മലയാളം ഇ മാഗസിൻ.കോം

ഗൾഫിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിൽ ഈ 15 കാര്യങ്ങൾ നിങ്ങളെ സഹായിക്കും, ഉറപ്പ്‌!

ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി അനേകം ആളുകൾ ജോലി തേടി ദിനംപ്രതി ഗൾഫിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എക്സ്പീരിയൻസ് ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്റെയും എന്റെ പരിചയത്തിലുള്ളവരുടെയും അഭിപ്രായങ്ങളും പരിചയ സമ്പത്തും ആസ്പദമാക്കി ഇവിടെ പറയാം.

1. നാട്ടിൽ നിന്ന് വരുമ്പോൾ ജോലിയാണ് എന്റെ പ്രധാന ഉദ്ദേശമെന്നും അതിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കണം എന്ന കാര്യവും മനസ്സിൽ എപ്പോഴും സൂക്ഷിക്കുക. ആവശ്യമായ സെർട്ടിഫിക്കറ്റുകൾ കുടെ കരുതുക.

2. റെസ്യൂമെ അല്ലെങ്കിൽ സി.വി (കരിക്കുലം വീറ്റെ) കഴിയുന്നതും നാട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. റെസ്യൂമെ എന്ന വാക്ക് ജോലി പരിചയം ഇല്ലാത്തവർക്കും സി.വി ജോലി പരിചയം (വർക്ക് എക്സ്പീരിയൻസ്) ഉള്ളവർക്കും എന്ന രീതിയിലാണ് ഉപയോഗിക്കാറുള്ളത്.

3. നിങ്ങൾക്ക് ഏത് മേഖലയിലാണോ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഏത് മേഖലയിലാണോ നിങ്ങൾ ജോലി അന്വേഷിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയാവണം സി.വി ഉണ്ടാക്കേണ്ടത്.

4. ഭൂരിപക്ഷം കമ്പനികളും ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഏജൻസികൾ(ഓൺലൈൻ/ഓഫ് ലൈൻ) വഴിയോ എച്ച്.ആർ കമ്പനികൾ വഴിയോ ആണ്. അത് കൊണ്ട് തന്നെ ഇത്തരം കമ്പനികളെപ്പറ്റി ആദ്യമേ ഒരു ധാരണ ഉണ്ടാക്കി വെക്കുക. ഇതിന് വേണ്ടി ഗൾഫിൽ മുൻപരിചയമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അതുമല്ലെങ്കിൽ ഇന്റർനെറ്റോ ഉപയോഗപ്പെടുത്തുക.

5. റെസ്യൂമെ / സി.വിയിൽ നിങ്ങളുടെ മുഴുവൻ പേര്, കോണ്ടാക്ട് നമ്പർ, ഫോട്ടോ, ഇമെയിൽ അഡ്രസ്സ്, ജനന തിയ്യതി (വയസ്സ് ) എന്നിവ നിർബന്ധമായും ചേർക്കാൻ ശ്രമിക്കുക. ഏത് കമ്പനിയായാലും അവർക്ക് ഏത് മേഖലയിലേക്കാണോ ജോലിക്കാരുടെ ആവശ്യം അതിനനുസൃതമായി കഴിവ് (സ്കിൽ) ഉള്ളവർക്കാണ് മുൻഗണന കൊടുക്കുന്നത്. അതു കൊണ്ട് തന്നെ സി.വി യിലാണെങ്കിൽ നിങ്ങളുടെ പ്രവൃത്തി പരിചയവും കഴിവുകളും നല്ല രീതിയിൽ എഴുതിച്ചേർക്കുക.

6. പ്രവൃത്തി പരിചയമുള്ളവരാണെങ്കിൽ ജോലി ചെയ്ത റോൾ, (ഉദാ: സ്റ്റോർ കീപ്പർ, ഡ്രൈവർ, അക്കൗണ്ടന്റ്) ജോലി ചെയ്ത കമ്പനിയുടെ മുഴുവൻ പേര്, കാലയളവ് എന്നിവ ചേർക്കാൻ ശ്രദ്ധിക്കുക. കൂടാതെ കമ്പനിയെപ്പറ്റി ഒന്നോ രണ്ടോ വരിയിൽ ചെറിയ വിവരണം കൂടെ എഴുതിച്ചേർക്കുക.

