സ്വയം സംരംഭങ്ങൾ സാമ്പത്തിക മുന്നേറ്റത്തിനും സ്വയം പര്യാപ്തതക്കും
ഇന്ത്യയിലെ തൊഴിൽശക്തിയുടെ ഏതാണ്ട് ആറ് മുതൽ പത്ത് ശതമാനം മാത്രമേ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുള്ളൂ. ബാക്കിവരുന്ന തൊഴിൽശക്തിയിൽ അധികവും സ്വകാര്യ സംരംഭങ്ങളിലോ സ്വയം സംരംഭങ്ങളിലോ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷവും സ്വയം സംരംഭങ്ങളിലാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. പ്രത്യേകിച്ച് അഭ്യസ്ഥവിദ്യരായ സ്ത്രീകൾക്കിടയിൽ. ഈ പ്രശ്നത്തെ ഫലപ്രദമായി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്ത്രീകൾക്ക് സ്വയം സംരംഭങ്ങളും ചെറുകിട ബിസിനസ് സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകൾ, കോഴ്സുകൾ, വായ്പാ പദ്ധതികൾ എന്നിവ വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വ്യവസായ വകുപ്പ,് നബാർഡ്, ചെറുകിട സൂക്ഷ്മ സംരംഭ മന്ത്രാലയം (മിനിസ്ട്രി ഓഫ് മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ്) തുടങ്ങി ഒട്ടനവധി കേന്ദ്ര സംസ്ഥാന സംരംഭങ്ങൾ ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് വ്യവസ്ഥാപിതമായി നടത്തിവരുന്നുണ്ട്. വനിത സംരംഭങ്ങൾക്കായി പരിശീലന പദ്ധതികൾ പ്രൊജക്ട് രൂപ കൽപന, സാമ്പത്തിക സഹായം എന്നിവ ഇത്തരം സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രധാന പദ്ധതികളിൽ ഒന്നാണ്.
ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ സ്വയം സംരംഭക പരിശീലന കേന്ദ്രങ്ങളുമായി സഹകരിച്ച് പരിശീലന കോഴ്സുകളും വർക്ക് ഷോപ്പുകളും ജില്ലാവ്യവസായ കേന്ദ്രങ്ങളും നൽകിവരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വ്യവസായ കേന്ദ്രം ഫല സംസ്ക്കരണവും സംരക്ഷണവും, പാക്കേജിംഗ്, അച്ചാർ നിർമാണം മുതലായ ഹ്രസ്വകാല പരിശീലനപരിപാടികൾ സംഘടിപ്പിക്കുകയും പരിശീലനം കഴിഞ്ഞവർക്ക് ധനസഹായത്തിനുള്ള മാർഗങ്ങൾ ഉപദേശിക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം കോഴിക്കോട്: 0495 2766035/ എറണാകുളം: 0484 2206022/ തിരുവനന്തപുരം: 0471 2326756
എം.എസ്.എം.ഇ (ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയം)
ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ പരിശീലന പരിപാടികളും കോഴ്സുകളും നൽകുക, സാമ്പത്തിക സഹായ സ്രോതസ്സുകളെ കുറിച്ചുള്ള സഹായങ്ങൾ നൽകുക, പ്രൊജക്ടുകൾ നിർമിച്ചുകൊടുക്കുക എന്നിവയാണ് ഇതിന്റെ കീഴിലെ ഓരോ സംസ്ഥാനങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ ദൌത്യം.
സംഘടനകൾക്കോ ക്ളബ്ബുകൾക്കോ എൻ.ജി.ഒകൾക്കോ സ്വന്തം നിലക്കോ പ്രദേശികാവശ്യങ്ങൾക്കോ അനുസൃതമായ കോഴ്സുകളും പരിശീലനപരിപാടികളും തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് എം.എസ്.എം. ഇ സഹായം തേടാവുന്നതാണ്. ഇതിന്റെ കേരള കേന്ദ്രത്തിന്റെ നമ്പർ: 0487 2360216
നബാർഡ്
കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ് നബാർഡ്. അഗ്രികൾച്ചർ ക്ളിനിക്കുകൾ, അഗ്രികൾച്ചറൽ ബിസിനസുകൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികൾ നബാർഡിന് കീഴിലുണ്ട്.
അഗ്രി ക്ളിനിക്സ്
മണ്ണിനെ കുറിച്ച സാങ്കേതിക വിവരങ്ങൾ വിത- കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങൾ, സഹായങ്ങൾ, കന്നുകാലികൾ, സംരക്ഷണ രീതികൾ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഉപദേശം നൽകുകയാണ് ഇതിന്റെ ദൌത്യം.
അഗ്രി ബിസിനസ്സ് സെന്റർ
കൃഷി ആയുധങ്ങളും ഉപകരണങ്ങളും വിൽക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാർഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങൾ അഗ്രികൾച്ചർ അനുബന്ധ മേഖലകളിൽ ഡിപ്ളോമ തലത്തിലോ ഹയർ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവർക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)
ഗ്രാമോധ്യോഗ് റോസ്ഗാർ യോജന (ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി GRY)
ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രൊജക്ടുകൾ തയ്യാറാക്കി നൽകുക. സാമ്പത്തിക സഹായങ്ങൾ നൽകുക. പരിശീലനം നൽകുക എന്നിവയാണ് ഈ പ്രൊജക്ടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbasree.org)
ബനാനാ ചിപ്സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിർമാണ യൂണിറ്റ്, ജെൻസ് ടീഷർട്ട് നിർമാണം, മസാല നിർമാണം, നൂഡിൽസ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകൾ. കൂടുതൽ വിവരങ്ങൾക്ക് (www.kvic-regppmegp.in)
സ്വർണജയന്തി ഷഹരി റോസ്കാർ യോജന
അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴിൽ ആരംഭിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2324205 (www.kudumbashree.org)
നാഷണൽ ഇൻസ്റിറ്റിയൂട്ട് എന്റർപ്രണർഷിപ്പ് ആന്റ് ബിസിനസ് ഡവലപ്മെന്റ് (NIESBUD)
ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകൾ നീണ്ടുനിൽക്കുന്ന തൊഴിൽ പരിശീലന കോഴ്സുകൾ, തൊഴിൽജന്യ കോഴ്സുകൾ, സ്വയം സംരംഭക പരിശീലനങ്ങൾ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകർഷണം. പദ്ധതി ഉപദേശങ്ങൾ, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങൾ എന്നിവ നൽകുന്നുണ്ട്. (www.niesbud.nic.in)
രാഷ്ട്രീയ മഹിള കോഷ് (നാഷണൽ ക്രെഡിറ്റ് ഫണ്ട് ഫോർ വിമൺ)
സ്ത്രീകൾക്കിടയിലെ ചെറുകിട സംരംഭങ്ങൾ, തൊഴിൽ പദ്ധതികൾ എന്നിവക്കായി സാമ്പത്തിക സഹായം നൽകുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ചതാണിത്. ഇതിനെ കേരളത്തിലെ വനിതകളും സംഘടനകളും വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.
മഹിളാ സമൃദ്ധി യോജന (MSY)
ന്യൂനപക്ഷ സമുദായ വനിതകൾക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതൽ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് പരിശീലനവും പദ്ധതിയും നൽകുക. 16നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ.് പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താൽപര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയിൽ ആറുമാസം വരെ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുക. ശേഷം സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. (www.nmdfc.org)
ജലീൽ എം.എസ് (ഡയറക്ടർ, കരിയർ ഗുരു)
(guru@careerguruonline.com, 9895736789)