നിങ്ങളുടെ ഭാര്യ അനാവശ്യമായി വഴക്കു കൂടുന്നുണ്ടോ? കുഞ്ഞുങ്ങളോട് ഒരു കാര്യവുമില്ലാതെ ദേഷ്യപെടുന്നുണ്ടോ? ഇത് കണ്ടു നിങ്ങൾ ദേഷ്യപ്പെടേണ്ട. വെറുതെ അല്ല അവരുടെ ഈ സ്വഭാവമാറ്റങ്ങൾ. അതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടാകും. നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഒന്നിനും ഒരു കുറവു വരാതെ നോക്കുന്നതും ഉത്തരവാദിത്വത്തോടെ കുടുംബ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഭാര്യയുടെ കഴിവാണ്. ഇങ്ങനെ ഉള്ള ഭാര്യയുടെ സ്വഭാവത്തിലെ മാറ്റങ്ങൾക്കു ചില കാരണങ്ങൾ തീർച്ചയായും ഉണ്ടാകും.
ചില മാനസിക സമ്മർദ്ദങ്ങൾ ആണ് ഈ സ്വാഭാവവ്യത്യാസത്തിന്റെ കാരണം. എന്താണ് അവരുടെ പ്രശ്നം എന്ന് ചോദിച്ചു മനസിലാക്കുകയാണ് വേണ്ടത്. കാരണം മനസ്സിലായാൽ ഈ പ്രശ്നം എങ്ങനെയാണോ പരിഹരിക്കേണ്ടത് അതിനു വേണ്ടി മുൻകൈ എടുക്കുക. എപ്പോളും നിങ്ങൾ കൂടെയുണ്ടാകും എന്ന വിശ്വാസം അവളിൽ വളർത്തുക.

എന്തേലും വിഷമം ഉണ്ടായാലും പലരും അത് ഭർത്താവിനോട് തുറന്നു പറയില്ല. പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നലാണ് അവരെ ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. തീർച്ചയായും ഇത് മനസിലാക്കി പ്രവർത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ് എന്ന് മനസ്സിലാക്കുക. ഇത്തരം പ്രശനങ്ങൾ പുറത്തു പറയാതെയോ മറ്റുള്ളവർ മനസ്സിലാകാതെയൊ വരുമ്പോൾ അവർ അകാരണമായി വഴക്കുണ്ടാക്കുകയോ കുട്ടികളോട് ദേഷ്യപ്പെടുകയോ ചെയ്യുന്നു.
വീട്ടമ്മമാരെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ വളരെ ചെറുതാണ് എന്നാൽ ഈ കാര്യങ്ങൾ അവർക്കു നൽകുന്ന മാനസിക പിരിമുറുക്കം ചില്ലറയല്ല. സമയത്തു വീട്ടുജോലികൾ പൂർത്തിയാക്കാൻ സാധിക്കാതിരിക്കുന്നതും. ചിലപ്പോൾ വളരെ അധികം ജോലി ഒരാളുടെയും സഹായം ഇല്ലാതെ ചെയ്യേണ്ടി വരുന്നതും ഒക്കെ ഇവരെ ബാധിക്കുന്ന പ്രശ്നമാണ്. ഇനി ജോലിക്കു പോകുന്നവരുടെ കാര്യം പറയുകയേ വേണ്ട. കൃത്യസമയത്ത് വീട്ടുജോലി തീർത്തു ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ നോക്കി വേണം ജോലിക്കു പോകാൻ.
അവിടെയും പല പ്രശ്‌നങ്ങൾ ഉണ്ടാകും. സഹപ്രവർത്തകർ തമ്മിലുള്ള ഈഗോ, ജോലിഭാരം ഇവയൊക്കെ അവരുടെ ടെൻഷനു കാരണമാകുന്നു. ഇവ ഇല്ലാതെയാക്കാൻ ഭർത്താവിന്റെ സ്നേഹപൂര്ണമായ പെരുമാറ്റം വളരെ ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ അവരോട് സംസാരിച്ചു മനസ്സിലാക്കി പരിഹരിച്ചു പോയാൽ മാത്രമേ സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ സാധിക്കുകള്ളൂ. ഭാര്യമാര്‍ മാനസികവിഷമം അനുഭവിക്കുന്ന പൊതുവായ ചില കാര്യങ്ങള്‍ ഇവയാണ്.

