മലയാളം ഇ മാഗസിൻ.കോം

ഒരു ചെറിയ നെഞ്ചുവേദന തോന്നിയപ്പോൾ ഓട്ടോയിൽ അടുത്തുള്ള ആശുപത്രിയിൽ ഒന്ന്‌ പോയി, പക്ഷെ തിരികെ വന്നത്‌…

ഫെർണാണ്ടസിന് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഒരു വല്ലായ്ക ഉണ്ടായിരുന്നു. എന്താണെന്ന് മനസ്സിലായില്ലെങ്കിലും. പതിവുപോലെ കടയിലെത്തി ജോലിയാരംഭിച്ചു. സമയം ഒൻപത് മണിയായിക്കാണും. വല്ലായ്ക ഇപ്പോഴും വിട്ട് മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി.

\"\"

പത്തു മണിയോടെ തളർച്ച തോന്നിയ അയാൾ അൽപ്പ നേരം ഇരുന്നു. തനിക്ക് പ്രഷർ കൂടിയോ? എന്തായാലും ക്ലിനിക്ക് വരെയൊന്ന് പോയിനോക്കാം. അബുദാബി പട്ടണത്തിൽ നിന്നും എഴുപതോളം കിലോമീറ്റർ ദൂരെയുള്ള ഉൾപ്രദേശമായത് കൊണ്ട് ഒരു സർക്കാർ ക്ലിനിക് മാത്രമേയുള്ളു. ക്ലിനിക്കിലേക്ക് നടക്കുമ്പോൾ ഫെർണാണ്ടസിന് വല്ലാത്ത കിതപ്പ് തോന്നി. ക്ലിനിക്കിലെത്തിയതും നേരെ ഡോക്ടറുടെ റൂമിലേക്ക് കയറിച്ചെന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരു ഈജിപ്ഷ്യൻ ഡോക്ടറാണ്. പ്രാഥമിക പരിശോധനകൾ നടത്തി യ ശേഷം പറഞ്ഞു:

“ഭയപ്പെടാനൊന്നുമില്ല, ഇ.സീ.ജി. എടുക്കണം, ഒന്ന് വിശദമായി പരിശോധിക്കാം”.

ഇ.സീ.ജി. റൂമിലേക്ക് അയാളെ കൊണ്ട് പോകാൻ നഴ്സിനോട് ഡോക്ടർ പറഞ്ഞു. റിസൾട്ട് വന്നത് നോക്കി, പിന്നെ ഡോക്ടർ പുറത്തേക്ക് പോയി ക്ലിനിക്കിലെ മറ്റു സ്റ്റാഫുകളോട് എന്തൊക്കയോ അടക്കം പറയുന്നുണ്ടായിരുന്നു. ഫെർണാണ്ടസ് നിസ്സംഗനായി കൺസൾട്ടിങ് റൂമിലിരുന്നു. ഡോക്ടർ വന്നു പറഞ്ഞു:

“മിസ്റ്റർ ഫെർണാണ്ടസ് ഇവിടെയുള്ള ഇ.സി.ജി. മെഷിൻ ശരിക്കും വർക്ക് ചെയ്യുന്നില്ല. അബുദാബിയിലെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി ഇ.സി.ജി. എടുത്ത് വരാമോ? ഞാൻ റെഫർ ചെയ്യാം”.

പോകാൻ തയ്യാറാണെന്ന് ഫെർണാണ്ടസ് തലയാട്ടി.

“ഇവിടെ നിന്നും അബുദാബിയിലേക്ക് ഒരു ആംബുലൻസ് പോകുന്നുണ്ട്. ഇന്നലെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വന്ന ഒരു പേഷ്യന്റിനെ തിരിച്ചു കൊണ്ട് വരാനായി പോകുന്നതാണ്, അതിൽ തന്നെ പൊയ്ക്കോളൂ. അവർ താങ്കളെ അവിടെ എത്തിച്ചുകൊള്ളും. ഇ.സി.ജി എടുത്ത് തിരിച്ചു വന്നെന്നെ കാണണം\”