7. പ്രവൃത്തി പരിചയം ഇല്ലാത്തവർ (ഫ്രഷർ) ആണെങ്കിൽ കഴിവുകൾ എഴുതുന്നതിന്റെ കൂടെ നിങ്ങൾക്ക് കിട്ടിയ ട്രെയിനിംഗ്, പങ്കെടുത്ത വർക്ക്ഷോപ്പുകൾ, കോഴ്സ് സെർട്ടിഫിക്കേഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ എഴുതിച്ചേർക്കാൻ ശ്രദ്ധിക്കുക.

8. ഗൾഫിൽ എവിടെ നോക്കിയാലും ഏകദേശം കമ്പനികളും ഇ മെയിൽ വഴി റെസ്യൂമെ / സി.വി സ്വീകരിക്കുന്നവരാണ്. അത്കൊണ്ടു തന്നെ ഓഫീസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. ഒന്നുകിൽ ഏജൻസികൾക്ക് ഇമെയിൽ ചെയ്യുക അല്ലെങ്കിൽ നേരിട്ട് കമ്പനികൾക്ക് തന്നെ അയക്കാവുന്നതാണ്.

9. ഇമെയിൽ ഐ.ഡി ഉണ്ടാക്കുമ്പോൾ നിങ്ങളുടെ പേര് വ്യക്തമാകുന്ന രീതിയിൽ അവതരിപ്പിക്കുക. (ഉദാ: sachinvarghese@gmail.com,sachin123@gmail.com). പേര് വ്യക്തമാക്കാത്ത രീതിയിലുള്ള ഇ മെയിൽ ഐഡികൾക്ക് പ്രസക്തി വളരെ കുറവാണ് (ഉദാ: captionammuz@gmail.com, popzdevil@gmail.com).

10. പ്രവൃത്തി പരിചയമില്ലാത്തവർക്ക് വാക്കൻസികൾ (ജോലി ഒഴിവുകൾ) മനസ്സിലാക്കാനും അപേക്ഷിക്കാനും പറ്റുന്ന പ്രധാനപ്പെട്ട ഓൺലൈൻ സൈറ്റുകളാണ് Dubizzle (ഡുബിസിൽ), Indeed (ഇൻസീഡ്), Noukari(നൗക്കരി) എന്നിവ. ഇതു കൂടാതെ വേറെയും ഒരുപാട് സൈറ്റുകളും ഏജൻസികളുമുണ്ട്. പ്രധാനപ്പെട്ട ഏജൻസികളുടെ വെബ്സൈറ്റ് ലിങ്കുകൾ ഇവിടെ ചേർക്കുന്നു.

bayt – https://www.bayt.com/
Naukri – https://www.naukrigulf.com/
Dubizzle – https://dubizzle.com/
JAMS HR Solutions – http://www.jamshrsolutions.com/
Ultimate HR Solutions – http://www.uhrs.ae/
TASC – http://www.tascoutsourcing.com/
DULSCO – http://www.dulsco.com/Site/Index.aspx

11. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ലിങ്ക്ടിൻ (LinkedIn) അക്കൗണ്ടിന്റെ കാര്യം. ഫെയ്സ് ബുക്ക് പോലെ തന്നെ പ്രൊഫഷനുകൾ മാത്രം ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് ലിങ്ക്ടിൻ. അക്കൗണ്ട് നിർമ്മിക്കുകയും അതിൽ നമ്മുടെ പ്രൊഫൈൽ നല്ല രീതിയിൽ പൂർത്തിയാക്കുകയും ചെയ്യുക. നിങ്ങളുടെ ജോലി മേഖലയിലുള്ള ആളുകൾക്ക് അത് വഴി മെസ്സേജ് അയക്കാനും കമ്പനികളുടെ വിവരങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കും.

12. റെസ്യൂമെ / സി.വി ഇ മെയിൽ അല്ലെങ്കിൽ നേരിട്ട് കൊടുത്ത ഒരാൾക്ക് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ/ഇമെയിൽ വഴി വിവരം ലഭിക്കും.ഇന്റർവ്യൂ തിയ്യതി കിട്ടിക്കഴിഞ്ഞാൽ യഥാർത്ഥ സമയത്ത് തന്നെ അവിടെ എത്തുക

13. ഇന്റർവ്യൂവിന് പോകുമ്പോൾ നിങ്ങളുടെ ഡ്രസ്സ് കോഡ് (വസ്ത്രധാരണം) വളരെ പ്രധാനപ്പെട്ടതാണ്. നല്ല വൃത്തിയുള്ള എക്സിക്യുട്ടീവ് അല്ലെങ്കിൽ പ്രഫഷനൽ സ്റ്റൈലുള്ള വസ്ത്രം, ഷൂസ്, പറ്റുമെങ്കിൽ ടൈ കൂടെ ഉൾപ്പെടുത്തുക. കമ്പനിയെപ്പറ്റിയും ഇന്റർവ്യൂ ചെയ്യുന്ന ആളിനെപ്പറ്റിയും മുൻകൂട്ടി മനസ്സിലാക്കുക.

14. ഇന്റർവ്യൂ സമയത്ത് കാര്യങ്ങൾ ചോദിക്കുമ്പോൾ അറിയില്ല എന്നതിന് പകരം ചോദിച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ പറയാൻ ശ്രമിക്കുക. നെഗറ്റീവ് കാര്യങ്ങൾ ഒഴിവാക്കി പോസിറ്റീവിന് മുൻഗണന കൊടുക്കൽ, അറിയാത്ത കാര്യങ്ങളിൽ ആവശ്യത്തിൽ കൂടുതലുള്ള സംസാരം ഒഴിവാക്കൽ, ആത്മവിശ്വാസത്തോടെയുള്ള സംസാരം എന്നിവ കൂടുതൽ ശ്രദ്ധിക്കുക.

15. ഒരു പക്ഷേ, പലർക്കും ജോലി നഷ്ടപ്പെടാൻ വരെ കാരണമായ പ്രധാനപ്പെട്ട കാര്യമാണ് സാലറി എക്സ്പെക്ടേഷനെ (പ്രതീക്ഷിക്കുന്ന ശമ്പളം) പറ്റിയുള്ള ചോദ്യം. പരിചയ സമ്പത്തുള്ള ഒരാളാണെങ്കിൽ അയാൾ ജോലി ചെയ്ത കമ്പനിയിൽ അവസാനം കിട്ടിയ സാലറിയെപ്പറ്റി പറയുക (സാലറി സ്ലിപ്പ് കൂടെ കരുതക). ഫ്രഷർ ആണെങ്കിൽ മാർക്കറ്റിൽ ഇപ്പോൾ ലഭിക്കുന്ന മാന്യമായ രീതിയിലുള്ള സാലറി പറയുക. ഒരു നമ്പർ നേരിട്ട് പറയുന്നതിന് പകരം കമ്പനി നൽകാൻ ഉദ്ദേശിക്കുന്ന സാലറി എന്ന രീതിയിൽ മറുപടി കൊടുക്കുന്നതാവും ഏറ്റവും നല്ലത്. എങ്ങനെ ആണെങ്കിലും അവസാനവാക്ക് നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നയാളെ അനുസരിച്ചിരിക്കും.

നാം സ്ഥിരമായി ഉപയോഗിക്കുന്ന വാട്ട്സപ്പ്, ഫേസ് ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങൾ ബന്ധങ്ങളെ ശക്തിപ്പെടുത്താനും ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാനും അറിവുകൾ കൈമാറാനും വേണ്ടി ഉപയോഗിക്കുക.ഇതിനൊക്കെ പുറമെ നിങ്ങളുടെ ആത്മവിശ്വാസവും കർമ്മശേഷിയും കഠിന പ്രയത്നവും തന്നെയാണ് ജീവിതത്തിൽ നിങ്ങളെ വിജയത്തിലേക്കെത്താൻ സഹായിക്കുന്നത്.

കടപ്പാട്‌: ഏഷ്യാവിഷൻ ഫാമിലി മാഗസിൻ (ഒക്ടോബർ ലക്കം)

Avatar

Staff Reporter