മലയാളം ഇ മാഗസിൻ.കോം

1990ൽ നാല്‌ രൂപ മാത്രമുണ്ടായിരുന്ന ഡീസൽ വില എങ്ങനെ ഹൈസ്പീഡിൽ സെഞ്ച്വറി കടന്നു? കേന്ദ്ര സർക്കാരിന്റെ ആ കളി ഇങ്ങനെ

സാധാരണക്കാരന്റെ നട്ടെല്ല് ഒടിയുന്ന വിധത്തിലാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത്. പെട്രോളിന് സമാനമായ രീതിയിൽ ഡീസൽ വിലയും കുതിക്കുകയാണ്.

എങ്ങനെയാണ് ഡീസലിന്റെ വിലയിൽ ഇത്രയധികം വർദ്ധനയുണ്ടായത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ ഡീസൽ വിലയുടെ നിയന്ത്രണാവകാശം എണ്ണക്കമ്പനികൾക്ക് വിട്ടു നൽകിയതോടെയാണ് വിലക്കയറ്റം ആരംഭിച്ചത്. രാജ്യത്തെ ചരക്കുകടത്തിന് ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഡീസൽ വാഹനങ്ങളായതിനാൽ വിലവർധന ജനജീവിതത്തെ സാരമായി ബാധിച്ചു.

1990ൽ ഒരു ലീറ്റർ ഡീസലിൻറെ വില നാല് രൂപയായിരുന്നു. രണ്ടക്കം കടക്കുന്നത് 1996ൽ. 2014 മേയിൽ മോദി സർക്കാർ അധികാരത്തിൽ കയറുന്നതിന് ഒരു മാസം മുൻപ് ഡീസൽ വില ലീറ്ററിന് 54 രൂപയായിരുന്നു. ആ വർഷം ഒക്ടോബറിൽ ഡീസൽ വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് നൽകി. ആ അധികാരം ഉപയോഗിച്ച് രാജ്യാന്തര വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് ആഭ്യന്തര വിപണിയിലും വില മാറ്റാം.

പക്ഷേ പിന്നീട് രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ, ആഭ്യന്തര വിപണിയിൽ നികുതി വർധിപ്പിച്ച് നേട്ടം ജനങ്ങൾക്ക് കൈമാറിയില്ല. രാജ്യാന്തര വിപണിയിൽ വില കൂടിയപ്പോഴാകട്ടെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വില കൂട്ടിക്കൊണ്ടേയിരിക്കുന്നു. മോദി സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുൻപുള്ള വർഷം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറായിരുന്നു. അന്ന് ഡീസൽ വില ലീറ്ററിന് 48.60 രൂപ മാത്രം.

ഇപ്പോൾ ക്രൂഡ് വില ബാരലിന് ശരാശരി 80 ഡോളറാണ്. എന്നിട്ടും ഡീസൽ വില ലീറ്ററിന് 100 രൂപ കടന്നിരിക്കുന്നു. എക്സൈസ് തീരുവ വർധനയിലൂടെയെുള്ള കേന്ദ്രത്തിൻറെ കൊള്ളയാണ് ജനങ്ങളുടെ നടുവൊടിച്ചത്. 2004 ൽ ഒരു ലീറ്റർ ഡീസലിന് 3.56 രൂപയായിരുന്നു എക്സൈസ് തീരുവ.

ഇന്ന് 31.83 രൂപയാണ് തീരുവയായി ഈടാക്കുന്നത്. 2014-15 ൽ 99,000 കോടിയായിരുന്നു കേന്ദ്രത്തിൻറെ എക്സൈസ് തീരുവ വരുമാനം, 2020-21ൽ ഇത് 3 ലക്ഷം കോടിയാണ്. ഡീസലിൽനിന്നു വിൽപന നികുതി, സെസ് എന്നീ ഇനത്തിൽ കേരളത്തിന് ഒരു ലീറ്റർ ഡീസലിന് 18 രൂപ ലഭിക്കുന്നു. ഡീസലിൻറെ 54 ശതമാനത്തോളവും കേന്ദ്ര–സംസ്ഥാന നികുതികളാണ്.

Avatar

Staff Reporter