മലയാളം ഇ മാഗസിൻ.കോം

ഈ \’അപകടങ്ങൾ\’ ഇനി ആവർത്തിക്കരുത്‌: സാമൂഹ്യ മാധ്യമങ്ങൾ സമൂഹത്തിൽ അഗ്നിമഴ തീർക്കാതിരിക്കട്ടെ!

സതീഷ് കുമാർ
ചുമ്പന സമരമാണ് സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കപ്പെട്ട് കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ആദ്യ പ്രതിഷേധം. അതിൽ പ്രശസ്തരും അല്ലാത്തവരുമായി സമൂഹത്തിന്റെ വിവിധ തുറയിൽ പെട്ടവർ ഉണ്ടായിരുന്നു. പിന്നീട് ശ്രീജിത്തിന്റെ ഒറ്റയാൾ സമരത്തിനു പിന്തുണയുമായി നടന്ന സമരവും ശ്രദ്ധേയമായി. ഈ രണ്ടു സമരങ്ങളിലും പങ്കെടുത്തവർ തികഞ്ഞ അച്ചടക്കത്തൊടെയും ജനങ്ങളെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെയുമാണ് അണിനിരന്നത്.

\"\"

ചുമ്പന സമരത്തിനു എതിർപ്പുമായി വന്നവരും പോലീസും പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ശ്രീജിത്തിന്റെ സമരത്തിൽ അത്തരം യാതൊരു സംഭവവും ഉണ്ടായില്ല എന്ന് മാത്രമല്ല മാതൃകാപരമായിരുന്നു താനും. അക്രമങ്ങൾ ഇല്ലാതെയും ശ്രദ്ധിക്കപ്പെടുന്നതും ശക്തമായതുമായ സമരങ്ങൾ നടത്താമെന്നും അത് വിജയിപ്പിക്കാമെന്നും സോഷ്യൽ മീഡിയ പൊതുസമൂഹത്തിനും സാമ്പ്രദായിക രാഷ്ടീയക്കാർക്കും കാണിച്ചു കൊടുത്തു. പല തിരുത്തലുകൾക്കും ഭരണാധികാരികളെ പ്രേരിപ്പിക്കുവാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ശക്തമായ സമരമാധ്യമായി മാറാനാകും എന്ന് അനവധി തവണ തെളിയിക്കുകയും ചെയ്തതാണ്.

കാശ്മീരിലെ എട്ടുവയസ്സുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധം കേരളം ഏറ്റെടുത്തത് മതത്തിന്റെയും രാഷ്ടീയത്തിന്റെയും വേലിക്കെട്ടുകൾ തകർത്തെറിഞ്ഞുകൊണ്ട് ഒരേ മനസ്സൊടെയായിരുന്നു. എന്റെ തെരുവിൽ എന്റെ പ്രതിഷേധം എന്ന പേരിൽ സമാധാനപരമായി പ്രതിഷേധം നടന്നു. അക്രമികൾ ശിക്ഷിക്കപ്പെടണമെന്നും ന്യായീകരണങ്ങൾ നിരത്തുന്നവരെ ബഹിഷ്കരിക്കണമെന്നും ആഹ്വാനങ്ങൾ ഉയർന്നു. കേരളത്തിന്റെ മതേതര മനസ്സ് ഒരു തേങ്ങലോടെ അവൾക്കൊപ്പം നിന്നു.

\"\"

എന്നാൽ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു സംഘം അക്രമികൾ കഴിഞ്ഞ ദിവസം കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ അഴിഞ്ഞാടി. “സോഷ്യൽ മീഡിയ“ ആഹ്വാനം ചെയ്ത ഹർത്താൽ എന്ന ലേബലിൽ റോഡിലിറങ്ങിയവർ അക്രമങ്ങളിലൂടെയും പ്രകോപനപരമായ മുദ്രാവാക്യങ്ങളിലൂടെയും പൊതുസമൂഹത്തിൽ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അനുബന്ധമായ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഒരു സമുദായക്കാർ മറ്റൊരു സമുദായക്കാർക്കെതിരെ നടത്തിയ അക്രമമായി വ്യാഖ്യാനിക്കപ്പെട്ടു. ഒരു മതവിശ്വാസത്തിന്റെ ചിഹ്നങ്ങൾ അപമാനിക്കപ്പെടും വിധമുള്ള പൊസ്റ്ററുകൾ പ്രചരിക്കപ്പെട്ടു. ഒരു ക്രൂരമായ സംഭവത്തിന്റെ പേരിൽ നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ അക്രമികൾ കലപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഇതിന്റെ അലയൊലികൾ എളുപ്പത്തിൽ അവസാനിക്കുകയില്ല. ഒരാളും ഉത്തരവാദിത്വം ഏറ്റെടുക്കാത്തെ ഈ ഹർത്താൽ വരാനിരിക്കുന്ന നിരവധി അപകടങ്ങളിലേക്ക് വ്യക്തമായ സൂചന നൽകുന്നുണ്ട്. തൊട്ടു മുമ്പത്തെ ദിവസം നടന്ന എന്റെ തെരുവിലെ എന്റെ പ്രതിഷേധം എന്ന സോഷ്യൽ മീഡിയ സമരത്തിൽ സമൂഹത്തിന്റെ പരിച്ഛേദത്തെ കണ്ടെടുക്കാനാകുമ്പോൾ ഇതിൽ അത്തരം ഒരു പരിച്ഛേദത്തെ കാണാൻ ആകില്ല. ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണ് അക്രമികളിൽ ഭൂരിപക്ഷവും.

