മലയാളം ഇ മാഗസിൻ.കോം

പച്ചവെള്ളത്തിൽ പുതിന ഇലയിട്ട്‌ ദിവസവും കുടിച്ചാൽ കിട്ടുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെ എന്നറിയാമോ?

ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നാണ് പുതിന. പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഈ ചേരുവയ്ക്ക് എണ്ണമറ്റ ചികിത്സാ ഗുണങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. പുതിന വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

ആന്റി ഓക്സിഡന്റ്‌സിന്റെയും ഫൈറ്റോ നൂട്രിയൻസിന്റേയും കലവറയാണ് പുതിന. ധാരാളം വെള്ളം കുടിക്കേണ്ട സമയമായ വേനലിൽ വെള്ളം കുടിക്കുന്ന സമയത്ത് ഒരല്‍പം പുതിന ഇല വെള്ളത്തില്‍ ഇട്ട് കുടിക്കുക. വെയിലിൽ ശരീരത്തിൽ നിന്ന് നഷ്ടമാകുന്ന ജലാംശം തടയാൻ പുതിനയില സഹായിക്കുന്നു.

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

അതുപോലെ ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിൽ അടങ്ങിയിരിക്കുന്ന മെന്തോള്‍ ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതു പോലെ തലവേദനയ്ക്ക് നല്ലൊരു മരുന്നാണ് പുതിന.

ഭക്ഷണം ദഹനനാളത്തിൽ ആവശ്യത്തിലധികം നേരം നിലനിൽക്കുകയാണെങ്കിൽ, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഗുണങ്ങള്‍ വളരെ നല്ലതാണ്.

മാത്രമല്ല ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്.കൂടാതെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന പ്രയോഗിക്കുന്നത് ഗുണം ചെയ്യും.

പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും. പുതിന വെള്ളം പതിവായി കുടിക്കുന്നത് വിഷാദരോഗത്തെ നീക്കാന്‍ സഹായിക്കുന്നു. രാവിലെ പുതിന ചായ അല്ലെങ്കില്‍ പുതിന വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ഊർജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

പാർശ്വ ഫലങ്ങൾ
ചിലരിലെങ്കിലും പുതിന ഇലയുടെ ഉപയോഗം കൊണ്ട് നെഞ്ച് എരിച്ചിൽ, വരണ്ട തൊണ്ട, മനം പിരട്ടൽ തുടങ്ങിയ പാർശ്വ ഫലങ്ങൾ അനുഭവപ്പെടാറുണ്ട്.

Avatar

Staff Reporter