24
March, 2019
Sunday
06:31 PM
banner
banner
banner

ശരാശരി പാകിസ്ഥാനിയുടെ തോൽവി അംഗീകരിക്കാനുള്ള മടി മാത്രമായിരുന്നു അത്‌, ഒപ്പം പരിഹാസത്തിന്‌ ധവാൻ കൊടുത്തത്‌ വലിയ മറുപടി!

”ഷഹീൻ അഫ്രീഡിയുടെ ബൗൺസർ അപകടംപിടിച്ചതാണ്. അയാൾ അതിവേഗത്തിൽ പന്തെറിയാനാണ് താത്പര്യപ്പെടുന്നത്.­­ ഇന്നിംഗ്സിൻ്റെ തുടക്കത്തിലും അവസാനത്തിലും യോർക്കറുകളെറിയാനുള്ള ശേഷി അഫ്രീഡിയ്ക്കുണ്ട്.”

‘റാവൽപ്പിണ്ടി എക്സ്പ്രസ് ‘ എന്ന അപരനാമത്തിലറിയപ്പെടുന്ന മുൻ പാക്കിസ്ഥാനി ഫാസ്റ്റ് ബൗളർ ഷോയബ് അക്തർ ആവേശത്തോടെ പറഞ്ഞുനിർത്തി.കേവലം 18 വയസ്സു മാത്രം പ്രായമുള്ള,ആറടി ആറിഞ്ച് ഉയരമുള്ള സ്പീഡ്സ്റ്ററെക്കുറിച്ച് അക്തറിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അഫ്രീഡി പാക്കിസ്ഥാന് ജയം കൊണ്ടുവരുമെന്ന് ഒരു ജനത മുഴുവൻ വിശ്വസിച്ചിരുന്നു.അഫ്ഗാനിസ്ഥാനെതിരായ അരങ്ങേറ്റത്തിൽ അഫ്രീഡി പന്ത് നന്നായി മൂവ് ചെയ്യിച്ചിരുന്നു; വിക്കറ്റുകൾ നേടിയിരുന്നു.

അഫ്രീഡി ഒറ്റയ്ക്കായിരുന്നില്ല. അയാൾക്കൊപ്പം പടനയിക്കാൻ മൊഹമ്മദ് ആമിറും ഹസൻ അലിയും ഉണ്ടായിരുന്നു.സമീപകാലത്ത് മോശം ഫോമിലായിരുന്നിട്ടും പാക്കിസ്ഥാൻ ആമിറിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത് എതിർപക്ഷത്ത് ഇന്ത്യ ആയതുകൊണ്ടുമാത്രമായി­­രുന്നു. സയീദ് അൻവർ, അക്വിബ് ജാവേദ് തുടങ്ങിയവരെപ്പോലെ നിതാന്തവൈരികൾക്കെതിരെ തൻ്റെ ഏറ്റവും മികച്ച പ്രകടനം കരുതിവെയ്ക്കുന്നവനായിരുന്നു ആമിർ. ഹസൻ അലിയാണെങ്കിൽ കഷ്ടിച്ച് രണ്ടുവർഷം കൊണ്ട് 60 തലകൾ അരിഞ്ഞിട്ട ബൗളറായിരുന്നു. അക്കാലയളവിൽ ഹസനേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയ മറ്റൊരു പേസ് ബൗളറില്ലായിരുന്നു.

ഈ ബൗളർമാർ 238 എന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് പ്രയാസകരമാക്കി മാറ്റുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.ഇന്ത്യയ്ക്കെതിരെ തൻ്റെ കഴിവിൻ്റെ പരമാവധി നൽകുമെന്ന് അഫ്രീഡി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇന്ത്യയ്ക്കാണെങ്കിൽ പരിചയമില്ലാത്ത ബൗളർമാർക്ക് കൈനിറയെ വിക്കറ്റുകൾ നൽകുന്ന ഉദാരമനസ്കതയുമുണ്ട്. പാക്കിസ്ഥാന് ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു.­­ഇന്ത്യയുടെ പക്കൽ രണ്ടേ രണ്ടു ഉത്തരങ്ങളേ ഉണ്ടായിരുന്നുള്ളൂ-ശിഖർ ധവാനും രോഹിത് ശർമ്മയും ! പക്ഷേ ആ ഉത്തരങ്ങൾ പാക്കിസ്ഥാനുമേൽ ഉണ്ടാക്കിയ മുറിവുകൾ വളരെ വലുതായിരുന്നു.

