മലയാളം ഇ മാഗസിൻ.കോം

വീട്ടിൽ ഐശ്വര്യമില്ലായ്മ, ദാമ്പത്യ കലഹങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക!

വീട് നിർമ്മിക്കുമ്പോൾ മനസ്സമാധാനത്തോടെയും സന്തോഷത്തോടെ ആരോഗ്യത്തോടെയുമെല്ലാം കഴിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നതാണ്. ചില വീടുകളിൽ താമസിക്കുന്നവരെ പലപ്പോഴും പലവിധ പ്രശ്നങ്ങൾ അലട്ടുന്നതായി കാണാം. ഇപ്രകാരം വീട്ടിൽ ഐശ്വര്യമില്ലായ്മ, ദാമ്പത്യ കലഹങ്ങൾ, ജീവിത ദുരിതങ്ങൾ തുടങ്ങി പല വിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളിൽ പലരും ജാതകം, വീടിന്റെ വാസ്തു ദൊഷത്തെ പറ്റി ചിന്തിക്കാറുണ്ട്.

\"\"

ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഉള്ളവർ അതാതു രംഗത്തെ പണ്ഡിതരെ സമീപിക്കുകയും ചെയ്യും. നിലവിലുള്ള വീടുകളുടെ വാസ്തു ദോഷങ്ങൾ മാറ്റുവാൻ നിർമ്മാണങ്ങൾ/പൊളിച്ചു മാറ്റലുകൾ തുടങ്ങിയവ പണച്ചിലവും ഒപ്പം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. എന്നാൽ വിശ്വാസം ഉള്ളവരെ സംബന്ധിച്ച് പുതുതായി വീടു നിർമ്മിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കുന്നത് നന്നായിരിക്കും എന്നാണ് ആചാര്യന്മാർ പറയുന്നത്.

വീട് ഡിസൈൻ ചെയ്യ്ന്നതിനായി ഒരു ആർക്കിടെക്ട്നെയോ/ഡിസൈനറേയോ സമീപിക്കുന്നത് ആയിരിക്കും എപ്പോഴും നന്നാകുക. പ്രൊഫഷണലായുള്ള അവരുടെ എക്സ്പീരിയൻസ് വീടിന്റെ ഡിസൈനിംഗിലും ബഡ്ജറ്റിംഗിലും ഉപകരിക്കുന്നു. വാസ്തുവിദഗ്ദരെ കൊണ്ട് വീട് ഡിസൈൻ ചെയ്യിക്കാതിരിക്കുകയാകും നന്നാകുക. പ്രൊഫഷണൽസ് ഡിസൈൻ ചെയ്ത പ്ലാനിൽ അളവുകളും മറ്റു വാസ്തുദൊഷങ്ങളും തീർക്കുവാനായി മാത്രം വാസ്തുവിദഗ്ദരെ സമീപിക്കുന്നതാകും ഉചിതം.

\"\"

ചിലവു ചുരുക്കുവാനായി പലരും ഡിസൈനിംഗ് വാസ്തുവിദഗ്ദരെ കൊണ്ട് ചെയ്യിക്കുന്ന പതിവുണ്ട്. പ്രൊഫഷണൽസിനെ കൊണ്ട് പ്ലാനിംഗ് നടത്തിയ വീടുകൾ ശ്രദ്ധിച്ചാൽ വ്യത്യാസം മനസ്സിലാക്കുവാൻ സാധിക്കും. ഓരോ സ്പേസിനേയും ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് കൃത്യമായിട്ടാണ് ആർക്കിടെക്ടുകൾ രൂപപ്പെടുത്തുക. ഉപയോഗത്തിൽ മാത്രമല്ല കാഴ്ചക്കും മനോഹരവുമായിരിക്കും പ്രൊഫഷണലുകൾ ഡിസൈൻ ചെയ്ത വീടുകൾ. പ്ലാൻ വരക്കുന്നതിൽ ലാഭം നോക്കിയാൽ വലിയ നഷ്ടങ്ങളും നിരാശയുമാകും ഫലം.

വാസ്തു ശാസ്ത്രം ഓരോ മുറികളുടെയും സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ തുടക്കം മുതലേ പ്ലാനിംഗിൽ ശ്രദ്ധിക്കുക.

