20
November, 2017
Monday
03:12 PM
banner
banner
banner

വിവാഹ ശേഷം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറാകാത്ത സ്ത്രീകളും വീട്ടച്ഛനാകുന്ന ഭർത്താക്കന്മാരും

വിവാഹം കഴിഞ്ഞതിന്‌ ശേഷവും തന്റെ പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറാകാത്ത സ്ത്രീകളുണ്ട്‌. അവർക്ക്‌ വേണ്ടി കുഞ്ഞുങ്ങളെയും വീടിനെയും സംരക്ഷിക്കാൻ ഭർത്താക്കൻമാർ നിർബന്ധിതരാകും. പൊതുവെ നല്ല ശമ്പളത്തിൽ ജോലി നോക്കിയിരുന്ന സ്ത്രീകൾ അതുപേക്ഷിക്കാൻ തയ്യാറാകുകയില്ല. തങ്ങളുടെ ഇഷ്ടങ്ങളോടും താത്പര്യങ്ങളോടും യോജിക്കുന്ന ഭർത്താക്കൻമാരെ ആയിരിക്കും അവർ ജീവിതത്തിൽ ഒപ്പം കൂട്ടുന്നത്‌.

കല്യാണം കഴിഞ്ഞാൽ സാധാരണയായി വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഒക്കെ നോക്കുന്നത്‌ സ്ത്രീകളാണ്‌. അതവരുടെ ഉത്തരവാദിത്വമാണ്‌ എന്ന നിലയിലാണ്‌ മലയാളി സമൂഹം കാര്യങ്ങളെ നോക്കിക്കാണുന്നത്‌. എന്നാൽ വിദേശങ്ങളിൽ വീട്ടമ്മമാർക്ക്‌ പകരം ‘വീട്ടച്ഛന്മാ’രാണുള്ളത്‌. ഈ ശീലങ്ങൾ നമ്മുടെ നാട്ടിലും നിലവിൽ വന്നു
കൊണ്ടിരിക്കുകയാണ്‌. വീട്ടിൽ അമ്മയുടെ റോൾ ചെയ്യുന്ന അച്ഛൻമാരുടെ തലയിൽ ഓഫീസ്‌ ഫയലുകളോ കമ്പ്യൂട്ടറോ പ്രൊജക്റ്റോ ഒന്നുമായിരിക്കില്ല ഉണ്ടാകുക. പകരം പാചകം ചെയ്യുന്നതെങ്ങനെ, കുഞ്ഞുങ്ങളെ നോക്കുന്നതെങ്ങനെ, ഡ്രസ്‌ വാഷ്‌ ചെയ്യുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാകുമുള്ളത്‌.

വീട്ടിൽ അമ്മയുടെ റോൾ അലങ്കരിക്കുന്ന റോൺ അഭിമാനപൂർവ്വം സ്വയം വിശേഷിപ്പിക്കുന്നത്‌ ‘ഡൊമസ്റ്റിക്‌ എഞ്ചിനീയർ’ എന്നാണ്‌. റോണിനെപ്പോലെ അനവധി വീട്ടച്ഛൻമാർ അവരുടെ വീടിനടുത്തുണ്ട്‌. ഇവരെല്ലാം തങ്ങളുടെ ഉത്തരവാദിത്വത്തിൽ പരിപൂർണ്ണ സംതൃപ്തരാണ്‌. വീട്ടച്ഛൻമാരായി ജീവിക്കാൻ തീരുമാനിച്ചതിന്‌ പുറകിൽ അനവധി കാരണങ്ങളുണ്ട്‌ എന്നവർ ഒരേ സ്വരത്തിൽ സമ്മതിക്കുന്നു. അവയിൽ ചിലത്‌

1. സാമ്പത്തികം
സ്ത്രീകളും പുരുഷൻമാരും ഒരേപോലെ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നത്‌ ചിലപ്പോൾ സ്ത്രീകളായിരിക്കും. കുഞ്ഞുങ്ങളെ നോക്കാൻ സുരക്ഷിതമായ വ്യക്തികളെ കിട്ടിയില്ലെന്നും വരാം. വിവാഹത്തിന്‌ മുമ്പ്‌ ഇത്തരം കാര്യങ്ങൾ സംസാരിച്ച്‌ തീരുമാനിച്ച്‌ വിവാഹം കഴിക്കുന്നവരുണ്ട്‌. അങ്ങനെയുള്ളവർ ഭാര്യയെ ജോലിക്ക്‌ പോകാൻ സമ്മതിച്ചതിന്‌ ശേഷം വീട്ടച്ഛൻമാരായി ജീവിക്കുകയാണ്‌ പതിവ്‌. ഈ തീരുമാനം പങ്കാളികൾ സംയുക്തമായി എടുക്കുകയാണ്‌ പതിവ്‌.