ആംബുലൻസിൽ ഡ്രൈവറെ കൂടാതെ ഒരു മെയിൽ നഴ്സും ഒരു ലേഡി നഴ്സുമുണ്ടായിരുന്നു. ഫിലിപ്പൈൻസ് ദേശക്കാരനായ മെയിൽ നഴ്സുമായി ഫെർണാണ്ടസ് ആംബുലൻസിനുള്ളിലെ ഉപകരണങ്ങളെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. സർവസജ്ജമായിരുന്നു ആംബുലൻസ്. ഏകദേശം നാൽപ്പത് കിലോമീറ്റർ പിന്നിട്ടപ്പോൾ. ഫെർണാണ്ടസിന് വീണ്ടും തളർച്ച അനുഭവപ്പെട്ടു. ശരീരം വിയർക്കുവാൻ തുടങ്ങി. തന്റെ നെഞ്ചിൽ ആരോ ബൂട്ടിട്ട് ശക്ക്തമായി ചവിട്ടുന്നത്‌ പോലെ അയാൾക്ക് തോന്നി. ഫെർണാണ്ടസ് നഴ്സിന്റെ മടിയിലേക്ക് ചാഞ്ഞു. നഴ്‌സ് ഓക്സിജൻ മാസ്ക്കെടുത്ത് ഫെർണാണ്ടസിന്റെ മുഖത്ത് വച്ചു. നാക്കിനടിയിൽ ടാബ്ലെറ്റെടുത്ത വച്ച ശേഷം കൈകൊണ്ട് അയാളുടെ നെഞ്ചിൽ അമർത്തി കൊണ്ടിരുന്നു. ഉടൻ ആംബുലൻസിൻസിന്റെ ലൈറ്റുകൾ തെളിഞ്ഞു സൈറൺ മുഴക്കി അത് കുതിച്ചു. അബുദാബിയിലെ പ്രശസ്തമായ ഖലീഫാ ഹോസ്പിറ്റലിന്റെ എമർജൻസി എൻട്രൻസ്നു മുന്നിൽ ആംബുലൻസ് നിന്നു. ഡ്യൂട്ടി നഴ്സുമാർ സ്ട്രക്ച്ചറുമായി വന്ന് ഫെർണാണ്ടസിനെയും വഹിച്ചു കൊണ്ടുപോയി.

\"\"

വിവരമറിഞ് ഓടിയെത്തിയ റൂംമേറ്റ് അലിയാർ ആശുപത്രി അധികൃതരോട് കാര്യങ്ങൾ അന്വേഷിച്ചു. “മേജർ അറ്റാക്കായിരുന്നു. സമയത്തിന് എത്തിയത് കൊണ്ട് പുള്ളി രക്ഷപ്പെട്ടു. ആഞ്ചിയോ ചെയ്ത് സ്റ്റണ്ടിട്ടു ബ്ലോക്കുകളെല്ലാം ഓപ്പണാക്കിയിട്ടുണ്ട്. ഇനി ഭയപ്പെടാനൊന്നുമില്ല”. വൈകാതെ തന്നെ ഫെർണാണ്ടസിനെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. ഫെർണാണ്ടസിന് സംഭവിച്ചതെല്ലാം ഓരോന്നായി ഓർമ്മയിൽ വന്നു.

“എന്റെ ഈശോയെ എന്നാലും ആ നേരത്ത് ഒരാംബുലൻസ് അവിടെനിന്ന് ഇങ്ങോട്ട് വരാ നുണ്ടായത് വലിയ ഭാഗ്യം തന്നെ! അല്ല്യോ അലിയാരേ” …?

“എന്റെ അച്ചായോ, അതൊക്കെ ഡോക്ടർ നിങ്ങളോട് ചുമ്മാ പറഞ്ഞതല്ലേ. ആംബുലൻസ് അച്ചായന് വേണ്ടി മാത്രം വന്നതാണ്. നിങ്ങൾ പുറപ്പെട്ട ഉടനെ അദ്ദേഹം ഇങ്ങോട്ട് വിളിച്ച് എല്ലാം പറഞ്ഞിരുന്നു. അപ്രകാരം എല്ലാ ക്രമീകരണങ്ങളും ഒരുക്കി ഇവരും കാത്തിരിക്കുകയായിരുന്നു”.

സത്യമറിഞ്ഞ ഫെർണാണ്ടസ് തരിച്ചു പോയി. അന്യ നാട്ടുകാരനായ ഒരു ഡോക്ടർ തനിക്കുവേണ്ടി എന്തിനാണിത്ര ഉത്സാഹിച്ചത്. താനൊരു നിത്യ സാധാരണ ക്കാരനായ ഗ്രോസർ. പിന്നെ എന്തിനാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്തത്? എത്ര ചിന്തിച്ചിട്ടും ഫെർണാണ്ടസിന് പിടികിട്ടിയില്ല.

മൂന്നാം ദിവസം ഡിസ്ചാർജായി. ഫെർണാണ്ടസ് നിറകണ്ണുകളോടെ ഈജിപ്ഷ്യൻ ഡോക്ടറെ കണ്ടു നന്ദി അറിയിച്ചു. റൂമിൽ വന്നു നാട്ടിലുള്ള ഭാര്യക്കും മക്കൾക്കും തന്റെ സഹോദരി റീത്താമ്മക്കും ഫോൺ വിളിച്ചു. ഫെർണാണ്ടസ് റീത്താമ്മയോട് പറഞ്ഞു.

“എടീ നീയും സൂക്ഷിച്ചോ എനിക്കും ഇച്ചായനും അറ്റാക്ക് വന്ന സ്ഥിതിക്ക് നിനക്കും വന്നു കൂടായ്കയില്ല. നമ്മളൊക്കെ ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ്”

ഏതാനും ആഴ്ചകൾ കഴിഞ്ഞുകാണും, ഒരു ദിവസം രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോൾ റീത്താമ്മക്ക് വല്ലായ്ക തോന്നി. അടുക്കളയിലെ പതിവ് ജോലി ചെയ്യുന്നതിനിടയിൽ വല്ലാത്ത ക്ഷീണം. അൽപ്പ നേരം ഉമ്മറത്തു വന്ന് കസേരയിലിരുന്നു. വീണ്ടും അടുക്കളയിൽ വന്ന് ജോലി തുടർന്നു. നെഞ്ചിലായി ഒരു എരിച്ചിൽ. അത് കൂടി വന്നു. ഗ്യാസിന്റെ ഉപദ്രവമാണെങ്കിലോ എന്നോർത്ത് അൽപ്പം വെള്ളുള്ളിയും ഉലുവായുമിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചു. വേദനക്ക് മാറ്റമൊന്നുമില്ല. സമയം പിന്നെയും നീങ്ങി. റീത്താമ്മ കട്ടിലിൽ പോയി കിടന്നു. വേദന തോളെല്ലിലേക്ക് പടർന്നു.

റീത്താമ്മക്ക് അസ്വഭാവികതയും ഒരുൾഭയവും തോന്നി. കുറെ ദിവസമായി മക്കളോട് പറയുന്നതാണ് എന്നെ എവിടെയെങ്കിലും കൊണ്ടുപോയോന്ന് പരിശോധിപ്പിക്കണം. സഹോദരങ്ങളായ ജേക്കബിന് അമേരിക്കയിൽ വച്ചും ഫെർണാണ്ടസിന് അബുദാബിയിൽ വച്ചും അറ്റാക്ക് വന്നതാണ്. ഞാനും ഇട്ടിമാത്തുവിന്റെ മക്കളിൽ പെട്ടതല്ലേ.
നാട്ടിലുള്ള മക്കളാരും അത് കേട്ടതായി ഭാവിച്ചില്ല. മകൻ ഹൈടെക് ആശുപത്രിയുടെ മാനേജരാണ്. പലതവണ അവനോട് കെഞ്ചിപ്പറ ഞ്ഞതാണ്. അവനും കേട്ടില്ല. മുൻപൊരിക്കൽ മൂത്തമകൻ കുവൈത്തിൽ നിന്നും വന്നപ്പോൾ എറണാംകുളത്തൊരു ആസ്പത്രിയിൽ കൊണ്ട്പോയി ഫുൾ ചെക്കപ്പ് നടത്തിയിരുന്നു. “യാതൊരു കുഴപ്പവും അമ്മച്ചിക്കില്ലെന്നും, എന്നാലും സൂക്ഷിക്കണമെന്നും കുടുംബത്തിൽ എല്ലാവർക്കും ഷുഗറും പ്രഷറും ഒക്കെ ഉള്ളതല്ലേ”. അന്ന് ആ ഡോക്ടർ പറഞ്ഞിരുന്നതാണ്.

വേദന കൂടി വരികയാണ് ഡ്രസ്സ് മാറുമ്പോൾ വെറുതെ മനസ്സിൽ പറഞ്ഞു പലവട്ടം പറഞ്ഞതാണ് അവനോട് ‘നീ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഒന്നെന്നെ കൊണ്ടുപോടാ. ചെക്കപ്പ് കഴിഞ്ഞാൽ ഞാൻ അനിയത്തി ‘പീച്ചു’ വിന്റെ വീട്ടിൽ ഇരുന്നുകൊള്ളാം. അനിയത്തിയുടെ വീട് മകൻ ജോലിചെയ്യുന്ന ആശുപത്രിക്കടുത്താണ്. തന്റേതായ തിരക്കുകൾ പറഞ്ഞു അവനും കൈ ഒഴിഞ്ഞു. അങ്ങനെ റീത്താമ്മ സ്വയം ഒരു ഓട്ടോ പിടിച്ചു സിദ്ധിക്ക് ഡോക്ടറുടെ ക്ലിനിക്കിലെത്തി. നല്ല തിരക്കുണ്ട്. കാത്തിരിപ്പിനിടയിൽ നഴ്സിനോട് ആരോ പറഞ്ഞു. “ഈ അമ്മച്ചിക്ക് തീരെ വ യ്യാട്ടോ”.

