മലയാളം ഇ മാഗസിൻ.കോം

അയാൾക്ക്‌ ഭാര്യയിൽ നിന്ന് ഡിവോഴ്സ്‌ വേണം, പക്ഷെ ആ ഭാര്യ ചെയ്തതോ? പങ്കാളി ഉള്ളവരും ഇല്ലാത്തവരും ഇത്‌ തീർച്ചയായും വായിക്കണം

ഇത് ഒരു കഥയാണോ അനുഭവസാക്ഷ്യമാണോ എന്നതിലുപരി വിവാഹിതരും അല്ലാത്തവരും ചിന്തിക്കേണ്ട എന്തോ ഒന്ന് ഇതിൽ ഇല്ലേ എന്ന് തോന്നിയത് കൊണ്ട് മാത്രം പങ്കുവയ്ക്കുന്നു.

“അന്ന് രാത്രി പതിവ് പോലെ ഞാൻ വീട്ടിലെത്തി. ഭാര്യ അത്താഴം വിളമ്പുമ്പോൾ ഞാൻ അവളുടെ കൈ മെല്ലെ എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു, ‘എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്’, അവൾ ഒന്നും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു. അവളുടെ കണ്ണുകളിലെ വേദന ഞാൻ അന്നും കണ്ടു. ഇത്രപെട്ടെന്ന് എങ്ങനെ അവളോട് അത് പറയും എന്ന ചിന്തയിലായിരുന്നു ഞാൻ, പക്ഷേ എനിക്ക് അവളിൽ നിന്നും വിവാഹപോചനം വേണം എന്ന് അവൾ അറിയണം എന്ന് എനിക്ക് നിർബദ്ധം ഉണ്ടായിരുന്നു.

വളരെ ശാന്തനായി ഞാൻ ആ വിഷയം അവതരിപ്പിച്ചു. എന്റെ വാക്കുകൾ അവളെ അല്പം പോലും അലോസരപ്പെടുത്തുന്നതായി എനിക്ക് തോന്നിയില്ല, പകരം അവൾ ചോദിച്ചു, ‘എന്തുകൊണ്ട്?’ ഞാൻ അവളുടെ ചോദ്യം കേട്ടതായി നടിച്ചില്ല. അത് അവളെ ചൊടിപ്പിച്ചു, അവൾ സ്പൂൺ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ നേരേ അലറിക്കൊണ്ട് പറഞ്ഞു ‘നിങ്ങൾ ഒരു പുരുഷനല്ല’അന്ന് രാത്രി ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല. അവൾ കരയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ബന്ധത്തിന് എന്തുപറ്റി എന്ന് കണ്ടെത്താൻ അവൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷേ എനിക്ക് അവളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു മറുപടി നൽകാൻ കഴിഞ്ഞില്ല. എന്റെ സുഹൃത്ത് ജയിൻ എന്റെ ഹൃദയത്തെ അത്രത്തോളം സ്വാധീനിച്ച് കഴിഞ്ഞിരുന്നു, എനിക്ക് എന്റെ ഭാര്യയോട് ഇക്കാര്യത്തിൽ സഹതപിക്കാനല്ലാതെ മറ്റൊന്നിനും ആകില്ലായിരുന്നു. വളരെ അധികം കുറ്റബോധത്തോടെ ഞാൻ അടുത്തദിവസം തന്നെ നമ്മുടെ വീടും, കാറും, പിന്നെ എന്റെ കമ്പനിയുടെ 30% ഓഹരിയും അവൾക്ക് നൽകിക്കൊണ്ടുള്ള ഡിവോഴ്സ് എഗ്രിമെന്റ് തയ്യാറാക്കി അവൾക്ക് നൽകി.

