മലയാളം ഇ മാഗസിൻ.കോം

നിങ്ങൾ ഇങ്ങനെയാണോ മാസ്ക്‌ ധരിക്കുന്നത്‌? എങ്കിൽ നിങ്ങളൊരു രോഗിയായി മാറുകയാണ്‌

ഒരു Simple and easy to understand analogy ആണിത്‌. മുഖാവരണം അഥവാ മാസ്ക്‌ വെറുതെ ഇട്ടത്‌ കൊണ്ടായില്ല ശാസ്ത്രീയമായ രീതിയിൽ ശരിയായി ധരിക്കണം. ഇടയ്ക്കിടെ കൈകൾ കൊണ്ട്‌ മാസ്കിന്റെ പുറത്ത്‌ തൊട്ട്‌ നോക്കുന്നത്‌ ഒഴിവാക്കണം.

അണുബാധയുടെ ഉറവിട നിയന്ത്രണവും പരസ്പര വ്യാപനം തടയുന്നതുമാണ്‌ മാസ്‌കുകളുടെ പ്രവർത്തനം. മറ്റൊരാളുടെ മാസ്ക്‌ ഉപയോഗിക്കരുത്‌. തുണി മാസ്കാണെങ്കിൽ യഥാവിധി ചൂടുവെള്ളത്തിലോ ബ്ലീച്ചിംഗ്‌ പൗഡർ ലായനിയിലോ കഴുകി അണുവിമുക്തമാക്കി ഉണക്കി ഇസ്തിരിയിട്ട്‌ ഉപയോഗിക്കുക.

കൂടുതൽ വിയർക്കുന്ന സ്വഭാവമുള്ള വ്യക്തികൾ രണ്ടെണ്ണം കയ്യിൽ കരുതുന്നത്‌ നന്നായിരിക്കും. കീറൽ വീണ മാസ്ക്‌ വീണ്ടും ഉപയോഗിക്കരുത്‌. ഉപയോഗശേഷം അവ അലക്ഷ്യമായി വലിച്ചെറിയുകയും അരുത്‌. ഒന്നുകിൽ കത്തിച്ച്‌ കളയുകയോ അല്ലെങ്കിൽ അണുവിമുക്തമാക്കി ആഴത്തിൽ കുഴിച്ച്‌ മൂടുകയോ വേണം. വെറുതെ വലിച്ചെറിയുന്നവ നായ്ക്കളോ എലികളോ മറ്റു ജീവികളോ വീണ്ടും പല സ്ഥലത്തേയ്ക്ക്‌ കൊണ്ട്‌ പോകാനും അണുബാധ വ്യാപിക്കാനും കാരണമാവും.

നമ്മോടൊപ്പം നമ്മുടെ സമൂഹത്തെയും സുരക്ഷിതമാക്കാൻ നാം ഓരോ പൗരന്മാർക്കും മൗലികമായ ഉത്തരവാദിത്വമുണ്ട്‌. സാമൂഹ്യ അകലം, കൈ കഴുകൽ പോലെ വേണ്ടത്‌ വെറുതെ ഒരു മാസ്ക്‌ ധരിക്കൽ അല്ല പകരം ശാസ്ത്രീയമായ മാസ്ക്‌ ധാരണ രീതിയാണ്‌.

എങ്ങനെ ധരിക്കണം?
1 മാസ്ക് ധരിക്കുന്നതിനു മുൻപും മാസ്ക് അഴിച്ചു മാറ്റിയ ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ചു കഴുകണം.
2 മാസ്ക് ധരിക്കുമ്പോൾ മൂക്കും വായും പൂർണമായും മറയണം.
3 മാസ്കിൽ ഇടയ്ക്കിടെ തൊടേണ്ട. തൊട്ടാൽ കൈകൾ സോപ്പുപയോഗിച്ചു കഴുകണം.
4 നനവ് ഉണ്ടെങ്കിലോ, മാസ്കുകൾ വൃത്തിഹീനമെന്നു തോന്നിയാലോ ഉടൻ മാറ്റണം.

ഉപയോഗ ശേഷം
1 ഒറ്റത്തവണ ഉപയോഗത്തിനുള്ള മാസ്കുകൾ പരമാവധി 6 മണിക്കൂറാണ് ഉപയോഗിക്കാനാവുക.
2 മാസ്കുകൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ വൈറസ് സാന്നിധ്യമുണ്ടാവാം. അതുകൊണ്ട് മാസ്കുകൾ വീണ്ടും ഉപയോഗിക്കരുത്.
3 ഉപയോഗ ശേഷം വലിച്ചെറിയരുത്. ബ്ലീച്ചിങ് ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ശേഷം കുഴിച്ചു മൂടുക, അല്ലെങ്കിൽ കത്തിച്ചു കളയുക.

തുണി മാസ്കുകൾ‌
100% കോട്ടൺ തുണിയായിരിക്കണം. നൂലിഴ കുറഞ്ഞത് 180 എങ്കിലും വേണം. കോട്ടൺ ടി ഷർട്ടിന് 40– 50 നൂലിഴകൾ, ഷർട്ടിന് 100– 120 നൂലിഴകൾ എന്നിങ്ങനെയുള്ള തുണിയാണു പൊതുവേ ഉപയോഗിക്കുന്നത്. കോട്ടൺ ടവലിന് പൊതുവേ 100– 250 നൂലിഴകളാണ് ഉണ്ടാവുക. തുണി മാസ്കുകളും പരമാവധി ഉപയോഗിക്കാൻ കഴിയുക 4– 6 മണിക്കൂർ വരെ മാത്രം. അതു കഴിഞ്ഞാൽ കഴുകി, അണുവിമുക്തമാക്കി, ഉണക്കി, ഇസ്തിരിയിട്ട ശേഷം വേണം വീണ്ടും ഉപയോഗിക്കാൻ.

എങ്ങനെ കഴുകണം?
71 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചൂടുവെള്ളത്തിൽ സോപ്പോ, ഡിറ്റർജെന്റോ ഉപയോഗിച്ചു കഴുകാം. അല്ലെങ്കിൽ ബ്ലീച്ചിങ് ലായനിയിൽ 5 മിനിറ്റ് മുക്കിവച്ച ശേഷം കഴുകി ഉപയോഗിക്കുക.

മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താതിരിക്കാം
1 നിങ്ങളുടെ മാസ്ക് മറ്റൊരാളുമായി പങ്കു വയ്ക്കരുത്; അത് നിങ്ങളുടെ കുടുംബാംഗങ്ങൾ ആണെങ്കിൽ പോലും.
2 മാസ്ക് ധരിച്ചു കഴിഞ്ഞാൽ മാസ്കിന്റെ മുൻഭാഗത്ത് കൈ കൊണ്ട് തൊടരുത്.
3 മൂക്കിന്റെയും വായുടെയും അടുത്ത് തൊട്ട് അത് നേരെയാക്കാൻ ശ്രമിക്കരുത്.
4 മാസ്ക് മുഖത്തണിയാത്ത സമയത്ത് അത് കഴുത്തിൽ ഇടരുത്. മാസ്ക് മലിനമാകാൻ സാധ്യത ഉണ്ട്.
5 രണ്ടു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്ക് ധരിപ്പിക്കരുത്. അതുപോലെ കടുത്ത ശ്വസന പ്രശ്നങ്ങൾ ഉള്ളവരും തുണി കൊണ്ടുള്ള മാസ്ക് ധരിക്കരുത്. ഈ കാര്യത്തിൽ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

ഡോ. മണികണ്ഠൻ ജി ആർ

Staff Reporter