24
March, 2019
Sunday
07:18 PM
banner
banner
banner

മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കിയ ഓസ്ട്രേലിയയുടെ പരമ്പര വിജയം എന്ന ആ സ്വപ്നം ഇന്ത്യ തകർത്തത്‌ ഇങ്ങനെ!

അമ്പാട്ടി റായുഡു നിരാശനായി,തലകുനിച്ച് ഡ്രെസ്സിങ്ങ് റൂമിലേക്ക് തിരിച്ചുനടക്കുകയാണ്.­ഒരു കള്ളച്ചിരിയോടെ ഗ്ലെൻ മാക്സ്വെൽ പരുക്കൻ വാക്കുകൾ ചൊരിഞ്ഞുകൊണ്ടിരുന്നു.ഒാസ്ട്രേലിയൻ താരങ്ങളുടെ ശരീരഭാഷയിൽ അപ്പോൾ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുകയായിരുന്നു. 299 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പാതിദൂരം പിന്നിട്ടപ്പോഴേക്കും വിലപ്പെട്ട മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരറ്റത്ത് പൊരുതുന്നുണ്ടായിരുന്നു.തീച്ചൂള പോലെ ചുട്ടുപഴുത്തിരിക്കുകയായിരുന്നു അഡ്ലെയ്ഡ് ഒാവൽ.താപനില 45 ഡിഗ്രി.ശാരീരികക്ഷമതയുടെ പര്യായമായ വിരാട് പോലും ആ ചൂടിൽ ബുദ്ധിമുട്ടുന്നുണ്ടാ­യിരുന്നു ! എങ്കിലും ഈ യുദ്ധം കപ്പിത്താൻ ജയിപ്പിച്ചെടുക്കുമെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നു.

പെട്ടന്നാണ് ടീം ഇന്ത്യയ്ക്കു മേൽ ഇടിത്തീ വീണത്.സെഞ്ച്വറിയും കടന്ന് മുന്നോട്ടുകുതിക്കുകയായിരുന്ന വിരാട് ഉയർത്തിയടിച്ച പന്ത് ക്യാച്ചായി പരിണമിച്ചു ! ഡീപ്പ് മിഡ്-വിക്കറ്റിൽ വെച്ച് കൈപ്പിടിയിലൊതുക്കിയത് മത്സരമാണെന്ന് മാക്സ്വെല്ലിന് തോന്നിയിട്ടുണ്ടാവണം.അയാളുടെ ആഹ്ലാദപ്രകടനങ്ങളിൽ അത് പ്രകടവുമായിരുന്നു.ടെസ്റ്റ് പരമ്പരയിലെ പരാജയത്തിൻ്റെ പാപങ്ങൾ കഴുകിക്കളയാൻ ഒരു ഏകദിന സീരീസ് വിജയം-കംഗാരുപ്പട സ്വപ്നങ്ങൾ കണ്ടുതുടങ്ങിയിരുന്നു !

അപ്പോൾ സ്വതസിദ്ധമായ നിസ്സംഗതയോടെ മൈതാനത്തിൻ്റെ ഒരു കോണിൽ ടീം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ നിൽക്കുന്നുണ്ടായിരുന്നു.ആ ഏഴാം നമ്പറുകാരനിൽ നിന്ന് ഭൂരിപക്ഷം പേരും അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.അയാളുടെ സമീപകാലപ്രകടനങ്ങൾ പരിതാപകരമായിരുന്നു.ഒരു സെഞ്ച്വറിയോ അർദ്ധസെഞ്ച്വറിയോ ഇല്ലാതെ കടന്നുപോയ 2018 എന്ന വർഷം.താഴേയ്ക്കു മാത്രം സഞ്ചരിച്ചുകൊണ്ടിരുന്ന ശരാശരിയും പ്രഹരശേഷിയും.ഈ പതനം അയാളെ സ്നേഹിക്കുന്നവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു.ആ കളിക്കാരൻ്റെ പേര് മഹേന്ദ്രസിംഗ് ധോനി എന്നായിരുന്നു !

ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 36 പന്തുകളിൽ നിന്ന് 55 റൺസ്.ഒാസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തന്ത്രപൂർവ്വം ഒാഫ്സ്പിന്നർ നഥാൻ ലയണിനെ കൊണ്ടുവന്നു.പേസ് ബൗളിങ്ങാണ് ധോനിയ്ക്ക് കൂടുതൽ താത്പര്യം.വിരാട് ഒൗട്ടായതിനു തൊട്ടുപിന്നാലെ ഇന്ത്യ സ്പിന്നറെ ആക്രമിക്കുകയില്ലെന്നും ഫിഞ്ച് കണക്കുകൂട്ടിയിട്ടുണ്ടാവണം.

ധോനി ക്രീസിൽ നിന്ന് ചാടിയിറങ്ങുന്നതാണ് പിന്നീട് കണ്ടത്.പന്ത് റോപ്പിനു മുകളിലൂടെ പറക്കുകയും ചെയ്തു.സിക്സർ ! എതിരാളിയുടെ മനസ്സ് വായിച്ചെടുത്ത് ഒരു മുഴം മുമ്പേ എറിയുന്ന പഴയ ധോനിയുടെ ലക്ഷണങ്ങൾ ! ആ പഴയ സമരവീര്യം സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു !

പിന്നീട് ധോനി കൂറ്റൻ ഷോട്ടുകളൊന്നും കളിച്ചില്ല.ഇടവേളകളിൽ ബൗണ്ടറിയടിച്ചത് ദിനേഷ് കാർത്തിക്കാണ്.സിംഗിളും ഡബിളും ട്രിപ്പിളും പലതവണ ഒാടിയെടുത്ത കാർത്തിക്കും ധോനിയും സുരക്ഷിതമായി ടീമിനെ മുന്നോട്ടുകൊണ്ടുപോയി.

37 വയസ്സ് പ്രായമുള്ള ധോനി കൊടുംചൂടിൽ മൂന്നര മണിക്കൂർ നേരം കീപ്പ് ചെയ്തതിനുശേഷമാണ് ബാറ്റ് ചെയ്യാനെത്തിയത്.അയാൾ ശരിക്കും തളർന്നിരുന്നു.നിർജ്ജലീകരണത്തിൻ്റെ ബുദ്ധിമുട്ടുകൾ ആ ശരീരം നേരിടുന്നുണ്ടായിരുന്നു.നാല്പത്തിയെട്ടാമത്തെ ഒാവർ കഴിഞ്ഞപ്പോൾ അയാൾ ഗ്രൗണ്ടിൽ വീണുപോയി.ഇന്ത്യൻ ടീമിൻ്റെ ഫിസിയോ പാഞ്ഞെത്തി.

അടുത്ത ഒാവറിൽ ഇതേ ധോനി മൂന്നു റൺസ് അനായാസമായി ഒാടിയെടുക്കുന്നത് കണ്ടു ! അതും ഡേഞ്ചർ എൻഡിലേക്ക് ഒാടിക്കൊണ്ട് ! തോൽവി സമ്മതിക്കാത്ത ആ പോരാളിയെ ലോകം ആ നിമിഷം ആദരവോടെ നോക്കി.ജയിക്കാൻ ആറുപന്തുകളിൽ ഏഴു റൺസ് വേണ്ട സമയത്ത് ബെഹ്റൻ്റോഫിനെ ലോങ്ങ്-ഒാണിനു മുകളിലൂടെ സിക്സറടിച്ച് ധോനി ഒാസീസ് കാണികളെ നിശബ്ദരാക്കി.അടുത്ത പന്തിൽ സിംഗിളെടുത്ത് ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു.