\"\"

കാർപോർച്ച്
കാർപോർച്ചുകൾ ഇന്ന് വീടിന്റെ അവിഭാജ്യ ഘടകമായിരിക്കുന്നു. മുമ്പ് കുതിരാലയം തെക്ക് കിഴക്ക് ഭാഗത്തായിരുന്നു. ഇപ്പോൾ അത് കാർപോർച്ചുകൾക്ക് വഴിമാറി. വീടിനോട് ചേർന്ന് പൊർച്ച് നൽകുമ്പോൾ അത് പുറത്തേക്ക് തള്ളിനിൽക്കുകയാണെങ്കിൽ പോർച്ചിനെ ഉൾപ്പെടുത്തിയും പ്രധാന പുരയെ മാത്രം എടുത്തും കണക്ക് ശരിയാക്കുവാൻ ശ്രദ്ധിക്കണം. തെക്ക് പടിഞ്ഞാറെ മൂല ഒഴിവാകും വിധത്തിൽ വരാതെയും ശ്രദ്ധിക്കുക.

വാഹനത്തിന്റെ അളവും അതിൽ നിന്നും ഡോർ തുറന്ന് ഇറങ്ങുവാനാവശ്യമായ സൗകര്യവും കണക്കാക്കി വേണം പോർച്ചിന്റെ വലിപ്പം നിശ്ചയിക്കുവാൻ. സ്ക്വയർ ഫീറ്റ് കണക്കാക്കുമ്പോൾ മൊത്തം വീടിന്റെ ഏരിയയോട് ചേർത്ത് കണക്കാക്കും എന്നതിനാൽ സാധ്യമെങ്കിൽ അല്പം മാറ്റി അതിനാവശ്യമായ സ്ഥലം കണക്കാക്കി പിന്നീട് നിർമ്മിക്കുന്നതാകും ഉത്തമം.

\"\"

സിറ്റൗട്ട്
“മംഗലശ്ശേരിയുടെ“ പൂമുഖം മലയാളി മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ ഒരു പൂമുഖമാണ്. പാലക്കാട് ജില്ലയിൽ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന വരിക്കാശ്ശേരിമന അനേകം സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുണ്ടെങ്കിലും “മംഗലശ്ശേരി“ എന്ന തറവാട്ട് പേരിലാണ് കൂടുതൽ പർശസ്തമായത്. വലിയ പൂമുഖവും അതിനോട് ചെർന്ന് നീളത്തിൽ ഇറയവും പഴയ മനകളിൽ ധാരാളമായി കാണാം.

പുതിയ കാലത്ത് സിറ്റൗട്ട് എന്ന് പേരുമാറിയെങ്കിലും രണ്ടിന്റെയും ഉപയോഗം ഒന്നുതന്നെ. കയറിയിരിക്കുവാൻ സൗകര്യപ്രദമാകണം സിറ്റൗട്ട് എന്നതാണ് പ്രധാനം. ചെറിയ സിറ്റൗട്ടിൽ ചാരുപടിയോടുകൂടിയ തിണ്ണകൾ ഒഴിവാക്കുന്നതാണ് നല്ലത്. കിഴക്ക് ദർശനമാണ് വീടെങ്കിൽ മധ്യത്തിലോ അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് കട്ടിംഗ് ഇല്ലാതെ സിറ്റൗട്ട് നൽകുന്നതാണ് ഉത്തമം.

ലിവിംഗ് റൂം സ്ഥാനം
തെക്കു വശത്തോ പടിഞ്ഞറുവശത്തൊ ഫർണീച്ചറുകൾ ഇടാം. കിഴക്ക്, വടക്ക് ഭാഗങ്ങളിൽ വാതിൽ/ജനലുകൾ വരുന്നതാണ് നല്ലത്.

ഡൈനിംഗ് റൂം
തെക്ക് കിഴക്ക്/വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള വരുന്നതിനാൽ ഡൈനിംഗ് റൂം അഥവാ അന്നാലയം മധ്യത്തിൽ അല്ലെങ്കിൽ, പടിഞ്ഞാറുഭാഗത്ത്/ കിഴക്ക് ഭാഗത്തായിട്ടായിരിക്കും വരിക. ഡൈനിംഗ് റൂമിൽ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം. ജാലകങ്ങളെ കൂടാതെ കോർട്യാഡുകളും ആകാം. ഡൈനിംഗ് ടേബിൾ നീളമേറിയ ഭാഗം തെക്ക് വടക്ക് ദിശയിലാകണം ക്രമീകരിക്കേന്തണ്ടത്. അതായത് ഭക്ഷണം കഴിക്കുമ്പോൾ കിഴക്കോട്ടോ പടിഞ്ഞാട്ടോ ദർശനമയിട്ടായിരിക്കും ഇരിക്കുക.