1. ഭർത്താവിന്റെ അമ്മയുമായുള്ള പ്രശ്നം
മിക്ക ഭാര്യമാരുടെയും പ്രശ്നത്തിന്റെ പ്രധാന കാരണം ഭർത്താവിന്റെ അമ്മ തന്നെയാണ്. ഇവരുടെ പെരുമാറ്റം പലപ്പോഴും മരുമകൾക്കു തലവേദന സൃഷ്ടിക്കുന്നു. ചില മരുമക്കൾ അമ്മയ്ക്കും തലവേദന തന്നെ. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുമ്പോൾ ഭർത്താക്കന്മാർ ആരുടെയും സൈഡ് നിൽക്കാതെ നിഷ്പക്ഷമായി കാര്യങ്ങൾ കൈകാര്യം ചെയ്യുക. ഭാര്യയും അമ്മയും ഒരുപോലെയാണ്. അത് മനസ്സിലാക്കി ആരെയും വിഷമിപ്പിക്കാതെ ആകണം തീരുമാനം എടുക്കാൻ.
2. ഭർത്താവിന്റെ പെണ്‍ സൗഹൃദം
പെൺസുഹൃത്തുക്കൾ ആകുമ്പോൾ തന്നെ പല വീടുകളിലും പ്രശ്നങ്ങൾ തുടങ്ങുന്നു. കുടുംബ ബന്ധങ്ങളിൽ വലിയ വിള്ളൽ വീഴ്ത്താൻ ഇതു കാരണം ആകുന്നു. മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഇവയ്ക്കുള്ള പങ്കും ചെറുതല്ല. ചില സ്ത്രീകൾ ഭർത്താവിന്റെ സ്ത്രീ സുഹൃത്തിനെ സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ ഒരു പരിധിയിൽ കവിഞ്ഞു സുഹൃത്തിനെ പുകഴ്ത്തുകയും ഭാര്യയുടെ പ്രവർത്തികൾ കാണാതെ പോകുകയും ചെയ്യുമ്പോൾ അവിടെയും പ്രശ്നങ്ങൾ തുടങ്ങുന്നു. ഭാര്യ ചെയ്യുന്ന നല്ല കാര്യങ്ങൾ മനസിലാക്കുക. അവരെ പുകഴ്ത്തി സംസാരിക്കുക. അവരോടൊപ്പം സമയം ചിലവഴിക്കാനും ശ്രമിക്കുക.
3. ഭാര്യയുടെ അഭിപ്രായങ്ങളും പരിഗണിക്കുക
ഭാര്യയുടെ വാക്കിന് പ്രാധാന്യം നൽകണം. ഒരു കുടുബത്തെ ഒത്തൊരുമിച്ചു കൊണ്ട് പോകാൻ സാധിക്കുന്നവരാണ് ഇന്ന് പല ഭാര്യമാരും. അതുകൊണ്ടു തന്നെ എന്ത് കാര്യത്തിലും അവരുടെ അഭിപ്രായങ്ങൾ കൂടെ ചോദിച്ചു മനസ്സിലാക്കി പ്രവർത്തിക്കുക. തന്നെ ഭർത്താവ് ഉൾക്കൊള്ളുന്നു അല്ലെങ്കിൽ തന്റെ വാക്കുകൾ, അഭിപ്രായങ്ങൾ മാനിക്കുന്നു എന്നത് തന്നെ ഒരു ഭാര്യയെ സന്തോഷിപ്പിക്കുന്നു. ഭാര്യക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല എന്നുള്ളത് അവളിൽ നിരാശ ഉണ്ടാകുന്നു.
YOU MAY ALSO LIKE THIS VIDEO, ചകിരി ബ്രഷ് മുതൽ റോളർ വരെ: വീടിന് Paint തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

4. ഭര്‍ത്താവിന്റെ മടിയും നിരുത്തരവാദിത്വവും
ഭർത്താക്കന്മാർ പലരും അടുക്കള ജോലിയിൽ ഭാര്യയെ സഹായിക്കാൻ ശ്രമിക്കാറില്ലാ. ചില സമയം അവൾ സഹായം ആവശ്യപ്പെട്ടാൽ പോലും വിസ്സമ്മതിക്കുകയാണ് പതിവ്. ശാരീരികമായ എന്തെങ്കിലും ബുദ്ധിമുട്ടുള്ള സമയത്തു ഒരു കൈ സഹായം ഭാര്യക്ക് വല്യ ആശ്വാസം ആയിരിക്കും. വീട്ടിൽ അത്യാവശ്യമായി വേണ്ടുന്ന എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് വാങ്ങി നൽകാതെ ടി വി യിലോ ഫോണിലോ നോക്കിയിരിക്കുന്ന ഭർത്താക്കന്മാർ നൽകുന്ന സമ്മർദ്ദം വലുതാണ്.
5. അനാവശ്യ ചിലവ്
ഇപ്പോൾ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് പണം. അത് കണ്ടു അറിഞ്ഞു വേണം ചെലവ് ചെയ്യാൻ. വീട്ടാവശ്യത്തിനോ കരുതലിനോ ആയി മാറ്റിവച്ചിരിക്കുന്ന പണം വെറുതെ അനാവശ്യ ആഘോഷങ്ങൾക്കോ ഉപയോഗപ്രദമല്ലാത്ത കാര്യങ്ങൾക്കോ ചിലവാക്കുന്ന ഭർത്താവ് ഭാര്യയ്ക്ക് തലവേദന ഉണ്ടാക്കുന്നു.
6. തിരക്കിനിടയിലെ സഹായം
എല്ലാവർക്കും പല തിരക്കുകൾ ഉണ്ട്. എന്നാൽ ഇവ മാനേജ് ചെയ്യാൻ പഠിക്കുക. സ്ത്രീകൾ വെളുപ്പിനെ മുതൽ ജോലികൾ തുടങ്ങുന്നു. ഇടയ്ക്കിടെ ഭാര്യയെ സഹായിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. അടുത്ത ബന്ധുക്കളുടെ ഒഴിവാക്കാൻ ആകാത്ത ചടങ്ങുകളിൽ തനിക്കു സമയമില്ല എന്ന് പറഞ്ഞു ഭാര്യയെ ഒറ്റയ്ക്ക് പോകാൻ അനുവദിക്കാതിരിക്കുക. ഇത്തരം കാര്യങ്ങൾ അറിഞ്ഞു പെരുമാറിയാൽ നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാകും. ഭാര്യയുടെ സന്തോഷമാണ് കുടുംബത്തിന്റെ സുഖകരമായ നിലനിൽപ്പിനെ സഹായിക്കുന്നത്.
YOU MAY ALSO LIKE THIS VIDEO, 3 ലക്ഷം രൂപ സർക്കാർ സഹായത്തോടെ 1 സെന്റിൽ 4000 മത്സ്യങ്ങളെ വളർത്താവുന്ന ഹേമന്തിന്റെ Aquaponics Farm