അവൾ അത് ഒന്ന് ഓടിച്ച് നോക്കിയിട്ട് കീറിക്കളഞ്ഞു. എന്നോടൊപ്പം 10 വർഷം ജീവിച്ച സ്ത്രീ ഇന്ന് എനിക്ക് അന്യയായി. ഞാൻ കാരണം അവൾക്ക് നഷ്ടമായ സമ്പത്തിനേയും സമയത്തേയും ഊർജത്തേയും ഒന്നും എനിക്ക് തിരിച്ച് നൽകാൻ ഇനി കഴിയില്ല, പക്ഷേ ഞാൻ ജയിനെ ഭാര്യയെക്കാൾ ഏറെ സ്നേഹിച്ചുപോയി. അവസാനം ഞാൻ പ്രതീക്ഷിച്ചത് പോലെയും ആഗ്രഹിച്ചതുപോലെയും എന്റെ ഭാര്യ എനിക്ക് മുന്നിൽ ഇരുന്ന് വാവിട്ടു കരഞ്ഞു, എനിക്ക് അവളുടെ കരച്ചിൽ വലിയൊരു ആശ്വാസമായിരുന്നു. എന്നെ വളരെ നാളായി ആശയക്കുഴപ്പത്തിലാക്കിയിരുന്ന ഡിവോഴ്സ് എന്ന തീരുമാനത്തിന് ഇപ്പോൾ ആണ് ഒരു വ്യക്തത ലഭിച്ചത്.

അടുത്തദിവസം രാത്രി ഏറെ വൈകി വീട്ടിൽ എത്തുമ്പോൾ അവൾ എന്തോ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ടു. ഞാൻ അത്താഴം കഴിക്കാതെ തന്നെ നേരെ ഉറങ്ങാൻ കിടന്നു. ജയിനിനോടൊപ്പം അന്നു മുഴുവൻ ചുറ്റിയടിച്ചതിന്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. അടുത്ത ദിവസം രാവിലെ അവൾ എനിക്ക് ഡിവോഴ്സ് നൽകുന്നതിന് ചില ഉപാധികൾ എഴുതിയ പേപ്പർ എനിക്ക് നേരെ നീട്ടി.

അവൾക്ക് ഞാൻ വാഗ്ദാനം ചെയ്തതൊന്നും വേണ്ട, പക്ഷേ ഡിവോഴ്സിന് മുൻപ് ഒരു മാസം നോട്ടിസ് പിരീഡ് വേണം. ആ ഒരു മാസം നമ്മൾ സാധാരണപോലെ ഒരു കുടുംബ ജീവിതം നയിക്കാൻ ആവുന്നത് ശ്രമിക്കണം എന്ന് അവൾ അഭ്യർത്ഥിച്ചു. അങ്ങനെ ആവശ്യപ്പെടാൻ അവൾക്ക് ചില കാരണങ്ങളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരേ ഒരു മകന് ഈ മാസം പരീക്ഷയാണ്, ഞങ്ങളുടെ തകർന്ന ബന്ധത്തെ കുറിച്ച് അറിയിച്ച് ഇപ്പോൾ മനസ്സ് തളർത്താൻ അവൾ ആഗ്രഹിച്ചിരുന്നില്ല. അത് എനിക്ക് സമ്മതമായിരുന്നു, പക്ഷേ അവൾക്ക് മറ്റ് ഒരു ആവശ്യം കൂടി ഉണ്ടായിരുന്നു.

ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ ദിവസം ഞാൻ അവളെ എന്റെ കൈകളിൽ എടുത്തുകൊണ്ട് മണിയറയിൽ എത്തിച്ച രംഗം മനസ്സിൽ ഓർമ്മിക്കാൻ അവൾ എന്നോട് ആവശ്യപ്പെട്ടു. ഇനിയുള്ള നോട്ടീസ് പിരീഡിൽ ഒരുമാസം എന്നും അവളെ ഞാൻ ബെഡ് റൂമിൽ നിന്നും സിറ്റിംഗ് റൂം വരെ അതുപോലെ എടുത്ത് കൊണ്ട് വരണം എന്നതായിരുന്നു ആ ആവശ്യം. എനിക്ക് ഇത് കേട്ടപ്പോൾ തോന്നിയത് അവൾക്ക് വട്ടാണ് എന്നാണ്. നമ്മൾ ഒരുമിച്ചുള്ള അവസാന നാളുകളായതിനാൽ ഞാൻ അവളുടെ വിചിത്രമായ ആ ആവശ്യവും അംഗീകരിച്ചു.