2. ജോലി ചെയ്യണമെന്ന നിർബന്ധം
വിവാഹം കഴിഞ്ഞതിന്‌ ശേഷവും തന്റെ പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറാകാത്ത സ്ത്രീകളുണ്ട്‌. അവർക്ക്‌ വേണ്ടി കുഞ്ഞുങ്ങളെയും വീടിനെയും സംരക്ഷിക്കാൻ ഭർത്താക്കൻമാർ നിർബന്ധിതരാകും. പൊതുവെ നല്ല ശമ്പളത്തിൽ ജോലി നോക്കിയിരുന്ന സ്ത്രീകൾ അതുപേക്ഷിക്കാൻ തയ്യാറാകുകയില്ല. തങ്ങളുടെ ഇഷ്ടങ്ങളോടും താത്പര്യങ്ങളോടും യോജിക്കുന്ന ഭർത്താക്കൻമാരെ ആയിരിക്കും അവർ ജീവിതത്തിൽ ഒപ്പം കൂട്ടുന്നത്‌. കുട്ടികളുടെ വളർച്ചയുടെ ഭംഗി കാണാൻ കഴിയില്ല എന്ന നഷ്ടബോധവും ഇവർക്ക്‌ തോന്നാറില്ല. കാരണം അമ്മ നൽകുന്ന അതേ സംരക്ഷണം അച്ഛൻ കുഞ്ഞുങ്ങൾക്ക്‌ നൽകുന്നുണ്ടാകും.

3. കുട്ടികളുടെ സംരക്ഷണം
അമ്മയില്ലാത്ത വീടുകൾ എപ്പോഴും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കാറാണ്‌ പതിവ്‌. കുട്ടികളെ സ്കൂളിലയയ്ക്കാനും തിരികെ വരുമ്പോൾ നോക്കിയിരിക്കാനും അമ്മമാരെപ്പോലെ മറ്റാർക്കും കഴിയില്ല. എന്നാൽ ആ ധാരണയാണ്‌ വീട്ടിലിരിക്കുന്ന അച്ഛൻമാർ തിരുത്തിക്കുറിക്കുന്നത്‌. ചിലരെങ്കിലും ചെറിയ പരാതികൾ പറയാറുണ്ടെങ്കിലും വീടിനുള്ളിൽ അതൊരു പ്രശ്നമോ പ്രതിസന്ധിയോ ആകാറില്ല.

4. അമ്മയെപ്പോലെ ആകാൻ അച്ഛനും സാധിക്കും
അച്ഛൻമാർക്ക്‌ കുട്ടികൾക്കൊപ്പം വീട്ടിലിരിക്കാൻ സാധിക്കുമെന്നത്‌ ശരിയാണ്‌. എന്നാൽ അമ്മ ചെയ്യുന്ന കാര്യങ്ങളൊക്കെ കുഞ്ഞുങ്ങൾക്ക്‌ ചെയ്ത്‌ കൊടുക്കാൻ അവർക്ക്‌ സാധിക്കുമോ? വീട്ടുകാര്യങ്ങൾക്കൊപ്പം കുട്ടികളുടെ ഹോം വർക്ക്‌, അവരുടെ ഭക്ഷണകാര്യങ്ങൾ, സ്കൂളിലെ മറ്റ്‌ മീറ്റിംഗുകൾ ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ്‌ അമ്മമാർ. എന്നാൽ ഇവയെല്ലാം ചെയ്യാൻ അച്ഛന്‌ സാധിക്കുമോ എന്ന സംശയം വേണ്ട. സാധിക്കുമെന്ന്‌ തന്നെയാണ്‌ ഈ അച്ഛൻമാർ തെളിയിച്ചുകൊണ്ടിരിക്കുന്നത്‌.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!