\"\"

കിച്ചൺ
കിച്ചൺ അഥവാ അടുക്കള എപ്പോഴും ഊർജ്ജദായകനായ സൂര്യന്റെ പ്രഭാതകിരണങ്ങൾ നേരിട്ട് ഏൽക്കത്തക്കവിധത്തിലാകണം എന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ തന്നെ അഗ്നികോൺ അഥവാ തെക്ക് കിഴക്കും, വടക്ക് കിഴക്കും ആണ് അടുക്കളക്ക് ഏറ്റവും ഉത്തമമായ സ്ഥാനം. യാതൊരു കാരണവശാലും തെക്ക് പടിഞ്ഞാറു ഭാഗത്ത് അടുക്കള ക്രമീകരിക്കരുത്. അടുക്കളയിൽ സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും സദാ ഉറപ്പുവരുത്തുക.

ഈർപ്പം നിലനിൽക്കുന്നതോ എളുപ്പത്തിൽ വഴുക്കി വീഴുന്നതോ ആയ ഫ്ലോറിംഗ് മെറ്റീരിയൽസ് ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കിഴക്കു ദർശനമായി നിന്നു വേണം പാചകം ചെയ്യുവാൻ. ഭക്ഷണാവശിഷ്ടങ്ങൾ പരമാവധി അന്നന്നു തന്നെ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. വാസ്തുവിന്റെ കണക്കുകൾ പ്രകാരം 564 (270 * 294) , 588 (300*288) , 732 (402*330), 756 (402*354) തുടങ്ങിയ ചുറ്റു വരുന്ന അളവുകൾ സ്വീകരിക്കാം. സമചതുരത്തേക്കാൾ ദീർഘചരുതാകൃതിയാകും പ്രായോഗികമായി കൂടുതൽ നന്നാകുക.

ബെഡ്രൂമുകൾ
തെക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രധാന കിടപ്പുമുറി. വടക്ക് പടിഞ്ഞാറു ഭാഗത്ത് കുട്ടികളുടെ മുറികളാകാം. തെക്ക് കിഴക്ക് അഗ്നി കോൺ ആണ്. ഇവിടെ കിടപ്പുമുറികൾ ഒഴിവാക്കുക. അടുക്കളയുടെ സ്ഥാനമാണ് ഇത്. അഗ്നികോണിൽ കിടപ്പുമുറിവന്നാൽ ദമ്പതികൾക്കിടയിൽ കലഹം, സന്താനനാശം തുടങ്ങി പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്ന് ആചാര്യന്മാർ പറയുന്നു.

വായുസഞ്ചാരവും വെളിച്ചവും കടന്നു വരുവാനുള്ള സംവിധാനം കിടപ്പുമുറികളിൽ ഉറപ്പുവരുത്തണം. പാഴ്വസ്തുക്കളും കഴുകാത്ത വസ്ത്രങ്ങളും ഭക്ഷണ പദാർഥങ്ങളും പൊടികളും മറ്റും കിടപ്പുമുറിയിൽ നിറഞ്ഞ് കിടക്കുവാൻ അവസരം ഒരുക്കരുത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

\"\"

ടോയ്ലറ്റുകൾ
പ്രധാനമർമ്മങ്ങൾ, സൂത്രങ്ങൾ എന്നിവയിൽ ശൗചാലയങ്ങൾ വരാൻ പാടില്ലെന്ന് ആചാര്യന്മാർ നിഷ്കർഷിക്കുന്നു.ഗൃഹ മധ്യത്തിലൂടെ കിഴക്കു പടിഞ്ഞാറായി കടന്നു പോകുന്ന ബ്രഹ്മ സൂത്രവും , തെക്കുവടക്കായി കടന്നു പോകുന്ന യമ സൂത്രം അതു പോലെ തെക്ക് പടിഞ്ഞാറേ കോണിൽ നിന്നും വടക്ക് കിഴക്കേ കോണിലേക്കുള്ള രേഖയെ കർൺന​‍ൂസ്ത്രമെന്നും വടക്കു പടിഞ്ഞാറേ കോണിൽ നിന്നും തെക്കു കിഴക്കേ കോണിലേക്കുള്ളരേഖയെ മൃത്യു സൂത്രമെന്നും പറയുന്നു. ഇപ്പറഞ്ഞ രെഖകൾക്ക് വേധം വരുത്തും വിധം ടോയ്ലറ്റുകൾ നല്കരുത്.