ഞാൻ ജെയിനോട് എന്റെ ഭാര്യയുടെ ഡിവോഴ്സ് നിബന്ധനകളെ കുറിച്ച് പറഞ്ഞു. അവൾ എന്റെ ഭാര്യയുടെ ബുദ്ധി ശൂന്യതയിൽ പൊട്ടിച്ചിരിച്ചു. എന്തൊക്കെ ട്രിക്കുകൾ അവൾ കാണിച്ചാലും അവസാനം ഡിവോഴ് തന്നല്ലേ പറ്റു എന്ന് ജയിൻ പറഞ്ഞു. ഡിവോഴ്സിന്റെ തീരുമാനം അറിയിച്ചതിനു ശേഷം ഞാനും എന്റെ ഭാര്യയുമായി യാതൊരു വിധത്തിലും ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആദ്യദിവസം ഞാൻ അവളെ എടുത്തുകൊണ്ട് നടന്നപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും വല്ലാത്ത ജാള്യ്യത തോന്നി. ഞങ്ങളുടെ മകൻ പുറകിൽ നിന്ന് ആഹ്ലാദത്തോടെ കയ്യടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു, ‘അച്ഛൻ അമ്മയെ എടുത്തു’, അവന്റെ അതിരറ്റ സന്തോഷം ആ ശബ്ദത്തിൽ വ്യക്തമായിരുന്നു.

അത് എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചു . ബെഡ്രൂമിൽ നിന്നും സിറ്റിങ്ങ് റൂം വരെ, എന്നിട്ട് വാതിലിനടുത്തുവരെ, ഞാൻ അങ്ങനെ അവളെ എന്റെ കൈകളിൽ എടുത്ത് കൊണ്ട് ഏകദേശം 10 മീറ്റർ നടന്നിട്ടുണ്ടാകും. അവൾ കണ്ണുകൾ അടച്ചിട്ട് വളരെ പതുക്കെ പറഞ്ഞു, ‘നമ്മുടെ ഡിവോഴ്സിനെ കുറിച്ച് മോനോട് പറയരുത്’. ഞാൻ അല്പം വിഷമത്തോടെ തലകുലുക്കി സമ്മതിച്ചു. വാതിലുന് വെളിയിൽ ഞാൻ അവളെ എന്റെ കയ്യിൽ നിന്നും താഴെയിറക്കി. അവൾ ജോലിസ്ഥലത്തേക്കു പോകാനുള്ള ബസ്സ് കാത്ത് നിന്നു, ഞാൻ ഓഫീസിലേക്ക് ഡ്രൈവ് ചെയ്തുപോയി.

രണ്ടാമത്തെ ദിവസം ഞങ്ങൾക്ക് രണ്ടുപേർക്കും കുറച്ചുകൂടി എളുപ്പത്തിൽ അഭിനയിക്കാൻ കഴിഞ്ഞു. അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്നു. എനിക്ക് അവളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവളെ ശ്രദ്ധിച്ചു നോക്കിയിട്ട് നാളുകൾ ഏറെയായി എന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്. അവളിലെ ചെറുപ്പം നഷ്ടമായതായിരുന്നു, മുഖത്ത് അവിടവിടെയായി ചുളിവുകൾ വീണുതുടങ്ങിയിരുന്നു, തലമുടി നരച്ച് തുടങ്ങിയിരിക്കുന്നു! ഞങ്ങളുടെ ബന്ധം അവളിൽ നഷ്ടങ്ങൾ മാത്രം വരുത്തിയിരിക്കുന്നു എന്ന് ഞാൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അവളോട് എന്ത് അനീതിയാണ് ചെയ്തത് എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ചിന്തിച്ച് പോയി. നാലാമത്തെ ദിവസം, അന്ന് ഞാൻ അവളെ എടുത്തപ്പോൾ എനിക്ക് അവളോടുണ്ടായിരുന്ന ആ പഴയ അടുപ്പം തിരിച്ചുവന്നതായി തോന്നി. തന്റെ ജീവിതത്തിന്റെ 10 വർഷങ്ങൾ എനിക്കായി സമർപ്പിച്ചവളല്ലേ ഇവൾ. തുടർന്നുള്ള അഞ്ചും ആറും ദിവസങ്ങളിൽ ഞങ്ങൾ തമ്മിലുള്ള അത്മബന്ധം കൂടുന്നതായും ഞാൻ അറിഞ്ഞു. ഞാൻ ജയിനോട് അക്കാര്യം പറഞ്ഞില്ല. ഓരോ ദിവസം കഴിയുന്തോറും അവളെ എടുക്കുന്നത് വളരെ എളുപ്പമായി എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു, ചിലപ്പോൾ ദിവസേനയുള്ള വ്യായാമം എന്നെ അത്രക്ക് ബലവാനാക്കിയിട്ടുണ്ടാകും എന്ന് ഞാൻ കരുതി.