5. അമ്മമാർ നേരിടുന്ന അതേ പ്രശ്നങ്ങൾ തന്നെ അച്ഛൻമാരും നേരിടുന്നുണ്ട്‌
അച്ഛൻ അമ്മയുടെ റോൾ ചെയ്യുമ്പോൾ എല്ലാക്കാര്യങ്ങളും തടസ്സങ്ങളില്ലാതെ മുന്നോട്ട്‌ പോകുമെന്ന ചിന്ത വേണ്ട. അമ്മമാർ നേരിടുന്ന അതേ പ്രശ്നങ്ങൾ തന്നെ അച്ഛൻമാരും നേരിടുന്നുണ്ട്‌. വീട്ടിൽ തനിച്ചാകുന്ന അമ്മമാർക്ക്‌ ഉണ്ടാകുന്ന മാനസ്സിക സമ്മർദ്ദങ്ങളും അരക്ഷിതാവസ്ഥയും ഉൾപ്പെടെയാണിത്‌. രാത്രി വൈകി വീട്ടിലെത്തുന്ന ഭർത്താക്കൻമാരെക്കുറിച്ച്‌ എല്ലാ ഭാര്യമാർക്കും പരാതിയുണ്ട്‌. എന്നാൽ സ്ത്രീകൾ ജോലിക്ക്‌ പോകുന്ന വീടുകളിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ല.

6. മനോഹരമായ മറ്റ്‌ ചില ഗുണങ്ങളുണ്ട്‌
അച്ഛൻമാർ വീട്ടിലിരിക്കുമ്പോൾ മറ്റ്‌ ചില ഗുണങ്ങളുണ്ട്‌. സ്കൂൾ സമയത്തിന്‌ ശേഷം കുട്ടികൾക്ക്‌ പുറത്തുപോകണമെങ്കിൽ അത്‌ സാധിക്കും. വീടിനുള്ളിലും അമ്മയേക്കാൾ സ്വാതന്ത്ര്യം അനുവദിക്കുന്നതും അച്ഛനായിരിക്കും. മൂന്ന്‌ ദിവസം അച്ഛൻ പുറത്ത്‌ പോയപ്പോൾ കുട്ടികൾ അസ്വസ്ഥരായെന്ന്‌ ഒരു അമ്മ പറയുന്നു. ‘ആരാണ്‌ ഞങ്ങൾക്ക്‌ ഭക്ഷണം ഉണ്ടാക്കിത്തരുന്നത്‌?’ എന്നായിരുന്നു കുട്ടികളുടെ സംശയം. അവർ കരുതിയത്‌ അമ്മയ്ക്ക്‌ പാചകം അറിയില്ല എന്നായിരുന്നെത്രേ!

7. പരമ്പരാഗത ചിന്തകൾക്ക്‌ മാറ്റം വരണം
വിവാഹജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യപങ്കാളിത്തമാണെന്ന കാര്യം വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമാണ്‌. ഭാര്യ സമ്പാദിക്കുന്നത്‌ കൊണ്ട്‌ ജീവിക്കുന്നത്‌ മോശമാണെന്ന ചിന്താഗതിക്ക്‌ മാറ്റം വരേണ്ടതാവശ്യമാണ്‌. പ്രതിസന്ധികളും പ്രശ്നങ്ങളും പങ്കിട്ട്‌ ജീവിക്കുമ്പോഴാണ്‌ വിവാഹജീവിതം സന്തോഷപൂർണ്ണമാകുന്നത്‌ എന്ന
ചിന്തയാണ്‌ ഉയർന്ന്‌ വരേണ്ടത്‌. കുട്ടികളെയും വീടിനെയും നോക്കേണ്ടതും ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ പങ്കിട്ടെടുക്കേണ്ടതും ഭർത്താക്കൻമാരുടെ കടമയാണ്‌.

8. ആധുനിക ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ അറിവുണ്ടാ‍യിരിക്കുക
മാറുന്ന കാലത്തിനനുസരിച്ച്‌ ജീവിക്കാനും ചിന്തിക്കാനും സാധിക്കുക എന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഒന്നിച്ച്‌ പാചകം ചെയ്യുന്നതും വീട്ടുജോലികൾ തീർക്കുന്നതും അവനവന്റെ ഉത്തരവാദിത്വമാണെന്ന്‌ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. പരസ്പരം തുണയായിരിക്കുക എന്നത്‌ തന്നെയാണ്‌ പ്രധാനം. വീട്ടമ്മയ്ക്ക്‌ പകരം വീട്ടച്ഛനാകുമ്പോൾ ബന്ധങ്ങൾക്ക്‌ ഒട്ടും കോട്ടം തട്ടുന്നില്ല എന്നും മനസ്സിലാക്കുക.

Source Credit: Asiavision Family Magazine, Dubai
Article by: Maya Devi

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments