ചൈനയിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുകയും ഇന്ത്യയുൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ചൈനയിൽ നിന്ന് എത്തുന്നവരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്യുകയാണ്. എന്നാൽ കോവിഡിന്റെ സൂപ്പർ വ്യാപനമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്ന വകഭേദങ്ങൾ പുതിയവയല്ല എന്നത് തന്നെയാണ് അതിന് കാരണമായും പറയപ്പെടുന്നത്.
എക്സ്ബിബി, ബിഎഫ്.7 വകഭേദങ്ങളാണ് ഇപ്പോൾ നിയന്ത്രണാതീതമായി വ്യാപിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ വൈറസുകൾ കുറച്ചുകാലമായി ഇവിടെയുണ്ടെങ്കിലും ഇതുവരെയും തീവ്രവ്യാപനത്തിലേക്ക് കാര്യങ്ങൾ പോയിരുന്നില്ല. അതുകൊണ്ട് തന്നെ കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം രൂപപ്പെടാത്തിടത്തോളം കേരളം ഉൾപ്പടെ രാജ്യത്ത് (ഇന്ത്യയിൽ) കോവിഡ് തരംഗം ഉണ്ടാകില്ലെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.

അതിനർത്ഥം കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണിയിൽ നിന്നും നാം പൂർണമായും മുക്തരാണ് എന്നല്ല. ലോകത്തെവിടെയും കൊറോണ വൈറസ് വ്യാപനം പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതിലേക്ക് കാര്യങ്ങൾ നയിക്കും. കൂടുതൽ വ്യാപനശേഷിയും പ്രഹര ശേഷിയുമുള്ള ഇത്തരം വൈറസുകളെത്തിയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഇന്ത്യക്ക് മറ്റുചില അനുകൂല ഘടകങ്ങൾ കൂടിയുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനം ആളുകൾക്കും പല ഘട്ടങ്ങളിലായി വൈറസ് ബാധ ഏറ്റതോടെ കൈവന്ന ആർജ്ജിത പ്രതിരോധവും വാക്സിനേഷന്റെ വിജയവും ഇനിയുമെത്തുന്ന ഏതൊരു വകഭേദത്തെയും ഒരു പരിധിവരെ ചെറുക്കാൻ ഇന്ത്യൻ ജനതയെ പ്രാപ്തരാക്കിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുക്കാനും ജനങ്ങൾ കാണിക്കുന്ന ജാഗ്രത കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് മുതൽക്കൂട്ടാണ്.
ചൈനയുടെ സാഹചര്യവും ഇന്ത്യയുടെ സാഹചര്യവും തമ്മിൽ താരതമ്യം ചെയ്ത് ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഭൂരിപക്ഷം ആളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച് ഇപ്പോഴും പരാതികൾ ഉയരുന്നുണ്ട്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായതോടെയാണ് രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾ കൂടുതലായി മരിക്കാൻ തുടങ്ങിയത്. ഡെൽറ്റ വകഭേദത്തിന്റെ അത്ര മാരകമല്ല നിലവിൽ വ്യാപിക്കുന്ന എക്സ്ബിബി, ബിഎഫ്.7 വകഭേദങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
YOU MAY ALSO LIKE THIS VIDEO, 4 എണ്ണത്തിൽ തുടങ്ങി, ഇപ്പോൾ 50ൽ അധികം: Love Birds, Budgies വളർത്തലിൽ നല്ല വരുമാനം കണ്ടെത്തി വീട്ടമ്മ