മാതാപിതാക്കളെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അവരുടെ സൌകര്യങ്ങളും അസൌകര്യങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം. അത് ചിലപ്പോള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരക്കാം. എങ്കിലും അവരുടെ സൌകര്യം കൂടി പരിഗണിക്കേണ്ടത് നമ്മുടെ കടമയാണ്.
ഈ നിലയ്ക്കു പോയാല്‍ കേരളത്തില്‍ കുട്ടികള്‍ക്കായുള്ള ബാലവാടികളെക്കാള് കൂടുതല്‍ വൃദ്ധസദനങ്ങളുണ്ടാവുന്ന കാലം വിദൂരമല്ലെന്ന് അടുത്തിടെ പറഞ്ഞത് കേരളത്തിന്റെ മുന്‍ ഡിജിപിയായ ജേക്കബ് പുന്നൂസാണ്. വീട് പ്ലാന്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ക്കായി പ്രത്യേകം മുറി കൂടി ഡിസൈന്‍ ചെയ്യാറുണ്ട്. പക്ഷെ വാര്‍ധക്യത്തിലേക്ക് കാലൂന്നിയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓര്‍ക്കാത്തവരാണ് മലയാളികളില്‍ ചിലരെങ്കിലും ഇപ്പോള്‍. നിങ്ങളുടെ മാതാപിതാക്കളെ നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍ വീട് ഡീസൈന്‍ ചെയ്യുമ്പോള്‍ തന്നെ അവരുടെ സൌകര്യങ്ങളും അസൌകര്യങ്ങളും കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം. അത് ചിലപ്പോള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരക്കാം. എങ്കിലും അവരുടെ സൌകര്യം കൂടി പരിഗണിക്കേണ്ടത് നമ്മുടെ കടമയാണ്.
പടിക്കെട്ടുകള്‍ കുറക്കാം
പ്രായമായവര്‍ക്ക് പ്രത്യേകം മുറി എന്നത് വീടുവെയ്ക്കുന്ന എല്ലാവരെയും സംബന്ധിച്ചിടത്തോളം ബജറ്റിലൊതുങ്ങുന്ന കാര്യമല്ലെങ്കിലും അവര്‍ക്കായി ചില സൌകര്യങ്ങളൊക്ക ഒരുക്കി കൊടുക്കാന്‍ നമുക്ക് കഴിയും. അതില്‍ പ്രധാനം വീട്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴികളില്‍ പടിക്കെട്ടുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. പടിക്കെട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും പരമാവധി കുറയ്ക്കാന്‍ മനസുവെച്ചാല്‍ കഴിയും. അതുപോലെ തന്നെ പ്രധാനമാണ് പ്രായമായവര്‍ പതിവായി നടക്കാനിടയുള്ള വഴികളില്‍ തടസമായി നില്ക്കാവുന്ന ഉയര്‍ന്ന വാതില്‍പ്പടികള്‍ പോലുള്ള സംഗതികള്‍ ഒഴിവാക്കുക എന്നത്. മനസെത്തുന്നിടത്ത് കണ്ണെത്താത്ത കാലത്ത് പലപ്പോഴും കാല്‍ക്കീഴിലെ ഉയര്‍ന്ന പടികളോ കാര്പ്പെറ്റുകളോ ഒന്നും അവരുടെ കണ്ണെത്തണമെന്നില്ല. അതുപോലെ ടീപ്പോയ്, ഡൈനിംഗ് ടേബിള്‍, കസേരകള്‍, ഫ്രിഡ്ജ്, തുടങ്ങിയവ പ്രായമായവര്‍ നടക്കാനിടയുള്ള വഴികളില്‍ നിന്ന് അകലത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് മാര്‍ഗതടസമില്ലാതെ നടക്കാന്‍ വഴിയൊരുക്കു എന്നതാണ് പ്രധാനം.
പ്രത്യേകമുറി
പ്രായമായവര്‍ക്കായി വീട്ടില്‍ പ്രത്യേകം മുറി ഒരുക്കുന്നുണ്ടെങ്കില്‍ അത് താഴത്തെ നിലയില്‍ തന്നെയാകുന്നതാണ് ഉചിതം. മുറിയില്‍ നല്ല രീതിയിലുള്ള വായുസഞ്ചാരവും വെളിച്ചവും ഉറപ്പു വരുത്തണം. ലൈറ്റ്, ഫാന്‍, എസി എന്നിവയുടെയെല്ലാം സ്വിച്ചുകള്‍ അവര്‍ക്ക് പെട്ടെന്ന് കൈയെത്തുന്ന രീതിയിലും ലളിതമായതുമായിരിക്കണം. നൈറ്റ് ലാമ്പുകള്‍ നിര്‍ബന്ധമായും സജ്ജീകരിച്ചിരിക്കണം. ടു വേ സ്വിച്ചുകള്‍ ക്രമീകരിച്ച് ഒരെണ്ണം കട്ടിലിനോട് ചേര്‍ന്നുവരത്തക്ക രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. റൂമില്‍ ടെലഫോണ്‍ കണക്ഷനുണ്ടെങ്കില് അത് കട്ടിലിനോട് ചേര്‍ന്നുതന്നെ ക്രമീകരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മറ്റു മുറികളിലുള്ളവരെ വിളിക്കാനായി അലാറമോ ബസറോ ക്രമീകരിക്കുന്നത് നല്ലതാണ്. വായനാശീലമുള്ളവരാണെങ്കില് പുസ്തക അലമാരയും കൈയെത്തുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. അതുപോലെ വസ്ത്രങ്ങളെടുക്കുന്ന അലമാരയും അവരുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവരുടെ മുറികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട മറ്റൊരു പ്രധാന സംഗതിയാണ് അറ്റാച്ച്ഡ് ബാത്റൂം. അറ്റാച്ച്ഡ് ബാത്റൂമിലക്ക് എളുപ്പത്തില്‍ എത്താവുന്ന രീതിയില്‍ കട്ടിലുകള്‍ ക്രമീകരിക്കാനും ശ്രദ്ധിക്കണം. അതുപോലെ ബാത്റൂമിനകത്തെ ഫിറ്റിംഗ്സുകളും മറ്റ് ഉപകരണങ്ങളും പ്രായമായവര്‍ക്ക് അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം. ബാത്റൂമില്‍ തെന്നാനിടയുള്ള ടൈലുകള്‍ ഒഴിവാക്കണം. ബാത്റൂമുകളില്‍ ഹാന്‍ഡ് റെയില്‍ ഘടിപ്പിക്കുന്നത് പ്രായമായവര്‍ക്ക് സുരക്ഷിതമായി പിടിച്ചു നടക്കാന്‍ സഹായകരമാകും. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഇത്തരം ഹാന്‍ഡ് റെയിലുകള്‍ കിച്ചനിലോ ഡൈനിംഗ് ഹാളിലോ ഘടിപ്പിക്കാവുന്നതുമാണ്.
കടപ്പാട്: സി. ഗോപാലകൃഷ്ണൻ