കളി ജയിച്ചപ്പോൾ ധോനി തൻ്റെ ഒരു കൈ ചെറുതായൊന്ന് ഉയർത്തി.ആഘോഷങ്ങൾ അതിലൊതുങ്ങി.ആറുവർഷങ്ങൾക്കു മുമ്പ് ഇതേ അഡ്ലെയ്ഡിൽ വെച്ച് ക്ലീൻ്റ് മക്കായ് എന്ന ബൗളറെ 112 മീറ്റർ ദൂരത്തേക്ക് പായിച്ച് വിജയം സ്വന്തമാക്കിയപ്പോഴും ധോനി ഇതുപോലെ ശാന്തനായിരുന്നു.അന്ന് ഒാസ്ട്രേലിയൻ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന മൈക്കൽ ക്ലാർക്ക് കളിപറച്ചിലുകാരനായി മാറിയിട്ടും റാഞ്ചിക്കാരൻ തൻ്റെ കുതിപ്പ് തുടരുകയാണ്.ശീതീകരിച്ച കമൻ്ററി ബോക്സിലിരുന്ന് ക്ലാർക്ക് പുഞ്ചിരിച്ചിട്ടുണ്ടാ­വണം.ചരിത്രം ആവർത്തിക്കുകയാണല്ലോ !

ധോനിയ്ക്കു പകരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്.എന്നാൽ ധോനിയുടെ പരിചയസമ്പത്തിനു വിലയിടാനാകാത്തതുകൊണ്ടാണ് വിരാട് കോഹ്ലി അതിനു തുനിയാത്തത്.ധോനിയ്ക്ക് ടീമിലുള്ള സ്വാധീനം കേവലം റണ്ണുകൾ കൊണ്ട് മാത്രം അളക്കാനാവുന്നതല്ല.

സച്ചിൻ തെൻഡുൽക്കർ സെഞ്ച്വറിയടിച്ച എത്ര കളികളിൽ ടീം വിജയിച്ചു എന്ന മട്ടിലുള്ള ചോദ്യങ്ങൾ കൊണ്ട് ആ പ്രതിഭയ്ക്ക് മാർക്കിടാൻ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്.സെഞ്ച്വറികൾക്കപ്പുറം പലതുമായിരുന്നു തെൻഡുൽക്കർ.ക്രീസിലെ സച്ചിൻ്റെ സാന്നിദ്ധ്യം പോലും മറ്റേയറ്റത്തെ ബാറ്റ്സ്മാനെ വളരെയേറെ സമാധാനിപ്പിക്കുമായിരുന്നു.അതുപോലെയാണ് ധോനിയും.

ടീം സമ്മർദ്ദത്താൽ വലിഞ്ഞുമുറുകുമ്പോൾ നാം ക്രീസിൽ കാണാൻ ആഗ്രഹിക്കുന്ന മുഖം ധോനിയുടേതാണ്.അഡ്ലെയ്ഡിൽ ഇത്ര ശാന്തമായും സ്വതന്ത്രമായും കാർത്തിക് കളിച്ചത് മറ്റേയറ്റത്ത് ധോനി ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ്.മറ്റുള്ളവർ പതറുന്ന സന്ദർഭങ്ങളിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ധോനി കളിക്കുന്നത്.ആ മനസ്സിലുള്ളത് എന്താണെന്ന് ഒരാൾക്കും വായിച്ചെടുക്കാനാവില്ല.

ഒരു ആന്ദ്രേ റസ്സലോ ഗ്ലെൻ മാക്സ്വെല്ലോ നടത്തുന്ന പോലുള്ള ഫിനിഷിങ്ങ് ഇനി ധോനിയിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലായിരിക്കും. എന്നാൽ 30 പന്തുകളിൽ 70 റൺസ് ചെയ്സ് ചെയ്യുന്ന വിരാട് കോഹ്ലി, ധോനിയെ തൻ്റെ പങ്കാളിയായി ലഭിക്കാനായിരിക്കും ആഗ്രഹിക്കുന്നത്.അത് ഋഷഭിൻ്റെ തെറ്റല്ല. സൗരവ് ഗാംഗുലിയുടെ കീഴിൽ അരങ്ങേറ്റം കുറിച്ച നീളൻമുടിക്കാരനെ ആർക്കും അത്ര വിശ്വാസമില്ലായിരുന്നു. വർഷങ്ങളുടെ പ്രയത്നം കൊണ്ടാണ് ധോനി ഈ വിശ്വാസം ആർജ്ജിച്ചെടുത്തത്.

വിജയകരമായ റൺചേസുകളിൽ ധോനിയുടെ ശരാശരി 99.85 ആണ് ! നോട്ടൗട്ടായി നിന്ന് ആവറേജ് കൂട്ടി എന്ന വിശദീകരണം ധോനി വിരോധികൾ നൽകുമായിരിക്കും.എന്നാൽ ടോപ്പ് ഒാർഡറിൽ കളിക്കാൻ ആളുകൾ ക്യൂ നിൽക്കുമ്പോഴാണ് ധോനി തൻ്റെ നല്ല കാലത്ത് ആറാം നമ്പറിലും ഏഴാം നമ്പറിലും അടിമപ്പണിയെടുത്തത്.അതിന് അയാൾക്ക് ലഭിച്ച പ്രതിഫലം മാത്രമാണ് അത്യാകർഷകമായ ഈ അക്കങ്ങൾ.

അഡ്ലെയ്ഡിലെ ഇന്നിങ്ങ്സിനെ ‘എം.എസ് ക്ലാസിക് ‘ എന്നാണ് വിരാട് വിശേഷിപ്പിച്ചത്. ക്ലാ­സ്,ക്ലാസിക് മുതലായ പദങ്ങൾ ധോനിയുമായി ചേർത്ത് പറയാൻ പലർക്കും മടിയായിരുന്നു.അയാൾക്ക് ടെക്സ്റ്റ് ബുക്ക് ഷോട്ടുകൾ കളിക്കാനാവില്ലല്ലോ ! ‘കലാകാരൻ’ എന്ന വിശേഷണവും ധോനിയ്ക്ക് ആരും നൽകാറില്ല.വി.വി.എസ് ലക്ഷ്മണിനെപ്പോലൊരു കൈക്കുഴ മാന്ത്രികനല്ല ധോനി.അയാളുടെ ഷോട്ടുകൾക്ക് സച്ചിൻ്റെ സ്ട്രെയിറ്റ് ഡ്രൈവിൻ്റെയും വിരാടിൻ്റെ കവർഡ്രൈവിൻ്റെയും മനോഹാരിതയില്ല.ഗുണ്ടപ്പ വിശ്വനാഥിൻ്റെ സ്ക്വയർകട്ടും മൊഹീന്ദർ അമർനാഥിൻ്റെ ഹുക്ക് ഷോട്ടും കണ്ടിട്ടുള്ളവർക്ക് ധോനിയുടെ ശൈലി മോശമായി തോന്നാം.

സമ്മർദ്ദത്തെ അതിജീവിക്കുന്നതും ഒരു കലയാണ്.ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ,അതേസമയം അതീവ ദുഷ്കരമായ ആർട്ട്.ഈ കലാരൂപം ഫലപ്രദമായി രംഗത്ത് അവതരിപ്പിക്കുവാൻ ചുരുക്കം ചിലർക്കേ കഴിയാറുള്ളൂ.അതിൻ്റെ മാസ്റ്ററാണ് ധോനി. ക്രിക്കറ്റ് കണ്ട ഏറ്റവും വ്യത്യസ്തനായ കലാകാരനാണ് ധോനി.ഷോട്ടുകൾ കൊണ്ട് ജാലവിദ്യ തീർക്കുന്നവരുടെ ലോകത്ത് വേറിട്ടുനിൽക്കുന്ന മജീഷ്യനാണ് മഹേന്ദ്രസിംഗ് ധോനി….!

Written by-Sandeep Das

കാണാം 5 മിനിട്ടിൽ ആ ആവേശപ്പോരാട്ടം

· · ·
[yuzo_related]

CommentsRelated Articles & Comments