\"\"

സോഷ്യൽ മീഡിയ സംഘടിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പ്രതിഷേധ സമരത്തിൽ എങ്ങിനെയാണ് ഇത് സംഭവിക്കുക? അതിനാൽ തന്നെ കൃത്യമായ രീതിയിൽ ഒരു സംഗതി യാദൃശ്ചികമായി നടക്കുകയില്ലെന്നും അതിനു പിന്നിൽ ഒരു പ്രേരക ശക്തിയുണ്ടോ എന്ന സംശയം സമൂഹത്തിൽ ഉയർന്നു കഴിഞ്ഞു. ഇത്തരം ക്ഷുദ്ര ശക്തികൾക്ക് നേരെ സംസ്ഥാന സർക്കാർ യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ നടപടി എടുക്കുക തന്നെവേണം.

താൽക്കാലിക രാഷ്ടീയ നേട്ടങ്ങൾക്കായി രാഷ്ടീയ വൈരികൾക്കെതിരെ നിരന്തര പ്രചാരണം നടത്തുമ്പോൾ അത് അല്പം പാളിപ്പോയാൽ ഉണ്ടകുന്ന അപകടം എന്താണെന്ന് ഇന്നലത്തെ സംഭവം അടിവരയിടുന്നത്. ഏതെങ്കിലും പ്രത്യേക ആശയത്തിൽ ഊന്നിയുള്ള പ്രസ്ഥാനങ്ങൾക്കെതിരെ തങ്ങൾ നിരന്തരമായി നടത്തുന്ന പ്രചാരണങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ അത് വർഗ്ഗീയ ദ്രുവീകരണം സംഭവിക്കുന്നതിനു ഇടവരുത്തും. അത് കേരളത്തിന്റെ മതേതരത്വത്തെ ഒന്ന് തൊട്ടാൽ പൊട്ടുന്ന വലിയ ഒരു കുമിളയാക്കി ചുരുക്കും. തക്കം പാർത്തിരിക്കുന്ന ക്ഷുദ്ര ശക്തികൾക്ക് അവസരം ഒരുങ്ങുകയാണ്. അവർ ആ കുമിളയെ അനായാസം പൊട്ടിച്ച് നാട്ടിൽ കലാപങ്ങൾ സൃഷ്ടിക്കും. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിനു നീതിലഭിക്കണം എന്നതല്ല അവരുടെ ആഗ്രഹം മറിച്ച് അതിന്റെ മറവിൽ തെരുവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തലാണ് അവരുടെ ലക്ഷ്യം. ആളുകളുടെ മതം ചോദിച്ചുകൊണ്ട് അവർ ആക്രമിക്കുന്നവരുടെ ലക്ഷ്യം ഒരിക്കലും ഇരക്ക് നീതി വാങ്ങിനൽകലല്ല എന്ന് തിരിച്ചറിയുക.

\"\"

കേരളത്തെ കലാപഭൂമിയാക്കുവാൻ പരിശ്രമിക്കുന്ന ശക്തികൾക്ക് ഇന്ധനം പകരുന്ന നിലപാടാകരുത് ഉത്തരവാദിത്വപ്പെട്ടവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രതികരണങ്ങളും. ഇക്കാര്യത്തിൽ ജാഗ്രതയില്ലാതെ വരുമ്പോൾ അത് തെറ്റായ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കും. അന്ധമായ രാഷ്ടീയ-മത പോരാളികൾ സൈബർ ഇടങ്ങളിൽ നിറഞ്ഞാടുമ്പൊൾ ചെറിയ ഒരു തീപ്പൊരി പോലും അനായാസം ആളിപ്പടരുവാൻ ഇടവരുത്തും. നിയന്ത്രിക്കാനാകാത്ത കാട്ടുതീ പോലെയാണിന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നുണക്കഥകൾ അത് വലിയ അപകടങ്ങൾ തീർക്കും എന്ന് ഓർക്കുക.

തങ്ങൾക്ക് ഹിതകരമല്ലാത്ത വിധം എതിരഭിപ്രായം പറയുന്നവരുടെ സ്ഥാപനത്തിലേക്ക് ഇ മെയിൽ വഴിയും ടെലിഫോൺ വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും സമ്മർദ്ദം ചെലുത്തി ജോലി തെറിപ്പിക്കുന്ന പ്രവണത എത്രമേൽ ക്രൂരമാണ്.ഒരു സ്വകാര്യ സ്ഥപാനത്തിലെ യുവാവിന്റെ ജോലി തെറിപ്പിച്ചപ്പോൾ തിരിച്ചടിച്ചത് രണ്ടു പേർക്കെതിരെ സമാന രീതിയിൽ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടാണ്. സർഗാത്മകമായ ചർച്ചകളും സമൂഹത്തിനു ഗുണകരമായ പ്രവർത്തനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ കാരുണ്യപ്രവർത്തനങ്ങളും നല്ലതിനായുള്ള പ്രതിഷേധങ്ങളും നടത്തുവാനാകുന്ന ഒന്നിനെ ജനാതിപത്യത്തിൽ തിരുത്തലുകൾ സൃഷ്ടിക്കാനാകുന്ന ഒന്നിനെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ അത് സാമൂഹ്യമാധ്യമങ്ങൾ സമൂഹത്തിൽ അഗ്നിമഴതീർക്കും എന്ന് ഇന്നലത്തേതടക്കം ഉള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ..

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor