ങനെയെന്ന്‌ കാണാം – Video

Avatar

Staff Reporter