മണിക്കൂറിൽ 141 കി.മീ വേഗത്തിൽ എത്തിയ ഒരു ആമിർ ഡെലിവെറി കവർ ഫെൻസിലേക്ക് പഞ്ച് ചെയ്തുകൊണ്ട് ധവാനാണ് ചെയ്സിന് തുടക്കമിട്ടത്.ഗബ്ബറിനെതിരെ എറിഞ്ഞ ഗുഡ്ലെങ്ത്ത് ബോൾ മിഡ്-വിക്കറ്റിലൂടെ അതിർത്തി കടന്നത് കണ്ടപ്പോൾ അഫ്രീഡി മാറിച്ചിന്തിച്ചു.ശർമ്മയ്ക്കെതിരെ ഒരു ബൗൺസർ ! ഡീപ്പ് സ്ക്വയർലെഗ്ഗിൽ ഫീൽഡറുടെ സംരക്ഷണവും ഉണ്ടായിരുന്നു.പക്ഷേ ശർമ്മ സധൈര്യം പുൾ ചെയ്തു.76 മീറ്റർ അകലെ ഗാലറിയിൽ ആ പന്ത് നിലംതൊട്ടു !

ബൗണ്ടറി കാവലിന് ഫീൽഡർ നിൽക്കുമ്പോൾ പന്ത് ഉയർത്തി അടിക്കുന്നത് അപകടമല്ലേ എന്ന് ചോദിച്ചാൽ മുൻ ഇംഗ്ലിഷ് ഒാൾറൗണ്ടർ ആൻഡ്രൂ ഫ്ലിൻ്റോഫ് പറയും- ”ഒരു ക്യാപ്റ്റനും ആകാശത്തിൽ ഫീൽഡർമാരെ വിന്യസിക്കാനാവില്ല. നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ലോഫ്റ്റഡ് ഷോട്ടുകൾ കളിക്കാം….” ആ ഫ്രെഡി സ്കൂൾ ഒാഫ് ഹിറ്റിങ്ങിൽ വിശ്വസിക്കുന്നയാളാണ് ഇന്ത്യൻ ക്യാപ്റ്റൻ ശർമ്മ.അയാൾ കണക്റ്റ് ചെയ്താൽ പത്തിൽ ഒമ്പത് തവണയും പന്ത് സ്റ്റാൻഡ്സിൽത്തന്നെ !

മറുവശത്ത് ധവാൻ ആമിറിനെ സ്ട്രെയ്റ്റ് ഡ്രൈവുകളിലൂടെ മുക്കിക്കളയുന്നുണ്ടായിരുന്നു. ഒരു ബൗൺസറിൽ നിന്ന് ധവാൻ ഒഴിഞ്ഞുമാറിയപ്പോൾ ആമിർ ബാറ്റ്സ്മാനെ പുച്ഛിച്ചു. ”എന്താ പുൾഷോട്ട് കളിക്കാഞ്ഞത്” എന്ന് പരിഹാസപൂർവ്വം ആരാഞ്ഞു! അടുത്ത ഒാവറിൽ ആമിറിൻ്റെ സങ്കടം ധവാൻ തീർത്തുകൊടുത്തു.പുൾഷോട്ടിലൂടെ സിക്സർ ! വിഷണ്ണമായ മുഖത്തോടെ ആമിർ തൻ്റെ സ്ഥാനത്തേക്ക് തിരിച്ചുനടന്നു!

ചെറിയ സ്കോർ ഡിഫൻഡ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ്റെ മുന്നിലുണ്ടായിരുന്ന ഏക മാർഗ്ഗം ആക്രമിച്ച് കളിച്ച് വിക്കറ്റുകൾ വീഴ്ത്തുക എന്നത് മാത്രമായിരുന്നു. പക്ഷേ ശർമ്മയും ധവാനും ഇപ്രകാരം കളിച്ചുതുടങ്ങിയപ്പോൾ പാക്കിസ്ഥാൻ വളരെ വേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ഇന്ത്യ ഗ്യാപ്പുകളിലൂടെ അനായാസം സിംഗിളുകൾ നേടിക്കൊണ്ടിരുന്നു. ബൗളർമാരോട് തട്ടിക്കയറുക എന്നത് മാത്രമായി സർഫ്രാസ് അഹമ്മദിൻ്റെ ക്യാപ്റ്റൻസി.ശർമ്മ നൽകിയ അവസരങ്ങൾ പച്ചപ്പട കൈവിടുകയും ചെയ്തു.

സ്പിന്നർമാർക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്യുന്ന തന്ത്രം ധവാൻ ഉപയോഗിച്ചപ്പോൾ,ശർമ്മ ക്രീസിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഷോട്ടുകൾ കളിച്ചു. കഴിഞ്ഞ മത്സരത്തിൽ ഒരു ഗൂഗ്ലിയിലൂടെ തന്നെ വീഴ്ത്തിയ ലെഗ്സ്പിന്നർ ഷദാബ് ഖാനെതിരെ ശർമ്മ ആധിപത്യം സ്ഥാപിച്ച കാഴ്ച്ച സുന്ദരമായിരുന്നു.പുൾ ചെയ്യാൻ പ്രയാസമുള്ള ഷക്കീബ് അൽ ഹസനെ വരെ നിരന്തരം പുൾ ചെയ്ത ശർമ്മയ്ക്ക് ഷദാബ് ഒരു വെല്ലുവിളി ആയില്ല.

എങ്ങനെയെങ്കിലും ഒരു വിക്കറ്റ് കിട്ടാൻ ഷദാബ് കിണഞ്ഞുപരിശ്രമിച്ചു.ബാറ്റ്സ്മാനെ വെറുപ്പിക്കുന്ന ചില പ്രവൃത്തികൾക്ക് പകരം കിട്ടിയത് ബൗണ്ടറി ഷോട്ടുകളായിരുന്നു.രണ്ടാമത്തെ സ്പെല്ലിനെത്തിയ അഫ്രീഡിയെ ധവാനും ശർമ്മയും ചേർന്ന് മൃഗീയമായി തല്ലിച്ചതയ്ക്കുകയും ചെയ്തു.അതിനിടയിൽ ശർമ്മ 7000 ഏകദിന റൺസും ധവാൻ പതിനഞ്ചാമത്തെ സെഞ്ച്വറിയും കരസ്ഥമാക്കിയിരുന്നു! കേളികേട്ട പാക് ബൗളിംഗ് നിരയ്ക്ക് ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ആകെ ലഭിച്ച വിക്കറ്റ് ഇന്ത്യയുടെ ദാനമായിരുന്നു. ആശയവിനിമയത്തിൽ ഉണ്ടായ തകരാറുമൂലം ധവാൻ റണ്ണൗട്ടായി. കൂടാരത്തിലേക്ക് ധവാൻ മടങ്ങുമ്പോൾ പച്ച ജഴ്സിയണിഞ്ഞ പെൺകുട്ടികൾ എഴുന്നേറ്റുനിന്നു കൈയ്യടിച്ചു.

23878 പേരാണ് ടിക്കറ്റെടുത്ത് കളികാണാനെത്തിയത്. മുടക്കിയ പണത്തിനുള്ള വിനോദം അവർക്ക് ധവാനും ശർമ്മയും പ്രദാനം ചെയ്യുകയും ചെയ്തു. പാക്കിസ്ഥാനെതിരെ ഒമ്പത് വിക്കറ്റ് ജയത്തിൻ്റെ മധുരം ഇന്ത്യ ആദ്യമായി നുണഞ്ഞു. ശർമ്മയുടെ സെഞ്ച്വറി എന്ന ഒൗപചാരികതയും പൂർത്തിയായി. ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ ഒരുകാൽ ഉറപ്പിച്ചു.

ഫ്ലെഡ് ലിറ്റിന് കീഴിൽ ബാറ്റിങ്ങ് എളുപ്പമായതുകൊണ്ടാണ് ധവാനും ശർമ്മയും ഇത്ര നന്നായി കളിച്ചത് എന്ന് ആമിർ സൊഹൈൽ വിലപിക്കുന്നതുകേട്ടു. അത്തരം ജല്പനങ്ങളെ അവഗണിക്കാം. ശരാശരി പാക്കിസ്ഥാനിയുടെ തോൽവി അംഗീകരിക്കാനുള്ള മടി മാത്രമാണത്. ഇന്ത്യൻ ഒാപ്പണർമാർ ബാറ്റിങ്ങ് വളരെ എളുപ്പമാണെന്ന് തോന്നിപ്പിച്ചുവെന്ന് മാത്രം. ശർമ്മയുടെ പുൾ ഷോട്ടുകൾ കാണുമ്പോൾ ഗോർഡൻ ഗ്രീനിഡ്ജിനെ ഒാർമ്മവരുന്നു എന്ന് ഇതേ സൊഹെയ്ൽ സമ്മതിക്കുകയും ചെയ്തു.

2016നു ശേഷം യു.എ.ഇയിൽവെച്ച് രണ്ടേ രണ്ട് ഏകദിനങ്ങളേ പാക്കിസ്ഥാൻ തോറ്റിട്ടുള്ളൂ.രണ്ടും ഇന്ത്യയ്ക്കെതിരെ ! മത്സരത്തിനുമുമ്പ് സുനിൽ ഗാവസ്കർ പറഞ്ഞിരുന്നു- ”എൻ്റെ വിവാഹവാർഷികമാണ് ഇന്ന്.ടീം ഇന്ത്യ എനിക്കൊരു സമ്മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു…” ഇന്ത്യൻ ഇതിഹാസത്തിന് ഇതിൽക്കൂടുതൽ എന്തുവേണം !? രണ്ട് ഒാപ്പണർമാർ സെഞ്ച്വറിയടിക്കുന്നു…ഇന്ത്യ പാക്കിസ്ഥാനെ തകർത്തെറിയുന്നു…! ഗാവസ്കറുടെ ദാമ്പത്യം മുന്നോട്ടുപോകട്ടെ.ധവാൻ-ശർമ്മ പാർട്നർഷിപ്പ് എതിരാളികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ട് നിർബോധം സഞ്ചരിക്കട്ടെ…

Written by: Sandeep Das

[yuzo_related]

CommentsRelated Articles & Comments