മലയാളം ഇ മാഗസിൻ.കോം

സ്വന്തം ദാമ്പത്യത്തിലെ ഫ്രസ്ട്രേഷൻസ്‌ മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കി ആത്മ നിർവൃതി അടയുന്ന മരപ്പട്ടികളോട്‌

കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ ചെമ്പൻ വിനോദിനെതിരെ സോഷ്യൽ മീഡിയയിൽ സദാചാര വാദികളുടെ അസഭ്യ വർഷം തുടരുകയാണ്‌. തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തതിനെയാണ്‌ കൂടുതലായും സദാചാരവാദികൾ എതിർക്കുന്നത്‌. ഇതിനെതിരെ പ്രമുഖ കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌ കല മോഹൻ, പ്രമുഖ എഴുത്തുകാരി ഹണി ഭാസ്കരൻ എന്നിവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ്‌ ചുവടെ.

ചെമ്പൻ വിനോദിനെ വ്യക്തിപരമായി എനിക്ക്‌ അറിയില്ല. പക്ഷെ ഇന്നലെ മുതൽ അയാൾ എന്റെ ഹീറോ ലിസ്റ്റിൽ ഉണ്ട്‌. അങ്ങേർക്കു അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട്‌, സാമ്പത്തികം ഉണ്ട്‌. ആരോഗ്യോം ഇല്ലേ? അയാൾക്ക്‌ വേണേൽ അയാളുടെ ഇമേജ്‌ സംരക്ഷിച്ചു കൊണ്ടൊരു മുപ്പത്തിയഞ്ചുകാരിക്ക്‌ ജീവിതം കൊടുക്കാമായിരുന്നു. 44 കാരന്‌ 35 ഒക്കെ നമ്മള്‌ സഹിക്കും. അവളുടെയും രണ്ടാം വിവാഹം ആണേൽ പിന്നെയും സമാധാനം.

കൊച്ചു പെണ്ണിനെ അവതാളത്തിൽ ആക്കിയ കശ്മലന്റെ ദുഷ്പേര്‌ ചുമക്കേണ്ട. എന്നിട്ട്‌ ഈ പെങ്കൊച്ചിനെ അങ്ങനെ സൈഡിൽ പറ്റുന്നടുതോളം കൊണ്ടുപോയി, ആശ തീരുമ്പോൾ കളയാമായിരുന്നു. അവളത്‌ അനുവദിക്കുന്നു എങ്കിൽ. മറിച്ചു, അവൾ ചെറുക്കുന്നു എങ്കിൽ ഇമേജ്‌ സംരക്ഷിക്കാൻ ആ ബന്ധമങ്ങു വലിച്ചെറിയാമായിരുന്നു. അവളോട്‌ പറയാമായിരുന്നു, നീ സമൂഹത്തിനും വീട്ടുകാർക്കും ഒത്ത ഒരു ബന്ധം തിരഞ്ഞെടുക്കുക, ഞാനും അങ്ങനെ ചെയ്യാം. എന്നിട്ട്‌ നമ്മുക്കിങ്ങനെ ആരോരും അറിയാതെ ഒളിച്ചങ്ങു കാര്യങ്ങൾ നടത്താം. അതല്ലേ നാട്ട്‌ നടപ്പ്‌.

അതൊന്നും ചെയ്യാതെ, ചേർത്തങ്ങു പിടിച്ചില്ലേ. സമൂഹത്തിന്‌ മുന്നില്‌ ദേ നിൽക്കുന്നു ഞങ്ങള്‌! എപ്പോഴും പെണ്ണിന്റെ കരച്ചിലും അവളുടെ തുമ്മലും ചീറ്റലും മാത്രം കുറിച്ചാൽ പോരാ. ആണിന്റെ നട്ടെല്ലിനെ കുറിച്ചും അവന്റെ കരുതലിന്റെ ചേർത്തുപിടിക്കലിനെ പറ്റിയും ഞാൻ ആലോചിക്കാൻ നിമിത്തമായ ചെമ്പൻ വിനോദ്‌, തത്കാലം ഇങ്ങളാണ്‌ ഇന്നെന്റെ ഉള്ളിലെ ആക്ഷൻ ഹീറോ!
കല, കൗൺസലിംഗ്‌ സൈക്കോളജിസ്‌റ്‌

കൊറോണയൊക്കെ അവിടെ നിൽക്കട്ടെ… ആര്‌ ജീവിച്ചാലെന്ത്‌ മരിച്ചാലെന്ത്‌. ചെമ്പൻ വിനോദിനെ രണ്ടു തെറി വിളിച്ചിട്ട്‌ വരാം – സദാചാര മലയാളി. ലോകത്തെവിടെ ആയാലും മറ്റുള്ളവരുടെ സൗകാര്യ കാര്യത്തിൽ ഇത്രകണ്ട്‌ എത്തി നോക്കി പുലഭ്യം പറയുന്ന മറ്റൊരു വർഗ്ഗം വേറെയില്ല. ആ മനുഷ്യനെന്നല്ല ആരുടെ കാര്യവുമാവട്ടെ ഒരു കുടുംബം നന്നായി പോവാൻ പുറത്തു നിന്ന്‌ നിങ്ങൾ നോക്കി കാണുന്ന മാനദണ്ഢങ്ങൾ ഒന്നും പോരാതെ വരും.

നല്ല വിദ്യാഭ്യാസം, ജോലി, സാമ്പത്തികം ഒക്കെ ഉണ്ടായിട്ടും നിസാരമായ ഒരു വഴക്കിനിടയിൽ ഭാര്യയെ വെറുതെ വേശ്യയെന്നു വിളിച്ചതിന്റെ പേരിൽ അയാളിൽ നിന്നും പിരിഞ്ഞു ജീവിക്കുന്ന സ്ത്രീയെ എനിക്കറിയാം. അന്തസ്സ്‌. കിടപ്പു മുറിയിലെ പീഢനം കാരണം രാത്രി മുറിയിൽ നിന്നിറങ്ങി സ്റ്റേർ കേസിന്റെ കീഴിലിരുന്നു നേരം വെളുപ്പിക്കുന്ന ഒരുവളുണ്ടായിരുന്നു. ഒരു മാസത്തെ സഹനം കഴിഞ്ഞപ്പോ അവളവൾടെ പാട്ടിനു പോയി. അന്തസ്സ്‌.

വഴിയെ പോകുന്ന ആരെയും, ന്തിന്‌ അമ്മയെ ചേർത്തു വരെ അവിഹിതം പറയുന്ന ഭാര്യയെ കണ്ടം വഴി ഓടിച്ച്‌ വേറെ കെട്ടി സുഖായും സമാധാനായും ജീവിക്കുന്ന ഒരുവനുണ്ട്‌. അന്തസ്സ്‌. തലനാരു മുതൽ കാൽനഖം വരെ തല്ലു കിട്ടി പരിക്കു പറ്റി 28 വർഷത്തെ ദുരിത ശേഷം ഭർത്താവിനെ വിട്ട്‌ മക്കൾക്കൊപ്പം ജീവിക്കുന്ന മൂന്നു മക്കളുടെ അമ്മ. ആഹാ അന്തസ്സ്‌. ഭാര്യക്ക്‌ മറ്റൊരുവനെ മതി എന്ന്‌ തുറന്നു പറഞ്ഞപ്പോ ശരി ആയ്ക്കോട്ടെ എതിർപ്പില്ലെങ്കിൽ കുഞ്ഞിനെ ഞാൻ വളർത്തിക്കോളാം എന്നു പറഞ്ഞ്‌ മകനെ കൂടെ കൂട്ടി ഭാര്യക്ക്‌ കൈ കൊടുത്തു പിരിഞ്ഞ പുരുഷൻ. അന്തസ്സ്‌.

ഒരാളിൽ നിന്ന്‌ ഇറങ്ങി നടക്കാൻ പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും അവരവരുടേതായ അവർക്കു ബോധ്യമുള്ള കാരണങ്ങളുണ്ട്‌. സമൂഹത്തെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ആ കാരണങ്ങൾക്കില്ല. അതു കൊണ്ടാണല്ലോ വിവാഹിതരായവർക്ക്‌ അതേ നിയമം തന്നെ പിരിയാനുള്ള സ്വാതന്ത്ര്യവും നൽകുന്നത്‌.

പരസ്പര ബഹുമാനം, സ്വാതന്ത്ര്യ ബോധം, പരിഗണന, സമാധാനം, ഇതൊക്കെ ആത്മാഭിമാനമുള്ള മനുഷ്യരെ സംബന്ധിച്ച്‌ ബന്ധങ്ങളിൽ വലിയ കാര്യങ്ങളാണ്‌. സ്നേഹം, രതി അതും മനുഷ്യരുടെ ആവശ്യങ്ങളാണ്‌. ഏറ്റക്കുറച്ചിലുകളോട്‌ പൊരുത്തപ്പെടണമെന്ന്‌ പറയാൻ സമൂഹത്തിനെന്താണ്‌ അവകാശം ? നിങ്ങളാരാണ്‌ മനുഷ്യബന്ധങ്ങളെ ജഡ്ജ്‌ ചെയ്യാൻ? ഒത്തു പോവാൻ സാധിക്കാത്ത ദാമ്പത്യ ജീവിതത്തിൽ നിന്ന്‌ രക്ഷപ്പെട്ടോടി കാമുകനൊപ്പമോ കാമുകിക്കൊപ്പമോ വേറെ കെട്ടിയോ, ഒറ്റക്കോ ചോയ്സേതുമാവട്ടെ ആ ചോയ്സ്‌ ജീവിക്കാനുള്ള എന്റെ അവകാശം കൂടിയാണ്‌ എന്ന ബോധത്തോടെ ജീവിക്കുന്ന സകലരോടും ഇഷ്ടം.

സ്വന്തം ജീവിതത്തിലെ, ദാമ്പത്യത്തിലെ ഫ്രസ്ട്രേഷൻസ്‌ മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കി ആത്മ നിർവൃതി അടയുന്ന അഭിപ്രായം പറയുന്ന, മരപ്പട്ടികളോട്‌ കസ്തം. ചെമ്പനും ഭാര്യയ്ക്കും ആശംസകൾ. നിങ്ങളുടെ ഈ ചോയ്സ്‌ പ്രണയത്തിന്റെ സമാധാനത്തൈറ്റ്‌ പുതിയ പൂക്കാലങ്ങൾ സൃഷ്ടിക്കട്ടെ!
ഹണി ഭാസ്കരൻ

Avatar

Staff Reporter