ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടായത് എങ്ങനെയെന്ന് പലർക്കുമുള്ള സംശയമാണ്. എന്നാൽ അതിന്റെ യഥാർത്ഥ ഉത്തരവുമായി വന്നിരിക്കുകയാണ് ഇപ്പോൾ ഹവാർഡ് യൂണിവേഴ്സിറ്റി. പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയൻസ് എന്ന ജേർണലിലാണ് ഇതേ കുറിച്ച് പരാമർശിക്കുന്നത്. ഹാർവാഡ് സർവകലാശാലയിലെ ജിയോളജിസ്റ്റായ നാജാ ഡ്രാബണിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
പാലിയോച്ചീൻ യുഗത്തിലാണ് സംഭവം നടക്കുന്നത്. ഏകദേശം 3.26 ബില്ല്യണ്‍ വർഷങ്ങള്‍ക്കു മുൻപ് പടുകൂറ്റൻ ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചു. ഭൂമിയില്‍ ജീവന്റെ നാമ്ബുമുളയ്ക്കാൻ ഈ ഉല്‍ക്കാപതനത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.’ഫെർട്ടിലൈസർ ബോംബ്’ എന്നാണ് ഗവേഷകർ ഈ ഉൽക്കാശിലയെ വിശേഷിപ്പിചിരിക്കുന്നത്. ആ സമയത്ത് ഭൂമി വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. അന്തരീക്ഷത്തിലോ സമുദ്രങ്ങളിലോ ഓക്സിജൻ ഇല്ലാത്ത അവസ്ഥയും ഭൂഖണ്ഡാന്തര ഭൂപ്രദേശം കുറവുമായിരുന്നു അന്ന്. മാത്രമല്ല ദിനോസറുകള്‍ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകാൻ കാരണമായ ഉല്‍ക്കാശിലയേക്കാള്‍ 50 മുതല്‍ 200 മടങ്ങുവരെ വലിപ്പമുള്ള ഉൽകാശിലയായിരുന്നു അതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഉല്‍ക്കാശില സൃഷ്ടിച്ച ആഘാതം പാറയെ ബാഷ്പീകരിക്കുകയും ഒരു ആഗോള പൊടിപടലം സൃഷ്ടിക്കുകയും വലിയ സുനാമികള്‍ക്ക് കാരണമാവുകയും സമുദ്രങ്ങളുടെ മുകളിലെ പാളികള്‍ തിളപ്പിക്കുകയും ചെയ്തു. കൂടാതെ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കാവശ്യമായ നിർണായക പോഷകമായ ഫോസ്ഫറസ് വലിയതോതില്‍ വിതരണംചെയ്യപ്പെടുകയുംചെയ്തു. ഇതിനൊപ്പം സുനാമികള്‍ ധാരാളം ഇരുമ്ബിന്റെ അംശമുള്ള ജലം ആഴം കുറഞ്ഞ ഭാഗത്തെ ജലവുമായി കലർത്തുകയും സൂക്ഷ്മാണുക്കള്‍ക്ക് വളരാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.അങ്ങനെ ആദ്യകാല ജൈവ പരിണാമത്തില്‍ അവശ്യ പോഷകങ്ങള്‍ നല്‍കുകയും ആദിമ ജീവജാലങ്ങള്‍ക്ക് പുതിയ ആവാസ വ്യവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്തു എന്നാണ് പഠനത്തിൽ പറയുന്നത്.വലിയ ഉല്‍ക്കാശില ജീവന് വിനാശകരമാണെന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ് ഇവരുടെ പഠനം.