കേരളത്തിൽ ഹണിട്രാപ്പ് വർധിക്കുന്നതായി റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും വശത്താക്കി സൈബർ തട്ടിപ്പുകാർ ലക്ഷങ്ങൾ തട്ടുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകള് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയറായ ഐ. ടി പ്രൊഫഷണലിനെ വരെ സംഘം ട്രാപ്പിൽപ്പെടുത്തി. എ. ടി. എം, ഓൺലൈൻ മാർക്കറ്റിംഗ് തട്ടിപ്പുകളിൽ ആളുകൾ ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെയാണ് ഉത്തരേന്ത്യയും നൈജീരിയപോലുള്ള വിദേശരാജ്യങ്ങളും കേന്ദ്രീകരിച്ചുള്ള സംഘം പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതി യുവാക്കളുമടക്കം നൂറുകണക്കിനാളുകളാണ് ഇതിനോടകം ഇരകളായിരിക്കുന്നത്.
ഫേസ് ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ് ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കിൽ സുന്ദരിമാരായ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കിൽ ഹോളിവുഡ് നടൻമാരെ പോലുള്ള സുന്ദരൻമാരുടെ പ്രൊഫൈൽ ചിത്രവും സഹിതമാകും റിക്വസ്റ്റ് അയക്കുക. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാൽ ചാറ്റിംഗാണ് അടുത്തഘട്ടം. നിരന്തരമായ ചാറ്റിംഗിലൂടെ ഇരയെ ചൂണ്ടയിലാക്കിയാൽ തട്ടിപ്പുകാർ പിന്നീട് വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. പ്രൊഫഷണലുകൾക്കും വീട്ടമ്മമാരുമുൾപ്പെടെയുള്ളവർക്കും അധികവും രാത്രിയിലാണ് വീഡിയോ കോളെത്തുക.

തട്ടിപ്പ് സംഘമാണെന്ന് അറിയാതെ കോളിൽ മുഴുകുന്ന വീട്ടമ്മമാരുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഈ സമയം തട്ടിപ്പുകാരുടെ ഫോണിൽ റെക്കാഡായിക്കൊണ്ടിരിക്കും. സംസാരവും സൗഹൃദവും അതിരുവിടുന്നതോടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ ആവശ്യപ്പെടും.
ഫോൺവിളിയും സൗഹൃദവും ഇഷ്ടപ്പെടുകയും തുടരാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് തന്റേതെന്ന പേരിൽ ന-ഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുന്ന സംഘം തിരിച്ചും ഇത്തരത്തിലുള്ള സ്വകാര്യ വീഡിയോകൾ അയയ്ക്കാൻ ആവശ്യപ്പെടും. സൗഹൃദത്തിന്റെ ലഹരിയിൽ മതിമറന്നു പോകുന്നവർ ഫോട്ടോകളും വീഡിയോകളും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് അയക്കും. ഇത് കിട്ടുന്നതോടെയാണ് ബ്ലാക്ക് മെയിലിംഗിന്റെ തുടക്കം.

ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടലാണ് അടുത്ത ലക്ഷ്യം. ജീവിത പങ്കാളിയോടോ വീട്ടുകാരോടോ കാര്യങ്ങൾ തുറന്ന് പറയാനാകാത്തതിനാൽ പണം നൽകി പ്രശ്നം ഒതുക്കാകാനാകും പലരും ശ്രമിക്കുക. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. വിലപേശിയും കരഞ്ഞ് കാലുപിടിച്ചും ചിലർ തുക കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും പിൻമാറില്ലെന്ന് കാണുബോൾ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും കൈമാറാൻ ഇരകൾ നിർബന്ധിതരാകും.
ഇത്തരത്തിൽ ഒരുതവണ പണം കൈമാറി കഴിയുംബോൾ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള ഭീഷണികൾ തുടരും. മാനം ഭയന്ന് ഭീഷണികൾക്ക് വഴങ്ങി പലതവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും വിടാതെ പിന്തുടരുന്ന ഘട്ടങ്ങളിലാണ് പലരും പരാതിക്കാരായി പൊലീസിന് മുന്നിലെത്തിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ നൂറുകണക്കിനാളുകളിൽനിന്ന് കോടികൾ ഇവർ തട്ടിയെടുത്തിട്ടുണ്ട്. വെർച്ച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തരപ്പെടുത്തുന്ന ഇന്റർനെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത് എന്നതിനാൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐ. ജി സഞ്ജയ് കുമാർ ഗരുഡിൻ വെളിപ്പെടുത്തി.