മലയാളം ഇ മാഗസിൻ.കോം

തോറ്റുകഴിഞ്ഞാൽ ചിരിപ്പിക്കുന്ന കാരണങ്ങൾ പറയുന്ന ഓസ്ട്രേലിയൻ ടീമും ആരാധകരും!

ഡിയർ കംഗാരൂസ്, എനിക്കറിയാം. തോൽവി അംഗീകരിക്കാൻ ഏറ്റവും പ്രയാസമുള്ള ക്രിക്കറ്റ് ടീം ഒാസ്ട്രേലിയയുടേതാണ്.­തോറ്റുകഴിഞ്ഞാൽ ചിരിപ്പിക്കുന്ന കാരണങ്ങൾ പറയുന്നത് നിങ്ങളുടെ ടീമിൻ്റെയും ആരാധകരുടെയും പൊതുസ്വഭാവമാണ്….

ഇന്നും നിങ്ങൾക്ക് വിലപിക്കാം.പിച്ചിനെ കുറ്റപ്പെടുത്താം.ടി2­0 യഥാർത്ഥ ഫോർമാറ്റ് അല്ലെന്ന മുടന്തൻ ന്യായം പറയാം.ഒാസീസ് കപ്പിത്താൻ സ്മിത്ത് അവസാന നിമിഷം പരിക്കേറ്റ് പിന്മാറിയതുകൊണ്ടാണ് ഇന്ത്യ ജയിച്ചത് എന്ന് ആരോപിക്കാം.മഴയെ പഴിക്കാം….

പക്ഷേ സത്യസന്ധമായി പറഞ്ഞാൽ,റാഞ്ചിയിൽ നിങ്ങൾ ടീം ഇന്ത്യയ്ക്കു മുന്നിൽ ഒന്നുമല്ലായിരുന്നു.കളിയുടെ സമസ്ത മേഖലകളിലും ഇന്ത്യ നിങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞു എന്നതാണ് ശരി.രണ്ടു ടീമുകളും കളിച്ചത് ഒരേ പിച്ചിലാണ്.അന്താരാഷ്­ട്ര ടി20 ക്രിക്കറ്റിൽ ഒരു സാധാരണ ബാറ്റ്സ്മാൻ മാത്രമായ സ്മിത്ത് അത്ര വലിയ വ്യത്യാസം ഉണ്ടാക്കുമായിരുന്നു എന്ന് കരുതുന്നില്ല.മഴ പെയ്തില്ലായിരുന്നുവെങ്കിൽ,ഇതൊരു ആറോവർ മത്സരമായി ചുരുക്കപ്പെട്ടില്ലായി­രുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?­ അപ്പോഴും ഇന്ത്യയ്ക്കു തന്നെയായിരുന്നു വ്യക്തമായ ജയസാദ്ധ്യത.

ഡേവിഡ് വാർണർ,നിങ്ങളൊരു അപകടകാരിയായ ബാറ്റ്സ്മാനായിരിക്കാം.പക്ഷേ സൺറൈസേഴ്സിൽ നിങ്ങളുടെ കീഴിൽ കളിക്കുന്ന ഭുവ്നേശ്വർ കുമാറിനു മുമ്പിൽ-ഞങ്ങളുടെ ഭുവിയ്ക്ക് മുമ്പിൽ-നിങ്ങൾക്ക് പതിവായി അടിതെറ്റുന്നു !

ഗ്ലെൻ മാക്സ്വെൽ,നിങ്ങൾ വമ്പനടികൾക്ക് പ്രസിദ്ധനാണ്.പക്ഷേ നിങ്ങളുടെ വമ്പനടികൾ ഞങ്ങളുടെ \’കുഞ്ഞൻ\’ ചാഹലിനെതിരെ വിലപ്പോവുന്നില്ലല്ലോ­ ! ലെഗ്സ്പിന്നറുടെ പന്തുകൾ ഒാഫ്സൈഡിലേക്ക് കളിക്കാൻ നിങ്ങൾ പ്രത്യേക പരിശീലനമൊക്കെ നടത്തിയെന്ന് കേട്ടു ! എന്നിട്ടോ ! നാലാം തവണയും മാക്സിയുടെ വിക്കറ്റ് ചാഹലിന് ! വിക്കറ്റ് കിട്ടിയത് മോശം പന്തിലാവാം.പക്ഷേ അത് ചാഹൽ പ്രദർശിപ്പിക്കുന്ന ബ്രില്ല്യൻസിനുള്ള പാരിതോഷികം മാത്രം !

ജസ്പ്രീത് ബുംറ ! വസീം അക്രവും വഖാർ യുനീസും ലസിത് മലിംഗയും എറിയുന്ന യോർക്കറുകൾ കണ്ട് നെടുവീർപ്പിട്ടിരുന്ന­ ഇന്ത്യക്കാർക്ക് ലഭിച്ച മാണിക്യമാണ് നിങ്ങൾ ! ടോപ്പ് ഒാർഡർ ബാറ്റ്സ്മാനും ടെയ്ൽ എൻഡർക്കും ഒരുപോലെ വെല്ലുവിളിയാകുന്ന ഡെലിവെറികൾ.നിങ്ങളുടെ­ പന്ത് പെയ്നിന് സമ്മാനിച്ച \’പെയ്ൻ\’ ചെറുതല്ല !

കുൽദീപ് യാദവ്,എത്ര മനോഹരമായിട്ടാണ് നിങ്ങൾ ബാറ്റ്സ്മാൻ്റെ മനസ്സുവായിക്കുന്നത് ; അതിനനുസരിച്ച് ബൗൾ ചെയ്ത് വിക്കറ്റുകൾ നേടുന്നത് ! ഒരു ടി20 മത്സരത്തിൽ, നാലോവറിൽ കേവലം 16 റണ്ണുകൾ മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ ! അവിശ്വസനീയം എന്നേ പറയാനുള്ളൂ.ഈ ഇളംപ്രായത്തിൽ തന്നെ ഇന്ത്യയുടെ സ്പിൻ ആക്രമണത്തെ നയിക്കാനാണ് നിങ്ങൾക്ക് യോഗം….

ഹർദ്ദിക് പാണ്ഡ്യ,നിങ്ങൾ ഇന്ന് കുറച്ച് റണ്ണുകൾ വഴങ്ങി.സാരമില്ല.ഒരു അഞ്ചാം ബൗളറിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കണിശതയ്ക്ക് പരിമിതിയുണ്ടല്ലോ.വിക്കറ്റ് കോളം ഒഴിഞ്ഞുകിടക്കാതിരിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.അതാണ് ഇന്ത്യയ്ക്ക് വേണ്ടതും !

ശിഖർ ധവാൻ,ഒരിടവേളയ്ക്കു ശേഷമാണ് നിങ്ങൾ അന്താരാഷ്ട്ര മത്സരം കളിച്ചത്.ഭാര്യയുടെ അസുഖം മൂലം കഴിഞ്ഞു പോയ നാളുകൾ നിങ്ങൾക്ക് ദുഷ്കരമായിരുന്നു എന്നറിയാം.പക്ഷേ അതൊന്നും കളിക്കളത്തിൽ പ്രതിഫലിച്ചതേയില്ല !

രോഹിത് ശർമ്മ,7 പന്തിൽ 11 റണ്ണുകൾ എന്ന പ്രകടനത്തെ പരാജയമായി പലരും വ്യാഖ്യാനിച്ചേക്കാം.­പക്ഷേ 48 റൺസിൻ്റെ ചെയ്സിൽ ആ സംഭാവന ചെറുതല്ല.ഇന്ത്യയ്ക്ക്­ ആഗ്രഹിച്ച തുടക്കം ലഭിച്ചു.നഥാൻ കൂൾട്ടർ നൈൽ പാഡിൽ എറിഞ്ഞ ആ പന്തിൽ നേടിയ സിക്സർ ! ഡീപ്പ് ഫൈൻ ലെഗ്ഗിലെ ഫീൽഡറെ നിസ്സാരനെന്ന് സ്വയം തോന്നിപ്പിച്ച ആ നിമിഷം ! 70 മീറ്റർ അകലെ നിലംതൊട്ട വെള്ളപ്പന്ത് ! എന്തൊരു അഴകും അനായാസതയുമാണ് നിങ്ങളുടെ സിക്സറുകൾക്ക് !