ഒരു ദിവസം രാവിലെ അവൾ ധരിക്കാനുള്ള വസ്ത്രങ്ങൾ മാറ്റി മാറ്റി തിരഞ്ഞുകൊണ്ടേയിരുന്നു, ഒന്നുപോലും അവൾക്ക് ചേരുന്നത് ഉണ്ടായിരുന്നില്ല. അവളുടെ എല്ലാഡ്രസ്സുകളും ലൂസായി കഴിഞ്ഞതായി അവൾക്ക് മനസ്സിലായി. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് അവൾ വല്ലാതെ മെലിഞ്ഞ് പോയിരിക്കുന്നു, അവളെ ഇത്ര ഈസിയായി എനിക്ക് എടുത്തുകൊണ്ട് നടക്കാൻ കഴിഞ്ഞിരുന്നതിന് കാരണവും അത് തന്നെയായിരുന്നു.

ആ തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു, അവൾ അത്രത്തോളം വേദനയും ടെൻഷനും ഹൃദയത്തിൽ കൊണ്ട് നടന്നിരുന്നു. ഞാൻ മനസ്സ് കൊണ്ട് അവളുടെ തലയിൽ കൈവച്ചു. പെട്ടെന്നാണ് മകൻ വന്ന് പറഞ്ഞത്, ‘അച്ഛാ അമ്മയെ എടുക്കാൻ സമയമായി’ എന്ന്. അച്ഛൻ അമ്മയെ എടുത്ത് പുറത്ത് എത്തിക്കുന്നത് അവന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഇതൊനോടകം മാറിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ അവനെ കെട്ടിപ്പിടിച്ചു, ഞാൻ എന്റെ മുഖം തിരിച്ചു കളഞ്ഞു, കാരണം ഈ അവസാന നിമിഷം എന്റെ മനസ്സെങ്ങാനും മാറിയാലോ എന്ന് ഞാൻ ഭയന്നു. എന്നിട്ട് പതിവുപോലെ ഞാൻ അവളെ ബെഡ്രൂമിൽ നിന്നും ഹാളിലേക്കും പിന്നെ അവിടെ നിന്നും പുറത്തേക്കുള്ള വതിലിന് നേരെ നടന്നു.

അവൾ വളരെ പതുക്കെ സാധാരണപോലെ എന്റെ കഴുത്തിനെ കൈകൾകൊണ്ട് ചുറ്റിപിടിച്ചിരുന്നു ഞാൻ ആണെങ്കിൽ വിവാഹ ദിനത്തിൽ എങ്ങനെയാണോ ഞാൻ അവളെ മുറുകെ പിടിച്ചത് അതുപോലെ മുറുകെ പിടിച്ചു. പക്ഷേ അവളുടെ ഭാരം പഴയതിലും കുറഞ്ഞതിൽ ഞാൻ വല്ലതെ വിഷമിച്ചു. ഒരുമാസത്തെ നോട്ടീസ് പിരീഡ് അവസാനിക്കുന്ന ദിവസം, ഞാൻ അവളെ പതിവുപോലെ എടുത്തു പക്ഷേ എനിക്ക് ഒരു സ്റ്റെപ് പോലും മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ മകൻ സ്കൂളിൽ പോയിക്കഴിഞ്ഞിരുന്നു. ഞാൻ അവളെ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു, ‘നമ്മുടെ ബന്ധത്തിൽ ഈ അത്മബന്ധത്തിന്റെ അളവ് കുറഞ്ഞത് ഞാൻ ശ്രദ്ധിച്ചതേയില്ല’. അവൾ മറുപടി ഒന്നും പറഞ്ഞില്ല.

ഞാൻ ജയിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു, കാറ് ലോക്ക് ചെയ്യാൻ പോലും നിൽക്കാതെ ഇറങ്ങി ഓടി, ഞാൻ അല്പം വൈകിയാൽ ചിലപ്പോൾ എന്റെ മനസ്സ് മാറിയലോ എന്ന് ഞാൻ ഭയന്നു, പടികൾ ഓടിക്കയറി. ജയിൻ വാതിൽ തുറന്നു, ഞാൻ പറഞ്ഞു, ‘ജയിൻ എന്നോട് ക്ഷമിക്കണം, എനിക്ക് വിവാഹമോചനത്തിന് താത്പര്യം ഇല്ല’. ‘നിനക്ക് അസുഖമൊന്നും ഇല്ലല്ലോ’, എന്റെ നെറ്റിയിൽ കൈവച്ചുകൊണ്ട് ജയിൻ ചോദിച്ചു, ഞാൻ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു, ‘എന്നോട് ക്ഷമിക്കണം, എനിക്ക് വിവാഹമോചനം സാധ്യമല്ല. ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ബന്ധത്തിന്റെ വില ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടാണ് ഞങ്ങളുടെ വിവാഹജീവിതം വിരസമായ ഒന്നായി എനിക്ക് തോന്നിയത്, അല്ലാതെ ഞങ്ങൾ പരസ്പരം സ്നേഹിക്കാത്തതുകൊണ്ടല്ല.