മറ്റു നിവൃത്തിയില്ലെങ്കിൽ ക്ലോസറ്റിന്റെ സ്ഥാനം സൂത്ര രേഖയിൽ നിന്നും മാറ്റി സ്ഥാപിക്കുക. കിഴക്കും പടിഞ്ഞാറും ഒഴിവാക്കിക്കൊണ്ട് ക്ലോസറ്റ് വടക്കോട്ടോ തെക്കോട്ടോ തിരിച്ചു വെക്കുക. കണ്ണൂർ ജില്ലപോലെ മലബാറിലെ ചിലയിടങ്ങളിൽ വടക്ക് കിഴക്ക് ഭാഗത്ത് കിണറിനോട് ചേർന്ന് കുളിമുറികൾ നല്കുന്ന പതിവുണ്ട്. കുളിക്കുവാനായുള്ള സൗകര്യാർഥം ഒരുക്കുന്ന ഇത്തരം സംവിധാനത്തിനകത്ത് ക്ളോസറ്റ് നല്കുന്നത് ഒഴിവാക്കുക.

സെപ്റ്റിക് ടാങ്ക് പണിയുമ്പോൾ കോണുകളിലും ഗൃഹമധ്യസൂത്രം കടന്നു പോകുന്നിടങ്ങളിലും വരാതെ ശ്രദ്ധിക്കുക. തെക്കുവശത്ത് വരാതിരിക്കുന്നതാണ്‌ നന്ന്. തെക്കുപടിഞ്ഞാറേ മൂല അഥവ കന്നിമൂലയിൽ ടോയ്ലറ്റുകൾ പാടില്ലെന്ന് ചില ആചാര്യന്മാർ നിഷ്കർഷിക്കുന്നു. ഇതിനായി ചിത്രത്തിൽ കാണും വിധം ടോയ്ലറ്റ് ക്രമീകരിക്കാവുന്നതാണ്. കുളിമുറി വടക്ക് കിഴക്ക് ഭാഗങ്ങളിൽ ആകാം.

പഠന മുറി
കിഴക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിൽ കിടപ്പുമുറികൾ ഒരുക്കാം. ശുദ്ധവായുവും വെളിച്ചവും കടന്നുവരുവാനുള്ള സൗകര്യം ഒരുക്കുക. എഴുത്തുമേശയുടെ ഇടതുഭാഗത്തായി ജാലകങ്ങൾ വരത്തക്കവണ്ണം ക്രമീകരിക്കുക. കിഴക്ക് ദർശനമായി ഇരിക്കുന്നത് ഉത്തമം.

\"\"

പൂജാമുറി
വടക്ക് കിഴക്ക്, കിഴക്ക്, ബ്രഹ്മസ്ഥാനം, വടക്ക് കിഴക്കിന്റെ കിഴക്ക് തുടങ്ങിയ സ്ഥാനം ആണ് പൂജാമുറിക്ക് നിഷ്കർഷിക്കുന്നത്. കിഴക്കോട്ട് തിരിഞ്ഞു നിൽക്കുമ്പോൾ ദേവീദേവന്മാരുടെ ചിത്രങ്ങൾ പടിഞ്ഞാറു ദർശനം വരത്തക്കവിധമാകണം ക്രമീകരിക്കേണ്ടത്. മരണപ്പെട്ടവരുടെ ചിത്രങ്ങളോ രൂപങ്ങളോ പൂജാമുറിയിൽ വെക്കാതിരിക്കുക. വിഗ്രഹങ്ങളും ഒഴിവാക്കണം.

ഗോവണി
പടിഞ്ഞാരു തെക്ക് വശങ്ങളിലേക്ക് കയറും വിധത്തിൽ ഗോവണിക്രമീകരിക്കാം. ആദ്യത്തെ ലാന്റിംഗ് ഇപ്രകാരം ക്രമീകരിച്ചാലും മതിയാകും. ലാന്റിംഗ് കഴിഞ്ഞാൽ വലത്ത് (പ്രദക്ഷിണം) തിരിയുന്ന വിധത്തിലാകണം ഗോവണി ക്രമീകരിക്കേണ്ടത്. പ്രധാനവാതിലിനു നേരെ ഗോവണി വരുന്നത് ഒഴിവാക്കുന്നത് നന്ന്.

ഇപ്രകാരം ഉള്ള ചില കാര്യങ്ങൾ ശ്രദ്ധിച്ച് പ്രൊഫഷണലുകളെ കൊണ്ട് ഡിസൈൻ ചെയ്യുകയും അതിനു ശേഷം വാസ്തു വിദഗ്ദനെ സമീപിച്ച് അളവുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുമാകും ഉചിതം.

വിവരങ്ങൾക്ക് കടപ്പാട് : സതീഷ് കുമാർ
email: paarppidam@gmail.com

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor