മലയാളം ഇ മാഗസിൻ.കോം

വോട്ടിന്റെ അടയാളമായി ചൂണ്ടാണി വിരലിൽ പുരട്ടുന്ന മഷിയുടെ ചരിത്രം അറിയാമോ?

ഓരോ തെരഞ്ഞെടുപ്പു നാളിലും പരസ്പരം കാണുന്നവർ തമ്മിൽ ഒരു ചോദ്യമുണ്ട്‌. വോട്ടു ചെയ്തോ? ഇടതുചൂണ്ടാണി വിരലിൽ പതിഞ്ഞിരിക്കുന്ന മഷി അടയാളം ഉയർത്തിക്കാട്ടിയായിരിക്കും മറുപടി.

എന്നാൽ ചോദ്യകർത്താവിനോ ഉത്തരം നൽകുന്ന ആളിനോ ചൂണ്ടാണി വിരലിലെ മഷിയെക്കുറിച്ച്‌ ഏറെ അറിയില്ലെന്നതാണ്‌ യാഥാർത്ഥ്യം. രാജ്യത്തെ ഒരു പൗരൻ ജനാധിപത്യത്തിന്റെ കണ്ണിയായിരിക്കുന്നുവെന്ന്‌ ഓർമ്മപ്പെടുത്തുന്നതാണ്‌ ഈ മഷിയടയാളം. ഇതിനുപരിയായി വോട്ടു ചെയ്ത്‌ താനും രാജ്യത്തിന്റെ ജനാധിപത്യത്തിൽ പങ്കാളിയായെന്ന അഭിമാനവും ആത്മസംതൃപ്തിയും വേറിട്ടതാണ്‌. ഇനി മഷിയുടെ ചരിത്രത്തിലേക്ക്‌ പോകാം. തിരഞ്ഞെടുപ്പിന്റെ ആദ്യകാലങ്ങളിൽ ഈ മഷി വിരലിന്റെ നഖത്തിന്റെയും ഇടയിൽ ഒരു പൊട്ടുപോലെയാണ്‌ രേഖപ്പെടുത്തിയിരുന്നത്‌. ഇത്‌ നിമിഷനേരത്തിനുള്ളിൽ മായ്ച്ച്‌ കള്ളവോട്ടു ചെയ്യുന്ന രീതി വർദ്ധിച്ചു വന്നതോടെ തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടാണി വിരലിൽ നീണ്ട രീതിയിൽ വരയ്ക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇലക്ട്രോണിംഗ്‌ വോട്ടിംഗ്‌ യന്ത്രം ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുമ്പോഴും വോട്ടു ചെയ്തു എന്നതിന്റെ മുഖ്യ അടയാളമാണ്‌ ഇടതുചൂണ്ടാണി വിരലിലെ മഷിപ്പാട്‌.

പെട്ടെന്നു മായ്ക്കുവാനാകാത്ത ഈ മഷി 1962 ൽ മുതൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശാനുസരണം നിർമ്മിച്ചു നൽകുന്നതും കർണ്ണാടകയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂർ പെയ്ന്റ്സ്‌ ആന്റ്‌ വാർണീഷ്‌ ലിമിറ്റഡ്‌ (എം.പി.വി.എൽ) എന്ന സ്ഥാപനമാണ്‌. 1947 ൽ സ്വാതന്ത്ര്യത്തോടു കൂടിയാണ്‌ എം.പി.വി.എൽ സ്ഥാപിതമായത്‌. തെരഞ്ഞെടുപ്പു കമ്മീഷൻ, നാഷണൽ ഫിസിക്കൽ ലബോറട്ടറി, നാഷണൽ റിസർച്ച്‌ ഡവലപ്മെന്റ്‌ സെന്റർ ന്യൂഡൽഹി എന്നിവയുടെ സഹായസഹകരണത്തോടു കൂടിയാണ്‌ ഇവിടെ ഈ പ്രത്യേകതരം മഷി നിർമ്മിക്കുന്നത്‌. 5, 7, 10, 20, 25, 60, 80 മില്ലി ലിറ്റർ അളവുവരെയാണ്‌ മഷി കുപ്പിയിലാക്കി വിതരണത്തിനു തയ്യാറാക്കുന്നത്‌. 5 മില്ലി ലിറ്റർ കൊണ്ട്‌ 300 സമ്മതിദായകരുടെ വിരലിൽ അടയാളം രേഖപ്പെടുത്താനാകും.

2009 ലെ പൊതുതിരഞ്ഞെടുപ്പിൽ എം.പി.വി.എൽ രാജ്യത്ത്‌ വിതരണം ചെയ്തത്‌ 10 മില്ലിലിറ്റർ അളവിലുള്ള രണ്ടു കോടി കുപ്പികളായിരുന്നു. 2007 ൽ ഈ സ്ഥാപനത്തിന്റെ വരുമാനം 9 കോടിയായിരുന്നു. 2008-2009 ൽ ഇത്‌ പതിനാറുകോടിയായി ഉയർന്നു. ഇന്ത്യക്കു പുറമേ 28 ഓളം രാജ്യങ്ങളിലേക്ക്‌ ഈ മഷി കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്‌. തുർക്കി, പാക്കിസ്ഥാൻ, നേപ്പാൾ, ഘാന, മംഗോളിയ, കാനഡ, ബ്രിട്ടൺ, ഡെന്മാർക്ക്‌, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, നൈജീരിയ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളാണിവ.

1978 മുതൽ വോട്ടിംഗ്‌ മഷി ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുവാനുള്ള അനുമതി ലഭിച്ച രാജ്യത്തെ ഏക സ്ഥാപനമാണ്‌ മൈസൂർ പെയിന്റ്സ്‌ ആന്റ്‌ വാർണീഷിംഗ്‌ ലിമിറ്റഡ്‌.

Avatar

Staff Reporter