വിവാഹ ദിവസം ഞാൻ എന്റെ ഭാര്യയെ എടുത്തുകൊണ്ട് വീട്ടിൽ പ്രവേശിച്ച നിമിഷം മുതൽ ഞങ്ങൾ ഒന്നാണ്, മരണത്തിന് മാത്രമേ ഇനി ഞങ്ങളെ പിരിക്കാൻ കഴിയു എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു’. ജയിൻ എന്റെ മുഖത്ത് ആഞ്ഞടിച്ചിട്ട് കരഞ്ഞ്കൊണ്ട് വാതിൽ അടച്ചു. ഞാൻ തിരിച്ച് വരുന്നവഴി എന്റെ ഭാര്യയ്ക്ക് നൽകാൻ ഒരു ബൊക്കെ വാങ്ങി. ഫ്ലവർ ഷോപ്പിലെ സെയിൽസ് ഗേൾ കാർഡിൽ എന്തെങ്കിലും ആശംസ എഴുതാൻ ആവശ്യപ്പെട്ടു, ഞാൻ ചിരിച്ചുകൊണ്ട് എഴുതി, “എന്റെ പ്രീയപ്പെട്ടവളെ, മരണം നമ്മെ വേർപെടുത്തുന്നതുവരെ ഞാൻ നിന്നെ എന്നും രാവിലെ എന്റെ കൈകളുടെ സുരക്ഷിതത്വത്തിൽ ഏറ്റും, തീർച്ച”.

അന്ന് വൈകുന്നേരം തന്നെ ഞാൻ വീട്ടിലെത്തി. കൈയ്യിൽ പൂക്കളും, മുഖത്ത് ചിരിയുമായി, ഞാൻ പടികൾ ഓടിക്കയറി, എന്റെ ഭാര്യ കട്ടിലിൽ മരിച്ച് കിടക്കുന്നത് കാണുവാനായി മാത്രം. അവൾ ക്യാൻസറുമായി യുദ്ധം തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ഞാൻ ആ സമയത്തെല്ലാം ജയിനുമായി പ്രണയം ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു.

താമസിയാതെ താൻ മരിക്കുമെന്ന് എന്റെ പ്രീയപ്പെട്ടവൾക്ക് അറിയാമായിരുന്നു. ഞാൻ ആവശ്യപ്പെട്ടതുപോലെ ഡിവോഴിന്റെ പ്രശ്നത്തിൽ എന്റെ മകന് എന്നോട് വെറുപ്പ് തോന്നാതിരിക്കാൻ ആണ് അവൾ ഒരു മാസത്തെ നോട്ടിസ് പിരീഡ് ചോദിച്ചത്, അവന്റെ കണ്ണിലെങ്കിലും ഞൻ ഒരു സ്നേഹനിധിയായ ഭർത്താവായിരിക്കാൻ അവൾ ആഗ്രഹിച്ചു. തന്നെക്കാൾ കൂടുതൽ അവൾ തന്റെ ഭർത്താവിനെ സ്നേഹിച്ചിരുന്നു.

ചിലരുടെ ചെറിയ പ്രവൃത്തികൾ ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കും. അത് ഒരിക്കലും സ്വത്തോ പണമോ ഒന്നും നൽകിയായിരിക്കില്ല, മറിച്ച് സ്വയം സങ്കടം ഉള്ളിലൊതുക്കി ചുറ്റുമുള്ളവർക്ക് സന്തോഷം നൽകുന്നതിലൂടെയാകും. ഒരുമിച്ച് നിൽക്കുമ്പോൾ ലഭിക്കുന്ന ജീവിത വിജയം, അകന്ന് മാറുമ്പോൾ ലഭിക്കണമെന്നില്ല. ദൈവം കൂട്ടിയോജിപ്പിച്ച ഇഴകൾ മനുഷ്യരാൽ അകന്ന് പോകാതിരിക്കട്ടെ.

Avatar

Staff Reporter