മലയാളം ഇ മാഗസിൻ.കോം

കുളിക്കുമ്പോൾ ആദ്യം നനയ്ക്കേണ്ടത് കാലുകളാണ് തലയല്ല, ആദ്യം തോർത്തേണ്ടത് മുതുകും: എന്താ കാര്യമെന്നറിയാമോ?

മിക്ക ദിവസങ്ങളിലും രണ്ടു നേരമെങ്കിലും കുളി പാസാക്കുന്നവരാണ് മലയാളികൾ. എന്നാൽ കുളിക്കുന്നവർക്ക്‌ അറിയാമോ ആയുർവേദത്തിൽ കുളിക്കേണ്ട രീതികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ. ഈ കാര്യങ്ങൾ അറിഞ്ഞു പെരുമാറിയാൽ തന്നെ ഒരുവിധം രോഗങ്ങളിൽ നിന്ന് നമുക്ക്‌ രക്ഷനേടാൻ ആകും.

\"\"

രാവിലെ സൂര്യനുദിക്കും മുൻപു കുളിക്കണം. വൈകിട്ട് സൂര്യാസ്തമയത്തിനു മുൻപു മേൽ കഴുകാം, തല കുളിക്കരുത് എന്നാണ് ആയുർവേദ വിധി. തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും. പഴയ കാലങ്ങളിൽ കുളത്തിലും നദിയിലും മറ്റും ആയിരുന്നു ആളുകൾ അധികവും കുളിച്ചിരുന്നത്. കുളിയും സന്ധ്യാവന്ദനവും സൂര്യനമസ്കാരവും അന്നു പതിവായിരുന്നു. ഇന്ന് ഇതു കുളിമുറിയിലൊതുങ്ങി. മുങ്ങിക്കുളിക്കേണ്ടവർക്കു ബാത്ത് ടബ് ആകാം. പക്ഷേ ഷവറിലെ കുളി ശ്രദ്ധയോടെ വേണം. ശിരസ്സിലേക്ക് ആദ്യമേ തണുത്ത വെള്ളം ഒഴിക്കുന്നതു നന്നല്ല.

\"\"

ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് എന്ന നലയിൽ വേണം കുളി ആരംഭിക്കാൻ. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും. കുളത്തിലേക്കും മറ്റും നാം ഇറങ്ങി ചെയ്യുമ്പോൾ ഉള്ളം കാലിൽ നിന്നു ശിരസ്സ് വരെയുള്ള നാഡിയിലൂടെ ശരീരം തണുക്കാൻ പോകുന്നു എന്ന സന്ദേശം ശിരസ്സിൽ എത്തിയിരിക്കും.

ശരീരത്തിന്റെ റിഫ്ലക്സ് ആക്ഷൻ അനുസരിച്ച് ശിരസ്സ് തയാറായി ഇരിക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി ശ്വാസംമുട്ട്, വലിവ്, ജലദോഷം, പനി എന്നിവ ഉണ്ടാകുന്നവരും നീരുവീഴ്ച, മേലുവേദന എന്നിവ വരുന്നവരും കുളി ഈ രീതിയിൽ മാറ്റിയാൽ നന്ന്. ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്. വിവസ്ത്രരായി വെള്ളത്തിൽ നീരാടുവാൻ പാടില്ല. മറഞ്ഞിരിക്കുന്ന അഗ്നിയാണ് വെള്ളം അതുകൊണ്ട് അധർമ്മങ്ങൾ ചെയ്താൽ വെള്ളം നമ്മെ ചുട്ടുകളയും എന്നാണ് സങ്കൽപ്പം. ജലം സർവ്വദേവതാ സ്വരൂപമാണെന്ന് വേദങ്ങൾ പറയുന്നു.

\"\"

എണ്ണതേച്ചു കുളിക്കാൻ പണ്ടൊക്കെ നല്ല ദിവസം നോക്കുമായിരുന്നു. ഇന്നത്തെപ്പോലെ നിത്യവും എണ്ണ തേച്ചു കുളി പണ്ടില്ലായിരുന്നു. തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. മറ്റു ദിവസങ്ങൾ പാടില്ല. കറുത്ത വാവിനും വെളുത്ത വാവിനും എണ്ണ തേക്കാൻ പാടില്ല. ചതുർദശി, പ്രതിപദം, ഷഷ്ഠി, അഷ്ടമി, ദ്വാദശി എന്നിവ ഒഴിവാക്കണം. തിരുവാതിര, ഉത്രം, തൃക്കേട്ട, തിരുവോണം എന്നീ നക്ഷത്രങ്ങളും നന്നല്ല. ജന്മനക്ഷത്രം, അനുജന്മനക്ഷത്രം, ഉപവാസദിവസം എന്നിവയൊക്കെ എണ്ണ തേച്ചു കുളിക്കാൻ പാടില്ലാത്ത ദിവസങ്ങളാണ്. കുട്ടികൾക്കും വൃദ്ധന്മാർക്കും രോഗികൾക്കും ഇതു നോക്കേണ്ടതില്ല. സ്ത്രീകൾക്കു ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എണ്ണ തേച്ചു കുളിക്കാം. തിങ്കളാഴ്ചയും ഭർത്താവിന്റെ ജന്മനക്ഷത്രദിവസവും എണ്ണ തേച്ചു കുളിക്കാൻ പാടില്ല എന്നാണ് ആചാരം.

മരണവീട്ടിൽ പോയി വന്നാൽ ആദ്യം കുളിക്കണം എന്നതു പണ്ടു മുതലേ ഉള്ള ആചാരമാണ്. മൃതശരീരത്തിൽ നിന്നുള്ള അണുക്കൾ നമ്മുടെ ദേഹത്തു നിന്നു കളയാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. കുളിച്ചു വസ്ത്രം മാറി ധരിക്കുകയും വേണം. കുളികഴിഞ്ഞാൽ ആദ്യം തുടയ്ക്കേണ്ടതു മുതുകാണ്. അതു കഴിഞ്ഞേ മുഖം തുടയ്ക്കാവൂ.

Staff Reporter