മഹേന്ദ്രസിംഗ് ധോനീ,റാഞ്ചി എന്ന ആരാലും അറിയപ്പെടാത്ത പ്രദേശത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയവനാണ് നിങ്ങൾ.രാജകുമാരൻ തൻ്റെ പ്രവിശ്യയിൽ തിരിച്ചെത്തിയ ദിവസമായിരുന്നു ശനിയാഴ്ച്ച.വിരോധികൾ നിങ്ങളുടെ പിഴവുകൾക്ക് കാത്തിരിക്കുകയാണ്.നഷ്ടമായ ആ സ്റ്റംമ്പിങ്ങ് അവർ ആഘോഷിച്ചേക്കും.പക്ഷേ­ ധോനീ…ധോനീ…എന്ന വിളികളെ അവഗണിക്കാൻ അവർക്കും കഴിയില്ലല്ലോ.നിങ്ങളുടെ കിടിലൻ സ്റ്റംമ്പിങ്ങുകൾ കാലം മായ്ക്കുന്നതല്ലല്ലോ ! ഇന്ത്യയു­ടെ ചെയ്സ് അവസാന ഒാവറിലേക്ക് നീണ്ടപ്പോഴും ഉള്ളിൽ സമാധാനമായിരുന്നു.ഇറങ്ങാൻ തയ്യാറായി ഇരിക്കുന്ന നിങ്ങളാണ് അത് പകർന്നത്.ഇത് യഥാർത്ഥ ക്രിക്കറ്റ് ഫാൻസിന് മാത്രം മനസ്സിലാവുന്ന കാര്യമാണ്.ധോനി എന്ന ഫിനിഷർക്ക് കാലത്തിൻ്റേതായ മങ്ങലേറ്റിട്ടുണ്ടാവാം.എന്നുകരുതി വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസം അത്രയെളുപ്പം പൊയ്പ്പോവുമോ?

വിരാട് കോഹ്ലി,ഇങ്ങനെയാണ് കളിക്കേണ്ടത് ; ഇങ്ങനെയാണ് നയിക്കേണ്ടത് ! വാർണർ ആദ്യം ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ ചെയ്സിങ്ങ് ആയിരുന്നു.ഡക്‌ വർത്ത് ലൂയിസ് നിയമം ചെയ്സിങ്ങ് ടീമിനെയാണ് തുണയ്ക്കുക എന്ന യുക്തി.ഒാസീസിന് മികച്ച തുടക്കം കിട്ടിയെങ്കിലും നല്ല ബൗളിംഗ് മാറ്റങ്ങളിലൂടെയും ഫീൽഡ് ക്രമീകരണത്തിലൂടെയും അവരെ ചെറിയ സ്കോറിൽ ഒതുക്കി.ക്രിസ്റ്റ്യൻ്റെ ആ റണ്ണൗട്ടും…ലീഡിങ്ങ്­ ബൈ എക്സാമ്പിൾ !! മോശമായി ഫീൽഡ് ചെയ്ത ഒരു ടീം അംഗത്തെ നിങ്ങൾക്ക് ധൈര്യമായി ശാസിക്കാം.ഒരാളും നിങ്ങളുടെ ഫീൽഡിങ്ങിനു നേരെ വിരൽ ചൂണ്ടുകയില്ല….!

പിന്നെ ബാറ്റിംഗ്.ചരിത്രത്തി­ലെ ഏറ്റവും മികച്ച ചേസർ എന്ന് അറിയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഒരിക്കൽക്കൂടി നിങ്ങൾ തെളിയിച്ചു.ടൈയിൻ്റെ സ്ലോബോളിൽ നിങ്ങൾ കളിച്ച ആ സ്റ്റൈപ്പൗട്ട് ലോഫ്റ്റഡ് ഒാഫ്ഡ്രൈവ്…ടൈമിംഗി­നെ മാത്രം ആശ്രയിച്ച ഷോട്ട്.എന്നിട്ടും നിസ്സാര വ്യത്യാസത്തിനാണ് സിക്സർ നിഷേധിക്കപ്പെട്ടത് ! ഇതെല്ലാം എങ്ങനെ സാധിച്ചെടുക്കുന്നു വിരാട് !? കളി മുറുകിയപ്പോൾ ഞങ്ങൾ വെറുതെ പേടിച്ചു.പക്ഷേ നിങ്ങൾക്ക് ഭയമെന്ന വികാരമേ ഇല്ലായിരുന്നു.കവറിനു­ മുകളിലൂടെ പറന്ന ക്രിസ്റ്റ്യൻ്റെ പന്ത് എത്ര പെട്ടന്നാണ് സമ്മർദ്ദത്തെ ഇല്ലായ്മ ചെയ്ത് ഇന്ത്യയുടെ വിജയം കുറിച്ചത് !

3-0ത്തിൽ കുറഞ്ഞ ഒന്നും ഞങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നില്ല­.വിരാട് ആർമിയ്ക്ക് അതിന് കഴിയും.കമോൺ ഇന്ത്യ!

സന്ദീപ്‌ ദാസ്‌, ക്രിക്കറ്റ്‌ നിരീക്ഷകൻ 

Staff Reporter