\"\"

ഡോക്ടർ റീത്താമ്മയെ വിളിപ്പിച്ചു. പരിശോധനക്ക് ശേഷം പറഞ്ഞു. നിങ്ങൾ പോയി ഇസിജി ഒന്നെടുത്തു വരണം. രണ്ട് കിലോമീറ്റർ ദൂരെയുള്ള ഇസിജി സെന്ററിലേക്ക് ഓട്ടോ കുതിച്ചു. ഇസിജി എടുത്ത് തിരിച്ചു വന്ന ഓട്ടോ ഡ്രൈവറോട് ഡോക്ടർ പറഞ്ഞു:

\”മേജർ അറ്റാക്കാണ് ഉടൻ ഇവരെ ഹോസ്പിറ്റലിൽ എത്തിക്കണം\”

അതും പറഞ്ഞു ഡോക്ടർ അടുത്ത രോഗിയെ പരിശോധിക്കാനായി തിരിഞ്ഞു. അയാൾക്ക് ഒരു ദിവസത്തെ ടാർഗറ്റ് പൂർത്തിയാക്കണമല്ലോ. മകൻ വരാമെന്ന് ഫോൺ വിളിച്ചറിയിച്ചതിനെ തുടർന്ന് കാർ ഷെഡിനടുത്ത് റീത്താമ്മയും ഓട്ടോകാരനും കാത്തു നിന്നു. അവർ കാത്തു നിൽക്കുന്നത് കൺസൾട്ടിങ് റൂമിലിരിക്കുന്ന ഡോക്ടർക്ക് കാണാമായിരുന്നു. സമയം പിന്നെയും നീങ്ങി. റീത്താമ്മ ഓട്ടോക്കാരനോട് പറഞ്ഞു:

\”മോനെ ഇന്നിനി വീട്ടിൽ പോകാം, നേരം ഇരുട്ടായി തുടങ്ങി. അവിടെ കോഴികളെയും താറാവിനെയും ആരാ കൂട്ടിലാക്കാൻ. ആസ്പത്രിയിൽ നാളെയെങ്ങാനും പോകാം.”

എന്ത്പറയണമെന്നറിയാതെ ഓട്ടോക്കാരൻ കുഴങ്ങി. ഒടുവിൽ മകനെത്തി അവൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. റീത്താമ്മയെ പെട്ടെന്ന് ഐ.സി.യുവിലക്ക് കൊണ്ട് പോയെങ്കിലും സമയം വളരെ വൈകിയിരുന്നു. അവസാന ശ്രമമായി ഡോക്ടർ റീത്താമ്മയുടെ നെഞ്ചിൽ ആഞ് ഇടിക്കുന്നത് ഐ.സി.യു വിന്റെ ചില്ലു വാതിലിലൂടെ മകൻ നോക്കി നിന്നു.

റീത്താമ്മയുടെ മരണവാർത്തയറിഞ്ഞ ഫെർണാണ്ടസ് അബുദാബിയിൽ നിന്നും എത്തി. ബന്ധുക്കൾ പാന വായിച്ചു. വികാരിയച്ചൻ വന്നു ഒപ്പീസ് ചൊല്ലി. ബോഡി പള്ളിയിലേക്കെടുത്തു. റീത്താമ്മയുടെ അന്ത്യയാത്രയിൽ ഒന്നും വിശ്വസിക്കാനാവാതെ ആൾക്കൂട്ടത്തിൽ ഒരുവനായ് ഫെർണാണ്ടസും നടന്നു. അന്ത്യചുംബനം നൽകവേ ഫെർണാണ്ടസിന്റെ കണ്ണുനീർ റീത്താമ്മയുടെ നെറ്റിയിൽ വീണു. കണ്ഠമിടറി തന്റെ കൂടെപിറപ്പിനോട് മന്ത്രിച്ചു:
“നീ ചെന്നെത്തിയത് ‘ഡോക്ടർ’ന്റെയടുത്തും ഞാൻ എത്തിപ്പെട്ടത് ‘മനുഷ്യൻ’ന്റെയടുത്തും ആയിരുന്നല്ലോടീ…..’

മുജീബ് കൈപ്പുറം | 050 11 040 55
കടപ്പാട്‌: ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌ | Rights Protected

Avatar

Staff Reporter